Thursday 12 April 2018

*ഓര്‍മ്മക്കുറിപ്പ്... /*കുശുനെയ്യ്‌*/ അസീസ് പട്ല

*ഓര്‍മ്മക്കുറിപ്പ്... /*കുശുനെയ്യ്‌*

അസീസ് പട്ല

എണ്‍പതുകളുടെ ആദ്യത്തിലാണെന്നാ എന്‍റെ ഓര്‍മ്മ, വാരാന്ത്യത്തില്‍ വീട്ടില്‍ വന്ന ഞാന്‍ ആ കൌതുക വാര്‍ത്ത കേള്‍ക്കാനിടയായി, കേട്ടവര്‍ കേട്ടവര്‍ വീട്ടിന്നു മുമ്പിലൂടെ നടന്നു നീങ്ങുന്നു, ഞായറാഴ്ചയായതിനാല്‍ കുട്ടികളും കൂട്ടത്തിലുണ്ട്, ചിലര്‍ ആംഗ്യഭാഷയില്‍ പരിചയം പുതുക്കി., അവര്‍ക്കും നിക്കാന്‍ നേരമില്ല.

എവിടെയും, ചങ്ങതിമാരെപ്പോലെ ഇണ പിരിയാതെ ഒപ്പംപോകുന്ന ജ്യേഷ്ടന്‍ ഹമീദിനെ ക്ഷണിച്ചപ്പോള്‍, ആ കാഴ്ച നേരത്തെ കണ്ടത് കൊണ്ട് വലീയ താല്പര്യം കാണിച്ചില്ല, ഞാന്‍ വിട്ടില്ല, എന്‍റെ ചില കുസൃതിപ്പറച്ചിലില്‍ അവന്‍ വീണു, വഴിനീളെ തമാശിച്ചു ലക്ഷ്യസ്ഥാനത്തെത്തി.

മിനിഞ്ഞാന്ന് വരെ നമ്മുടെ സ്കൂളിന്‍റെ കരുത്തനായ പ്രസിഡന്റ് സയിദിന്‍റെ വീട്ടിലാണ് സംഭവം, കഷ്ടകാലത്തിന് വഴിതെറ്‍റിവന്ന “കുത്തിരി”  (കുട്ടിസ്രാങ്ക് എന്നും പറയപ്പെടുന്നു) സായിദിന്‍റെ ഉപ്പാന്‍റെ മുമ്പില്‍ പെട്ടു (അള്ളാഹു യര്‍ഹംഹു),

ഈ പാവം മൃഗത്തിന്‍റെ നെയ്യ് വളരെ ഔഷധഗുണമുള്ളതായതിനാല്‍ ഒരു മീറ്റര്‍ വീതിയും മുക്കാല്‍ മീറ്റര്‍ വീതിയുമുള്ള ജാലിയുള്ള മരപ്പെട്ടിക്കകത്ത് ബന്ദിയാക്കപ്പെട്ടു., മധ്യത്തില്‍ സ്പടികം പോലെ മിനുസമാര്‍ന്ന ഒരു മരദണ്ഡ് താഴ്ത്തിയിട്ടിട്ടുണ്ട്, നെയ്‌ ചുരത്തുമ്പോള്‍ അതില്‍ ഉരക്കുമത്രേ.. കാഴ്ചവസ്തുവിനെ കാണാന്‍ വന്ന ജനക്കൂട്ടത്തിനെക്കാണ്ട് പാവം കുത്തിരി, കുത്തിയിരുന്നു തലങ്ങും വിലങ്ങും ഓടിയത് കാഴ്ചക്കാരില്‍ കൌതുകം കൂട്ടി., പൊറുതി മുട്ടിയ വീട്ടുകാര്‍ കുത്തിരി നെയ്‌ ചുരത്താന്‍ സമയമായിയെന്ന് പറഞ്ഞു ആള്‍കൂട്ടത്തെ തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തി.

ഇതിനിടയ്ക്ക് കുത്തിരിയുടെ ഇഷ്ടഭോജ്യം “ഓന്ത്” ആണെന്ന് നാട്ടില്‍ പാട്ടായി, കേട്ടവര്‍ കേട്ടവര്‍ ഓന്തിനെ ഓടിച്ചു കൊന്നു രാജാവിനു കാണിക്കയെന്നപോലെ കൊണ്ടുവരാന്‍ തുടങ്ങി, കുത്തിരി ഒന്നല്ലേ? തിന്നു തീരണ്ടേ..? ഇനി, ഉണക്കി വെക്കാന്‍ പറ്റില്ലല്ലോ, തെന്നെയുമല്ല അക്കാലത്ത് ഫ്രിട്ജുമില്ല!! ആകെ വിഷമിച്ചു, “ഇപ്പോള്‍ നമ്മുടെ ഭക്ഷണം ശീലായി, ഇനി വരുമ്പോള്‍ ഓന്തിനെ കൊണ്ടു വരണമെന്നില്ല” തലപ്പൂവിലെ ചെമപ്പ് മറാത്ത, ഏതോ മരത്തില്‍ കവാത്ത് നടത്തേണ്ടിയിരുന്ന നിര്‍ജ്ജീവമായ ഓന്തിനെ നോക്കി സഹതാപത്തോടെ മടക്കി അയച്ചു.

ഞാനും ഹമീദും ആരും ഇല്ലാത്ത സമയത്ത് കുത്തിരിയെ ആവോളം നോക്കിനിന്നു, നല്ല പൊരി പൊരി മണം, അത് നെയ്യുടെ മണമാണെന്ന് ഹമീദ് പറഞ്ഞു, ഒരു വേള ആ പെട്ടിയില്‍ തട്ടി ഒച്ചയുണ്ടാക്കി, ഈറ്റുപാമ്പിനെപ്പോലെ ഞങ്ങളുടെനെരെ വായ്‌ പിളര്‍ന്നു ചീറ്റി, ഭയപ്പെട്ടു പിന്നോട്ടടിച്ചു, അപ്പോഴാ  ഞാന്‍ ശ്രദ്ധിച്ചത്, കുത്തിരിയുടെ പല്ല് നല്ല വെളുപ്പ്‌, പരസ്യത്തില്‍പോലും കണ്ടിട്ടില്ല അത്ര വൃത്തിയുള്ള, വെളുത്ത പല്ലുകള്‍!
പൊട്ടിച്ചിരിച്ചുകൊണ്ട് കുത്തിരി  “ബിനാക്ക” (ഇന്നത്തെ സിബാക്ക )ടൂത്ത് പെഷ്ടിലാണ് പല്ലു തേക്കുന്നന്നതെന്ന ഹമീദിന്‍റെ നര്‍മ്മം എന്നെയും കുടുകുടാ ചിരിപ്പിച്ചു.,.. ജനല്‍പ്പാളിയിലൂടെ ഞങ്ങളെ ശ്രദ്ധിച്ച സയിദ് ഹമീദിന്‍റെ അടുത്തു വന്നു കുശലം പറഞ്ഞു, അവര്‍ അടുത്ത ചങ്ങാതികളാ, നാട്ടിലില്ലാത്തത്കൊണ്ട് എന്നെ വല്യ ഗൌനിച്ചില്ല,

പടിഞ്ഞാട്ടെ കുന്നിന്‍ മുകളിലുള്ള “ബങ്കണ” എന്ന മരത്തെ ചൂണ്ടി സയീദ്‌ പറഞ്ഞു “ഞാന്‍ ആ മരത്തിന്‍റെ അറ്റത്തു വരെ കയറി ശിഖരങ്ങള്‍ വെട്ടാറുണ്ട്”, ഹോ.. ഞാന്‍ മേല്‍പൊട്ടു നോക്കി തലയുടെ പിന്‍ഭാഗം പിരടിയില്‍ മുട്ടിയതല്ലാതെ അറ്റം കാണാന്‍ കഴിഞ്ഞില്ല, എത്ര ധൈര്യവാന്‍! ഞാനോര്‍ത്തു..പിന്നെ ഞാനും സയിദുമായി സൗഹൃതത്തിലായി., ഇന്നും നല്ല ചങ്ങാത്തം.

ശുഭം....

▪▪▪▪

No comments:

Post a Comment