Wednesday 11 April 2018

ഔചിത്യബോധം - അസ്ലം മാവില


ഔചിത്യബോധം

അസ്ലം മാവില

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു സംസാരത്തിനിടക്ക് പട്ലയിലെ ഒരു സുഹൃത്ത് നല്ലൊരു വിഷയം ചർച്ചക്കിട്ടു -  ഔചിത്യബോധത്തിനുള്ള മാനദണ്ഡവും മിനിമം റിക്വർമെന്റ്സും. ഞാൻ വല്ലാണ്ട് കാട് കയറി പോകാതിരിക്കാൻ  സുഹൃത്ത് "കട്ടകട്ട" ചിരിച്ചു കൊണ്ട് എനിക്ക് ഇട ചോദ്യമെറിഞ്ഞു: വിദ്യാഭ്യാസവും വലിയ ഉദ്യോഗവും പേരും പത്രാസുമൊക്കെ ആയിരിക്കും മനസ്സിൽ വരികയാണോ ?  എനിക്ക് വാ തുറക്കാൻ സമ്മതിക്കാതെ അദ്ദേഹം ഒരു സംഭവം പറഞ്ഞു. കേരളത്തിലെ അറിയപ്പെടുന്ന യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ അദ്ദേഹത്തിന്റെ സുഹൃദ് വലയത്തിലെ രോഗിയെ സന്ദർശിച്ചു. രോഗമെന്തെന്ന് അറിയാം, അൽപം സീരിയസ്സെന്നുമറിയാം. ഔദ്യോഗിക വണ്ടിയിൽ നിന്നുമിറങ്ങി രോഗിയെ കണ്ടപാട് പറഞ്ഞുവത്രെ - എന്തസുഖമാണ് ഇക്കാ നിങ്ങൾക്ക് പിടികൂടിയത് ! ഈ അസുഖം നിങ്ങൾക്ക് വരുമെന്ന് ഞാൻ കരുതിയിരുന്നില്ല!

ഞാൻ പൊതുവെ നല്ല കേൾവിക്കാരനും കേൾക്കാനൊരുങ്ങിയവനെ കിട്ടിയാൽ ഒട്ടും മോശമല്ലാതെ സംസാരിക്കുന്നവനുമാണ്. ഈ വി.സി.ക്കഥ കേട്ടതോടെ കുറെ ധാരണകൾ മാറ്റേണ്ടി വന്നു.

ഇന്നലെ ഒരു പത്രപ്രവർത്തക സുഹൃത്ത് കാസർകോട് ജില്ലയിലെ ഒരു പ്രശസ്തയായ ഗൈനോകോളജിസ്റ്റിന്റെ ഡയലോഗ് പോസ്റ്റ് ചെയ്തു. ഗർഭിണിയായ രോഗിയെ റിപ്പോർട്ടടക്കം പരിശോധിച്ചു മുഖത്ത് നോക്കി പറഞ്ഞുവത്രെ - നിങ്ങൾക്ക് ക്യാൻസറാണ്, നാല് മാസം മുമ്പേ നിക്കേണ്ട മുഴയായിരുന്നു.  (പിന്നിടവർ മറ്റൊരു ഡോക്ടറെ കണ്ടു, പ്രസവത്തോടെ നീക്കാവുന്ന മുഴയാണെന്നും, കാൻസറല്ലെന്നും അവരെ സമാശ്വസിപ്പിച്ചു. ഒരു പെൺകുഞ്ഞിന് ജന്മം നൽകി ഉമ്മയും കുഞ്ഞും സുഖത്തിൽ കഴിയുന്നു)

ഇതോടെ ഔചിത്യബോധത്തിന് പഠിപ്പും പത്രാസും ഒരു മാൻഡേറ്ററി ക്വാളിഫിക്കേഷൻ അല്ലെന്ന് അറിഞ്ഞല്ലോ.

No comments:

Post a Comment