Friday 31 August 2018

_ബൂഡിലെ ഇല്ല്യാസിന്‍റെ വിയോഗത്തിന് ഒരാണ്ട് / .BM പട്ല

*_ബൂഡിലെ ഇല്ല്യാസിന്‍റെ വിയോഗത്തിന് ഒരാണ്ട്_*
_________________________________
ഇല്ല്യാസിന്‍റെ ആകസ്മിക വിയോഗത്തിന്  ഒരാണ്ട്  തികയുന്നു.കഴിഞ്ഞ വര്‍ഷം ഇതേ ഡിസംബര്‍  15 നാണ് നമ്മുടെയൊക്കെ കാതുകളില്‍ ഇടി മുഴക്കം പോലെ ആ വിയോഗ വാര്‍ത്ത വിശ്വസിക്കാനാകാതെ മുഴങ്ങിക്കേട്ടത്.
കഴിഞ്ഞ  ലീവില്‍ നാട്ടിലേക്ക് പുറപ്പെട്ട ഞാന്‍ മംഗലാപുരം എയര്‍പോര്‍ട്ടില്‍ ലാന്‍റ് ചെയ്ത ഉടനെ ഭാര്യക്ക് ടെലഫോണ്‍ ചെയ്തപ്പോളാണ്  എന്‍റെ സഹപാഠിയും അവളുടെ കുടുംബക്കാരനും കൂടിയായ ഇല്യാസിന്‍റെ മരണ വാര്‍ത്ത വിതുമ്പലോടെ കേട്ടറിഞ്ഞത്.

കൂടുതലായി ആരോടും കൂട്ടു കൂടുന്ന പ്രകൃതക്കാരനല്ലങ്കിലും ഇല്ല്യാസിനെ അടുത്തറിഞ്ഞവര്‍ക്ക്  കടലോളമുണ്ട് ആ സ്നേഹത്തിന്‍റെ കഥ പറയാന്‍.
ശാന്ത സ്വഭാവക്കാരനായിരുന്ന ഇല്ല്യാസും ഞാനും രണ്ടാം ക്ലാസ് തൊട്ടെ ഒരു ബഞ്ചിലിരുന്നാണ് പഠിച്ചതൊക്കെ.
ഞങ്ങളുടെ സ്ക്കൂള്‍ ജീവിതം തൊട്ടുളള
ഒാര്‍മ്മകള്‍ എന്‍റെ ആത്മ സുഹൃത്ത്   സലീമിന്‍റെ കുറിപ്പില്‍  പലരും വായിച്ച് കാണും.

എല്ലാവരെയും പോലെ പ്രത്യേകിച്ച് പ്രവാസികളുടെ വലിയൊരു സ്വപ്നമാണ് വീടെന്നത്.
പുതിയ വീടിന്‍റെ പണി നടന്ന് കൊണ്ടിരിക്കെയാണ് എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കി വെച്ച് ഹാര്‍ട്ടറ്റാക്കിന്‍റെ കോലത്തില്‍ ഇല്ല്യാസിനെ മരണം തട്ടിയെടുത്തത്.
പല സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതത്തോട് അടുക്കാറേയില്ല.

മരണം അല്ലാഹുവിന്‍റെ അലംഘനീയമായ വിധിയാണെങ്കിലും ചില മരണങ്ങള്‍ നമ്മെ ഒരു പാട് വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണീരണിയിപ്പിക്കാറുമൊക്കെയുണ്ട്.
ഇല്ല്യാസിന്‍റെ മരണവും അങ്ങിനെയായിരുന്നു.

പുഞ്ചിരി  തൂകിയ മുഖവുമായി പെട്ടിയും തൂക്കിപ്പിടിച്ച്  വരേണ്ടിയിരുന്ന ഇല്ല്യാസിന്‍റെ വരവ്  മറ്റൊരു രൂപത്തില്‍ വരവേല്‍ക്കേണ്ടി വന്നപ്പോള്‍  കണ്ടു നിന്നവരുടെ അവസ്ഥ ഹൃദയഭേദകമായിരുന്നു.

ഞാനറിഞ്ഞതും കേട്ടറിഞ്ഞതുമായ നല്ല ഓര്‍മ്മകളെ അക്ഷരങ്ങളിലൂടെ തപ്പിപ്പെറുക്കുമ്പോള്‍ ഞാനറിയാതെ  എന്‍റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

ഏക മകന്‍ മുഹമ്മദ് ഷസിന് ഇന്ന് പ്രായം ഒമ്പതാണ്.
ഒരു വെളളിയാഴ്ച്ച ജുമുഅക്ക് ശേഷം ഇല്ല്യാസിന്‍റെ സഹോദരങ്ങളുടെ കൂടെ   അവന്‍റെ പ്രിയപ്പെട്ട ഉപ്പയുടെ ഖബറിന്‍റെ ചാരത്ത്  നിന്ന്  സിയാറത്ത്  ചെയ്യുന്നത് കാണാനിട വന്നു. ഓമനത്വം തുളുമ്പുന്ന ആ നിഷ്ങ്കളങ്കനായ കുരുന്നിന്‍റെ മുഖം മനസ്സില്‍ നിന്ന് മായുന്നേയില്ല.

ഇല്ല്യാസ്  നമ്മോട് വിട ചൊല്ലിയിട്ട് ഒരു വര്‍ഷമായി . അവന്‍റെ  ഒാര്‍മ്മക്ക് വേണ്ടി ഒരു കുറിപ്പെഴുതാമോ എന്ന് ഇല്ല്യാസിന്‍റെ  അടുത്ത ബന്ധു മജീദ് ബൂഡ് പറഞ്ഞപ്പോളാണ് ഇല്ല്യാസിന്‍റെ അടുത്ത അയല്‍ വാസിയും എന്‍റെ സ്നേഹിതനുമായ കുമ്പള ലത്തീഫിന്‍റെ ഒരു വര്‍ഷം മുമ്പുളള വാട്സ് ആപ് സന്ദേശം എന്‍റെ  ഓര്‍മ്മയിലെത്തിയത് ,  ''ഹാരിസ് ബായി  ഞങ്ങളുടെയൊക്കെ പ്രിയങ്കരനായിരുന്നു ഇല്ല്യാസ് ,  ഒരു അനുസ്മരണക്കുറിപ്പെഴുതാമോ ? ''
പക്ഷെ മരവിച്ച മനസ്സും തളര്‍ന്ന കെെകളും എന്നെ അതിനനുവദിച്ചില്ല. ദിവസങ്ങളും മാസങ്ങളും മിന്നി മറഞ്ഞ്   ഇന്നിപ്പോള്‍ ഒരു വര്‍ഷമായിരിക്കുന്നു.

ജീവിതത്തിന്‍റെ വസന്ത കാലം ആസ്വദിച്ച് തീരും മുമ്പെ  ഒരു പാട് സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മണ്ണ് മൂടിയിട്ട്  കാലയവനികകള്‍ക്കുളളില്‍ മറഞ്ഞ് പോയ ഇല്ല്യാസിന്‍റെ  രണ്ട് മീസാന്‍ കല്ലുകള്‍ക്ക് താന്‍ കണ്ട സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും ഒരു പാട് കഥകള്‍ പറയാനുണ്ടാകും.

കൂട്ടത്തില്‍ ഓര്‍ക്കാതിരിക്കാന്‍ പറ്റുമോ  നമ്മുടെയൊക്കെ സഹയാത്രികരായിരുന്ന  അകാലത്തില്‍ പൊലിഞ്ഞ് പോയ മൊഗറിലെ മുഹമ്മദും , ബഷീറും  , എം.എം ഹാരീസും , സമദും ,  കാനക്കോട് ഹാരിസും,  F മുഹമ്മദും കുന്നില്‍  അബൂബക്കറും  സുനീദും  ,   മജല്‍ റഹീമുള്‍പ്പെടെ ഒരു പാടൊരു  പേര്‍ നമ്മുടെ  ഒാര്‍മ്മയിലുളളവരും അല്ലാത്തവരും....

പട്ള നാട്  ഒന്നടങ്കം ഇപ്പോള്‍ എെക്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ആരവങ്ങളുയര്‍ത്തി പൊലിമയുടെ ആഘോഷങ്ങളിലാണ്.
ഈ ആഘോഷത്തിന്‍റെ നിറച്ചാര്‍ത്തില്‍ ഇവരുടൊയൊക്കെ ഓര്‍മ്മകള്‍ അയവിറക്കാനും പങ്ക് വെക്കാനും മറക്കരുതേ എന്ന എളിയ അപേക്ഷയോടെ ഇല്ല്യാസിന്‍റെയും   നമ്മോടൊപ്പം  ഇന്നില്ലാത്ത നമ്മുടെ പ്രിയപ്പെട്ടവരുടെയും   പരലോക ജീവിതം ശോഭനമാക്കണേ അല്ലാഹുവേ  എന്ന് നമുക്ക്  മനമുരുകി പ്രാര്‍ത്ഥിക്കാം.....
============================
✍🏻 _beeyem patla_
============================

No comments:

Post a Comment