Thursday 5 April 2018

ചിലരെക്കുറിച്ചുള്ള ഓർമ്മകൾ നല്ലതാണ്, അവരിലൊരാളാണ് നമ്മോടൊപ്പമുള്ള അബ്ബാസ് മാസ്റ്റർ

ചിലരെക്കുറിച്ചുള്ള  ഓർമ്മകൾ 
നല്ലതാണ്, അവരിലൊരാളാണ്
നമ്മോടൊപ്പമുള്ള  അബ്ബാസ് മാസ്റ്റർ 

അസ്ലം മാവില 

ഒരു മനുഷ്യനെ പരിചയപ്പെടുത്താം. പരിചയപ്പെടുത്തലുകളാവശ്യമില്ലാത്ത ഒരാളെ. നാടിന്റെ സ്പന്ദനം നാഡിമിടിപ്പ് പോലെ അറിയുന്ന വ്യക്തി. വാർദ്ധക്യത്തിലും ക്ഷുഭിത യൗവ്വനത്തിന്റെ ഊർജസ്വലതയുള്ള ഒരാൾ. ജാഡയില്ലാത്ത പച്ചമനുഷ്യൻ. സേവനമേഖലയിൽ തന്റെതായ കയ്യൊപ്പ് ചാർത്തിയ മനീഷി. 

ഒരു കാലത്ത് അദ്ദേഹം പട്ല സ്കൂളിന്റെ ഊടും പാവുമായിരുന്നു. ഉയിരും ഊർജ്ജവുമായിരുന്നു. സ്വപിതാവും മറ്റു രണ്ട് ഉദാരമതികളും സർക്കാറിന് കൈമാറിയ വിദ്യാഭ്യാസ സ്ഥാപനത്തെ, അത് നാട്ട്കാരെ ഏൽപിച്ചു എന്നതിന്റെ പേരിൽ അങ്ങിനെ തന്നെ വിട്ടേച്ച് പോകാതെ ദീർഘകാലം പട്ല സ്കൂളിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തി.  അബ്ബാസ് മാസ്റ്ററെ കുറിച്ച് പറയാൻ ഒരുപാടൊരുപാട്. 

PTA യുടെ ഭരണസാരഥ്യം ഒസ്യത്ത് പോലെ, ദീർഘകാലമദ്ദേഹമേറ്റെടുത്തു.   പകുതി വഴിക്ക് ഉത്തരവാദിത്വമൊഴിയാതെ  നീണ്ടകാലം സ്കൂൾ വികസനത്തിന് മുന്നിൽ ധൈര്യസമേതം നടന്നു.  സ്കൂൾ ഹെഡ്മാസ്റ്റരെ വരെ മദ്രസ്സയുടെ കുടുസ്സായ ഒരൊഴിഞ്ഞ മുറിയിൽ താമസിപ്പിച്ചിരുന്ന കാലമായിരുന്നു അത്. അധ്യാപകരുടെ അപര്യാപ്തത, ഉള്ള അധ്യാപകരിൽ തന്നെ ഇവിടെയുള്ള അസൗകര്യങ്ങളോടുള്ള പൊരുത്തക്കേടുകൾ, കുട്ടികളുടെ ദയനീയമായ ഹാജർ നില, രക്ഷിതാക്കളുടെ നിരുത്തരവാദ സമീപനം, പഠനത്തിൽ കുട്ടികൾ കാണിക്കുന്ന അശ്രദ്ധ .. ഇതൊക്കെ വലിയ വെല്ലുവിളികളായിരുന്നു. 

1970 കളുടെ അവസാനം എന്റെ  ഓർമ്മയിലുണ്ട്. നമ്മുടെ സ്കൂൾ യു.പി. പദവിയിലെത്തുന്നതും പുതിയ കെട്ടിട വർക്ക് നടക്കുന്നതും. മർഹൂം എം.എ. മൊയ്തീൻ കുഞ്ഞി സാഹിബാണ് ഇന്ന് പടിഞ്ഞാറ് വശം കാണുന്ന UP ബ്ലോക്കിന്റെ   കരാർ ജോലി ഏറ്റെടുത്ത് ചെയ്യിപ്പിക്കുന്നത്. അതുത്ഘാടനത്തിനോ തറക്കല്ലിടലിനോ മന്ത്രി സി.എച്ചാണ് വന്നത്. അന്ന് സ്കൂൾ പി.ടി.എ. നേതൃത്വം അബ്ബാസ് മാഷിനായിരുന്നു. 

1980 കളുടെ തുടക്കം, ഹൈസ്ക്കൂൾ വേണമെന്ന ആവശ്യം ശക്തം. ഞങ്ങൾ കുട്ടികൾ നാടുചുറ്റി ഈ സമരത്തിനിറങ്ങുന്നു. അതൊരു വാർത്തയാക്കാൻ വേണ്ടി അബ്ബാസ് മാസ്റ്ററെ പോലുള്ളവരുടെ തലയിലുദിച്ച ആശയമായിരുന്നത്. ഗവ. വിജ്ഞാപനം വന്നു, ഹൈസ്ക്കൂൾ സാൻക്ഷനായി. എല്ലാവരും സന്തോഷിച്ച ദിവസങ്ങൾ, പക്ഷെ, അബ്ബാസ് മാസ്റ്ററുടെയും പി ടി എ നേതൃത്വത്തിന്റെയും മുഖങ്ങളിൽ മാത്രം ആ സന്തോഷം കണ്ടില്ല. 

അതിനുള്ള കാരണം പിന്നീടാണറിഞ്ഞത്. "ഹൈസ്കൂൾ സംവിധാനം തത്വത്തിൽ അനുവദിച്ചു  തരും, പക്ഷെ, കെട്ടിടം നാട്ടുകാർ പണിത് നൽകണം. അവർ പറഞ്ഞ അളവിലും "തൂക്കത്തിലും", മെല്ലെയല്ല, ദിവസങ്ങൾക്കുള്ളിൽ " - ഒരു ദിവസം രാത്രി എന്റെ ഉപ്പയുടെ സംസാരിത്തിൽ നിന്ന് ഇത്രയും ഞാൻ കേട്ടത്. 

കെട്ടിടം നാട്ടുകാർ കെട്ടണം പോൽ, എന്നാൽ ഹൈസ്ക്കൂൾ പദവി കിട്ടും പോൽ, വേറെപ്പണിയില്ലേ നാട്ടുകാർക്ക്? ഇവിടെ ഹൈസ്ക്കൂളില്ലെങ്കിൽ കുട്ടികൾ ബോർഡ് സ്കൂളിൽ പഠിക്കട്ടെ, പറ്റാത്തവർ ബോംബയിക്ക് (പണിക്ക്) പോകട്ടെ  - അതൊരു വലിയ തമാശ പോലെ ആളുകൾ ചിരിച്ചും  നേരമ്പോക്കിയും തള്ളിയ നേരം. ഹൈസ്ക്കൂൾ എന്നത് സ്വപ്നത്തിൽ നിന്ന് വരെ ഒഴിവാക്കിയത് പോലെ. പക്ഷെ, അന്നത്തെ ഒരു നാട്ടു നേതൃത്വമുണ്ടായിരുന്നു - ബി.എസ്.ടി അബൂബക്കർ , പി. സീതിക്കുഞ്ഞി, എം.എ. മൊയ്തീൻ കുഞ്ഞി, പി. മുഹമ്മദ് കുഞ്ഞി  തുടങ്ങിയവരെ പോലുള്ള ഒരു പാട് ഇരുത്തം വന്ന വ്യക്തികളടങ്ങിയവരുടെ നേതൃത്വം. അവരിൽ  നിന്ന് അവരെയത്രയൊന്നും പൊക്കമില്ലാത്ത അബ്ബാസ് മാസ്റ്റർക്ക് നിർദ്ദേശം ലഭിച്ചു - നമുക്ക് കെട്ടിടം പണിയാം, പറ്റാവുന്ന വിധത്തിൽ. അബ്ബാസ് മുന്നിൽ ഉണ്ടാകട്ടെ.

ബസ് സൗകര്യം പോലുമില്ലാത്ത ഈ ഓണം കേറാ മൂലയിൽ  ഹൈസ്ക്കൂൾ എന്ന സ്വപ്നം ഇനി ഒരു പക്ഷെ പൂർത്തികരിച്ചു കാണാൻ ഇനി ഒരവസരം ലഭിച്ചെന്ന് വരില്ല. ഈ വെല്ലുവിളിക്കുള്ള മറുപടി  ഇച്ഛാശക്തിയും  കഠിനപ്രയത്നവും തന്നെ. അബ്ബാസ് മാസ്റ്ററെ പോലുള്ളവർ കണക്ക് കൂട്ടി കാണണം.  പിന്നെ നടന്നത്, ഇടതടവില്ലാത്ത,  രാപ്പകൽ പണി. അന്ന് സ്കൂൾ മുറ്റം നിറയെ സേവനക്കാരായിരുന്നു, പണിക്കാരായിരുന്നില്ല. പണം നൽകാൻ പറ്റാത്തവർ നീരും വിയർപ്പും നൽകി അന്ന് സഹകരിച്ചിട്ടുണ്ട്.  

അന്നത്തെ പോരായ്മകൾ ഇന്നത്തെ സാഹചര്യം  കൊണ്ട് അളക്കുന്ന നമ്മുടെ ഇളംബുദ്ധിക്ക് ഒരു പക്ഷെ ഇത്തരം പരിചയപ്പെടുത്തലുകളും ഓർമ്മ പുതുക്കലുമൊക്കെ  എങ്ങിനെ  ദഹനപ്രക്രിയയിൽ എളുപ്പം  ഡൈജസ്റ്റാകുമെന്ന്  എനിക്കറിയില്ല. അതും പറയണമല്ലോ. നീണ്ട പതിനാറ് വർഷം പട്ല സ്കൂൾ PTA പ്രസിസൻറായ ചരിത്രവും അദ്ദേഹത്തിന് തന്നെ 

പോസ്റ്റ് മാഷ് എന്നത് അന്നൊരു വിളിപ്പേര് മാത്രമല്ല; സ്ഥാനപ്പേരു കൂടിയായിരുന്നു. പ്രായമുള്ളവരുടെയിടയിൽ ഒരു ചെറിയ ബാല്യേക്കാരൻ അവരേക്കാളേറെ പാകതയും പക്വതയും കാണിച്ചുവെന്നതാണ് അമ്പാച്ചായെ, അബ്ബാസ് മാഷെ വ്യത്യസ്തനാക്കുന്നത്. 

നാട്ടിലെ ഓരോ ചെറുതും വലുതുമായ സംരംഭങ്ങളിലും സന്ദർഭങ്ങളിലും അബ്ബാസ് മാസ്റ്റർ കയ്യൊപ്പ് വെച്ചിട്ടുണ്ട്. പള്ളികളാണെങ്കിലും മദ്രസ്സുകളാണെങ്കിലും പള്ളി -മദ്രസ്സ യോടനുബന്ധിച്ചുള്ള  കോമേഴ്സിയൽ സ്ഥാപനങ്ങളാണെങ്കിലും അതിന്റെ നിർമ്മാണ സംരംഭങ്ങളിൽ, ഫണ്ട് കണ്ടെത്തുന്നതിൽ, എല്ലാം അബ്ബാസ് മാസ്റ്റർ മുന്നിലുണ്ട്.  തായൽ ജുമുഅ: മസ്ജിദ്, സലഫി ജുമുഅ: മസ്ജിദ്, തഖ്വാ മസ്ജിദ്, എം.എച്ച്. മദ്രസ്സ, ഇസ്ലാഹി മദ്രസ്സ,  മദ്രസ്സകൾക്ക് വേണ്ടിയുള്ള വരുമാന സ്ഥാപനങ്ങൾ ... എല്ലായിടത്തും അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.  സർവ്വേയിംഗ് മുതൽ കമ്മിഷനിംഗ് വരെയുള്ള മുഴുവൻ ഘട്ടങ്ങളിലുമദ്ദഹം ഉണ്ടായിരുന്നു. 

ഒരു കളക്ഷൻ വേണം, ചെറുതല്ല, വലുത്, വലിയ ബഡ്ജറ്റ്. ആ സദസ്സിൽ അബ്ബാസ് മാസ്റ്റർ ഉണ്ടെങ്കിൽ അതിന്റെ ചുക്കാനും അദ്ദേഹത്തിന് തന്നെ. ഏൽക്കാനാദ്യം വൈമനസ്യം കാണിക്കുമെങ്കിലും ഏറ്റാൽ പിന്നെ അത് നടന്നിരിക്കുമെന്നത് അദേഹത്തിന് നാട്ടുകാർ നൽകിയ കർമ്മകാണ്ഡപ്രത്യേകതയായിരുന്നു (ഈ പദം ഒരു പക്ഷെ, ഭാഷയിൽ കണ്ടേക്കില്ല). പൊതുമനസ്സിൽ അത്തരമൊരു മാസ്സ് കോൻഫിഡൻസ് നൽകാൻ  പാകപ്പെടുമാറ്  അബ്ബാസ് മാഷ് കർമ്മനിരതനാണ്.  

ചില പൊതു സദസ്സുകളും പൊതുകൂടിച്ചേരലുകളുമുണ്ട്.  വിവാഹം അതിലൊന്നാണല്ലോ, അമ്പാച്ചാന്റെ സേവനങ്ങൾ അനുഭവിക്കാത്ത കുടുംബങ്ങൾ ഇയ്യിടം വരെ പട്ലയിൽ വളരെക്കുറവ്. ശീതള പാനീയ വിതരണം മുതൽ സ്വീകരിച്ചാനയിക്കൽ വരെ സ്വർണ്ണക്കട പരസ്യം തേച്ച് മുറിക്കയ്യൻ കുപ്പായവുമിട്ട  ഇവൻറ് മാനേജ്മെന്റിലൊതുക്കിയ ഇന്നത്തെതിന് തികച്ചും വ്യത്യസ്തമായ   പൊയ്പ്പോയ ഒരു കാലമുണ്ടായിരുന്നു   എന്റെയൊക്കെ ഓർമ്മയിൽ. ആ സന്തോഷദിനങ്ങളിൽ തന്റെ അസൗകര്യങ്ങൾ മാറ്റിവെച്ച്   അബ്ബാസ് മാസ്റ്റർ  മുന്നിൽ നിന്നിട്ടുണ്ട്. മരണ വീട്ടിലും  അനുബന്ധ നടപടിക്രമങ്ങളിലും അദ്ദേഹം ഉണ്ടായേ തീരൂ. 

പട്ല പുഴയുടെ (ചെക്ക് ഡാം) വർഷാവർഷ ബണ്ട് നിർമാണം ഫർദുൽ കിഫ പോലെയാണ് എല്ലാ കൊല്ലവും അംഗുലീ പരിമിത സഹായികളെയും കൊണ്ടദ്ദേഹം ഇപ്പോഴും ചെയ്യുന്നത്. നിർബന്ധമില്ല, ആർക്കും ആ സേവനത്തിന്റെ ഭാഗമാകാം. ചുറ്റുവട്ടം പച്ചകാണുന്നതും കിണറുകളിൽ വെള്ളം താഴാതെ നിലനിൽക്കുന്നതും ഇതൊക്കെ ഉള്ളത് കൊണ്ടൊക്കെ തന്നെയാണ്, അല്ലാതെ നമ്മുടെ പത്രാസ് കൊണ്ടല്ല.  

അബ്ബാസ് മാഷെ കുറിച്ച് ചെറിയ ഒരു ഭാഗം ഞാനെഴുതിയെന്നേയുള്ളൂ. ഓൺലൈൻ വായനയിൽ നീണ്ട കുറിപ്പിന് വലിയ പ്രസക്തിയില്ലല്ലോ.

എഴുത്തിലും സേവനരംഗങ്ങളിലും  താത്പര്യമുള്ളവർ,  ഇദ്ദേഹത്തെ പോലുള്ളവരുടെ അനുഭവങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ് ഒരു നല്ല റിക്കോർഡ്  തയ്യാറാക്കാൻ പറ്റുമെങ്കിൽ വരും തലമുറകൾക്ക് അവ റെഫറൻസിന് ഒരുപാട് ഉപകാരപ്പെടും. 

അറുപത്തെട്ടിന്റെ നിറവിലും അബ്ബാസ് മാഷെപ്പോലുള്ളവർ ഒരു കാരണവരെ പോലെ നമ്മുടെ ഇടയിൽ ജീവിക്കുന്നുവെന്നത് വലിയ നന്മകളിലൊന്നാണ്. നമ്മുടെ സൗഭാഗ്യമാണ്. 

അദ്ദേഹത്തിന് ആരോഗ്യപൂർണമായ  ദീർഘായുസിന് വേണ്ടി നമുക്കെല്ലാവർക്കും പ്രാർഥിക്കാം.

No comments:

Post a Comment