Wednesday, 11 April 2018

*മറുകുറി* അസ്ലം മാവില


*മറുകുറി*

അസ്ലം മാവില

സഹോദരന്,
താങ്കളുടെ നേർവായനയ്ക്കും പ്രതികരണത്തിനും നന്ദി.

ഞാൻ ആരെ വായിക്കുമ്പോഴും ടിയാൻ ഏത് കള്ളിക്കുള്ളിൽ ഒതുങ്ങിയ/ഒതുക്കിയ  വ്യക്തിത്വമെന്ന് നോക്കാറില്ല.  പക്ഷപാതിത്വം ഒഴിവാക്കാനാണത്.

ഒരു പ്രമുഖ പത്രത്തിന്റെ പത്രാധിപർ മിസ്റ്റർ സി.പി. സൈതലവിയുടെ ലേഖനം സി.പി.യിൽ ഇപ്പോൾ  വായിച്ചു കാണുമല്ലോ. ടിയാന്റെ പദപ്രയോഗത്തിലെ സൂക്ഷമതക്കുറവിനെ കുറിച്ചു സൈതലവി   പരാമർശിച്ച അഭിപ്രായത്തിനപ്പുറം മറുത്തൊന്ന് എനിക്കുമില്ല.  

ആവർത്തിക്കുന്നു, വത്തക്ക പ്രയോഗം നർമ്മം പറഞ്ഞാലും  അശ്ലീലച്ചുവയുള്ളത് തന്നെ.

മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരായ മുസ്ലിം സമൂഹ നേതൃത്വങ്ങളും പ്രഭാഷകരും എവിടെയും സൂക്ഷമത കാണിക്കുന്നത്  മെറിറ്റല്ലാതെ, ഡീമെറിറ്റല്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ.

പെട്ടിക്കടയിൽ ചായമോന്തുന്നതിനിടക്ക് രണ്ട് നാടന്മാർ സംസാരിക്കുമ്പോൾ ധൃതിയിൽ പറയുന്ന വാക്കുകളായിപ്പോകുന്നു ചിലരുടെ പ്രസംഗങ്ങളിലെ പരാമർശങ്ങൾ, കുറച്ച് ജാഗ്രത കാണിക്കുന്നത് (ആരായാലും) ഔന്നത്യമാണ്, ആപതനമല്ല.

ഉള്ളത് പറയാമല്ലോ, ജാഹർ പ്രസംഗ പരാമർശങ്ങൾക്ക് ശേഷമുള്ള ചിലരുടെ ഇടപെടലുകൾ CPS ന്റെ ലേഖനത്തിൽ സൂചിപ്പിച്ചത്  പോലെ മറ്റൊരു തലത്തിലേക്ക് എത്തിയത് ഞാനറിയില്ല. അവരുടെ കരുനീക്കങ്ങൾക്കൊപ്പം ഞാനില്ല.

എരിവും പുളിയോടുമുള്ള  സ്വാഭാവിക പ്രതികരണം മാത്രമാണ് എന്റെത്, അത് ഇപ്പോഴും ശരിയെന്ന് തന്നെ എന്ന് ഞാൻ കരുതുന്നു.

പ്രതികരിക്കുമ്പോൾ, ഞാൻ എന്നെ തൃപ്തിപ്പെടുത്തുന്നു, മറ്റാരെയും ലവലേശം  തൃപ്തിപ്പെടുത്തുക എന്നത് എന്റെ അജണ്ടയിൽ ഇല്ല തന്നെ. അതിന്റെ ആവശ്യവുമില്ലല്ലോ.

No comments:

Post a Comment