Friday 6 April 2018

കാസർകോട് മുസ്ലിം ജമാഅത്തിന്റെ ശ്രദ്ധേയമായ നിലപാട് & തീരുമാനങ്ങൾ - അസ്ലം മാവില


കാസർകോട്
മുസ്ലിം ജമാഅത്തിന്റെ
ശ്രദ്ധേയമായ നിലപാട് &
തീരുമാനങ്ങൾ

അസ്ലം മാവില

എന്റെ ലഹരിവിരുദ്ധ കുറിപ്പുകൾ ഒരു പക്ഷെ  ഇതിനകം രണ്ട് ഡസനിലധികം കവിഞ്ഞിരിക്കണം. അതത് സമുദായ നേതൃത്വത്തിന് മാത്രമേ ലഹരിക്കെതിരെ എന്തെങ്കിലും ഗുണകരമായി ചെയ്യാൻ സാധിക്കുകയുള്ളൂ. അവർ ഇടപെട്ടാലേ ആരും  ശ്രദ്ധിക്കുകയുള്ളൂ,  ഗൗരവത്തിലെടുക്കുകയുള്ളൂ,  വല്ലതും നടക്കുകയുമുള്ളൂ.

ഇന്നത്തെ മിക്ക പത്രങ്ങളിലും കാസർകോട് മുസ്ലിം ജമാഅത്തിന്റെ
ശ്രദ്ധേയമായ തീരുമാനങ്ങളും നിലപാടുകളും എല്ലവരും വായിച്ചു കാണും.  കാസർകോട് ജമാഅത്ത് യോഗം  മാധ്യമങ്ങൾക്ക് നൽകിയ മീഡിയ റിലീസിൽ നിന്ന് ഒരു ദേശീയ പത്രം റിപ്പോർട്ട് ചെയ്തത് ഇങ്ങനെ:
" കാസർകോട്ടും പരിസര പ്രദേശങ്ങളും ലഹരി മാഫിയകളുടെ താവളമായി മാറി. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യം വെച്ചാണ് ലഹരി മാഫിയ പ്രവർത്തിക്കുന്നത്. പള്ളി, മദ്രസ്സ, സ്കൂൾ കേന്ദ്രീകരിച്ചു ലഹരി വിരുദ്ധ ക്യാംപയിൻ നടത്താൻ ബന്ധപ്പെട്ട ജമാഅത്ത് കമ്മിറ്റികൾ പരിപാടികൾ ആവിഷ്ക്കരിക്കണം"

ഈ വിഷയത്തിൽ ഇനി ഒരു മഹല്ലിനും പുറം തിരിഞ്ഞിരിക്കാനോ പിന്നെയാവാമെന്ന ഒഴികഴിവ് പറയാനോ ഇടമോ സാവകാശമോ നൽകാൻ പറ്റാത്തവിധമുള്ള നിരീക്ഷണങ്ങളും തീരുമാനങ്ങളുമാണ് കാസർകോട് മുസ്ലിം ജമാഅത്തിൽ നിന്നുണ്ടായിരിക്കുന്നത്. ആ മഹദ്സംഘത്തിന് കീഴിലുള്ളതുമില്ലാത്തതുമായ മുഴുവൻ മഹല്ലുകളും മൂപ്പിളത്തർക്കവും മറ്റഭിപ്രായ വ്യത്യാസങ്ങളും മറന്നു ഇക്കാര്യത്തിൽ വളരെ അടിയന്തിരമായി സജീവമാകണം.

തീർച്ചയായും നടേ പറഞ്ഞ ബോഡിയിൽ കാസറകോട്ടെ വിവിധ മഹല്ലുകളിലെ പ്രതിനിധികൾ സ്വരം കനപ്പിച്ചിരിക്കണം. ഈ സാമൂഹ്യതിന്മക്കെതിരെ അംഗങ്ങൾ വളരെ ശക്തമായി ശബ്ദിച്ചിരിക്കണം. സോദാഹരണം തെളിവുകൾ അവിടെ സംസാരിച്ചിരിക്കണം. ആ ഒരു പശ്ചാത്തലത്തിൽ, വിഷയത്തിന്റെ ഗൗരവം അർഹിക്കുന്ന രൂപത്തിലെടുത്ത്  ജമാഅത്ത് ഉന്നത നേതൃത്വം  ശക്തമായ തീരുമാനവുമായി മുന്നോട്ട് പോയതിനെ മനസ്സിൽ തട്ടി അഭിനന്ദിക്കുന്നു.

ഞങ്ങളുടെ മഹല്ലിലിത്തരം കോലാഹലമില്ലെന്ന ഞഞ്ഞാമിഞ്ഞാവാദമൊന്നും ഇനി ആരും പറയാൻ നിൽക്കരുത്. അതൊക്കെ നമുക്കങ്ങ് ഉറിയിലും അട്ടത്തും തൽക്കാലം വെക്കാം. അജ്ഞതയും അവജ്ഞതയും ഒരു മഹല്ലിനും ഭൂഷണമല്ല.  കുഞ്ഞു പൈതങ്ങളെ വരെ വിടാത്ത വിധം ലഹരി മിഠായികൾ  നിങ്ങളുടെ/ എന്റെ മൂക്കിന്റെ മുന്നിൽ സീ-സാ കളിക്കാൻ തുടങ്ങിയിട്ടുണ്ടെന്നത് പാഴ്പറച്ചിലല്ല. ഖത്വീബുമാർ, മുദരിസുകൾ, പള്ളി ഇമാമുകൾ, സദർ മുഅല്ലിമീങ്ങൾ, പള്ളി - മദ്രസ്സാ പരിപാലന കമ്മറ്റി നേതൃത്വങ്ങൾ എല്ലാവരും കൂട്ടായും കൂലങ്കുശമായും ലഹരിക്കെതിരെ പ്രതിരോധവും പ്രതിവിധിയും  ആലോചിക്കണം.  നല്ല ജാഗ്രത പാലിച്ചേ പറ്റൂ, ഇല്ലേൽ കൈ വിട്ട് പോകുന്ന കേസാണ്.

പെട്ടിക്കടകൾ, കൽവെർട്ടുകൾ, ഒറ്റപ്പെട്ട വീടുകൾ, ആൾപ്പാർപ്പില്ലാത്ത ഒഴിഞ്ഞ കെട്ടിടങ്ങൾ.. ഇവിടെയൊക്കെ ശ്രദ്ധ വേണം. "ശുചീകരണ"മേഖയിൽ പെടുത്തേണ്ട ഏരിയകളാണിതൊക്കെ.
പുറം നാട്ടിൽ നിന്ന് വന്ന് കച്ചവടം ചെയ്യുന്നവരിൽ എല്ലാവരും നേരെ ചൊവ്വെ ആയിക്കൊള്ളണമെന്നില്ല. തല തിരിഞ്ഞ കൊസറാകൊള്ളികൾ അക്കൂട്ടത്തിലുണ്ടെന്ന ഓർമ്മ വേണം. ആരാന്റെ നാട്ടിൽ കച്ചോടം, അവരെ മക്കൾ, ഞമ്മക്കെന്ത് ചേതം ? അയ്റ്റീങ്ങൾ "ഊതി"യാൽ, ഞമ്മളെ ബാങ്ക് ബാലൻസ് കൂടും, കുറെ മസ്ത് പിടിച്ച സ്ഥിരം കസ്റ്റമറെയും കിട്ടും. നാള് പോകുന്തോറും ഊത്തിന്റെ വീര്യവും കൂടും, അതിനനുസരിച്ച് ഇടപാടും കൂടും. ഇത്തരം ദുഷ്ട ചിന്തയുമായി നടക്കുന്ന വിഷം പുരണ്ട ഇത്തിൾക്കണ്ണികളുടെ വെളുക്കെച്ചിരിയിൽ മയങ്ങാതെ,  ഈ കുലംകുത്തികളുടെ മേൽ കടുപ്പിച്ചകണ്ണു പതിയുക മാത്രമല്ല, അതത് മഹല്ലുകളിൽ നിന്ന്  കെട്ടുകെട്ടിക്കാനുള്ള തീരുമാനവും ഉണ്ടാകണം. ഒരുത്തനെതിരെ ആക്ഷൻ തുടങ്ങിയാൽ, അയാൾ തന്നെ ആ പ്രതീക്ഷിച്ച പറച്ചിൽ പറയും - "നിങ്ങക്ക് എന്നെന്നെ കാണ്ന്നെ ? നിങ്ങളെ നാട്ടാറ്,  സേക്കാലിയും അന്തായിയും പൊരേല് കെട്ട്കെട്ടാക്കീറ്റ് ബ്ക്ക്ന്നല്ലോ..."

വാടകവീടുകളിൽ താമസിക്കുന്ന അന്യപ്രദേശത്തുകാരുടെ ഇടപെടലുകളിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് കണ്ടാൽ, ഹേയ് തോന്നിയതാരിക്കുമെന്നതിൽ നിന്നും ഒന്നന്വേഷിച്ചു നോക്കാമെന്ന ഉത്തരവാദിത്വ നിലപാടിലേക്ക് മഹല്ല് നേതൃത്വങ്ങൾ ഉയരണം. എല്ലാ പരദേശികളും വാടകത്താമസക്കാരും  മോശം സ്വഭാവമുള്ളവരല്ല, പക്ഷെ ഈ  ദുഷ്ടമുട്ടയിന്നതിനും വിരിയുന്നതിനും പേറ്റില്ലമാകുന്നത് പ്രധാനമായും ഇവിടങ്ങളിലൊക്കെ തന്നെയാണ്.

ഒന്നുറപ്പ്, തെറ്റിനെതിരെ ശബ്ദിക്കുന്ന ആൺ പിള്ളേർ ഉള്ള നാട്ടിൽ, ഭയഭക്തിയുള്ള സമുദായ നേതൃത്വം ഉള്ളിടത്ത്, നന്മയുള്ള പുതുതലമുറകൾ നിലനിൽക്കണമെന്ന് ഉദ്ദേശമുളള ചുറ്റുവട്ടത്ത്, പരലോക വിജയം എനിക്ക് മാത്രമല്ല എന്നെ കേൾക്കുന്നവരുടെ കൂടി ലക്ഷ്യമായിരിക്കണമെന്നാഗ്രഹമുള്ള പണ്ഡിതരുള്ള മഹല്ലിൽ,  ലഹരിവിരുദ്ധ മുന്നേറ്റത്തിന് നല്ല തുടക്കമുണ്ടാകും, വളരെ നന്നായി മുന്നോട്ട് പോകും, നല്ല റിസൽട്ടും ലഭിക്കും.

ഓരോ മതവിഭാഗങ്ങളിലെയും നേതൃത്വവും കൂട്ടായ്മയും അവരവരുടെ ഭാഗം ഭംഗിയായി ചെയ്താൽ, ഈ ദുരന്തം ഒരളവു വരെ  നിയന്ത്രിക്കാനോ നിർത്താനോ സാധിക്കും. മറ്റുള്ള കൂട്ടായ്മകൾക്കാകട്ടെ ഒരുപാട്   പരിമിതികളുണ്ട് താനും.  കാസർകോട് മുസ്ലിം ജമാഅത്ത് എടുത്ത തിരുമാനം  ഏറെ പ്രസക്തമാകുന്നതും ഇവിടെത്തന്നെയാണ്. നന്മകൾ !

No comments:

Post a Comment