Sunday 22 April 2018

മാവിലപ്പൊലിമ

മാവിലപ്പൊലിമ (1)

ശരിക്കും
പൊലിമയുടെ
ദിവസമായിരുന്നു
ഇന്നലെയും മിനിഞ്ഞാന്നും

(1)

'ചൊവ്വയും ബുധനും പൊലിമക്ക് മാത്രമായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ വിളംബര ജാഥയുടെ റിസൾട്ട് ഇത്രമാത്രം ഉണ്ടാകുമെന്ന് സംഘാടകർ തന്നെ കരുതിയിരുന്നില്ല.

മിനിഞ്ഞാന്ന് വൈകിട്ട് 6 :30 ന് പൂമുഖത്ത് നിന്നും ജാഥ തുടങ്ങുന്നു.  മുൻനിരയിൽ എം.എ. മജിദും സി.എച്ചും ബി. ബഷീറും ഹനീഫും ആസിഫും എം. കെ. ഹാരിസും റാസയും നിന്നു.

തൊട്ട് തലേ ദിവസം  ഗൾഫിൽ നിന്ന് വന്ന മഹ്മൂദും പിന്നെ ജാസിർ മാഷും പോർടബ്ൾ ലൌഡ് സ്പീക്കർ കഴുത്തിൽ തൂക്കി. വഴികാട്ടികളെ പോലെ രണ്ട് ഷരിഫുമാർ - മജൽ ശരീഫ് & ശരീഫ് കുവൈറ്റ്. യുവാക്കളും കുഞ്ഞുകുട്ടികളും പിന്നാലെ.

" വന്നല്ലോ വന്നല്ലോ
മിന്നും പൊലിമ വന്നല്ലോ"

മഹ്മൂദും ജാസിറും പറഞ്ഞ് തന്ന ഈരടികൾ കൈമുട്ടും പാട്ടായി സംഘാഗങ്ങൾ ഏറ്റെടുത്തു. വെസ്റ്റ് റോഡിലെത്തിയപ്പോൾ പ്രിയങ്കരനായ പി. കരീം ( കരീമുച്ച) ജാഥയോടൊപ്പം ചേർന്ന് വിളംബര നേതൃത്വം ഏറ്റെടുത്തു.

പന്തങ്ങൾ കത്തി. ഇസ്മയിൽ , സൂപ്പി, ഷാനു , ഹനീഫ് ടീം കത്തുന്ന പന്തങ്ങളിൽ അഭ്യാസം തുടങ്ങി. ജാഥ ബൂഡും പാലത്തട്ക്കയും ഈസ്റ്റ് ലൈനും കടന്ന് റാസയുടെ വീട്ടിന്ന് ലഭിച്ച ലൈം ജ്യൂസും കുടിച്ച് പി.പി. നഗർ സ്പർശിച്ച് സ്രാമ്പി കടന്ന് തിരിച്ച് ആരവങ്ങളാടെ പൂമുഖത്ത് സന്ധിക്കുമ്പോൾ,  വാർഡ് മെമ്പർ മജീദിന്റെ വീട്ടിൽ  അവിയൽ ചീരണി റെഡി.

അപ്പോഴേക്കും ഫൈസൽ - അദ്ദി- അൻവർ - മുജീബ് നേതൃത്വത്തിലുള്ള  ടീംസ്  പൂമുഖത്തെ തോരണം കൊണ്ടലങ്കരിക്കാൻ എത്തിക്കഴിഞ്ഞിരുന്നു.  പച്ചോലത്തോരണ സ്പെഷ്യലിസ്റ്റ് ശരതും കൂടെയുണ്ട്. ഇതിനൊക്കെ നേതൃത്വവുമായി പി. പി. ഹാരിസും.

ചൂടിയിൽ തീർത്ത പൊലിമ അക്ഷരങ്ങൾ പൂമുഖാതിർത്തിൽ ഉയർത്തി കെട്ടി. ആർടിസ്റ്റ് മധുർ ഹാരിസ് എഴുതിത്തന്ന പൊലിമ മുറങ്ങൾ തലയെടുപ്പോടെ പൂമുഖമേൽക്കൂരയിൽ സ്ഥാനം പിടിച്ചു. സീനിയർ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഹൗസ് കീപ്പിംഗ് മറ്റൊരു വശത്ത്. വാഴക്കുലകളുമായി സൈദും വണ്ടിയുമായെത്തി.

രാത്രി ഏറെ വൈകിയിട്ടും ആർക്കും പൊലിമ പൂമുഖത്ത് നിന്ന് നീങ്ങാനേ തോന്നിയില്ല. അടുത്ത ദിവസത്തേക്ക് പൂമുഖം മാക്സിമം ചമയിച്ചൊരുക്കാൻ യുവാക്കൾ ശരിക്കും ഓടിച്ചാടി നടക്കുകയായിരുന്നു. 

No comments:

Post a Comment