Wednesday 11 April 2018

*എവിടെയും* *ലഹരിവിരുദ്ധ മുന്നേറ്റം*, *പക്ഷേ ......* - അസ്ലം മാവില


*എവിടെയും*
*ലഹരിവിരുദ്ധ മുന്നേറ്റം*,
*പക്ഷേ ......*
___________________

അസ്ലം മാവില
___________________

എന്റെ മുന്നിൽ മനോരമ അടക്കമുള്ള പത്രങ്ങളുണ്ട്. ഒരു വിരൽ തുമ്പിനപ്പുറം ഓൺലൈൻ പത്രങ്ങളുമുണ്ട്.

കഴിഞ്ഞ ഒന്നു രണ്ടാഴ്ചയായി പത്രങ്ങളുടെ പ്രദേശിക പേജുകൾ ലഹരിവിരുദ്ധ വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. പ്രദേശിക കൂട്ടായ്മകൾ മുതൽ ജില്ലാ സംസ്ഥാന തലങ്ങളിൽ സേവന രംഗത്ത് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളടക്കം ലഹരിക്കെതിരെ ബോധവത്ക്കരണത്തിരക്കിലാണ്. രാഷ്ട്രീയ സംഘടനാ സമ്മേളനങ്ങളിലെ പ്രമേയങ്ങളിലൊന്നിലെ ഉള്ളടക്കം തന്നെ കാസർകോടിനെ കരിമ്പടം പോലെ മൂടിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെയുള്ള ആൻക്സൈറ്റിയും ആശങ്കയുമാണ്. നിയമപാലകരടക്കം സർക്കാർ ഏജൻസികൾ വളരെ ഗൗരവത്തിലാണിപ്പോൾ ഈ വിഷയം നോക്കിക്കാണുന്നതും കൈകാര്യം ചെയ്യുന്നതും.

അത്രമാത്രം കൺമുമ്പിൽ യാഥാർഥ്യമായിരിക്കുന്നു ലഹരിയുടെ ഭവിഷ്യത്ത്. കഞ്ചാവിന്റെ അടിമകളും അംശം പറ്റുന്നവരും അതിന്റെ ഉപഭോക്താക്കളും നാൾക്കുനാൾ കൂടിക്കൂടി വരുന്നു. പിടിക്കപ്പെടുന്ന ലഹരി വസ്തുക്കൾ 100 ഗ്രാം വിട്ട് കിലോക്കണക്കിന് എന്ന ഭീതിതാവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ദൗർഭാഗ്യകരം, എവിടെ പിടിക്കപ്പെട്ടാലും അതിലൊരു പ്രതി കാസർകോട്ടുകാരനായിപ്പോകുന്നു!

വിഷമമുണ്ട്, എങ്കിലും പറയട്ടെ,  നമ്മുടെ ജില്ലയിലെ മഹല്ല് സംവിധാനങ്ങൾ  ഇതിനെ സമീപിക്കുന്ന കാര്യത്തിൽ ഇപ്പോഴും അമാന്തിച്ച് തന്നെ. ആരൊക്കെയോ ഭയപ്പെടുന്നതാണോ ? അതല്ല,  ഇതൊന്നും നമ്മുടെ പരിഗണനയിൽ പെടേണ്ട വിഷയമേയല്ലെന്ന് തോന്നിയത് കൊണ്ടാണോ ? അതുമല്ല,  അറിഞ്ഞിട്ടും ഉറക്കം നടിക്കുകയാണോ ?

കാലവും സമയവും ആരെയും കാത്തിരിക്കില്ല. ലഹരി ഏജന്റുമാരുടെയും അതിന്റെ അംശം പറ്റുന്നവരുടെയും അതുപയോഗിക്കുന്നവരുടേയും പേരും ഫോട്ടോകളും ശ്രദ്ധിച്ചിരിക്കുമല്ലോ. ഇല്ലെങ്കിൽ ശ്രദ്ധിക്കണം.

ഓർക്കുക, നാളെ നിങ്ങളുടെ മഹല്ലിൽ ഒരു ദുഷ് വാർത്തയും  ദുരന്തവാർത്തയും കേൾക്കാതിരിക്കാൻ ഇന്ന് മുതൽ ജാഗരൂകരാകുക. പ്രചണ്ഡമായ ബോധവത്ക്കരണം നടത്തുക. മത നേതൃത്വങ്ങൾ - വൈരം മറന്ന് - കൂട്ടായിറങ്ങുക, ദുരഭിമാനം തടസ്സമെങ്കിൽ ഒറ്റയ്ക്കും.  

രാവേറെ കഴിഞ്ഞിട്ടും പെട്ടിക്കടകളില്യം കൽവെർട്ടുകളിലും ഒഴിഞ്ഞ വീടുകളിലും ഒറ്റപ്പെട്ട വീടുകളിലും ആളനക്കമുണ്ടെങ്കിൽ, അഞ്ഞനമിട്ട് നോക്കാനൊന്നും ആരുംപോകണ്ട, മണം പിടിക്കാൻ പ്രത്യേക മൂക്കും ഘടിപ്പിക്കേണ്ട, ഒരു മൂന്നാം കണ്ണും വേണ്ട,   അവിടെ "മറ്റേത് " എത്തിക്കഴിഞ്ഞു.

രണ്ട് - മൂന്ന്  വർഷം മുമ്പ് CP എന്ന ഒരു പ്രദേശിക സാമൂഹ്യ കൂട്ടായ്മയിറക്കിയ ലഹരി ജാഗ്രതാ നോട്ടീസിൽ നിന്ന് : *"സ്വന്തം മാതാപിതാക്കളുടെ അന്ത്യകർമ്മങ്ങൾ നടക്കുമ്പോൾ, ഇതൊന്നുമറിയാതെ ഒരൊഴിഞ്ഞ സ്ഥലത്ത്, സ്ഥലകാല ബോധമില്ലാതെ പിച്ചും പേയും പറയുന്ന  മക്കളുടെ തലമുറയെ നാം ഇന്നേ മുൻകൂട്ടിക്കണ്ട് ഭയപ്പെടുക, ജാഗ്രതയുടെ കണ്ണുകൾ തുറന്ന് വെക്കുക, മക്കളെ, പുതുതലമുറയെ,  നമ്മുടെ ഓരത്തും ചാരത്തും നിർത്തുക, അവർ അന്യം പോകരുത്, അനാവശ്യത്തിനും ."*

വിരലക്കാൻ പറ്റുന്നവന് ഇപ്പോൾ വിരലനക്കാം, അതനക്കുന്ന കൈകൾ "മറ്റൊരാൾ"  പിടിച്ചു വെക്കുന്നതിന് മുമ്പ്.
_____________________

No comments:

Post a Comment