Friday 31 August 2018

പൊലിമ സ്പോർട്സ് ഡേ ആവേശമായി

പൊലിമ
സ്പോർട്സ് ഡേ
ആവേശമായി

അസ്ലം മാവില

എന്റെ അനുഭവം പറഞ്ഞ് തുടങ്ങാം. 47 വയസ്സ് കഴിഞ്ഞ ഞാൻ സീനിയർ വിഭാഗത്തിൽ 3 ഇനങ്ങളിൽ മത്സരിച്ചു - മൂന്നിലും പൊരുതി തോറ്റു. ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, 1500 മീറ്റർ ഓട്ടം. എന്നാലും പൊലിമയുടെ ഭാഗമായി മത്സരിച്ചപ്പോൾ അതൊരു സുഖമുള്ള അനുഭവമായി. എന്റെ ഊഹവും അറിവും ശരിയെങ്കിൽ "ചെയർമാൻ പൊലിമയ്ക്കും" ഇതേ തിക്താനുഭവമുണ്ടായെന്നാണ് കേട്ടത്. മത്സരിച്ചവയിലൊക്കെ ടിയാനും സമ്പൂർണ്ണ തോൽവി! 

പൊലിമ സ്പോർട്സ് ഡേ രാവിലെത്തുടങ്ങി ഇരുട്ടും വരെ തുടർന്നു. ഏറ്റവും അവസാനത്തെ മത്സരം 200 മീറ്റർ (ജൂനിയർസ് ) ഫൈനൽ. രാവിലെ  ഭംഗിയായി തുടങ്ങി, അസ്തമിച്ച്, ഭംഗിയോടെ സലാമത്തുമായി. കൊട്ടിഘോഷിച്ച മാർച്ച് പാസ്റ്റ് മത്സരയിനാധിക്യം മൂലം ഉപേക്ഷിക്കുകയും ചെയ്തു.

കളിയിലുടനീളം ടീം സ്പിരിറ്റ് കണ്ടു. എന്തൊരു ഹൗസ് മുഹബ്ബത്ത് !  ചില നേരങ്ങളിലവ അധികവുമായി.  എങ്കിലും വൈകുന്നേരം വരെ ആവേശവും അത്യുത്സാഹവും ഒരു  ചെറിയ ഇടവേളക്കോ ബ്രേയ്ക്കിനോ സാധ്യത പോലും നൽകാതെ ഗ്രൌണ്ടും പവലിനും സജീവമാകാൻ ഇത് കാരണമായി.

എന്തെങ്കിലുമൊന്നു ഓരോ ഹൗസ് ടീമിനും "കാരണമായി " വന്നു കൊണ്ടിരുന്നു. അതാവേശമാക്കാൻ ഹൗസ് ഫാൻസിനോട് പിന്നെ പറയേണ്ടല്ലോ. അവരും കത്തിക്കൊണ്ടിരുന്നു. ജയിച്ചതിനെക്കാളേറെ, തോറ്റതെന്തിനെന്ന ചിന്ത എല്ലാ ടീമിനെയും അലട്ടി. 

ഓരോ മത്സരം നടക്കുന്തോറും പ്രേക്ഷകരുടെ എണ്ണവും കൂടിക്കൂടി വന്നു. മത്സരങ്ങളും മത്സര വിജയികളും അവരുടെ ഫിനിഷിംഗ്‌ പോയിന്റും അതിനെടുത്ത സമയവും എല്ലാം എല്ലാം,  കാണികളും കളിക്കാരും ഇഴകീറി നോക്കി, പരിശോധിച്ചു. അടുത്ത മത്സരത്തിന് വിസിലൂതുന്നത് വരെ പ്രേക്ഷകരീ കാരണം പറഞ്ഞു ആരവങ്ങൾ കൊണ്ട് അന്തരീക്ഷം നിറച്ചു.

സ്പോർട്സ് നിയമങ്ങൾ ഇഴകീറി പഠിച്ചവർ ഇത്രയൊക്കെ നമ്മുടെ നാട്ടിലുണ്ടെന്നത് വലിയ അത്ഭുതത്തോടെ പ്രേക്ഷക ലോകം കണ്ടു. മത്സര തീരുമാനങ്ങളിൽ വരെ രേഖാമൂലം പരാതി നൽകിയതും,  കൂടിയിരുന്ന്  അപ്പീൽ വിംഗ് അവയ്ക്ക് പരിഹാരമുണ്ടാക്കിയതും കായികപ്പൊലിമ കൗതുകത്തോടെ  കണ്ടു.

ഏറ്റവും രസകരം, സീനിയേർസിന്റെ മത്സരങ്ങളായിരുന്നു.  ഓടേണ്ടിടത്ത് നടന്നാൽ ചുളുവിൽ മെഡലുകൾ വാങ്ങാമെന്ന വൃദ്ധവ്യാമോഹത്തിന് തടയിട്ടു കൊണ്ട് 40 + കാർ കാണിച്ച ഉത്സാഹം സ്പ്പോർട്സ് തീരും വരെ നിലനിന്നു. വിജയികൾക്ക് വയസ്സ് മൂത്തില്ലെന്ന പരാതികൾ വരെ സീനിയർസ് മത്സരവേദികളിലുമുണ്ടായി.  എങ്കിലും അനുവദിക്കപ്പെട്ട എല്ലാ ഇനങ്ങളിലും "മൂപ്പന്മാർ"  സ്പോർട്സ്മാൻ സ്പിരിറ്റോടെ തങ്ങളുടെ മാത്സര്യ ബുദ്ധി കാണിച്ചു.

ജൂനിയേർസ് ചില സന്ദർഭങ്ങളിൽ "തടിഎള്ക്കിയ" കളിക്ക് മുതിർന്നോ എന്ന സംശയം ഉണ്ടാക്കിയെങ്കിലും, അവരുടെ ഭാഗത്തും അവരുടെ ശരികൾ നിഴലിച്ചു നിന്നു. ആരും തെറ്റായിരുന്നില്ലെന്നതാണല്ലോ കളിക്കളത്തിൽ നിന്നുമവസാനം കിട്ടുന്ന വലിയ ശരി.

വിക്ടറി സ്റ്റാൻഡും ഉപ്പൻജ്സാര ജ്യൂസും സൈദിന്റെ "അപ്പാപ്പപ്പാപ്പ് " വിളിയോട് കൂടിയ അനൗൺസ്മെന്റുമെല്ലാം എമണ്ടൻ പ്രത്യേകതകൾ തന്നെ.  ലക്ഷ്മണൻ മാഷും കൂടെ വന്ന സ്പോർട്സ് മാഷും കളി തീരും വരെ, കളികൾ നിയന്ത്രിച്ചത് അവരുടെ ആത്മാർഥത. അവർക്കും പട്ല കായികപ്പൊലിമ ഒന്നൊന്നര അനുഭവമായിക്കാണണം. 

ഫോട്ടോസ് ഒരുപാടുണ്ട്, പൊലിമയുടെ FB പോയി അവ കണ്ടാസ്വദിക്കുക. ലിങ്ക് വേണേൽ തരാം. 

No comments:

Post a Comment