Wednesday 11 April 2018

തെറ്റിദ്ധരിക്കപ്പെടുന്ന വഴി, ഒരു മൊബൈലനുഭവത്തിൽ അസ്ലം മാവില


തെറ്റിദ്ധരിക്കപ്പെടുന്ന വഴി,
ഒരു മൊബൈലനുഭവത്തിൽ

അസ്ലം മാവില

നാട്ടിലേക്കുള്ള വഴിയിൽ കുമ്പളയിൽ ഇറങ്ങും, ഒരു കടയിൽ നിന്നും സ്വീറ്റ്സ് , പിന്നൊരു കടയിൽ നിന്ന് കുറച്ച് ഫ്രൂട്ട്സ് ഇവ വാങ്ങി വീട്ടിലേക്ക് തിരിക്കും. ഇന്ന് രണ്ടിടത്ത് നിന്ന് സാധനങ്ങൾ വാങ്ങി  ബസ് കയറിയിരുന്നു.

പെട്ടെന്ന് പിൻസീറ്റിൽ നിന്ന് ചെറിയ ഫോൺ ശബ്ദം. അത് നിലച്ചു. പിന്നെയും വിളി. കട്ടാവുകയും ചെയ്തു. അതൊന്നും ശ്രദ്ധിക്കാതെ ബസ്സിൽ വീണ്ടും ഞാൻ എഴുത്തിൽ മുഴുകി, ഞങ്ങളുടെ സ്കൂൾ ഹെഡ്മിസ്ട്രസ്സിന്റെ റിട്ടയർമെന്റുമായി ബന്ധപ്പെട്ട ഒരു വിഷയം അവസാനഘട്ടത്തിലായിരുന്നു. ദീർഘയാത്രക്കിടയിലെ ചെറിയ മയക്കം അത് പകുതി വഴിക്കായിപ്പോയി.

പിന്നെയും ഫോൺ കോൾ. തൊട്ട് പിന്നിലെ സീറ്റിലെ ഒരാൾ എന്നോട് പറഞ്ഞു - നിങ്ങളുടെ പോക്കറ്റിലെ ഫോണാണ് ശബ്ദിക്കുന്നത്. എന്റെ ഫോണോ ? പാന്റ്സിന്റെ പിന്നാമ്പുറ പോക്കറ്റിൽ ഫോൺ വെക്കുക അസംഭവ്യം. തപ്പിയപ്പോൾ , ശരിയാണല്ലോ, ദേ ഒരു രണ്ടാം ഫോൺ ! വാട്ട് എ സർപ്രൈസ് !

ആ കോൾ  അറ്റൻഡ് ചെയ്യുന്നതിന് മുമ്പ് ശബ്ദം നിലച്ചു. പലവട്ടം ഫോൺ അടിച്ചത് ഈ പിൻ പോക്കറ്റിൽ കിടന്ന മാണിക്യക്കല്ല്  തന്നെ ആയിരിക്കും ! എന്തൊരു കഷ്ടം !   ഇതൊരു വയ്യാവേലി ആയല്ലോ ഉടയതമ്പുരാനേ ? ഇതാരെ ഏൽപിക്കും ? അതിന് ഇത് എന്റെ പോക്കറ്റിൽ എങ്ങിനെ എവിടെന്ന് കയറിക്കൂടി ? ഒരു എത്തും പിടിയുമില്ല. അതിരാവിലെ ഇറങ്ങിയ ഞാൻ ഇപ്പോൾ മുന്നാമത്തെ ബസ്സിലാണ് ഇരിക്കുന്നത്.

തിരക്ക് പിടിച്ച് വീട്ടിലെത്താൻ ബസ് കയറിയിരിക്കുന്ന  ഞാൻ രണ്ട് വട്ടം ആലോചിച്ചു - ഇനി വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്ത് തൊട്ടടുത്ത രണ്ട് മൂന്ന് സ്റ്റോപ്പ് കഴിഞ്ഞ് വണ്ടിയുമായി  എന്നെ കാത്തിരിക്കുന്ന മകന്റെ കയ്യിൽ കൊടുത്ത് വിടാം.  അല്ലെങ്കിൽ വേണ്ട. വീണ്ടും തിരുമാനം മാറ്റി, ഒരു അന്വേഷണം കൂടി നടത്താം.

ആ തീരുമാനം വല്ലാത്ത തീരുമാനമായിപ്പോയെന്ന് പിന്നീട് മിനിറ്റുകൾക്കുള്ളിൽ  എനിക്ക് അനുഭവത്തിൽ നിന്നും മനസ്സിലായി.  ബസ്സിൽ നിന്ന് ഇറങ്ങി നേരെ ഞാൻ അവസാനം പോയ ഫ്രൂട്ട് കടയിലേക്ക്  കുതിച്ചു. കടയുടമയോട് ചോദിച്ചു - ആരുടെയെങ്കിലും മൊബൈൽ മിസ്സായോ ? അവിടെയുള്ള രണ്ട് പേരും പറഞ്ഞു - ഇല്ലല്ലോ ! ഇനി അടുത്തത് ആ പലഹാരകട തന്നെ, അവിടെയും "നോ " പറഞ്ഞാൽ... ! എനിക്ക് ആധി കൂടി .

ആരെങ്കിലും ട്രാപ്പിൽ പെടുത്താൻ ബസിൽ നിന്ന് എന്റെ പോക്കറ്റിൽ തള്ളിയിട്ടതാണോ ? ലോംഗ് യാത്രയിൽ ചെറിയ മയക്കം ഞാൻ  പിടിച്ചിരുന്നു ! ഇനി അഥവാ കർണാടകയിലെ ഒരു ചെറിയ കടയിൽ നിന്ന് അതിരാവിലെ സാധനങ്ങൾ വാങ്ങിയപ്പോൾ, അവിടെന്നെങ്ങാനും അബദ്ധത്തിൽ ... ഈ കുരിശ് എങ്ങിനെ തിരിച്ചേൽപ്പിക്കുമെന്ന നൂറു നൂറു ചിന്തയിൽ ആദ്യകട ലക്ഷ്യമാക്കി നടന്നു. നാല് ചുവട് കൂടി നടന്നാൽ ആ കടയിലെത്താം. അപ്പോൾ ദാ ഒരു കറുത്ത പയ്യൻ വിലങ്ങനെ ചാടി മുമ്പിൽ വീണു - "ക്ഷ ... ണ്ണ... ഞ്ഞ.." അവൻ അന്ന് കഴിച്ചത് ചർദ്ദിച്ചു!
നോക്കണേ, എനിക്ക് കിട്ടിയ പ്രതിഫലം. ഞാൻ നേരെ ആ കടയിലേക്ക് കാലെടുത്തു വെച്ചു, മുതലാളി എന്ന് തോന്നിക്കുന്ന,  മാന്യനെന്ന് കരുതിയ അവിടെയുള്ള മനുഷ്യനോട് പറഞ്ഞു - "നന്ദി പറയേണ്ട ഇവൻ, പക്ഷെ, നന്ദികേടു പറയരുതല്ലോ, ആരും. പ്രായം നോക്കിയെങ്കിലും സംസാരിക്കാമായിരുന്നു ".

ബസ്സിറങ്ങി ആളെതപ്പി അബദ്ധത്തിൽ കീശയിൽ എടുത്ത് വെച്ചു പോയ വസ്തു (അമാനത്ത് )  തിരിച്ചു നൽകാൻ വേണ്ടി ഞാൻ എടുത്ത ടെൻഷനും മനപ്രയാസവും അതിൽ ഞാൻ കാണിച്ച ആത്മാർഥതയും ആ പഹയന്റെ അപക്വസംസാരത്തിൽ മുങ്ങിമുങ്ങി ഒന്നുമല്ലാതായി.  

എനിക്കവർ സി സി ക്യമാറ കാണിച്ചു - അത്കണ്ട് ഞാൻ തന്നെ ഞെട്ടി. ഒരു "പ്രൊഫഷനൽ മൊബൈൽ പൊക്കി"യുടെ എല്ലാ ലക്ഷണവും അവിടെ കൂടിയവരിലൊരാൾ എനിക്ക് പറഞ്ഞു തന്നു. ഇക്കഴിഞ്ഞ ദിവസവും ഇത് പോലെ ഒരു മോഷണം നടന്നു പോൽ.

"സഹോദരാ, ഞാനതിന് ഇങ്ങോട്ട് വന്ന് തന്നല്ലോ". അതിന് മറുപടി ഇല്ലല്ലോ. അവന്റെ ടെൻഷനിൽ പറഞ്ഞ് പോയതാത്രെ !

പയ്യന് ഞാൻ പൊരുത്തപ്പെടുവിക്കണം പോൽ, അവന്റെ പാതിവെന്ത സംസാരം കേട്ടതിൽ. എന്തോ, ഇപ്പഴും അതങ്ങട്ട് എനിക്ക് ദഹിച്ചിട്ടില്ല. നമുക്ക് കിട്ടേണ്ടത് വഴിയിൽ തങ്ങില്ലല്ലോ.

പാഠം: ഇങ്ങനെയൊരബദ്ധമെങ്ങാനും സംഭവിച്ചാൽ, വസ്തു നിങ്ങൾ നേരിട്ട് പോയി ഏൽപ്പിക്കാനുള്ള അമിതാവേശം കാണിക്കരുത്, നോ ഡൌട്ട്,  നിങ്ങൾ കുറച്ച് സമയമെങ്കിലും  തെറ്റിദ്ധരിപ്പിക്കപ്പെടാൻ എല്ലാ സാധ്യതയുണ്ട്. ഒന്നുകിൽ ഒരു നിയമപാലകന്റെ  സാനിധ്യത്തിൽ അത് തിരിച്ചേൽപിക്കുക,  അല്ലെങ്കിൽ നിങ്ങളുള്ള സുരക്ഷിത സ്ഥലത്തേക്ക് അയാളെ വിളിച്ച് വരുത്തി വസ്തു തിരിച്ചു നൽകുക.

മനുഷ്യരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വളരെ വളരെ  പ്രയാസമാണ്, അവർക്ക് വകതിരിവും  മനുഷ്യത്വവുമില്ലെങ്കിൽ !

No comments:

Post a Comment