Wednesday 11 April 2018

ലഹരിവസ്തുക്കൾ, ഗൾഫ് തടവ് ജീവിതങ്ങൾ : ആർക്കാണ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാവുക - അസ്ലം മാവില


ലഹരിവസ്തുക്കൾ, ഗൾഫ് തടവ് ജീവിതങ്ങൾ :
ആർക്കാണ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാവുക

അസ്ലം മാവില

ഇയ്യിടെയായി ഇതൊരു സ്ഥിരം വാർത്തയാണ് - ലഹരി വസ്തുക്കൾ ഗൾഫിൽ കൊണ്ട് പോകുന്നതിനിടെ പിടിക്കപ്പെടുക എന്നത്. പതിവ് പോലെ ഈ വിഷയത്തിൽ ഉത്തരമലബാറുകാരാണ് മുന്നിൽ, പ്രത്യേകിച്ചു കാസർകോട്ടുകാർ.

ഗൾഫുനാടുകളിലെ വിവിധ ജയിലുകളിൽ നൂറുകണക്കിന് മലയാളികളുണ്ട്, ഒന്നുകിൽ ശിക്ഷ കാത്ത്, അല്ലെങ്കിൽ ആരെങ്കിലും സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്തുമെന്ന് വൃഥാ പ്രതീക്ഷയും വെച്ചു പുലർത്തി (ആര് വരാൻ )

ഇന്ന് ഒരു ട്രെണ്ട് ശ്രദ്ധിച്ചിട്ടുണ്ടോ ? ഗൾഫിലെങ്ങാനും ഒരാൾ തൊണ്ടിസഹിതം ( ലഹരി പദാർഥങ്ങൾ )  പിടിക്കപ്പെട്ടാൽ ഉടനെ മൂക്ക് പിഴിഞ്ഞും അല്ലാതെയും കുറെ വോയിസ് ഇറങ്ങും, ഈ പയ്യൻ നിരപരാധിയാണ്, ഒന്നുമറിയാത്ത പാവമാണ്, കുഞ്ഞമ്മേടെ / മച്ചൂനന്റെ മോനാണ് പൊതി കൊടുത്ത് ആ കുഞ്ഞനെ പറ്റിച്ചത് എന്നൊക്കെ, എന്നിട്ട് ബന്ധുക്കളുടെ വക കുറെ ശാപവാക്കുകളും...

ഈ മൂക്ക് -പിഴിഞ്ഞ്-പറച്ചിലിൽ   എത്രമാത്രം വാസ്തവമുണ്ടോ ആവോ ?  ലഹരിപ്പൊതികൾ ഗൾഫിൽ പിടിക്കപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് എല്ലാ ദിവസവും  കേൾക്കാത്ത , വായിക്കാത്ത ആരെങ്കിലുമുണ്ടോ ഈ ഭൂമി കേരളത്തിൽ? ഒരു നീക്കുപോക്കുമില്ലാതെ  ബന്ധുക്കളോ സുഹൃത്തുക്കളോ ആരായാലും അത്ര ധൈര്യത്തിൽ പുതുതായി ഗൾഫിൽ പോകുന്നവന്റെ കയ്യിൽ പൊതി വെറുതെ അങ്ങ് കൊടുത്ത് വിടുമോ ? പോകുന്നവൻ അഴിച്ചും സൂക്ഷിച്ചും  നോക്കാതെ  കണ്ണും പൊത്തി ആ മാണിക്യപൊതി ആദരവോടെ വാങ്ങി സ്വന്തം ബാഗിലിടുമോ ? അരി ഭക്ഷണം എല്ലാവരും കഴിക്കുന്നതാണല്ലോ, അല്ലേ ?

ഒരു നാട്ടിൽ നല്ല മനുഷ്യരെ അത്ര പെട്ടെന്ന് മനസ്സിലായില്ലെങ്കിലും പൊടിക്കച്ചവടക്കാരനെ ഏത് കുരുടനും എളുപ്പത്തിൽ തിരിച്ചറിയും.  ചുളുവിൽ വളഞ്ഞ വഴിയിൽ കാശുണ്ടാക്കാൻ ശ്രമിക്കുന്നവനെ (ഏത് സോർസ് ഉപയോഗിച്ചാലും) നാട്ടുകാർക്ക്, വളരെ പെട്ടെന്ന് സ്പോട്ട് ചെയ്യാൻ സാധിക്കുമെന്നത് നാട്ടുനടപ്പുരീതിയാണ്. ( ഉദ്യോഗസ്ഥന്മാരിൽ കൈക്കൂലിക്കള്ളന്മാരെ ഒറ്റ നോട്ടത്തിന്  മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ആറാമിന്ദ്രിയം തന്നെയാണ് ഈ വിഷയത്തിലും പൊതുജനം  ഉപയോഗിക്കുന്നത് )

ഈ  ലഹരി ഏജന്റുന്മാരുടെ  സഹായ ഹസ്തത്താൽ ആരെങ്കിലും അക്കരെ കടക്കാൻ ശ്രമിക്കുമ്പോൾ തന്നെ,  മൂക്ക് താഴോട്ടുള്ള  ആർക്കും  മനസ്സിലാകും ഇവൻ  കാര്യർക്ക് കാര്യമായ പണി കൊടുക്കുമെന്ന്. ആദ്യം ഏജന്റ് നല്ലൊരു ശതമാനം അഡ്വൻസ് നൽകിയിട്ടാണ്  കാര്യറെ  പണിക്ക് വിളിക്കുന്നത് തന്നെ. അതൊക്കെ വാങ്ങി എണ്ണിതിട്ടപ്പെടുത്തിയാണ് കരിയർ മാന്യൻ ഈ പണിക്ക്  പ്രവേശിക്കുക എന്നത് അതിലെ ടെർമ്സ് & കണ്ടീഷനിലെ ഒന്നാം വാചകമല്ലേ !

ഇത്തരം ലഹരിമാഫിയകളുടെ  വലയിൽ ഒന്നുമറിയാതെ വീഴുന്നവർ വളരെ വളരെ  കുറവാണ്. അധികം പേരും  കാശിന്റെ ആർത്തിയിൽ  അറിഞ്ഞ് കൊണ്ട് വലയിൽ ചാടുകയോ സമ്മർദ്ദം കൊണ്ട് ചാടാൻ നിർബന്ധിതനാവുകയോ ചെയ്യുകയാണ്.

അയൽപ്പക്കത്തെ പളപളപ്പ് ജീവിതം, കുടുംബത്തിലെ ആഢംബരങ്ങൾ, എളുപ്പത്തിൽ പണമുണ്ടാക്കുന്ന ബന്ധുമിത്രാദികൾ, അവർ കല്യാണത്തിനും വീട്ടിനും വാഹനത്തിനും ചെലവഴിക്കുന്ന ലക്ഷങ്ങൾ, അവർക്ക് കിട്ടിയ വി ഐ പി  കല്യാണാലോചനകൾ, അമിതമായ സാമ്പത്തിക സ്രോതസ്സില്ലെന്ന ഒറ്റ കാരണം കൊണ്ട് മാത്രം  സ്വന്തം  പെങ്ങൾക്ക് ഒഴിവായ വിവാഹാലോചനകൾ, ദുരഭിമാനം മൂത്ത് കടബാധ്യത ഉണ്ടാക്കിയ കല്യാണങ്ങൾ ഇവയൊക്കെ കണ്ടും കേട്ടും മടുത്ത് നിൽക്കക്കള്ളിയില്ലാതെ ചില പയ്യന്മാർ "അതെങ്കിൽ അത് ,  എളുപ്പത്തിൽ കുറച്ച് കാശുണ്ടാക്കാം, കാശായാൽ അതുപയോഗിച്ച് കാശായ ഇടവഴിയുടെ പേരുദോഷം പിന്നൊരിക്കൽ മാറ്റുകയും ചെയ്യാം "  എന്ന തീരുമാനത്തിലേക്കെത്തുന്നു, സാഹചര്യങ്ങൾ അവരെ കൊണ്ടെത്തിക്കുന്നു എന്ന് പറയുന്നതാണ് ശരി.

പൊതിക്കെട്ട് വിഷയത്തിൽ പിടിക്കപ്പെട്ട് ഗൾഫ് ജയിലുകളിൽ ഖുബ്ബൂസ് തിന്നു കഴിയുന്ന മലയാളിയുടെ (ആരുടെയും ) ചരിത്ര പശ്ചാത്തലം ഏകദേശം ഇതൊക്കെ തന്നെ. ഉദ്ദേശം ഒന്ന് - ത്സടുതിയിൽ കാശുണ്ടാക്കുക അതേത് വളഞ്ഞ വഴിയായാലും.

ഇങ്ങിനെ വളഞ്ഞ വഴിയിൽ കിട്ടുന്ന വരുമാനം ഇവർ ആദ്യം കൊണ്ടിടുന്നത്  അഗതിമന്ദിരങ്ങളിലോ ആരാധനാലയങ്ങളിലോ കാണിക്ക ഡബ്ബയിലോ ആയിരിക്കും. അതുപദേശിച്ചു കൊടുക്കാനുമാളുണ്ടാകും. അങ്ങിനെ അവർ  പവിത്ര സ്ഥാപനങ്ങൾ യാതൊരെ ദയാ ദാക്ഷിണ്യമില്ലാതെ  പാഷാണം കലക്കും.  അതിലും ദയനീയമായത്, ഈ പണസഞ്ചി വാങ്ങാൻ കൊഞ്ഞനം കുത്തിയ ഞ്യായം പറഞ്ഞ് വെളുക്കെ ചിരിച്ച് കുറെ ഭാരവാഹികൾ ഒരുങ്ങി പുറപ്പെടുന്ന കാഴ്ചയാണ്. (വരുമാന സ്രോതസ്സ് അറിയാത്ത ഒരു നയാപൈസയും വാങ്ങാതിരുന്നാൽ ഇവരുടെ "കാണിക്കയിടൽ " അപ്പാടെ  നിൽക്കും. )


വാസ്ത ഉപയോഗിച്ച് ഈ "പാവങ്ങളെ" ജയിലിറക്കാൻ പറ്റുമോന്ന് അന്വേഷിച്ച് ചിലർ അവിടെയുള്ള  സംഘടനകളെ സമീപിക്കുന്നുണ്ടത്രെ !  ലഹരിക്കാരുടെ ഏജന്റ് എന്ന് സംശയിച്ചാലോ എന്നേ അങ്ങിനെ ഒരു ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെടാതിരിക്കാൻ ചിലർ കാരണമായി കാണുന്നതും ( ഇല്ലെങ്കിൽ പൊയ്ക്കളയും എന്നായിരിക്കും നേരർഥം). അങ്ങിനെ ഈ സാമുഹ്യ ദ്രോഹികളെ ചുളുവിൽ അഴിക്കുള്ളിൽ നിന്ന് ഇറക്കാൻ പറ്റുമെങ്കിൽ പിന്നെ എന്തിനാണ് ഗവൺമെന്റ്   ശിക്ഷ വിധിച്ചു ഈ "മാന്യരെ" ജയിലിലടക്കുന്നത് ? വലിയ വായിൽ വർത്തമാനം പറയുന്ന ഈ സംഘടനക്കാരെ തന്നെ പ്രതികളെ കയ്യോടെ  ഏൽപ്പിച്ചാൽ മതിയല്ലോ ?

നാട്ടിലായാലും വിദേശത്തായാലും  ഇത്തരം ദുഷ്ടന്മാരെ  ജയിലിറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല.   കടൽ കടന്നാൽ തെറ്റ്  തെറ്റല്ലാതാകുമോ ? ഗൾഫ് കൂട്ടായ്മകൾ ഉപകാരം ചെയ്യുന്നില്ലെങ്കിൽ വേണ്ട, ഇമ്മാതിരി പാലം പണിക്ക് സപ്പോർട്ട് പറയാൻ  നിൽക്കരുത്.  കുറച്ച് കൊല്ലം  ആ പണാർത്തി മൂത്ത പകൽ മാന്യന്മാർ  അഴിക്കുള്ളിൽ കഴിയട്ടെ. അതിന് നിങ്ങൾ

എല്ലുമുറിയെ പണി എടുത്ത് അന്തിക്കള്ള് കുടിച്ച് വീട്ടിൽ ഒച്ചയും ബഹളവും വെക്കുന്ന ഗൃഹനാഥനെ കുറിച്ചായിരുന്നു ഒരു കാലത്ത് കേരളത്തിലെ എഴുത്തും പ്രസംഗങ്ങളും. ഇപ്പോൾ അതൊക്കെ മാറി, എല്ലിന് ഇറച്ചികുത്തി അതിൽ തൊന്തരാവായി എന്തും ചെയ്ത് കളയാമെന്ന ചെറിയ പ്രായത്തിലുള്ളവരുടെ  ചെയ്തികളെ കുറിച്ചാണ് ഇപ്പോൾ വാർത്തയും എഴുത്തും പറച്ചിലും.

മക്കളെയും അടുത്ത ബന്ധുക്കളെയും കൂട്ടുകാരെയും  ആദ്യം ഉപദേശിക്കേണ്ടതും സമ്മർദ്ദം ചെലുത്തേണ്ടതും വളഞ്ഞ വഴിയിൽ കാശുണ്ടാക്കാനല്ല. വളയാത്ത നട്ടെല്ലിൽ ആണിനെ പോലെ പണിയെടുത്ത് ജീവിതമാരംഭിക്കാനാണ്. പിടി കൊടുക്കാഞ്ഞാൽ മക്കളുടെ ധൈര്യവും തറവാട്ട് മഹിമയും സമം ചേർത്ത് പറഞ്ഞും,  പിടിക്കപ്പെട്ടാൽ മൂക്ക് പിഴിഞ്ഞ് കരഞ്ഞും കണ്ണു കലക്കി കാണിച്ചും കാട്ടിക്കൂട്ടുന്ന പൊറാട്ട് നാടകക്കൾ മാതാപിതാക്കളായാലും ബന്ധുക്കളായാലും നിർത്തുക. പൊതുജനം പത്രം വായിക്കുന്നവരും എന്നും തട്ടുകട സന്ദർശകരുമാണ്,  അവർക്കറിയാത്ത അന്നന്നത്തെ നാട്ടുവർത്തമാനങ്ങളില്ല.

അപ്പോൾ ചോദ്യം ബാക്കി, ആരാണ്  ഇതിനൊക്കെ ഉത്തരവാദി ?  വീട്ടുകാർ, അടുത്ത കുടുംബക്കാർ, ഉറ്റ സുഹൃത്തുക്കൾ. ഇവരല്ലാതെ പിന്നെ ആര് ? ഇവർ പിരി കയറ്റുന്നത് കൊണ്ടല്ലേ പിള്ളേർ ഇമ്മാതിരി വയ്യാവേലിക്ക് ഇറങ്ങിത്തിരിക്കുന്നത്.

No comments:

Post a Comment