Friday, 31 August 2018

പൊലിമ " യുടെ "കാഴ്ച്ച " എക്സിബിഷൻ സന്ദേശം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധ ആകർഷിക്കുന്നു

"പൊലിമ " യുടെ "കാഴ്ച്ച " എക്സിബിഷൻ സന്ദേശം കൊണ്ടും
സാങ്കേതിക മികവ് കൊണ്ടും
ശ്രദ്ധ ആകർഷിക്കുന്നു

അസ്ലം മാവില

കാഴ്ച്ച എക്സിബിഷൻ തുടങ്ങിയ ഇന്നലെ രാവിലെ മുതൽ തിരക്കൊഴിഞ്ഞിട്ടില്ല. പതിവ് നടപ്പു രീതിക്ക് വ്യത്യസ്തമായത് കൊണ്ട് തന്നെ  "കാഴ്ച്ച " പ്രദർശനം പുതുമ നൽകുന്നതാണ്.

കൊണ്ടോട്ടിയിലെ അൽ റൈഹാൻ ഒപ്റ്റോമെട്രി കോളേജിലെയയും എബിലിറ്റി ഫൗണ്ടേഷനിലെയും  വിദ്യാർഥികളും അധ്യാപകരും പട്ലയിൽ ഒരുക്കിയ എക്സിബിഷൻ ഹൃദയഭേദകമായാണ് ഓരോ സന്ദർശകനും അനുഭവിക്കുന്നത്.

കണ്ണൂകളുമായി ബന്ധപ്പെട്ട സിലബസ്സിലൊതുങ്ങുന്ന കോഴ്സിനപ്പുറം പൊതു സമൂഹത്തിന് മുമ്പിൽ കാഴ്ച്ച വൈകല്യമുള്ളവരുടെ സഹന ജീവിതം അവതരിപ്പിക്കുകയും ചെയ്യുന്നടൊപ്പം അരിക് വൽക്കരിക്കപ്പെടേണ്ട ദീനസൗഹൃദങ്ങളല്ല അവരെന്നും, മുഖ്യധാരയോടൊപ്പം തോളുരുമ്മി നടക്കേണ്ട സമൂഹം കൂടിയാണെന്നുമുള്ള കാഴ്ച്ചപ്പാടവതരിപ്പിക്കുകകൂടിയാണ് അർഷദ് ടിം ലീഡറായ   "കാഴ്ച്ച " എക്സിബിഷൻ പ്രവർത്തകർ ചെയ്യുന്നത്.

2013 ൽ തുടങ്ങിയതാണീ സംരംഭം.   കേരളത്തിലങ്ങോളമിങ്ങോളമായി ഇതിനകം  പതിനഞ്ചിലധികം  സ്ഥലങ്ങളിൽ ഇതിനകം എക്സിബിഷൻ നല്ല ജനപങ്കാളിത്തത്തോടെ നടന്നു.

"പതിനഞ്ച് മിനിറ്റ് അനുഭവിച്ചത് മറക്കാൻ  പറ്റാത്തത്. ഒന്നാ കൂടാരത്തിൻ പുറത്തേക്ക് എത്തിയിരുന്നെങ്കിൽ ... " കാഴ്ച്ച എക്സിബിഷൻ കണ്ട് പുറത്തിറങ്ങിയ  നിയമസഭാംഗം എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ യുടെ വാക്കുകളിൽ നിന്ന് ക്ഷണിക നേരത്തെ കാഴ്ച്ച വൈകല്യത്തിന്റെ ഭയാനകത വ്യക്തമാകുന്നു. എക്സിബിഷൻ കഴിഞ്ഞ് പുറത്തിറങ്ങിയ എല്ലാവരുടെ മുഖങ്ങളിലും ഈ ആകുലതയും ദൈന്യതയും കാണാം. അങ്ങിനെയൊരു സിറ്റുവേഷൻ ഒരുക്കുന്നിടത്താണ് എക്സിബിഷൻ ഒരുക്കൂട്ടന്നവരുടെ വിജയം. (എക്സിബിഷൻ ഉദ്ഘാടനം ഇന്നലെ എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ. ആണ് നിർവ്വഹിച്ചത്.)

അത്തരമൊരു അനിർവ്വചനീയ അനുഭവത്തിനവസരം  ഒരുക്കിക്കൊണ്ട്,  അൽറൈഹാൻ ഒപ്റ്റോമെട്രി കോളേജ് &  എബിലിറ്റി ഫൗണ്ടേഷൻ  വിദ്യാർഥികളായ അർഷദ്, ആഷിൽ, ജാലിബ്, സ്വാബിർ, ഇജ്ലാൽ, ആൽബിൻ, നൗഫൽ, ഷാനിദ്, ഫബിത് ഷാ, ഗോകുൽ, മുജ്തബ, പി. അർഷദ്, ജിബിൻ, ശിൽപ, നുഫൈലത്, ഹിബ തസ്നീം, ചിഞ്ചു, ആതിര, അനുപമ, ഹിബ, ആമിന ബിൻസി, സനിയ, ഹസ്ന , വർദ, ഷന ഉൾപ്പെടെ 30 അംഗ ടീം   പട്ലയിൽ "കാഴ്ച്ച " എക്സിബിഷനിൽ രാവിലെ 9 മണി മുതൽ രാത്രി വൈകുവോളം തിരക്കിലാണ്.
പരിസ്ഥിതി - ചരിത്ര അധ്യാപകൻ ഉനൈസുൽ അമിന്റെ കോർഡിനേഷൻ. എബിലിറ്റി ഫൗണ്ടേഷൻ പി. ആർ. ഒ  നൗജിഷാണ് കാഴ്ച്ചയുടെ അസിസ്റ്റന്റ് കോർഡിനേറ്റർ.  എല്ലാത്തിലുമുപരി  എബിലിറ്റിയിലെ , ലീല, ഹനിഫ, ഫസില എന്നീ കാഴ്ച്ച വൈകല്യമുള്ള വിദ്യാർഥികളും.

പട്ലക്കാരുടെ ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന നാട്ടുത്സവമായ പൊലിമയുടെ ഭാഗമായി പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിൽ  നടക്കുന്ന കാഴ്ച്ച എക്സിബിഷൻ ഇതിനകം നൂറുക്കണക്കിനാളുകൾ കണ്ടു കഴിഞ്ഞു.  തിങ്കളാഴ്ച്ച പ്രദർശനം സമാപിക്കുമെന്ന് എക്സിബിഷൻ ഭാരവാഹികളായ സിറാർ അബ്ദുല്ല, ബഷീർ പട്ല, സൈദ് കെ.എം.,  മഹമൂദ് പട്ല, ഖാദർ അരമന, പി. പി. ഹാരിസ്, എം. കെ. ഹാരിസ് എന്നിവർ അറിയിച്ചു.

പഞ്ചേന്ദ്രിയങ്ങളിൽ ഒന്നിന് ഒരൽപസമയത്തേക്ക് പ്രവർത്തന നിശ്ചലത അനുഭവപ്പെടുമ്പോൾ ഉണ്ടാകുന്ന ഉത്കണ്ഠയും ആശങ്കയും അസ്വസ്ഥതയും;  ജിവിതത്തിലുടനീളം ഇവയനുഭവപ്പെടുന്നവരുടെ പ്രയാസകരജീവിതങ്ങൾ മനസ്സിലാക്കാൻ "കാഴ്ച്ച " കൊണ്ടാകുന്നു. 

No comments:

Post a Comment