Friday 6 April 2018

*ആദരവ്* *യാത്രയപ്പ്* *സർഗോത്സവം* *ചൊവ്വ പട്ലക്ക്* *സന്തോഷ ദിനമാകുമ്പോൾ...* - അസ്ലം മാവില



*ആദരവ്*
*യാത്രയപ്പ്*
*സർഗോത്സവം*
*ചൊവ്വ പട്ലക്ക്*
*സന്തോഷ ദിനമാകുമ്പോൾ...*
___________________

അസ്ലം മാവില
_________________

ആദരവ് ചെറിയ വിഷയമല്ല. അത് ലഭിക്കുക എന്നത് വലിയ അംഗീകാരമാണ്. എന്നാൽ, കിട്ടുമെന്ന്  നാമൊക്കെ പ്രതീക്ഷിച്ചവരുടെ ലിസ്റ്റിൽ (ആദരവ് / ബഹുമതി )  കിട്ടാത്ത ഒരുപാട് പേരുണ്ട്.

ശ്രദ്ധിച്ചിട്ടില്ലേ,  ചിലർക്ക് വളരെ വൈകിയാണതെത്തുക. വേറെ ചിലർ മരണാനന്തരമായിരിക്കും ഓർമ്മിക്കപ്പെടുക. ഗാന്ധിജിക്ക് നൊബേൽ സമ്മാനം ലഭിക്കാത്തത് ഇന്നും അത്ഭുതമായി കാണാറുണ്ട് പലരും. ഇന്നലെ അടക്കം ചെയ്യപ്പെട്ട നൂറ്റാണ്ടിന്റെ ഊർജ്ജതന്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിനെയും  സാങ്കേതികതയുടെ പേരിൽ ബഹുമതികളും ആദരവുകളും നല്ല അകലം പാലിച്ചു കളഞ്ഞു!.  ഭാരതരത്നം കിട്ടാതിരിക്കാൻ ഇ.എം. എസ്സിനെ പോലുള്ളവർക്ക്  എന്ത് കുറവുണ്ടായിരുന്നെന്നിപ്പോഴുമറിയില്ല ആർക്കും.

ഒരു പ്രാദേശിക ആദരവിന്റെ വിഷയം എഴുതാൻ തുനിഞ്ഞപ്പോൾ ഇത്രയൊക്കെ ഒരാമുഖം പോലെ എഴുതിയെന്നേയുള്ളൂ, അതൊന്നും വലിയ കാര്യമായെടുക്കേണ്ടതില്ല. നമുക്ക്  ഇനി വിഷയത്തിലേക്ക് കടക്കാം.

ചൊവ്വാഴ്ച പട്ല സ്കൂൾ അങ്കണം ആദരവ് ചടങ്ങുകൾ കൊണ്ട് സജീവമാവുകയാണ്. സ്കൂൾഡേയോടൊന്നിച്ചാണ് ഈ ചടങ്ങുകൾ.  കഴിഞ്ഞ അഞ്ചു വർഷത്തിലധികം ഉയിരും ഊർജ്ജവും കൊണ്ട്,  പട്ല സ്കൂളിന്റെ മുഖച്ഛായ തന്നെ  മാറ്റിക്കളഞ്ഞ   ഹെഡ്ടീച്ചർ ശ്രീമതി കുമാരി റാണി ടീച്ചർക്ക് നൽകുന്ന ഹൃദ്യമായ  യാത്രയപ്പാണ് ആ ചടങ്ങുകളിലൊന്ന്. അവരുടെ സ്തുത്യർഹമായ സേവനം പരിഗണിച്ച് പട്ല പൗരാവലി ടീച്ചറെ മനസ്സറിഞ്ഞ് ആദരിക്കും. ( ടീച്ചറെ കുറിച്ച് വിശദമായ ഒരു ലേഖനം കാസർകോട് വാർത്തയിൽ ഞാൻ എഴുതിയിട്ടുണ്ട്.  Ref :  https://goo.gl/tvm9Ly
  )

അന്നേ ദിവസം മറ്റു ചില ഉദാരമതികളും കൂട്ടായ്മകളും ആദരിക്കപ്പെടുകയാണ്. ഓർമ്മകാണണം, രണ്ട് വർഷം മുമ്പ് കണക്ടിംഗ് പട്ല മാധ്യമമായി നമ്മുടെ സ്കൂൾ വികസനത്തിന് വേണ്ടി നടന്ന ബൃഹത്തായ ഫണ്ട് ശേഖരണയജ്ഞം ;  പട്ല സ്കൂൾ വികസന സമിതിയുടെ ആഹ്വാന പ്രകാരം അന്ന് ഉദാരമതികളിൽ നിന്ന് സ്വരുക്കൂട്ടിയ ചെറുതും വലുതുമായ സംഖ്യകൾ;  അവർ പൂർത്തിയാക്കിയ ചെറുതും വലുതുമായ പദ്ധതികൾ. അന്ന് കണക്ടിംഗ് പട്ല ശരിക്കും പട്ല സ്കൂൾ വികസന സമിതിയുടെ അനൗദ്യോഗിക ചാനലായാണ് പ്രവർത്തിച്ചത്. സ്കൂൾ വികസന ഡ്രിം പ്രൊജക്ടുകൾ പ്രൊമോട്ട് ചെയ്യുന്ന കാര്യത്തിൽ CP അത്ര മാത്രം അന്ന് പ്രയത്നിച്ചിട്ടുണ്ട്, പ്രവർത്തിച്ചിട്ടുണ്ട്.

സ്കൂൾ സ്വപ്‌ന പദ്ധതികളോട് സഹകരിച്ച  പ്രത്യുന്നമതിത്വങ്ങൾ നീട്ടിയ സഹായഹസ്തങ്ങളാണ് ഇന്ന് പട്ല സ്കൂളിലെ ഭൗതിക സൗകര്യങ്ങളായി നാം കാണുന്ന പലതും മാറിയത്. നൂറ് രൂപ മുതൽ പത്ത് ലക്ഷം രൂപ വരെ അവനവന് പറ്റാവുന്ന രൂപത്തിൽ സ്കൂളിന് കൈ നീട്ടം നൽകിയവരുണ്ട്. അവരെ ഒന്നൊന്നായി ആദരിക്കുക എന്നത് അപ്രായോഗികമാണല്ലോ.

കാൽലക്ഷമോ അതിലധികമോ സംഭാവനകൾ നൽകിയവരും പദ്ധതികൾ പൂർത്തീകരിച്ചവരും ഇക്കൂട്ടത്തിലൊരുപാടു പേരുണ്ട്. അവരെ Exclusive Sponsors എന്ന തലത്തിൽ മറ്റന്നാൾ പിടിഎ,  എസ്. എം.സി. & എസ്. ഡി. സി. ആദരിക്കുകയാണ്. വ്യക്തികൾ, കൂട്ടായ്മകൾ എന്നിവർ ഈ ഗണത്തിലുണ്ട്.

ശ്രീ. പി. കരുണാകരൻ എം .പി ., എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ., ജില്ലാ - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ മറ്റു  ജനപ്രതിനിധികൾ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥർ തുടങ്ങി പ്രമുഖർ സംബന്ധിക്കുന്ന ചടങ്ങിൽ ഈ ആദരവിന് വലിയ നിറച്ചാർത്തുണ്ട്. പട്ലയുടെയും പട്ലക്കാരുടെയും ഉദാരമതിത്വവും ഉൽപ്പന്നമതിത്വവും ഒരിക്കൽ കൂടി ജനശ്രദ്ധയിൽ കൊണ്ട് വരാൻ ഈ പ്രോഗ്രാം ഉപകരിക്കും.

പട്ലയുടെ മുക്കിലും മൂലയിലും പ്രത്യേകിച്ച് സ്കൂൾ ക്യാമ്പസിലും കോടികളുടെ വികസനവും പദ്ധതികളും കൊണ്ട് വന്ന / കൊണ്ട് വരുന്ന ജനപ്രതിനിധികൾക്ക്, പട്ലക്കാർ അവസരത്തിനൊത്തുയരുന്നവരും  സഹായമനസ്ക്കതയുള്ളവരും അത്യുദാരമതികളും ആവശ്യമുള്ളിടത്ത് ആവശ്യം കണ്ട് ചെലവഴിക്കുന്നവരും  കൂടിയാണെന്ന് ബോധ്യപ്പെടുന്ന ചടങ്ങ് കൂടിയായി മാറും ഈ മഹത് പരിപാടി, തീർച്ച.

ഈ ചടങ്ങിൽ ഒരു  പ്രേക്ഷകനായി എത്താനുള്ള അസൗകര്യമുണ്ടെന്ന സ്വകാര്യ ദു:ഖമുണ്ടെനിക്ക്. കൂടുതൽ ഒന്നും പറയുന്നില്ല. സർവ്വ ഭാവുകങ്ങളും  നേരുന്നു !

__________________🌱

No comments:

Post a Comment