Thursday 12 April 2018

പുനത്തിലും വിട വാങ്ങി / അസ്ലം മാവില

പുനത്തിലും വിട വാങ്ങി

അസ്ലം മാവില

എഴുത്ത് പോലെ തന്നെ ജീവിതവും. വെട്ടിത്തുറന്നത്. നടപ്പു ശീലങ്ങളോട് രാജിയില്ല. എഴുത്തിലും കുതറി മാറി നടത്തം. ഒന്നിച്ച് നടക്കാൻ ഒരിക്കലും കൂട്ടാക്കിയില്ല.  വിവാദം പിന്നാലെ വന്നു. ദുരുദ്ദേശമുണ്ടായിരുന്നോന്ന് അറിയില്ല.

മൈക്കിന് മുന്നിലും വിവാദം. കാസർകോട് സാഹിത്യ സമ്മേളനത്തിലും പുനത്തിൽ തന്നെയാണ് വിവാദമുണ്ടാക്കിയത്, അല്ല വിവാദമായത്. അത് മഹല്ലുകളിൽ വരെ സംസാരമായി, മത പ്രസംഗവേദികളിലും.

ഒന്നര വർഷം മുമ്പായിരിക്കണം അത്, നാങ്കിമാഷിന്റെ അനുസ്മരണ ചടങ്ങിൽ പുനത്തിൽ വന്നു. കാസർകോട്ട് വെച്ച് നടന്ന ആ പ്രസംഗം ഞാനും സാനും കേട്ടിരുന്നു.  കേട്ടവരൊക്കെ ഞെട്ടിക്കാണണം. ഒരു വിവാദമാകാൻ വഴിമരുന്നിടുന്നത്.  ലേഖന ദൈർഘ്യം ഭയന്നു അതിവിടെ കുറിക്കുന്നില്ല.

രണ്ട് നോവലുകൾ വളരെ ശ്രദ്ധേയമായി. മരുന്നും സ്മാരകശിലകളും. എന്റെ കോളേജ് കാലത്ത് മരുന്ന് വിവാദമായി. വൽസല "നെല്ല് " കട്ടെന്ന് പറഞ്ഞപ്പോൾ, തിരിച്ചു കിട്ടിയ പണിയാണ് പുനത്തിൽ "മരുന്ന്'' കട്ടതാണെന്ന്. അന്നൊരു സാഹിത്യമോഷണ പരമ്പരയായിരുന്നു ഞങ്ങൾ അന്ന്  കുഞ്ഞി മാവിൻ ചുവട്ടിൽ ഇരുന്ന് സംസാരം. എന്റെ ക്ലാസ്മെറ്റായ കവി മധു ചർച്ച കൊഴുപ്പിക്കും. (മധു ഇപ്പോൾ സിറ്റി പോലീസ് കമ്മീഷണർ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് ).

മാധവിക്കുട്ടിയുടെ  ഇസ്ലാമാശ്ലേഷണ സന്ദർഭത്തിൽ, വിവാദങ്ങൾ മറ്റൊരു വഴിക്ക് തിരിച്ചു വിട്ടത് പുനത്തിലും ചുള്ളിക്കാടുമായിരുന്നല്ലോ. അതും ഇവിടെ കുറിക്കുന്നില്ല.

അലിഗഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.ബി.എസ് എടുത്ത് ഒരു ക്ലിനിക്കിൽ ഒരു സാധാ ഭിഷ്വഗ്വരനാകുമായിരുന്ന  അബ്ദുല്ല, വായനലോകത്ത്  പുനത്തിൽ കുഞ്ഞബ്ദുല്ലയായത്  അക്ഷരങ്ങൾ മാറോടണച്ചപ്പോഴാണ്. അങ്ങിനെയാണ് അദ്ദേഹം നമുക്ക് പെരിയ അബ്ദുല്ലയാകുന്നത്.

"എം.ടി.യാണ് എനിക്ക് എല്ലാമെല്ലാം " ഇടക്കിടക്ക് പുനത്തിൽ അത് ഓർമിച്ച് കൊണ്ടേയിരിക്കും. അതിന് കാരണമുണ്ട്. മാതൃഭൂമി ബാലപംക്തിയിൽ കഥ അയച്ചപ്പോൾ, കുഞ്ഞന്മാരുടെ പേജിൽ പ്രസിദ്ധീകരിക്കുന്നതിന് പകരം, പെരിയവരുടെ പേജിൽ പ്രസിദ്ധീകരിച്ചത് പത്രാധിപരായ എം.ടി.യായിരുന്നു.

ഡിലിറ്റ് കിട്ടിയപ്പോൾ ബഷീർ പറഞ്ഞു പോൽ, അബ്ദുല്ല നീ ചൊറി, ചിരങ്ങിന്റെ ഡോക്ടർ, ഞാനാണ് ശരിക്കും ഡോക്ടർ. അതിനും പുനത്തിൽ മറുപടി പറഞ്ഞു. പറഞ്ഞില്ലെങ്കിൽ പിന്നെ, എന്ത് പുനത്തിൽ !

സാഹിത്യലോകത്തെ വേറിട്ട എഴുത്തും ശബ്ദവുമാണ് പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ മരണത്തോടെ വായനക്കാർക്ക്  നഷ്ടപ്പെട്ടത്. ആദരാഞ്ജലികൾ !

No comments:

Post a Comment