Friday 6 April 2018

പൊലിമ ആദരവ് : വിശദീകരണം - അസ്ലം മാവില


പൊലിമ ആദരവ് :
വിശദീകരണം

അസ്ലം മാവില

പൊലിമ ഒരു നാട്ടുത്സവമായിരുന്നു. ഒരു നാട്ടിലെ മുഴുവൻ ആളുകളും ഉൾക്കൊള്ളണമെന്ന നല്ല ഉദ്ദേശത്തോട് കൂടി തുടക്കം കുറിച്ച ഒന്ന്. 2017 ൽ പൊലിമ ഒന്നു തുടങ്ങിയതേയുള്ളൂ. ഒന്നാം പൊലിമ.

ഇക്കഴിഞ്ഞ പൊലിമയുടെ ഏറ്റവും വലിയ പരിമിതികളിൽ ഒന്ന് സെഷനുകളുടെ ആധിക്യമായിരുന്നു. നൂറോളം സെഷനുകൾ ! അതും രണ്ടരമാസക്കാലം !

സാർ, നിങ്ങൾ കാണിക്കണം, കേരളനാട് ഒന്ന് അരിച്ചു പെറുക്കി, രണ്ടരമാസക്കാലം നീണ്ടു നിന്ന ഒരു ഗ്രാമോത്സവം. കാണിക്കണം, കേരളനാടു മുഴുവൻ സഞ്ചരിച്ചു,  ഇത്ര ജനപ്രാതിനിധ്യം നൽകി അതിസജീവമായ ഒരു ഉത്സവം. കാണിക്കണം, മലയാളക്കരയിൽ ഒരോട്ട പ്രദക്ഷിണം നടത്തി ഇത്ര നിഷ്പക്ഷതയും നേർ അജണ്ടയും ഉൾക്കൊണ്ട  ഒരുത്സവം.

അറിയപ്പെടുന്ന ഒരെഴുത്തുകാരൻ നമ്മുടെ നാട്ടിലുണ്ടോ ? ഇല്ല.  ഒരു സാംസ്ക്കാരിക പ്രവർത്തകൻ, ഒരു പൊലിറ്റിക്കൽ ഐക്കൺ, ഒരു സ്ക്കോളർ, ഒരു അധ്യാപകൻ.... ഇല്ല, ഇല്ല, ഇല്ല.  അങ്ങിനെ എന്തെങ്കിലും ഒന്ന്, നാലാൾ അറിയുന്ന, നാല് പേരോട് ചോദിച്ചാൽ റഫറൻസ് പറയാൻ പറ്റിയത് .. ഉണ്ടോ ? ഇല്ല.

ഒരു കവി ഉണ്ടായിരുന്നു. 1800 കളുടെ അവസാനം ജീവിച്ച കവി. അത് വരെ trace ചെയ്തെടുക്കാൻ നമുക്കാവതായില്ല. സഹകരിക്കേണ്ടവരാണേൽ സഹകരിച്ചുമില്ല.

അങ്ങിനെയൊക്കെയുള്ള  സാഹചര്യം നിലനിൽക്കെ തന്നെയാണ് പട്ലയിൽ ഇത്തരമൊരു ഉത്സവത്തിന് വലത് കാൽ വെച്ചിറങ്ങിയത്. തികച്ചും നല്ലൊരു സാംസ്ക്കാരികോത്സവം ! അതിന്റെ മേമ്പൊടിയോട് കൂടിയാണ് എല്ലാ പരിപാടികളും നടന്നത്.

സാംസ്ക്കാരിക പ്രവർത്തനങ്ങൾ നമ്മുടെ നാട്ടിൽ കിളിർക്കട്ടെ, തളിർക്കട്ടെ, അങ്ങിനെയും ചിലതൊക്കെ നമ്മുടെ പരിചയത്തിലിടം പിടിക്കട്ടെ എന്ന നല്ല തോന്നലിൽ നിന്നാണ് ഫെസ്റ്റിവലെന്ന ആശയം തന്നെ പിറക്കുന്നത്. പ്രതീക്ഷാനിർഭരമായ  പശ്ചാത്തലത്തിൽ നിന്നു കൊണ്ട് മനസ്സുകൾ ഒന്നാകാനുള്ള ശ്രമം, അങ്ങിനെയുമൊരു തുടക്കമുണ്ടാകട്ടെ എന്ന നേർ അജണ്ടകളുള്ള ഉദ്യമം.

എഴുത്തും, വായനയും പ്രസംഗവും ആരോഗ്യപരമായ പുസ്തക ചർച്ചകളും സംവാദങ്ങളും ( സാംസ്ക്കാരിക ) പ്രവർത്തനങ്ങളും സാമുഹ്യസംരംഭങ്ങളും  ഉള്ള മണ്ണിൽ മാത്രമേ പൊലിമ ഉത്സവത്തിന് ഇപ്പോൾ മാത്രമല്ല, എപ്പോഴും പ്രസക്തിയുള്ളൂ.  ആ പ്രസക്തി എന്നും നിലനിർത്താനുള്ള ശ്രമം പുതുതലമുറകളുടെ ഭാഗത്ത് നിന്നാണുണ്ടാകേണ്ടത്, തുടരേണ്ടത്.

എഴുത്തിലും വരയിലും, സാമുഹ്യ, സാംസ്ക്കാരിക രംഗങ്ങളിലും ചെറിയ ഒരു മാറ്റത്തിന് നാന്ദി കുറിച്ചവരെ നേരാം വണ്ണം ആദരിക്കാൻ പറ്റിയിട്ടില്ല എന്നത് മാത്രമാണ് പൊലിമയുടെ ഏക കുറവ്. പൊലിമയുടെ സംഘാടകരോ, അവരുമായി കുടുംബ ബന്ധമുള്ളവരോ മറ്റോ ആയിപ്പോയി ഇവർ എന്നത് മാത്രമായിരുന്നു അതിന് ഒരു കാരണം. ദീർഘകാലം പട്ല സ്കൂളിന് വേണ്ടി നേതൃപരമായി മുന്നിൽ നടന്ന / നടക്കുന്ന അബ്ബാസ് മാസ്റ്റർ, സി.എച്ച്., മജീദ് എം. എ., അസ്ലം പട്ല, കൊളമാജെ അബ്ദുൽ റഹിമാൻ, സൈദ്, എച്ച്. കെ. തുടങ്ങിയവരുടെ  പേരുകൾ, പൊലിമയുടെ   ഒരു വേദിയിൽ പോലും  നല്ല വാക്കുകളുടെ അരവരി പരാമർശത്തിനോ ഒരു ഷാളണിയിക്കലിനോ അഭിനന്ദനത്തിനോ  വിധേയമായോ ? അതിനെ കുറിച്ചു എവിടെയെങ്കിലും പറയുന്നത് കേട്ടോ ? കുറുകുറിപ്പെഴുതുന്നവർ ആദ്യം പറയേണ്ടത് / ചോദിക്കേണ്ടത് -  ഇവരെ എന്ത് കൊണ്ട് ആദരിച്ചില്ല എന്നാണ്.

സ്വതന്ത്ര ഇന്ത്യയിൽ 1947 മുതൽ  നിരവധി  ആദരവുകൾ  നൽകിത്തുടങ്ങിയിട്ടുണ്ട്. ഇന്നുമത് തുടർന്നു കൊണ്ടേയിരിക്കുന്നു. തരിമൂക്കുള്ളവന് അറിയാം,  അത് ഒറ്റക്കൊല്ലം കൊണ്ട് കൊടുത്ത്  തീർക്കേണ്ട /തീർക്കാൻ പറ്റുന്ന ഒന്നല്ലെന്ന്.

പിന്നെ, വിവാദങ്ങൾ എന്നും സ്വാഭാവികം. വർക്ക് ഔട്ടാകാതിരിക്കുമ്പോൾ വിവാദം തുടങ്ങിയവർ തന്നെ അവ കെടുത്തും.

കുറ്റവും കുറവും, അത് പറയാൻ തുടങ്ങിയാൽ ഇന്ത്യയിൽ ഏതെങ്കിലും ഒരാഘോഷം അതിൽ നിന്ന് ഒഴിച്ചു നിർത്താൻ പറ്റുമോ ?  പൊലിമയെ ഒരു ഗ്രാമത്തിന് പരിചയപ്പെടുത്തി എന്നത് മാത്രമാണ് സംഘാടകർ ചെയ്ത ഏക കുറ്റം. പക്ഷെ, പൊലിമയെ നെഞ്ചിലേറ്റിയ നൂറുകണക്കിന് ആബാല - സ്ത്രീ- ജനങ്ങളുണ്ട്. അവരുടെ മുന്നിൽ അംഗുലീ പരിമിതരായ ദോഷൈദൃക്കുകളുടെ കുത്തുവാക്കുകൾ വലുതായി വിലപ്പോവില്ല.

ഞാൻ ഉദ്ദേശിക്കുന്ന രൂപത്തിൽ തന്നെ ഈ പരിപാടികളൊക്കെ ആകണമെന്ന് നമ്മുടെ വീട്ടിൽ പറയാം. അതും ഇപ്പോൾ നടക്കണമെന്നില്ല,  അത് പിന്നെ ഏഴാം കടലിന് അപ്പുറമോ ഇപ്പുറമോ ഇരുന്ന് മനകണക്ക് കൂട്ടിയാൽ എന്തെങ്കിലും നടക്കുമോ ? .

ഒരു കൂട്ടായ്മയാകുമ്പോൾ, അതിൽ പല അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വരും. കോമ്മണായ ഒരു സമന്വയ - സമവായ രൂപത്തിൽ വലിയ തെറ്റില്ലാതെ ആ നിശ്ചിത പ്രോഗ്രാം നടക്കും. പിന്നീടുള്ള അബദ്ധങ്ങൾ ആരുടെയും കണക്കു കൂട്ടലിന്റെ പരിധിയിൽ വരില്ല. അവ അടുത്ത വട്ടം വരാതിരിക്കാൻ ജാഗ്രത കാണിക്കും, അതും ബന്ധപ്പെട്ട ഉത്തരവാദിത്വപ്പെട്ടവരുടെ  ശ്രദ്ധയിൽ ഉണ്ടെങ്കിൽ മാത്രം. എന്നാലും പുതിയ വെല്ലുവിളികളും അപാകതകളും അവിടെയും കാണുമല്ലോ..

പറയട്ടെ, പൊലിമയുടെ രണ്ടര മാസത്തിലുടനീളം ആദരവുകളായിരുന്നു നടന്നത്. വലിപ്പച്ചെറുപ്പം വിഷയമേ അല്ലായിരുന്നു. പൊലിമ കഴിഞ്ഞും സീനിയർ സിറ്റിസൺസിന്റെ വസതികളിലെത്തി അവരെ  സംഘാടകർ ആദരിച്ചിട്ടുണ്ട്,  ഒരു നാട്ടുൽസവത്തിന്റെ ഭാഗമെന്നോണം.

വരും, ഇനിയുള്ള വർഷങ്ങളിലും ഓരോ മൂന്ന് കൊല്ല ഇടവേളകൾക്ക് ശേഷം പൊലിമ. ഒരു പക്ഷെ, ചെറുതാകാം, നടന്നതിലും വലുതാകാം. അന്ന് നര ബാധിക്കുക, ആദ്യ സംഘാടകർക്ക് മാത്രമല്ല, പ്രായം അതിര് കടന്നവർക്കൊക്കെ അത് ബാധിക്കും. ഉടയതമ്പുരാൻ ആയുരാരോഗ്യം കനിഞ്ഞ് തന്നാൽ,  അകലെ നിന്നോ അടുത്ത് നിന്നോ പൊലിമ ആഘോഷങ്ങൾ കാണാനും ആസ്വദിക്കാനും ഞങ്ങളൊക്കെ ഉണ്ടാകും.

ഓർക്കുക, ഓർമ്മയിൽ ഉണ്ടായിരിക്കുക. വിട്ടേച്ച് പോകുന്ന ഒരു ഗ്രാമത്തിന്റെ ബാക്കിയിരുപ്പുകളിലൊന്നാണ് പൊലിമ. അടുത്ത് നിന്ന് അതാസ്വദിക്കാൻ പറ്റാത്തവരുണ്ടാകാം, പക്ഷെ, അകലെ നിന്ന് കല്ലെറിയാതിരിക്കുകയെങ്കിലും ചെയ്യാമല്ലോ.

No comments:

Post a Comment