Sunday 11 August 2019

സഖാവ് മജീദ്‌ച്ച / SAKIR AHMED PATLA

സഖാവ് മജീദ്‌ച്ച.... പിന്നെയും പിന്നെയും മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു......
Sakir Ahmed Patla

നാട്ടിലെ പൊതു ഇടങ്ങളെവിടെയൊക്കെയുണ്ട്, അവിടെയൊക്കെ പുഞ്ചിരിച്ചു കൊണ്ട്‌ മജീദ്‌ച്ചയുടെ സാന്നിധ്യമുണ്ടാവും. വലിപ്പച്ചെറുപ്പ, സ്ഥാനമാന വ്യത്യാസങ്ങളില്ലാതെ, രാഷ്ട്രീയ ജാതിമത വേര്തിരിവുൾക്കതീതമായ സൗഹൃദങ്ങൾ സൂക്ഷിച്ച കുറിയ മനുഷ്യൻ.

ക്ലബ് പ്രവർത്തനവും പടല സ്കൂളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ പ്രവർത്തനങ്ങളും മറക്കാൻ പറ്റാത്തതാണ്. ജി.എച്.എസ്‌. എസ്‌ പട്‌ലയുടെ പി.ടി.എ. പ്രസിഡന്റുമായിരുന്നു ഒരു വർഷം.
ആർക്കും പിടികൊടുക്കാത്ത ജീവിതരീതിയായിരുന്നു മജിദ്‌ച്ചയുടേത്. അവസാന കാലത്തു എല്ലാത്തിൽ നിന്നും ഒളിച്ചോടി. ഒരു പൊതു ഇടത്തിലും മുഖം കാണിച്ചു പോലുമില്ല.  മറ്റെന്തിനേക്കാളും സ്നേഹിച്ച പാർട്ടിയിൽ നിന്ന്‌ പോലും വഴി മാറി നടന്നു.

ഒരു കാലത്തു പട്‌ളയിൽ പ്രസ്ഥാനത്തിന്റെ എല്ലാമായിരുന്നു മജീച്ച. പുറമെ നിന്നുള്ള സഖാക്കൾക്ക് വിദ്യാർത്ഥി യുവജന സംഘടന പ്രവർത്തനങ്ങൾക്കും പുതിയ സംഘടന രൂപീകരണങ്ങൾക്കുമൊക്കെ സഹായി മജിച്ചയായിരുന്നു. സംഘടന  താല്പര്യങ്ങൾക്ക് വിരുദ്ധമായി പട്‌ലയിലെ സഖാക്കൾ പോകുന്നു എന്ന് തോന്നുമ്പോഴൊക്കെ കലഹിക്കുമായിരുന്നു.
പൊതു സമൂഹത്തിൽ  ഒരിക്കൽ പോലും പാർട്ടിയെ കുറ്റം പറയുന്നത് കണ്ടിട്ടില്ല. തന്റെ മുഴുവൻ കഴിവുമുപയോഗിച്ചു പാർട്ടിയെ പ്രതിരോധിക്കുന്ന അയാൾ പക്ഷെ പാർട്ടി വേദികളിൽ ഒരു കലമ്പനും അലംബനുമായിരുന്നു.  പാർട്ടികമ്മിറ്റികളിലും സംഘടന ഘടകങ്ങളിലും സ്ഥിരം കലഹിക്കുമായിരുന്നു. മേൽകമ്മിറ്റി പ്രതിനിധികൾക്ക് തലവേദനയുമായിരുന്നു. പക്ഷെ അതൊക്കെ അവിടം കൊണ്ട്‌ തീരും. ഒരുത്തമ കമ്മ്യൂണിസ്റ്റിന്റെ സംഘടനാ  ബോധം പ്രകടിപ്പിച്ചിരുന്നു.
പാർട്ടിയോട് അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോൾ  ഉത്തരവാദിത്ത ബോധമില്ലാതെ അപക്വമായി പെരുമാറുന്ന സഖാക്കളോട് അയാൾക്ക് നീരസമായിരുന്നു. പക്ഷെ പലപ്പോഴും തനിക്കു മീതെ വീണ കാര്മേഘങ്ങൾക്ക് കീഴെ അയാൾ  നിസ്സഹായനുമായിരുന്നു.

ഏകനായ് വഴിതിരിഞ്ഞു നടന്ന മജീച്ചയെ പൊതു മണ്ഡലത്തിലേക്ക് നയിക്കാൻ നമുക്ക് കഴിയാതെ പോയത് വലിയ അപരാധമാണ്.

ഇനി അയാളില്ല. ഒരു ചെറിയ ജീവിതം സ്നേഹിച്ചും, പ്രവർത്തിച്ചും, സഹൃദം തീർത്തും, സാന്ത്വനമായും  തനിക്കിഷ്ടമുള്ള പോലെ ജീവിച്ചു തീർത്തു മജീച്ച ഈ ലോകത്തോട് വിട പറഞ്ഞു.


.

No comments:

Post a Comment