Sunday 22 April 2018

ഓര്‍മ്മയില്‍ നിന്ന്* / *ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു...* / *അസീസ് ടി.വി. പട്ള*

*ഓര്‍മ്മയില്‍ നിന്ന്*

*ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു...*

*അസീസ് ടി.വി. പട്ള*
_________________________

ഹൈദ്രബാദി ചായ (മന്ദൂശ്) കുടിക്കാന്‍ പൂതി കൂടിയ ഞാനും ജ്യേഷ്ഠ സഹോദരനേപ്പോലെ കൊണ്ട് നടക്കുന്ന നാട്ടുകാരനും അയല്‍ക്കാരനും (പുള്ളി ഇപ്പോള്‍  ചെര്‍ക്കളയിലാണ് താമസം), ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുമ്പില്‍ വണ്ടി നിര്‍ത്തി., അതിന്‍റെ തൊട്ടപ്പുറത്തെ കെട്ടിടത്തിലാണ് ഈ പറഞ്ഞ ചായക്കടക്കൂട്ടം., കൂട്ടാമെന്ന് പറഞ്ഞാല്‍ ഒരൊന്നന്നര ചായക്കടകള്‍!! വൈകുന്നേരമായാല്‍ തലക്കു മീതെ കടുകിട്ടാലം താഴെ വീഴില്ല, അമ്മാതിരി തിക്കും തിരക്കുമണവിടെ, പിന്നെ വ്യാഴവും വെള്ളിയും അവസ്ഥ ഞാന്‍ പറയേണ്ടല്ലോ...?

(ഞങ്ങളുടെ കമ്പനിയുടെ പേരും ലോഗോയുമേന്തിയ വണ്ടികള്‍ അതേ മോഡലിലും കളറിലും വേറെയും ഉണ്ടായിരുന്നു)

സംഭവം അല്‍-ഖോബറിലാണ്, ദമ്മാമില്‍ നിന്ന് പോലും  (27 k.m.) താണ്ടി   ആ.. ബാദികള്‍ ഈ ഒരു റിയാലിന്‍റെ ചായക്ക് വേണ്ടി വരും, രണ്ടു ചായ അഞ്ചു പേര്‍ പങ്കിട്ടെടുക്കും.,

വെവ്വേറെ കളറിലുള്ള പാന്‍സും കോട്ടും കയ്യില്‍ എരിയുന്ന സിഗരട്ട്‌, കൂളിംഗ് ഗ്ലാസും, കഴുത്തില്‍ ഒരു സ്റ്റീല്‍ ചെയിന്‍, ബച്ചന്‍ സ്റ്റൈലില്‍ ചീകി വെച്ച മുടി ഇതാണ് അവരുടെ ട്രേഡ് മാര്‍ക്ക്, ചിരിക്കാതിരുന്നാല്‍ സുന്ദരന്‍!, ചിരിച്ചാലോ?  ഉണങ്ങിയ പിസ്ത വാ പൊളിച്ച പോലിരിക്കും, ഒട്ടു മിക്ക ആള്‍ക്കാരുടെയും പല്ല് ചോക്കോളെറ്റു  കളറായിരിക്കും, കാരണം മറ്റൊന്നുമല്ല  ഒന്നുകില്‍ ഏക്‌ സൌ ബീസ് തൊട്ടു തീന്‍ സൌ ബീസ് വരെയുള്ള പാന്‍,  അടക്ക, അല്ലെങ്ങില്‍ ഗുട്ക്ക, ഇതിലെതെങ്ങിലുമൊന്നു വായിലിട്ടു കൊങ്ങിണിയന്‍റെ ആട് പോലെ  അയവെ ട്ടിക്കൊണ്ടേയിരിക്കും., ചില വിരുതന്മാര്‍ ചവച്ച പാന്‍ കളയാതെ  കവിളിനകത്തു തെന്നെ പാത്ത് വെച്ച് ചായ അകത്താക്കും, ഓസിക്ക് കിട്ടുന്ന ചായ കളഞ്ഞതുമില്ല, പാന്‍ നഷ്ടപ്പെട്ടതുമില്ല! ഹോ... ഹെന്തൊരു പുദ്ധി അല്ലേ.... നമിക്കണം!

“ അരേ  കഹാം ഭാഗ്രാ ഭായ്?..”,  ഒരു ബാദി മറ്റേ ബാദിയോട് “ഏയ് .. എവിടക്കാ ഓടുന്നത്?”

“അരേ വഹാം പാര്‍കിംഗ് നഹി മിലരീ ... ചായ് ലേക്കെ ആരാവു ഭായ്...”

അവിടെ പാര്‍ക്കിംഗ് കിട്ടുന്നില്ല, ചായ വാങ്ങി വരാം

ഇതിനിടയില്‍ ഞാനും കൂട്ടുകാരനും കാറില്‍ നിന്നിറങ്ങി അവരുടെ ക്യൂവില്‍ ഒരു കണ്ണിയായി, ചായയും ജിലേബിയും വാങ്ങി കാറിനെ ലക്ഷ്യം വെച്ച ഞങ്ങളെ ആ കാഴ്ച അത്ഭുതപ്പെടുത്തി! വണ്ടിക്കു സമാന്തരമായി “ഡബിള്‍ പാര്‍കിംഗ്” ഒരു ബാദി വായു ഗുളിക വാങ്ങാനെന്നപോലെ ചായ വാങ്ങാന്‍ പോയി,

“ഇനി ഇപ്പൊ എന്താ ചെയ്യാ..?” കൂട്ടുകാരന്‍ ചോദിച്ചു.,

ഏതായാലും വണ്ടിയില്‍ ഇരിക്കാം, അയാള്‍ ഉടനെ വരും, നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി, ചായയും തീര്‍ന്നു, ജിലേബിയും തീര്‍ന്നു... അര മണിക്കൂറും കഴിഞ്ഞു.. ആള്‍ എത്തിയില്ല...

നിരാശയോടെ ഞങ്ങള്‍ ചുറ്റുപാടും നിരീക്ഷിച്ചു, ആദ്യം തൊട്ടു ഞങ്ങളുടെ ദയനീയാവസ്ഥ കണ്ടു കൊണ്ടിരുന്ന ഒരു ബാദി ഡോറിടുത്തെക്ക് വന്നു, വായിലുള്ള മുറുക്കാന്‍ നീട്ടി തുപ്പി ഇടതു കൈ കൊണ്ട് ചുണ്ട് തുടച്ചു എന്നോട് പറഞ്ഞു.

“ആപ് കോ മെന്‍ ജാന്‍താ ഹു, ശിഫ മേം കാം  കര്‍ത്താ ഹെനാ....?”

നിങ്ങളെ എനിക്കറിയാം, ശിഫയിലല്ലേ ജോലി ചെയ്യുന്നത്,

ഞാന്‍ പറഞ്ഞു “അതേ.. എന്താ?”

“യെ ആത്മി അബ് നഹീ ആയേഗാ.... സാല ഖാന ഖാനെകേലിയെ ഗയാ ഹേയ്”,

വായ മേല്പോട്ടാക്കികൊണ്ട് പറഞ്ഞു തീര്‍ത്തു.

ഇയാള്‍ ഇപ്പോഴൊന്നും വരില്ല, ഹോട്ടലില്‍ കഴിക്കാന്‍ പോയതാ...

ഞാനും കൂട്ടുകാരനും മുഖത്തോട് മുഖം നോക്കി,

“ തും  ഏക്‌ കാം കര്‍, “

“നിങ്ങള്‍ ഒരു കാര്യം ചെയ്യ്”

ചെകുത്താന്‍ വേദാന്തം ഓത്തുന്നത് പോലെ ഞങ്ങളെ  ഉപദേശിച്ചു.,

“വോ സാല.. ഇസീ അപരാധ് ഓര്‍ കിസീക ഊപര്‍  നഹിം കാര്‍ നെ ദേനാ. .”

“ആ ചെറ്റ ഇനി ഇത് ആവര്‍ത്തിക്കരുത്”

കേട്ടപ്പോള്‍ ഞങ്ങള്‍കും ശരിയെന്നു തോന്നി, പക്ഷേ ഇയാളെ എങ്ങനെ വിശ്വസിക്കും?

ഞാന്‍ അയാളോട് വണ്ടിയില്‍ കയറാന്‍ പറഞ്ഞു, ഏക്‌ സൌ ബീസിന്‍റെ മണം മൂക്കില്‍ ഇരച്ചു കയറി, തല കറങ്ങുന്നത് പോലെ തോന്നി, എസി ഓഫ്‌ ചെയ്തു വിന്‍ട്  ഷീല്‍ഡ് താഴ്ത്തി, കൂട്ടുകാരനോട് ബാദി  പറഞ്ഞ പണി തുടര്‍ന്നോളാന്‍ പറഞ്ഞു.

അയാളുടെ വണ്ടിയുടെ ടയറിന്‍റെ വാല്‍വ് ട്യൂബിന്‍റെ മൂടി അഴിച്ചു അതില്‍ ഒരു മഞ്ഞാടിക്കുരുവോളം വലിപ്പമുള്ള കല്ലിട്ടു മൂടി ടയിടാക്കി വെക്കുക, കൂട്ടുകാരന്‍ ടയിടാക്കുമ്പോള്‍ ടയറില്‍ നിന്നും കാറ്റ് പോകുന്ന ഒച്ച വണ്ടിയിലുള്ള എനിക്ക് കേട്ടു, ബാദി പറഞ്ഞു

...”ബസ് ..ബസ്.. ഇതന കാഫി ഹേ.....”

മതി മതി... ഇത്രയും മതി...,

ആരെങ്കിലും കണ്ടോ എന്നുറപ്പ് വരുത്തി
കൂട്ടുകാരന്‍ വണ്ടിയിലിരുന്നു, ബാദി ഇറങ്ങുകയും ചെയ്തു, എന്തോ ഒരു നന്മ ചെയ്ത സന്തോഷത്തില്‍ അയാള്‍ ഞങ്ങളെ നോക്കി ചുണ്ട് കൂട്ടിപ്പിടിച്ചു ചിരിച്ചു,,

ആ ചിരി എനിക്ക് നേരെയുള്ള ഒരു കുരിശായി തോന്നി., ഉടനെ മുമ്പില്‍ നിര്‍ത്തിയിട്ട വണ്ടി പോയതോടെ ഞങ്ങള്‍ സ്ഥലം വിട്ടു.. കൂട്ടുകാരന്‍റെ നെഞ്ചിടിപ്പു അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല..

ഇതിന്‍റെ സാങ്കേതിക വശം ഇത്രേ ഉള്ളൂ.... ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഘര്‍ഷണം കൂടും, ടയറിനുള്ളിലെ വായു മര്‍ദ്ദവും കൂടും! അത് കല്ലിനെ പുറന്തള്ളും, വായു പുറത്തേക്ക് നിര്‍ഗമിക്കും, വണ്ടി പകുതി വഴിയില്‍ പഞ്ചര്‍ ആയി നില്‍ക്കും, പിന്നേ അയാള്‍ ടയര്‍ മാറ്റാതെ നിവൃത്തി ഇല്ല!

പിറ്റേ ദിവസം രാവിലെ എന്‍റെ ചേംബറിലേക്ക് ഞങ്ങളുടെ ഡ്രൈവര്‍ ഓടി വന്നു പറഞ്ഞു

“അസീസ് ഭായ്, നിങ്ങള്‍ വേറെ ഡ്രൈവറെ ഏല്‍പിച്ചോളു... എന്‍റെ വണ്ടി പഞ്ചറാ!,”

“ ശരി “ ഞാന്‍ സമ്മതിച്ചു.

തിരിച്ചു വന്നു ഡ്രൈവര്‍ പറഞ്ഞു, നാല് പഞ്ചര്‍ ഉണ്ടായിരുന്നു, ചുറ്റിക കൊണ്ട് ആണി അടിച്ചു കയറ്റി യപോലെ!

ഞാന്‍ നെറ്റി ചുളിച്ചു.. “നാലോ, അതെങ്ങിനെ?”

അപ്പോഴാണ് തലേന്ന്‍  രാത്രിയിലെ സംഭവം ഓര്‍മ്മ വന്നത്.

സൂത്രമോപ്പിച്ച വണ്ടിയുടമസ്ഥന്‍  ഞങ്ങളുടെ വണ്ടിയുടെ ലോഗോ ശ്രദ്ദിച്ചിരുന്നു, അയാളുടെ വണ്ടിയുടെ പഞ്ചര്‍ മാറ്റി രാത്രി തെന്നെ നേരെ വന്നത് ആണിയും ചുറ്റികയുമായിട്ടാണ്, ലോഗോയും വണ്ടിയും ഒത്തു വന്നപ്പോള്‍ ഒന്നും ആലോചിച്ചില്ല, അടിച്ചു കയറ്റി, ഒന്നല്ല.. നാലെണ്ണം!!

ന്താല്ലേ..ആരായാലും ചെയ്തു പോകും.. വഴിയില്‍ കിടന്നു അമ്മാതിരി കഷ്ടപ്പെട്ടിട്ടുണ്ടാവും, അതും രാത്രിയില്‍!!

ഡ്രൈവര്‍ വിവരിക്കുമ്പോള്‍ മനസ്സ് കൊണ്ട് ചിരി അടക്കിപ്പിടിച്ചു,

“ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു”,

കൂട്ടുകാരനും ഞാനും ഇക്കഥ പറഞ്ഞു കുറേ ചിരിച്ചു,

ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ചിരി വരും...

No comments:

Post a Comment