Wednesday 11 April 2018

വിദ്യയുടെ നറുമണം ബാക്കിവെച്ച്, വികസന സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകി, നിറഞ്ഞ മനസ്സോടെ കുമാരി റാണി ടീച്ചർ പടിയിറങ്ങുന്നു അസ്ലം മാവില


വിദ്യയുടെ നറുമണം
ബാക്കിവെച്ച്,
വികസന സ്വപ്നങ്ങൾക്ക്
സാക്ഷാത്കാരം നൽകി,
നിറഞ്ഞ മനസ്സോടെ
കുമാരി റാണി ടീച്ചർ
പടിയിറങ്ങുന്നു

അസ്ലം മാവില

ചെറിയ ഇടവേളയ്ക്ക് ശേഷം 2012  മുതൽ ഞാൻ രക്ഷിതാവെന്ന നിലയിൽ ഒരിക്കൽ കൂടി പട്ല സ്കൂൾ വരാന്തയിലുണ്ട്.   മക്കൾ സാനിനെയും സമീയെയും  സഹോദരി പുത്രൻ ഫുവാദിനെയും കെ. എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് പട്ലസ്കൂളിലേക്ക് പറിച്ചു നട്ടത് ആ വർഷമാണ്. ആ വർഷം തന്നെയാണ് പി.ടി.എയ്ക്ക്   ബദൽ സംവിധാനമെന്ന രൂപത്തിൽ എസ്. എം. സി. സംസ്ഥാനത്തുടനീളം നടപ്പാകുന്നത്. അന്ന് അതിന്റെ കല്ലുകടിയിലാണ് കേരളം മൊത്തം സ്കൂളുകൾ.

അതിരാവിലെ പി.ടി.എ. പ്രസിഡൻറ് സൈദ് എനിക്കൊരു കൈപുസ്തകം തന്നു - ഇത് വായിക്കണം, പലരും പലതും പറയുന്നു, നമ്മുടെ സ്കൂളിൽ സാന്ദര്യപിണക്കമില്ലാതെ തന്നെ ഈ സംവിധാനവുമിരിക്കട്ടെ. പിടിഎയ്ക്ക് കുറച്ചു ഭാരവും കുറഞ്ഞു കിട്ടുമല്ലോ.

നോട്ട്സ് വായിച്ചപ്പോൾ പിടിഎക്കാളും കുറച്ചു കൂടി വൈവിധ്യവത്ക്കരണമുണ്ടാകാൻ സാധ്യതയുള്ള കൂട്ടായ്മയാണ് എസ് എം സി എന്ന് തോന്നി. നാട്ടിലെ വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള വ്യക്തിത്വങ്ങളെ ഉൾക്കൊള്ളാൻ പാകത്തിലുള്ള ഇലാസ്തികയുള്ള സംവിധാനം. അത് തന്നെയാകാം എതിർപ്പിന് കാരണമെന്നും ഒറ്റ നോട്ടത്തിൽ മനസ്സിലായി. മാർഗ്ഗനിർദ്ദേശത്തിൽ പറയുന്ന പോലെ കേരളത്തിൽ നേരെ ചൊവ്വെ വർക്ക് ഔട്ടാകാൻ ഒരു സാധ്യതയുമില്ല.

"തുടക്കാരി" എന്ന നിലയിൽ എസ്.എം സി ക്ക് ചില പ്രാഥമിക പേപ്പർ വർക്കുകളുണ്ടായിരുന്നു. ബൃഹത്തായ  ഡാറ്റാ കളക്ഷൻ. പട്ല സ്കുളിന്റെ ചരിത്രമൊക്കെ അന്നേരമാണ് എസ് എം സി ക്ക് വേണ്ടി പിടിഎ പ്രസിഡൻറ് ആവശ്യപ്പെട്ട പ്രകാരം ഞാൻ പഠിക്കുന്നതും  തയ്യാറാക്കുന്നതും. ചില സ്വപ്ന പദ്ധതികളും അതിൽ ഉൾപ്പെടുത്തിയിരുന്നു.

ഏറ്റെടുത്തവന്റെ തലയിൽ മാറാപ്പ് വെച്ചു കെട്ടുക എന്നതിന്റെ സ്വാഭാവികതയുടെ ഭാഗമായി എസ്. എം. സി യുടെ ആദ്യ ചെയർമാൻ പദവി എന്റെ തലയിൽ ഓർക്കാപുറത്ത് വീണു. അതിന്റെ തിരക്കിനിടയിലാണ് കുമാരി റാണി ടീച്ചർ പട്ല സ്കുളിന്റെ ഹെഡ്മിസ്ട്രസ്സ് സ്ഥാനം ഏറ്റെടുക്കുന്നത്, അന്ന് മുതലാണ് അവരെ എനിക്ക് പരിചയവും.
ആ ഒരു സദ്ബന്ധം  സ്നേഹാദരവിന്റെ നിറച്ചാർത്തിൽ ഇന്നും ഞാൻ നില നിർത്തുന്നു.

റാണി ടീച്ചർ പട്ല സ്കൂളിന്റെ പടി ഇറങ്ങുകയാണ്. മറ്റൊരു സ്കൂളിലും അവർ ഇനി ജോയിൻ ചെയ്യുന്നില്ല. She is retiring. സംശയമില്ല,  തന്റെ സർവീസിനിടയ്ക്ക് ഒരു പക്ഷെ ഏറ്റവും നല്ല ഓർമ്മകളുമായിട്ടായിരിക്കും അവർ പട്ലസ്കൂളിന്റെ തിരുമുറ്റം വിടുന്നത്. അത്രമാത്രം ബൃഹത്തായ ആത്മബന്ധം അവർ ഈ പള്ളിക്കൂടവുമായി ഉണ്ടാക്കിത്തീർത്തിട്ടുണ്ട്.

എന്റെ ഓർമ്മയിൽ പട്ല സ്കൂളിന്  കുറെ പ്രധാന അധ്യാപകരുണ്ട്. അവരിൽ തന്നെ മൊയ്തീൻഖാൻ , മുഹമ്മദ് ഹനീഫ, അബ്ദുൽ ഖാദർ എന്നിവർ അതിപ്രധാനികളlണ്. ഇവർക്കൊന്നിച്ചുള്ള ഒന്നാം കസേരയിലാണ്  റാണി ടീച്ചറുടെ ഇടമെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു.

സ്കൂൾ അധ്യയന വിഷയത്തിലും ഭൗതികസൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും  സ്കൂളിന്റെ അച്ചടക്കം നിലനിർത്തുന്നതിലും അധ്യാപക- രക്ഷാകർതൃ സൗഹൃദാന്തരീക്ഷം ഒരുക്കൂട്ടുന്നതിലും സ്കൂൾ ദൈനദിനങ്ങളിൽ പാഠ്യേതരവിഷയങ്ങൾ മതിയായ പ്രധാന്യം നൽകി അക്കമഡേറ്റ് ചെയ്യുന്നതിലും റാണി ടീച്ചർ കാണിച്ച സ്വപ്നസമാനമായ നേതൃപാടവമുണ്ട്. ഒറ്റവാക്കിൽ -  Fabulous & fantastic !

കാണെക്കാണെയാണ് നമ്മുടെ സ്കൂൾ പ്രശസ്തമായത്. പേരും പെരുമയും വന്നത്. ഒരു മോഡൽ സർക്കാർ സ്കൂൾ  കാണണോ പട്ലയിലേക്ക് പോകൂ എന്ന് ജില്ലാ വിദ്യാഭ്യാസ ഉപമേധാവിയെക്കൊണ്ട് പറയുമാറ് നമ്മുടെ സ്കൂൾ ഭൗതികമായി ഉന്നതിയിലെത്തി.

സ്കൂൾ വികസന സമിതി എങ്ങിനെ ആയിരിക്കണമെന്ന് പട്ല സ്കൂളിനെ കണ്ട് പഠിക്കാൻ മാത്രം ലക്ഷങ്ങളുടെ രക്ഷകർതൃ സംഭാവനകൾ ലഭിക്കുമാറ് പ്രൊജക്ടുകൾ ഉണ്ടാക്കാൻ ടീച്ചറുടെ ഇടപെടലുകൾക്കൊണ്ടുണ്ടായി. ആദ്യം ടീച്ചറെഴുതി - ഇതാ എന്റെ കൈനീട്ടം, അരലക്ഷം രൂപ. തുടർന്ന് അഭ്യംദയകാംക്ഷികളിൽ നിന്ന് വന്നത് ഓഫറുകളുടെ പെരുമഴ.

സർവീസിനിടക്ക് അനുവദിക്കപ്പെട്ട അവധിക്കൂമ്പാരങ്ങളുണ്ടായിട്ടും ടീച്ചർ അതിരാവിലെ സ്കൂൾ മുറ്റത്തെത്തി. ഓഫീസ് വാതിൽ തുറക്കുന്നതിന് മുമ്പ് ഒരാവർത്തി അവർ എന്നും സ്കൂൾ കോമ്പൗണ്ടിൽ നടക്കുന്ന വർക്കുകൾ ചുറ്റിക്കണ്ടു, അവയുടെ നോട്ടുകൾ, വർക്ക് പ്രോഗ്രസ്സ് തയ്യാറാക്കി. കോടികളുടെ വികസനങ്ങൾ പട്ല സ്കൂളിലെത്തിക്കാൻ പിടിഎ, എസ് എം സി നേതൃത്വത്തോടൊപ്പം വാർഡ് മെമ്പറടക്കമുള്ളവരുടെ സഹായ സഹകരണങ്ങൾ ശരിയാം വണ്ണം ഉപയോഗപ്പെടുത്തി. പട്ല സ്കൂൾ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിച്ചത് ഇങ്ങനെയൊക്കെയാണ്.

പ്രതിബദ്ധത, ആത്മാർഥത, സാഹചര്യപ്പൊരുത്തപ്പെടൽ, ഗുണകാംക്ഷ,  തുല്യതയില്ലാത്ത നേതൃഗുണം ഇവ മുഴുവൻ ഒരു പോലെ സമ്മേളിച്ച  സ്ത്രീരത്നമെന്ന് റാണി ടീച്ചറെ വിശേഷിപ്പിച്ചാൽ തെറ്റാകില്ല.

ടീച്ചർക്കിനി വിശ്രമത്തിന്റെ നാളുകളാണ്. ആ വിശ്രമവേളകളിലും പക്ഷെ, പട്ല സ്കൂളിനെയും പട്ല നാടിനെയും അവർക്കൊരിക്കലും മറക്കാൻ സാധിക്കില്ല, പട്ലക്ക് ടീച്ചറെയും.


2013, അവധിക്ക് നാട്ടിലെത്തിയപ്പോൾ സ്കൂളിൽ വീണ്ടും ഞാനെത്തി. ടീച്ചർ വിളിച്ചതാണ്. "അസ്ളാമേ, സാൻ നന്നായി കവിത എഴുതുമല്ലേ, അവന്റെ അധ്യാപകൻ വിനോദ് മാഷ് പറഞ്ഞു, ചില രചനകൾ എനിക്ക് കാണിച്ചു തന്നു.  വിദ്യാരംഭം പ്രോഗ്രാമിൽ അവന്റെ കവിതകൾ പ്രകാശനം ചെയ്യാമെന്ന് ആലോചിക്കുന്നു. എനിക്ക് മറുത്തൊന്നും പറയാനില്ലായിരുന്നു, പ്രതീക്ഷിച്ചതിൽ ഭംഗിയായി വത്സൻ മാഷ്, റഹ്മാൻ തായലങ്ങാടി തുടങ്ങിയവരുടെ മഹനീയ സാന്നിധ്യത്തിൽ സാനിന്റെ ''കയ്പ് "
പുസ്തകം പുറത്തിറങ്ങി.

മൂന്ന് വർഷം മുമ്പ് , ജുൺ, ജൂലൈയൊക്കെ കഴിഞ്ഞു കാണും. ഗൾഫിൽ നിന്ന് അവധിക്ക് വന്നപ്പോൾ എന്റെ നല്ലപാതിയുമൊന്നിച്ച്  സ്കൂളിലെത്തി. ചെറിയ മോൻ കൂടെയുണ്ട്. സംസാരിച്ചു, ഓഫിസിൽ നിന്ന് ഞങ്ങൾ പുറത്തിറങ്ങി. ടീച്ചർ പിറകെ വന്നു മകനെ ചൂണ്ടി, ചോദിച്ചു -  ഇവൻ എത്രാം ക്ലാസ്സിലാണ്, ഇന്ന് KG ക്ലാസ്സിൽ പോയില്ലേ ? ഞങ്ങൾ പറഞ്ഞു " ഇല്ല, അവനെ സ്കൂളിലൊസും ചേർത്തില്ല. KG യിൽ ചേർക്കാതെ അടുത്ത വർഷം നേരിട്ട് ഒന്നാം  ചേർക്കാനാണ് ഞങ്ങളുടെ പ്ലാൻ. ടീച്ചർ ശാസന രൂപത്തിൽ ഭാര്യയോട് - നാളെ ഇവൻ ഇവിടെ പ്രീസ്കൂളിൽ വന്നിരിക്കണം. ആ കാർക്കശ്യ സ്വരത്തിൽ എല്ലാമുണ്ടായിരുന്നു - വാത്സല്യം, ആജ്ഞ,  ഗുണകാംക്ഷ.

ബഹുമാന്യ കുമാരി റാണി ടീച്ചർ, നാടിനൊപ്പം താങ്കൾക്ക് സകൂടുംബം ഹൃദ്യമായ യാത്രാമംഗളങ്ങൾ നേരട്ടെ!

No comments:

Post a Comment