Sunday 22 April 2018

*ചെറുകഥ*/*നവംബറിലെ തൊട്ടാവാടി*/*അസീസ്‌ പട്ള*

*ചെറുകഥ*

*നവംബറിലെ തൊട്ടാവാടി*

*അസീസ്‌ പട്ള*
____________________

മനസ്സില്ലാമനസ്സോടെ ഇരുമ്പ്ഗേറ്റിന്‍റെ സാക്ഷാ നീക്കി  അകത്തുകടന്നു, വല്ലാത്തൊരു വിറയല്‍.. ഇരുപത്തേഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതു പോലൊരു വരവ്, ദുബായിലെ കൂട്ടുകാരന് സുമിയുടെ ഉപ്പയുടെ കൈവശം ഒരു കത്ത് കൊടുക്കാനെന്ന വ്യാജേന, അന്ന് സുമിയും സായിദ്ച്ചയും ഒക്കെയുണ്ടായിരുന്നു., എന്നില്‍ വൈകാരികതയുടെ ആത്മസംതൃപ്തി പകര്‍ന്ന അതേ സ്ഥലം..., ചുറ്റിലും അവളുടെ സുറുമയിട്ട കണ്ണുകളെ പരതിയ അനര്‍ഘ നിമിഷങ്ങള്‍! കത്ത് വാങ്ങിയ സായിദ്ച്ച നീട്ടി വിളിച്ചു.........

സുമീ..... “എന്താ ഉപ്പാ......,”

എന്നെക്കണ്ടാതോടെ പെട്ടെന്ന് ഭാവമാറ്റം വന്നു, “ഈ കത്ത് ആ സൂട്കെയിസില്‍ വെച്ചോളു, കുടിക്കാന്‍ എന്തെങ്കിലും...” അവള്‍ തിരിഞ്ഞു നിന്ന് നാക്കു നീട്ടി, കണ്ണിറുക്കി ഗോഷ്ടി കാണിച്ചു,       അഭിമുഖമായ് നില്‍ക്കുന്ന സായിദ്ച്ചയ്ക്ക് മുമ്പില്‍ ഞാന്‍ ശില പോലെ നിന്നു, കുടിക്കാന്‍ വേണ്ടാ എന്നു പോലും പറയാന്‍ പറ്റിയില്ല...

ഒരു ഗ്ലാസ്‌ നിറയെ നറുടാങ്ക് അവള്‍ തെന്നെ കലക്കി ക്കൊണ്ടുവന്നു, ഇരട്ടിമധുരമായി എനിക്കു തോന്നി., ഉപ്പയുടെ പിന്നില്‍ മറഞ്ഞു അവളുടെ ഗോഷ്ടി തുടര്‍ന്ന്.. ഉമ്മയുടെ വിളി കേട്ടതോടെ അവള്‍ നടരാജ പ്രതിമപോലെ സ്തംഭിച്ചു, വിളിക്കുത്തരം നല്‍കി അകത്തുപോയി, ഞാന്‍ യാത്രപറഞ്ഞിറങ്ങി.. അന്നാ അവളെ അവസാനമായി കണ്ടത്.

ഗേറ്റിന്‍റെ ഇരുവശത്തും മതിലുകളോട് ചേര്‍ന്ന് വിവിധയിനം വര്‍ണ്ണശബളമായ ക്രോടോണ്‍  ചെടികള്‍ കൊണ്ട് നിറഞ്ഞിരുന്നു, അങ്ങപ്പുറത്തു ഒരു ചെമ്പകവും, റോസും, മുല്ലയും മറ്റു പേരറിയാത്ത പൂക്കളുടെ ഒരു കലവറ തെന്നെയുണ്ടായിരുന്നു, ഇതൊക്കെ ആരാ ചെയ്യുന്നത്? അവളുടെ ഉപ്പ ഗള്‍ഫിലല്ലേ, പിന്നാരാ....? ഉമ്മയാവോ? ഒരമ്മാവന്‍ ഇടയ്ക്ക് വരാറുണ്ട്, ഇനി അയാളെങ്ങാനാവോ?, എന്‍റെ സംശയം കാടുകയറി.. ഒരു എഴാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയുടെ ഉദ്യമമാവില്ല ഈ ഉദ്യാനത്തിനു പിന്നിലെന്ന എന്‍റെ ഊഹം വൃദാവിലായി. അവള്‍ തന്നെയാണെന്ന് പിന്നീടറിഞ്ഞു, അത്രയ്ക്കും മിടുക്കിയായിരുന്നു ആ സുമുഖി.

ഇന്നവിടെ ചെടികളൊന്നുമില്ല, ചെമ്പകമുണ്ടായിരുന്നടുത്തു കമുങ്ങിന്‍ തൈകളും, വാഴക്കൂട്ടങ്ങളും, കാക്കയ്ക്കും പൂച്ചയ്ക്കും താവളമൊരുക്കി, നിറം മങ്ങിയ വീട്, നാല്പത് വര്‍ഷത്തോളമുള്ള പഴക്കം കെട്ടിലും മട്ടിലും നന്നേ അറിയുന്നുണ്ട്, അന്ന് ഒരു ഫാഷന്‍ വീടായിരുന്നു.

അവളുടെ ഉപ്പ സായിദ്ച്ച കിടപ്പിലാണ്, വാര്‍ദ്ധക്യമല്ല, പക്ഷവാതമെന്നാ കേട്ടത്, സംസാരിക്കാന്‍ കഴിയുന്നു, പക്ഷെ.. കിടപ്പില്‍ തെന്നെ..മൂന്നു മാസത്തോളമായത്രേ.. ഈയടുത്ത കാലംവരെ പള്ളി പിരിഞ്ഞു കുശലം പറയുമ്പോള്‍ പല ആവര്‍ത്തി എന്നെ ക്ഷണിച്ചിട്ടുണ്ട് വീട്ടിലേക്കു... എന്തോ., ഞാന്‍ ഒഴിഞ്ഞുമാറി, അവളുടെ ഉമ്മ... വേണ്ട... ഞാന്‍ മറക്കാന്‍ ശ്രമിക്കുന്നത് വീണ്ടും ഓര്‍ക്കുന്നില്ല.

അബുദാബിയില്‍ റൂം‌മേറ്റ്സ് ആയിക്കഴിയുമ്പോഴാണ് സായിദ്ച്ചയെ ഞാന്‍ അടുത്തറിയുന്നത്, എന്നെ വല്ല്യ കാര്യമായിരുന്നു, വൈകുന്നേരങ്ങളില്‍ നാട്ടുകുശലങ്ങള്‍ പങ്കിടാന്‍ എന്നെത്തേടിയെത്തുക പതിവായിരുന്നു, ആദ്യമാദ്യമൊക്കെ സംശയത്തിന്‍റെ നിഴലിപ്പില്‍ ഞാന്‍ ഒഴിഞ്ഞു നിന്നു, എന്‍റെ അപകര്‍ഷതയായിരിക്കാം, എന്തോ... അയാള്‍ നല്ല ആത്മാര്‍ത്ഥതയോടെയായിരുന്നു., വീട്ടില്‍ നിന്നുണ്ടാക്കിയ പലഹാരവും സ്വീറ്റ്സും കഴിക്കാന്‍ സ്നേഹത്തോടെ ക്ഷണിക്കും, സ്വീട്സിലൊതുക്കി ഞാന്‍ ഒഴിയും... വീട്ടിലുണ്ടാക്കിയത്.... വേണ്ടാ, അതൊരുറച്ച തീരുമാനമായിരുന്നു., ചിലപ്പോള്‍ തോന്നിയിട്ടുണ്ട് എന്‍റെ പൂര്‍വ്വചരിത്രം ഇയാള്‍ അറിയാതെയാവോ?!

ഞാന്‍ ജീവിതത്തിലേക്ക് കാലെടുത്തുവെയ്ക്കുന്നതെയുള്ളു, അയാളാണെങ്കില്‍ സകുടുംബം ഇവിടെ ജീവിച്ചു ജീവിതം ആസ്വാദിച്ചയാളാ, ഇപ്പോള്‍ കുടുംബം നാട്ടിലാ, മക്കള്‍ പഠിക്കുന്നു, മൂത്തത് പെണ്‍കുട്ടി...എന്നു പറഞ്ഞാല്‍... സുമി.., അവള്‍ ജനിച്ചത്‌ തെന്നെ ഗള്‍ഫിലാണോ എന്നും സംശയമുണ്ട്‌.

രണ്ടാംവര്‍ഷ പ്രീഡിഗ്രീ വിദ്യാര്‍ഥി, കലയെ ഏറെ പ്രണയിച്ച ഞാന്‍, ജില്ലാതല-ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് എന്‍റെ നാട്ടിലെ കുട്ടിയാണെന്നു പ്രദീപ്‌ പറഞ്ഞപ്പോഴാ അറിയുന്നത്, കുട്ടീടെ പേര് സുമയ്യ, ആരായിരിക്കും... വീട്ടിലെത്തി പതിവുള്ള ചായപോലും ഒഴിവാക്കി നേരെ കവലയിലേക്ക് വച്ചുപിടിച്ചു, സയാഹ്നപത്രത്തില്‍ ഫോട്ടോസഹിതം കണ്ടു, അന്തം വിട്ടുപോയി, ഇവളാണോ സുമയ്യ ?! എട്ടാം ക്ലാസ് വിദ്യാര്‍ഥിനി, ഗേള്‍സ്‌ ഹൈസ്കൂളില്‍ പഠിക്കുന്നു.

ഞാന്‍ ഇവളെ ആദ്യം കാണുന്നത് ഒരു നവംബര്‍ മാസത്തിലെ വൈകുന്നേരത്തില്‍, കഷ്ടിച്ച് ഒരാള്‍ക്ക്മാത്രം  നടക്കാനുള്ള ഇടവഴി, നിറയെ പിങ്കുനിറത്തില്‍ ത്രസിച്ചുനില്‍ക്കുന്ന ഉരുണ്ട തൊട്ടാവാടിപ്പൂക്കളെ പൊതിഞ്ഞ മുള്‍ച്ചെടി, ദേഹത്ത് തട്ടാതെ സൂക്ഷിച്ചു നടന്ന എന്നെ വകവെയ്ക്കാതെ ഒരു കുട്ടി മറികടന്നു, മനസ്സില്‍ രോഷമമര്‍ത്തി ഞാന്‍..

“എന്താ.. ഇത്ര തിരക്ക്, പെണ്‍കുട്ടികള്‍ക്ക് കുറച്ചു അടക്കവു ഒതുക്കവും നല്ലതാ...”  ഞാന്‍ ക്രോഷിച്ചു..

അവള്‍ തിരിഞ്ഞു നോക്കി... ആ നോട്ടം എന്‍റെ  ക്രോദത്തെ അലിയിച്ചുകളഞ്ഞു.., പുഞ്ചിരിവരുത്തി  മിഴിച്ചു നിന്നു ..

മഞ്ഞ മിഡിയും കറുത്ത ടോപ്പും, തലയില്‍ മഞ്ഞ ഷാള്‍, കാലില്‍ ധരിച്ച സന്‍റെല്‍ചെരുപ്പുവാറിനും മഞ്ഞനിരമായിരുന്നു, തനി മോഡി.. അത്രവെളുപ്പില്ലെങ്കിലും വശ്യമുഖം,  കാതില്‍ തൂങ്ങിക്കിടന്ന കടുംചെമപ്പു കല്ലില്‍തട്ടിയ നീളിന്‍കിരണങ്ങളുടെ പ്രതിഫലനം മുഖത്തെ കൂടുതല്‍ പ്രശോഭിതയാക്കി, കഴുത്തിലെ താലിമാലയിലും ചെമപ്പ്കല്ലു തെന്നെ., വിടര്‍ന്ന കണ്ണുകളിലെ കറുത്ത കൃഷ്ണമണിയുടെ വ്യതിയാനം അവളെ വല്ലാതെ ആകര്‍ഷയാക്കി.

എന്‍റെ ചുണ്ടുകള്‍ വാക്കുകള്‍ കിട്ടാതെ തപ്പിത്തടഞ്ഞു.

“ഓര്‍ക്കാപുറത്തു.... വീട്ടിലെത്താന്‍ ധൃതിയുണ്ടായിരുന്നു”

ഇടത്തെ ചുമലിലെ ഷാളിന്‍റെ അറ്റം  വലത്തോട്ടു വകഞ്ഞുകൊണ്ട്‌ നാണംപൂകി  അവള്‍ പറഞ്ഞു..

“ഹല്ലാ.... അത്, ഈ.. തൊട്ടാവാടിയുടെ മുള്ള്... തട്ടണ്ട.. എന്ന് കരുതി പറഞ്ഞതാ........”

ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു,

എന്‍റെ പരാക്രമം കണ്ട അവള്‍ ചുണ്ടുകള്‍ക്കുള്ളില്‍ ചിരിയടക്കിപ്പിടിച്ചത് ഞാനറിഞ്ഞു.,  ജാള്യത മറക്കാന്‍ വെറുതെ മേല്‍പോട്ടും വലത്തോട്ടും നോക്കി സമയം പോക്കി, എന്നിട്ടും... അവള്‍ പോയില്ല....

“നിങ്ങള്‍ ശാഹിദയുടെ ഇച്ചയല്ലേ?” ഞാന്‍ സധൈര്യം പറഞ്ഞു “അതെ..അവളെ എങ്ങിനെയറിയും”
“എന്‍റെ അനുജത്തീടെ കുടെയാ പഠിക്കുന്ന്നത്” അവള്‍ നടന്നു നീങ്ങി, വളവിലെത്തുന്നതിന് മുമ്പ് ഒന്നൂടെ തിരിഞ്ഞു നോക്കി, ആ നോട്ടം എന്‍റെ ഹൃദയത്തിലാ തറച്ചത്.

ഗേള്‍സ്‌ഹൈസ്കൂള്‍ യുനിഫോമില്‍ ഒന്ന് രണ്ടു കുട്ടികള്‍ രാവിലെ ബസ്സ് സ്റ്റോപ്പില്‍ കാണാറുണ്ട്, ഞാന്‍ ശ്രദ്ധ കൊടുത്തിരുന്നില്ല.

തിങ്കളാഴ്ചകളില്‍ നരേന്ദ്രന്‍ സാറിന്‍റെ ക്ലാസ്സുള്ള ദിവസമാണ്, ഷേക്സ്പിയര്‍  ഡ്രാമയൊക്കെ നെരില്‍കാണുന്ന പ്രതീതി ജനിപ്പിക്കും, ആ ക്ലാസ് മാത്രം പിന്‍ ഡ്രോപ്പ് സൈലന്‍സ് ആയിരിക്കും.. ബസ്സ് മിസ്സാവാതിരിക്കാന്‍ ധൃതിപ്പെട്ട നടത്തത്തിനിടയില്‍ അവളെ ഞാന്‍ കണ്ടു..

പിങ്ക് യുണിഫോം ധരിച്ച കുട്ടികളില്‍ ഒന്ന് സുമി യായിരുന്നു, ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി, ഏതോ ഒരു മാന്ത്രികശക്തി എന്നെ പിടിച്ചു നിര്‍ത്തിയപോലെ, നടത്തത്തിന്‍റെ വേഗത കുറഞ്ഞ ഞാന്‍ ഓരം ചാരിനിന്നു, റോഡിനപ്പുറത്തെ സ്ഥിരം യാത്രികര്‍ ആംഗ്യം കാട്ടി വിളിച്ചു, പുസ്തകം തുറന്നു എന്തോ തിരയുന്ന മാത്രയില്‍ ഞാന്‍ പോയില്ല, എന്‍റെ ശ്രദ്ധമുഴുവനും  മുമ്പിലെ സുമിയിലായിരുന്നു, അവള്‍ക്കിങ്ങോട്ടും.

കവികള്‍ കോറിയിട്ടത്‌ പലഉരി വായിച്ചിട്ടുണ്ടെങ്കിലും..അനുരാഗം എന്താണെ  ന്നനുഭാവിച്ചറിയുന്നത് അന്നാണ്, ബസ്സ്‌ വരരുതേയെന്ന് പ്രാര്‍ത്ഥിച്ച നിമിഷങ്ങള്‍, ഞങ്ങള്‍ രണ്ടുപേര്‍ മാത്രം  ഏതോ ഒരു മായികലോകത്തില്‍ സ്വപ്നങ്ങള്‍ നെയ്തു..നിറമുള്ള സ്വപ്ങ്ങള്‍... പിന്നീടങ്ങോട്ട് കനവിലും നിനവിലും പരസ്പരം ഒഴിച്ചുകൂടാന്‍ പറ്റാതായി..

ആയിടയ്ക്കാണ് ഞാന്‍ കൊടുത്ത ഒരു എഴുത്ത്  അവളുടെ ഉമ്മ കണ്ടെടുക്കുന്നത്., വിഷമിപ്പിച്ചത് അതല്ല, എന്നെ വിളിച്ചു ശാസിച്ചാല്‍ മതിയായിരുന്നു, അല്ലെങ്ങില്‍ ഒരു ഉപദേശം... അവള്‍ എസ്.എസ്.എല്‍സിയും ഞാന്‍ രണ്ടാം വര്‍ഷ ബി.എ.യും, ഇശ നമസ്കാരം കഴിഞ്ഞു വീട്ടിലെത്തിയ എന്നെ ഉപ്പ ഉമ്മയുടെയും ജ്യേഷ്ടന്‍റെയും മുമ്പില്‍ ശാസിച്ചു.. ഇനി മേലില്‍ ആ കുട്ടിയെ കണ്ടിട്ടുണ്ടെങ്കില്‍....ങാ.. നീ വിവരമറിയും, ഇത്രേ ഇപ്പൊ ഞാന്‍ പറയുന്നുള്ളൂ.. ഉപ്പ കിതച്ചുകൊണ്ട്  അകത്തേക്ക് പോയി, നാണവും ചമ്മലും കൊണ്ട് ഞാന്‍ അന്ന് ഒന്നും കഴിക്കാതെ കിടന്നു, അവളുടെ ഉമ്മയോട് എന്തെന്നില്ലാത്ത വെറുപ്പും അവജ്ഞയും മനസ്സില്‍ കുന്നുകൂടി.., സംസ്കാരമില്ലാത്ത വര്‍ഗ്ഗം.....  നേരം വെളുക്കുന്നതുവരെ എന്‍റെ മനസ്സ് കനലിക്കുകയായിരുന്നു.

അതോടെ ഞാന്‍ പഠിപ്പ് നിര്‍ത്തി ബോംബയിക്ക് കയറി, വിസ ശരിപ്പെടുത്തി ഉപ്പ അബുദാബിയിലേക്കയച്ചു., നാലഞ്ചു വര്ഷം കഴിഞ്ഞു സ്ഥിരതയുള്ള നല്ല ഒരു കമ്പനിയില്‍ ജോലി കിട്ടിയപ്പോഴാണ് സായിദ്ച്ച താമസിക്കുന്ന റൂമില്‍ ഞാന്‍ അംഗമാകുന്നത്, തളങ്കരക്കരുടെതായിരുന്നു ആ ഫ്ലാറ്റ്.

ആദ്യ വക്കേഷനില്‍ നാട്ടില്‍ ചെന്നപ്പോള്‍ അനുജത്തിയോടു  സുമിന്‍റെ അനുജത്തി പറഞ്ഞത്രേ “ഇത്താത്ത പഠിക്കാന്‍ പോണില്ലെന്നു പറഞ്ഞു, ഉടനെ ഉപ്പ അബുദാബീന്ന് വന്നു അവളെ സമാധാനിപ്പിച്ചു, നാലുദിവസം കഴിഞ്ഞു ഉപ്പ മടങ്ങി”, എല്ലാം ഉള്ളിലൊതുക്കി ഒന്നും പുറമേ കാണിച്ചില്ല. പിന്നീടിന്നു വരെ അവളെക്കുറിച്ച് ഞാന്‍ ഒന്നും അറിയില്ല, ഇടയ്ക്ക് അയല്‍വാസി റഷീദ്  അവളെ കെട്ടിച്ച കാര്യം പറഞ്ഞു, ഞാന്‍ മിണ്ടാതെ കേട്ടു നിന്നു...,

നീണ്ട  ഇരുപത്തേഴു വര്‍ഷം!, ഒരു ഫോട്ടോ പോലും.. കാണാന്‍ ശ്രമിച്ചില്ല... ഇന്ന് മൂന്നു കുട്ടികളുള്ള ഞാന്‍ ആദ്യ രാത്രി തെന്നെ ഈ സംഭവം എന്‍റെ സഹധര്‍മ്മിണിയോട് പങ്കു വെച്ചിരുന്നു.. കുറേ  സഹതപിച്ചു, ആ കുട്ടി ആരാണെന്ന്പോലും ചോദിച്ചില്ല, അറിയാന്‍ താല്‍പര്യമില്ലാഞ്ഞിട്ടോ അതോ എന്നെ വിഷമിപ്പിക്കണ്ട എന്നു കരുതിയോ... എന്തോ, രണ്ടായാലും അവളുടെ നിലപാടിനെ ഞാന്‍ മനസ്സ് കൊണ്ട് അഭിനന്ദിച്ചു.

വിറയ്ക്കുന്ന കൈകളോടെ കാളിംഗ്ബെല്‍ അമര്‍ത്തി കാത്തുനിന്നു, ദീപ്തമായ പ്രതാപം അനുസ്മരിപ്പിക്കുംവിധം സുമിയുടെയും അനുജന്‍റെയും മറ്റും നരച്ച  ഫോട്ടോകള്‍ ചുവരില്‍ തൂങ്ങുന്നത് ജനല്‍പ്പാളിയിലൂടെ ഞാന്‍ ശ്രദ്ധിച്ചു,

പെട്ടെന്ന് വാതില്‍ തുറക്കപ്പെട്ടു, മുമ്പില്‍ നില്‍ക്കുന്നതു... ആ കണ്ണുകളില്‍ നിന്നും മനസ്സിലായി... ആകെ മാറിയ കോലം, നൈറ്റി ധരിച്ചു തലയില്‍ ഒരു തട്ടവും, കഴുത്തില്‍ ഒന്നുമില്ല, ആകെയുള്ളത് രണ്ടു കമ്മല്‍..ശോഷിച്ച മുഖത്തില്‍ നിരാശ നിഴലിച്ചു ഇരുള്‍ മൂടിയിരിക്കുന്നു... എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.... അവളുടെ ചുണ്ടുകള്‍ ചോദ്യം മുഴുമിച്ചില്ല.. എന്നെ മനസ്സിലായിട്ടുണ്ടാവും, നീണ്ട മൂകത.... അവള്‍ താഴെ കണ്ണുംനട്ടുനിന്നു,  ഞാന്‍ അവളെയും..കാലത്തിന്‍റെ  മാറ്റങ്ങള്‍ക്കിടയിലെ കാന്‍വാസില്‍ പാകര്‍ന്ന  രണ്ടു രംഗചിത്രങ്ങള്‍... ഒന്ന് മധുരം, മറ്റൊന്ന് കൈപ്പ്.. എന്‍റെ നെഞ്ചിടിപ്പ്‌ കൂടിയതുപോലെ തോന്നി... തൊണ്ട വരണ്ടു, ശബ്ദം പുറത്തു വരുന്നില്ല... എവിടന്നു തുടങ്ങണമെന്നറിഞ്ഞൂടാ ...

“ആരാ.. സുമീ. ...” ഉമ്മയാണെന്ന് തോന്നി, “ഉപ്പയെക്കാണാന്‍ ആരോ വന്നിരികിക്കുന്നു” “കയറിയിരിക്കാന്‍ പറയു..” മരുന്ന്  കഴിക്കുന്നതിനിടയില്‍ ഉപ്പ പറഞ്ഞു... അവള്‍ തിരികെ വന്നു സ്തംഭിച്ചു നിന്ന എന്നെ അകത്തേക്ക് ഇരിക്കാന്‍ ആംഗ്യം കാണിച്ചു.. ഞാന്‍ ഒരു യന്ത്രം പോലെ അനുസരിച്ചു, ഒരുഭാവമാറ്റവുമില്ലാതെ നിര്‍വികാരയായി  അവള്‍ തിരിഞ്ഞു നടന്നു.... എന്‍റെ മനസ്സില്‍ ഒരായിരം ചിന്തകളുടെ തീച്ചൂളകള്‍ ഇരമ്പിച്ചു,... ഇവള്‍ക്ക് എന്താ പറ്റിയെ ? ഇനി അസുഖം വല്ലതും..........?! ഭര്‍ത്താവും മക്കളും..?.

“ഉപ്പ വിളിക്കുന്നു” ആ ശബ്ദം എന്‍റെ ചിന്തയെ ഒരുപാട് പിന്നോട്ട് കൊണ്ടുപോയി, ശബ്ദത്തിനുമാത്രം ഒരു മാറ്റവുമില്ല.... എന്‍റെ സു..... അല്ല ഇനി അങ്ങനെ പറയാന്‍ പറ്റില്ലല്ലൊ.. സുമിയുടെ ശബ്ദം ഇന്നും ഒരു മാറ്റവുമില്ല.

വീട്ടിലെ ചെറീയ മുറികളൊന്നിലെ, കട്ടിലില്‍ മലര്‍ന്നുകിടക്കുന്നു സായിദ്ച്ച, എന്നെക്കണ്ടമാത്രയില്‍..കൈ പൊക്കാന്‍ ശ്രമിച്ചു, പക്ഷെ കഴിഞ്ഞില്ല, ആ വിരലുകള്‍ പരസ്പരം സമ്മുഖിച്ചു, എന്‍റെ പേരു വിളിച്ചു, കണ്‍പോളകളുയര്‍ന്നു ... ഞാന്‍ വേഗം ആ കയ്യില്‍ പിടിച്ചു... വികാരനിര്‍ഭരമായി ഒന്നു പുഞ്ചിരിച്ചു,

“ഇന്നലെ എത്തിയപ്പോഴാ.. തീരെ കിടപ്പിലാണെന്നു അറിഞ്ഞത്....ഇപ്പോള്‍.. കുറവുണ്ടോ?”,
“ഹാ... ഹെന്ത് കുറവ്! ശരീരത്തേക്കാള്‍  മനസ്സാണ് പൊള്ളുന്നത്,” അയാള്‍ തുടര്‍ന്ന്.. “ ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ... മരിക്കുന്നതിനു മുമ്പ് നിന്നെ ഒന്ന് ഇവിടെവെച്ചു കാണണമെന്ന്... അല്ഹമ്ദുലില്ലാഹ്...അത് സാധിപ്പിച്ചു...”
ഭാര്യയെ ചൂണ്ടി... “അന്നിവള്‍ അറിവില്ലാതെ ചെയ്ത തെറ്റിന് നിന്നോട് ഞാന്‍ മാപ്പുചോദിക്കുന്നു.....”

“അരുത്”...ഞാന്‍ ആ വായ പൊത്തിപ്പിടിച്ചു.... “പരിചയപ്പെട്ട അന്നുതൊട്ടു ഒരു ഗുരുവിനെപ്പോലെമനസ്സില്‍ കൊണ്ട് നടക്കുന്നവനാ നിങ്ങളെ ഞാന്‍, ആ നിങ്ങള്‍... വേണ്ട.... എന്‍റെ തെറ്റ്, ഞാന്‍ മറച്ചു വെക്കുന്നില്ല... ശുദ്ധമനസ്സോടെയായിരുന്നെങ്കിലും.... ഞാനും ഓര്‍ക്കണമായിരുന്നു..“

നിറകണ്ണുകളോടെ ഉമ്മ എന്നെ നോക്കി, ഞാന്‍ കൂടുതല്‍ വിഷണ്ണനായി, അയാള്‍ തുടര്‍ന്ന്.. “എസ്.എസ്.എല്‍ സി മുഴുമിക്കാന്‍ കൂട്ടാക്കാത്ത സുമിയെ സാന്ത്വനിപ്പിക്കാന്‍ ഞാന്‍ നാലു ദിവസത്തേക്ക് എമര്‍ജന്‍സിലീവെടുത്ത്  നാട്ടില്‍ വന്നപ്പോള്‍ തിരക്കിയിരുന്നു, അപ്പോഴേക്കും  നീ നാടു വിട്ട വിവരമാണ് ഞാനറിഞ്ഞത്, അവള്‍ ഡിഗ്രി ചെയ്തു, കുറെ നിര്‍ബന്ധിച്ചു  ഒരു വിവാഹത്തിനും  സമ്മതിപ്പിച്ചു,  അതും അവളുടെ അനുജത്തിയുടെ ഭാവിയോര്‍ത്തു.. പക്ഷെ ഞങ്ങള്‍ക്ക് തെറ്റിപ്പോയി, അവന്‍ അറിയപ്പെടാത്ത ഒരു രോഗത്തിന് അടിമയായിരുന്നു,” അപ്പോള്‍ കടന്നു വന്ന സുമിയെ ചൂണ്ടി പറഞ്ഞു...” ഒഴിയാന്‍ ഇവള്‍ കൂട്ടാക്കിയില്ല,” ഞങ്ങളെ അവള്‍ ശിക്ഷിക്കുകയായിരുന്നു.

“ഉപ്പ അധികം സംസാരിക്കണ്ടായെന്നല്ലേ.... ഡോക്ടര്‍ പറഞ്ഞത്?”

അയാള്‍ തുടര്‍ന്ന്, “ഇനി മരിച്ചാലെന്താ... വല്ലാത്ത ആശ്വാസം.. ഞങ്ങള്‍ എതിരല്ലായിരുന്നു എന്ന സത്യം നീയും എന്‍റെ മോളും തിരിച്ചറിഞ്ഞല്ലോ....?”

“അപ്പോള്‍, അവളുടെ കുട്ടികള്‍..?” ഞാന്‍ ആകാംഷയോടെ ചോദിച്ചു... അയാള്‍ തലതിരിച്ചു വിങ്ങിപ്പൊട്ടി... കണ്ണുനീര്‍ തുടച്ചു.. “മക്കള്‍  പോയിട്ട്... അവര്‍ക്ക് ദാമ്പത്യജീവിതം തെന്നെയുണ്ടായിരുനുന്നോഎന്നത് തെന്നെ സംശയം?”, ഇത് കേട്ട് സുമി  അകത്തേക്ക് പോയി... “ഇത് മൂന്നാം വര്‍ഷമാണ്‌ അവന്‍ ഈ ലോകത്തോട്‌ വിടപറഞ്ഞിട്ടു...”

എന്‍റെ ഉള്ളൊന്നു കാളി, അണപൊട്ടിയൊഴുകുന്ന ബാഷ്പിച്ച ചുടുകണ്ണുനീര്‍ അയാളെ കൈമുഷ്ടിയില്‍ അടര്‍ന്നു വീണു താപിച്ചു., ചുടുനിശ്വാസനത്തോടെ എന്‍റെ കൈ കഴുത്തു നീട്ടിചുംബിച്ചു.... അനിയന്ത്രിതമായി ഞാന്‍ ആ മൂര്‍ദ്ദാവില്‍ ചാഞ്ഞു കെട്ടിപ്പിടിച്ചു ചുംബിച്ചു.. എല്ലാറ്റിനും മൂക സാക്ഷിയായി ചുമരില്‍ തിരിഞ്ഞു നിന്നു ഏങ്ങിയേങ്ങിക്കരയുന്ന ഉമ്മ....

ശോകം..........മൂകം...........

No comments:

Post a Comment