Thursday 12 April 2018

*പഠിപ്പുര വൈദ്യരെക്കുറിച്ച്!*- സാക്കിർ അഹമ്മദ്


*പഠിപ്പുര വൈദ്യരെക്കുറിച്ച്!*

▪ സാക്കിർ അഹമ്മദ്▪

പൊലിമയുടെ സർഗ സ്പർശത്തിന്റെ ഏറ്റവും വലിയ അടയാളപ്പെടുത്തലിനാണ്  അതിന്റെ പ്രചരണോദ്ഘാടന ദിനം തന്നെ സാക്ഷിയായത്.

നാല് തലമുറകൾക്കു പിന്നിൽ, അതും അനശ്വര മാപ്പിള കവി മോയിൻകുട്ടി വൈദ്യരുടെ സമകാലികനും സുഹൃത്തുമെന്നും ചരിത്രത്തിൽ നിന്നും ചികഞ്ഞെടുത്ത അറിവുകൾക്കൊപ്പം നാം കാതോർത്തത് പഠിപ്പുര കുഞ്ഞിമാഹിൻ കുട്ടി വൈദ്യരെന്ന അറിയപ്പെടാതെ പോയ മഹാ മാനുഷിയെയാണ്.

ചില ആഘോഷങ്ങൾ അങ്ങനെയായിരിക്കാം, അവയ്ക്കും ചില നിയോഗങ്ങളുണ്ടാവാം. പൊലിമ ആ നിയോഗത്തിനു നാന്ദി കുറിച്ചിരിക്കുന്നു.  ഇനി ഏറ്റെടുക്കേണ്ടതു നാം പൊലിമയുടെ പ്രയോക്താക്കളും ഗുണഭോക്താക്കളുമാണ്.

നാം ഒറ്റക്കല്ല,  കിട്ടാവുന്ന സ്രോതസ്സുകളെയെല്ലാം കൂട്ടു പിടിക്കണം. പൊലിമയുടെ നിയോഗ ദൗത്യം  കര കാണാതിരിക്കില്ലല്ലോ? അതിന്റെ  ലക്ഷ്യത്തിൽ പ്രധാനപ്പെട്ടത് തന്നെ മുമ്പേ കഴിഞ്ഞു പോയവരുടെ ഓർമ്മകളെ തൊട്ടുണർത്തുകയും അവരുടെ നന്മയുടെ കടലൊഴുക്കിൽ നിന്നും ഒരു കൈക്കുമ്പിളെങ്കിലും ഹൃദയത്തോട് ചേർക്കുക എന്നതുമാണുതാനും.

ചരിത്രത്തിന്റെ തുറന്ന് പറച്ചിലുകൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. കാസർകോടൻ ചരിത്രാന്വേഷകരും സാഹിത്യലോകവുമെല്ലാം ചെറിയ അളവിൽ ഇത്‌ സംബന്ധിച്ചു ചർച്ച ചെയ്യുകയും മറ്റും ചെയ്തിട്ടുണ്ടെന്നാണ് ഇവിടെ കേട്ട ചർച്ചകളിൽ നിന്നും  മനസ്സിലാവുന്നത്.   ഇന്ന്  അഹമ്മദ്  മാഷിനെയും രാഘവൻ മാഷിനെയും പോലുള്ളവർ ജീവിച്ചിരിപ്പില്ല എന്നത് തിരിച്ചടി തന്നെയാണ്. എന്നാൽ ഈ അന്വേഷണത്തിന് റഹ്‌മാൻ  മാഷിനെപ്പോലുള്ളവരുടെ സേവനം ലഭ്യമാക്കാൻ നമുക്ക് കഴിയണം.

ചരിത്രത്തിന്റെ ഏടുകളിൽ നിന്നും മറവിയുടെയും തമസ്ക്കാരത്തിന്റെയും തിരശ്ശീലയിൽ പൊയ്പ്പോകേണ്ട പലതിനെയും  രംഗവൽക്കരിച്ച ചരിത്രബോധമുള്ള സാംസ്‌കാരിക പ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തിന്റ ഇടപെടൽ നമുക്ക്‌ കരുത്തേകും. ഉദാഹരണങ്ങളായി ഇശൽ മൊഗ്രാലും പക്ഷിപ്പാട്ടിമൊക്കെ  നമുക്ക്‌ മുമ്പിലുണ്ട്.
 
ഒരു നാടിന്റെ സാംസ്‌കാരിക സാഹിത്യ പൈതൃകത്തെ അടയാളപ്പെടുത്തുന്നതിനു കടന്നു പോയ ചരിത്ര പുരുഷന്മാരെ  ഓർത്തെടുക്കേണ്ടതും സമൂഹത്തിനു പഠന വിധേയമാക്കേണ്ടതും അത്യന്താപേക്ഷിതമാണ്; തിരസ്‌ക്കാരം വലിയ പാതകവും.

നമ്മുടെ  ഗ്രാമത്തിന്റെ മാത്രമോ അതുമല്ലെങ്കിൽ കാസർകോടിന്റെ മാത്രമോ അഭിമാനവും സ്വത്തുമല്ല, മറിച്ചു ഉത്തര കേരളത്തിന്റെ മൊത്തം അഭിമാനവും അഹങ്കാരവുമാണ് ആ കവി ശ്രേഷ്ടൻ.

ടി. ഉബൈദെന്ന മഹാനായ കാസർക്കോട്ടുകാരന്റെ കോഴിക്കോട്ടു വെച്ച് നടന്ന സാഹിത്യ  പരിഷത്ത്  പ്രബന്ധത്തിനു ശേഷം
മാപ്പിളപ്പാട്ട്  മുഖ്യധാര  സാഹിത്യ ശാഖ  തന്നെയാണെന്നോർക്കുമ്പോഴാണ് ഈ സന്തോഷത്തിന്റെ ആധിക്യം വിവരണാതീതമാകുന്നത്. ആ ചരിത്രപരമായ പ്രബന്ധ അവതരണത്തെ  ക്കുറിച്ചു അഹമ്മദ് മാഷിന്റെ  ഓർമ്മകളുടെ കിളിവാതിലിൽ വായിക്കാം.

  ഈ ചർച്ച നടക്കുന്ന സമയം കാസർകോട്ട് സാഹിത്യ മണ്ഡലത്തിൽ  ഹൈജാക്കുകളുടെയും ബലൂൺ വൽക്കരണങ്ങളുടെയും അസ്വാരസ്യങ്ങളും  കൂടി  വരുന്നുണ്ട് എന്നത്  നിരാശാജനകമാണ്.  ഓരോ ചരിത്ര പുരുഷന്മാരെയും പ്രാദേശിക വികാരത്തോടെയും കാര്യലാഭത്തിനു വേണ്ടിയും ഉപയോഗിക്കുന്ന അവസ്‌തയുണ്ടോയെന്ന്  സംശയിച്ചു പോകുന്ന തരത്തിലേക്ക് ചില സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്, ഇതിലൊക്കെ പക്ഷം പിടിച്ചു നിൽക്കുന്നത് സാഹിത്യ കാരണവന്മാരും.

സാഹചര്യങ്ങളുടെ സ്വഭാവം മനസ്സിലാക്കി നമുക്കും ഈ വിഷയത്തിൽ കരുതലോടെ ഇടപെടാൻ കഴിയണം. ഇതൊരിക്കലും പ്രാദേശിക വിഷയമാകരുത്. നമ്മൾ ശ്രമിക്കുന്നത്  കേരളമറിയേണ്ട ഒരു  മഹാകവിയെ ചരിത്രത്തിന്റെ വെള്ളി വെളിച്ചത്തിലേക്കു കൊണ്ടു വരികയെന്ന ദൗത്യമാണ്. ഖലീലുള്ള  ചെംനാടിനെപ്പോലുള്ള ചരിത്രാന്വേഷികൾ  നമ്മോടൊപ്പമുണ്ട്. ഇനിയും നല്ല ചരിത്ര വിദ്യാർത്ഥികളും സാംസ്‌കാരിക പ്രവർത്തകരും നമ്മളോടൊപ്പം ചേരുക തന്നെ ചെയ്യും, നമുക്ക് സധൈര്യം മുന്നോട്ടു  പോകാം. ലക്‌ഷ്യം നമ്മളെത്തേടിയെത്തും.....
🔘

No comments:

Post a Comment