Wednesday 11 April 2018

ാഴാക്കരുത് ഇവരുടെ ബുദ്ധിയും മാൻപവ്വറും ഇന്നലെ മുതൽ ഇവർ  വേനലവധിയിലാണ് അസ്ലം മാവില


പാഴാക്കരുത്
ഇവരുടെ ബുദ്ധിയും മാൻപവ്വറും
ഇന്നലെ മുതൽ ഇവർ  വേനലവധിയിലാണ്

അസ്ലം മാവില

പ്ലസ് 2, പ്ലസ് 1, എസ്. എസ്. എൽ.സി. , തൊട്ടിങ്ങോട്ട് മൊത്തം പരീക്ഷകളും കഴിഞ്ഞു. കുറച്ച് സി.ബി.എസ്. ഇക്കാർ ബാക്കിയുണ്ട്. ഇങ്ങനെ ചോരാൻ തുടങ്ങിയാൽ അടുത്തൊന്നും ആ പരീക്ഷകൾ തീരുമോ എന്തോ ?

ഹൗവ്വവർ, പൊടിമക്കളെ വിട്ടാൽ, മിട്ക്കുള്ള കുറെ പിള്ളേരുണ്ട്. അവരുടെ രണ്ട് മാസം മുതൽ നാല് മാസം വരെയുള്ള കാലയളവ് വെറുതെ കിടക്കുകയാണ്. പണ്ടുണ്ടായിരുന്നത് പോലെ ബന്ധുവീട് സന്ദർശനങ്ങൾ, ഒഴിവ്കാല ടൂറുകൾ, ഇങ്ങനെയൊക്കെ ഇപ്പോഴും സാർവ്വത്രികമായി ഉണ്ടോ എന്തോ ? ഉണ്ടെങ്കിൽ വളരെ വളരെ നല്ലത്.

എന്നാലും പിന്നെയും ബാക്കി ഒരുപാട് ദിവസങ്ങളുണ്ട്. ഇതെങ്ങനെ  അൽപം ഉപകാരപ്രദമായ രീതിൽ, പ്രൊഡക്റ്റീവായി, ഇഫക്റ്റിവായി  ഉപയോഗപ്പെടുത്താമെന്ന് മുതിർന്ന വിദ്യാർഥികളും മുതിർന്നവരല്ലാത്തവരും ആലോചിക്കണം. കുറഞ്ഞത് +2, +1, 10 , 9 പരീക്ഷ എഴുതിയവർക്ക് അതത് ഏരിയയിലുള്ളവർ ഫലപ്രദമായി ഗൈഡ്ലൈൻസ് നൽകി അവധി ദിനങ്ങളിലെ ചെറിയ മണിക്കൂറുകൾ ഉപകാരപ്രദമാക്കുവാൻ ശ്രമം നടത്തണം.

ആര് മുന്നിട്ടിറങ്ങും ? ചോദ്യം സ്വഭാവികം. ഇവരെ ഇനി എവിടെ തപ്പിയാൽ കിട്ടും ? അതും ന്യായം.  പെൺകുട്ടികൾക്ക് അതത് മഹല്ല് കേന്ദ്രീകരിച്ചു കൊണ്ട് ആഴ്ചയിൽ ഒന്ന് രണ്ട് മണിക്കൂർ മോറൽ ക്ലാസ്സുകൾ, ചെറിയ തോതിൽ തൊഴിൽ പരിശീലനം, കരകൗശലവസ്തു നിർമാണം, പലഹാരം മുതൽ അച്ചാർ വരെയുള്ളവയുടെ ഉത്പാദനം to വിപണനം,  മറ്റു ആകർഷക സംരംഭങ്ങൾ ... ഇതൊക്കെ പത്ത് പേർ വിചാരിച്ചാൽ നടക്കും. എന്തിന് ഈ ചൂടുകാലത്ത്  പരീക്ഷണാടിസ്ഥാനത്തിൽ ചെറുകിട  ദാഹശമനി സംരംഭം വരെ ആലോചിക്കാവുന്നതാണ്.

ആൺകുട്ടികളെ ഇക്കുറിയും വെറുതെ അങ്ങിനെ ഫ്രീ-ബേഡായി വിട്ടാൽ വീട്ടിലെ ശല്യം തീരുമായിരിക്കും. പക്ഷെ, അവരുടെ ബുദ്ധിയും മാൻപവറും ദിശാബോധമില്ലാതെ അനാവശ്യമായി IDLE ആയി പോവുകയാണ്.

18 വയസ്സായ പ്ലസ് ടു ക്കാരുണ്ടെങ്കിൽ ഉപേക്ഷ കൂടാതെ ONETIME PSC ഓൺലൈൻ രജിസ്റ്റർ ചെയ്യുക. അത് നിർബന്ധം.  വരൾച്ചാ കാലമാണ് വരുന്നത്, കുടിവെള്ള വിതരണ സംരംഭങ്ങളിൽ അവർക്ക് സഹകരിക്കാം. തറവാടും തലേക്കനവും പറഞ്ഞ് മാറി നിൽക്കരുത്. അതൊക്കെ വെറും നാമുസ് മാത്രമാണ്. സേവനം ചെയ്യാനുള്ള മനസ്സുണ്ടാവുക എന്നതായിരിക്കണം ഏത് തറവാട് പറച്ചിലിന്റെയും അടിസ്ഥാനം.

നാട്ടിലെ ലൈബ്രറികളിൽ സജിവമാകുക. വായന ശീലം തുടങ്ങുക. പുസ്തകങ്ങൾ ശേഖരിച്ച് വായനശാലയ്ക്ക് നൽകുക. ഇതൊക്കെ വളരെ എളുപ്പം.

കൃത്യസമയം വെച്ച് കളിയിലേർപ്പെടാം. ടൈം ടേബിളുണ്ടാക്കി  ഒരു പ്രസംഗ പരിശിലന ഉദ്യമം തുടങ്ങാം. സ്പോക്കൺ ഇംഗ്ലീഷ് ആരംഭിക്കാം.  വറ്റിയ പുഴയും നദിക്കരയും വൃത്തിയാക്കാം. ആസ്പത്രി സന്ദർശനം, അവർക്ക് സഹായമെത്തിക്കൽ ... എന്തൊക്കെ പരിപാടികൾ കൊണ്ട് ഒഴിവ് സമയം  സജീവമാക്കാം.

300 നും 350 നുമിടക്ക് നടേ പറഞ്ഞ കുട്ടികൾ ഇവിടെയുണ്ട്. (ഓരോ നാട്ടിലുമുണ്ട് ).  അതിൽ 50 - 60 പേർക്ക് ഇമ്മാതിരി വകതിരിവ് നൽകിയാൽ ഓരോ ഗ്രാമത്തിലും അത്ഭുതം നടക്കും. അതല്ലെങ്കിലോ,  അവരൊക്കെ ഇവിടെയൊക്കെ തന്നെ മുക്കിലും മൂലയിലും മുക്കിയും മൂളിയുണ്ടാകും, പക്ഷെ, ഒരാവശ്യത്തിനു കിട്ടില്ല.  പിന്നെ ഈ കുട്ടികളെ, ഒരാവശ്യവുമില്ലാതെ  കുറ്റം പറയാൻ നിൽക്കരുത്.

കുട്ടികളും ധരിച്ചു വെച്ചിരിക്കുന്നത് സേവന പ്രവർത്തനങ്ങളും മറ്റുമൊക്കെ നിക്കാഹ് സദസ്സിൽ മുൻനിരയിലിരിക്കുന്ന തലമൂത്തവന്മാരുടെ ഏർപ്പാടെന്നാണ്. ആരെങ്കിലുമൊരാൾ ആ കുട്ടികളെ സേവന രംഗത്തേക്ക്  കയ്പിടിച്ചു കൊണ്ട് വന്നാലല്ലേ കുട്ടികൾക്കുമെന്തെങ്കിലുമൊരു ധാരണ കിട്ടൂ.

മത-രാഷ്ട്രീയ - സാമൂഹിക-സാംസ്ക്കാരിക - സന്നദ്ധ സേവന പ്രവർത്തകരും അവരുടെ കൂട്ടായ്മകളും ഇതൊക്കെ വായിക്കുന്നുണ്ടാകുമല്ലോ, അല്ലേ ? അവരെക്കൂടിയാണ് ഈ ലേഖനം അഭിസംബോധന ചെയ്യുന്നത്.

No comments:

Post a Comment