Wednesday 11 April 2018

അരികിൽ നിർത്താൻ നാം കാണിക്കുന്ന ഉത്സാഹവും അതിരാവിലെ ചിന്തകളും - അസ്ലംല


അരികിൽ നിർത്താൻ
നാം കാണിക്കുന്ന ഉത്സാഹവും
അതിരാവിലെ ചിന്തകളും

അസ്ലം മാവില

ഇയ്യിടെയായി എഴുത്തൽപം കൂടുതലാണ്. എന്ന് വെച്ച്  ഒഴിവാക്കുന്നതും ശരിയല്ലല്ലോ. ഒഴിവാക്കാൻ പറ്റാത്ത ഒരു വിഷയമാണ് നാരായണ ഭവന ധനസഹായത്തിന് നാട്ടുകാർ കാണിച്ച ഉത്സാഹം.

വളരെ ആവശ്യമെന്ന് തോന്നിയ വിഷയമാണ് സി.പി. ഓപ്പൺഫോറത്തിൽ പൊതുസമക്ഷം മുന്നോട്ട് വെച്ചത്. അയൽക്കാരൻ, കൂടെ പഠിച്ചവൻ, കൂടെ കളിച്ചവൻ, പോക്കുവരവിനിടയിൽ എന്നും കാണുന്നവൻ, നാട്ടുകാരൻ, സുഹൃത്ത് ഇങ്ങിനെ ഏതെങ്കിലുമൊരിനത്തിൽ  നാരായണൻ നമ്മുടെ സൗഹൃദ വലയത്തിൽ ഉൾപ്പെടും. അത്കൊണ്ട് തന്നെ അയാളെ അറിയാനും വളരെ എളുപ്പവുമാണ്. നാരായണന്റെ ആവശ്യം വളരെ ന്യായമെന്ന് എല്ലാവർക്കും തോന്നിയതും ആ കാരണം കൊണ്ട് തന്നെയാകണം.

ഇവിടെ എല്ലവരും കാണിച്ച സദ്മനസ്സുണ്ട്, കരുണയും അനുകമ്പയും അനുതാപവും സമ്മേളിച്ച മനസ്സ്. അത് ഒന്നിച്ച് വർക്കൗട്ട് ചെയ്ത ഒരു രസതന്ത്രമുണ്ട്. അങ്ങിനെ ഒഴിവാക്കേണ്ട ഒരാളല്ല നാരായണൻ എന്ന പൊതുസ്വീകാര്യനിലപാട്. തീർച്ചയായും ആ സുമനസ്സിന് നൂറ് മാർക്ക്, സുമനസ്സുകൾക്ക് അതിലൊട്ടും  കുറയാത്ത മാർക്ക്.

നന്മ ചെയ്യാൻ നാം കാണിക്കുന്ന ധൃതി തന്നെയാണ് നമ്മുടെ അഭിവൃദ്ധിയും. ഉള്ളത് നൽകാനും നൽകിയതൽപം കുറഞ്ഞ് പോയല്ലോ എന്ന് സ്വയം പരിതപിക്കാനും കാണിക്കുന്ന മനസ്സുള്ളിടത്ത് സമൃദ്ധിയും സമാധാനവും സന്തോഷവും നിലനിൽക്കും. അതിന്റെയൊക്കെ ഭാഗമാകാൻ കഴിഞ്ഞല്ലോ എന്നതാണ് നമ്മുടെയൊക്കെ മനസ്സുകളിൽ അലതല്ലുന്ന ആഹ്ലാദവും.

ഇത്തരം Genuine വിഷയങ്ങൾ അവതരിപ്പിക്കുവാൻ സി.പി. പോലുള്ള സഗൗരവ ഓപ്പൺ ഫോറങ്ങൾ നിലനിന്നേ തീരൂ. സ്വയമച്ചടക്കം നിലനിർത്തി പക്വമായി കാര്യങ്ങൾ അപഗ്രഥനം ചെയ്ത് എതിരഭിപ്രായങ്ങൾ വിലയും നിലയും ഒട്ടും കുറക്കാതെ, കേട്ടും ഉൾക്കൊണ്ടും, പ്രതികരിച്ചും മുന്നോട്ട് പോകുന്ന  സാമൂഹ്യ കൂട്ടായ്മകളിൽ സി.പി.ക്ക് ചെറുതല്ലാത്തെ സ്ഥാനമുണ്ടെന്ന് സഗൗരവം കരുതുന്ന ഒരാളാണ് ഞാൻ.  ചെറിയ പ്രായക്കാരും വലിയ പക്വത കാണിക്കുന്നുവെന്നതാണ് ഇത്തരം കൂട്ടായ്മകളുടെ ഏറ്റവും വലിയ നന്മകളിലൊന്ന്.

കൂട്ടായ്മകളിൽ  ചേരാനാഗ്രഹിക്കുന്നതിന്റെയും  അതിൽ നിന്ന് ഒഴിഞ്ഞു പോകാൻ ഇച്ഛിക്കുന്നതിന്റെയും / അതിനവസരമൊരുക്കുന്നതിന്റെയും മാനദണ്ഡം പക്വത തന്നെ, അല്ലാതെ പ്രായമല്ല.  നിങ്ങളും ഇതേ അഭിപ്രായക്കാർ തന്നെയെന്ന് ഞാൻ കരുതുന്നതിൽ അബദ്ധമുണ്ടെങ്കിൽ എന്നെ തിരുത്തുക. നല്ല പ്രഭാതം നേരുന്നു.

No comments:

Post a Comment