Monday 19 August 2019

*പരസ്യം* *പബ്ലിസിറ്റി* *പത്രക്കവറേജ്* *പാതിവിജയം* / അസ്ലം മാവിലെ

*പരസ്യം*
*പബ്ലിസിറ്റി*
*പത്രക്കവറേജ്*
*പാതിവിജയം*
...........................
അസ്ലം മാവിലെ
...........................

തലക്കെട്ട് പപ്രാസം ഒപ്പിക്കാൻ  എഴുതിയതാണ്. കാര്യത്തിലേക്ക് വരാം. പട്ല പി. ടി.എ. പ്രസിഡന്റ് സൈദ് ഇന്നൊരു പത്ര കട്ടിംഗ്‌ പോസ്റ്റ് ചെയ്തത് കണ്ടോ ? പട്ല സ്കൂളിൽ നടന്ന ഒരു പ്രോഗ്രാം നല്ല ചന്തത്തിൽ പടമടക്കം കൊടുത്ത വാർത്ത.

പട്ല സ്കൂളിലെ പല പ്രോഗ്രാമുകളും ഇയ്യിടെയായി വളരെ കാര്യമായി തന്നെ മാധ്യമങ്ങളിൽ വരുന്നു, അച്ചടി, ദൃശ്യമാധ്യമങ്ങളിൽ. എന്ത്കൊണ്ട് ?

പട്ല സ്കൂളിൽ പ്രോഗ്രാം നടക്കുമ്പോൾ വെറുതെ ഒരു വാർത്ത പാറിപ്പറന്ന് പത്രമാപ്പീസിൽ എത്തുന്നതല്ല, അറിയാതെ ആ വാർത്ത അച്ചുകൂടത്തിൽ വന്ന് കെട്ടിപ്പിണയുന്നതുമല്ല. അതിന്റെ പിന്നിൽ ഒന്നു രണ്ടുപേരുടെ കഠിന അധ്യാനം ഉറപ്പായും കാണും.

ആ ഒരു പ്രത്യേക അധ്യാനത്തെയാണ് കമ്മിറ്റ്മെന്റ് എന്ന് പറയുക. അതിൽ വെറും അധ്വാനം മാത്രമല്ല, ആത്മാർഥതയുണ്ട്, ലക്ഷ്യമുണ്ട്, അതിനൊരു പ്ലാനുണ്ട്. ശരിക്കുമൊരു ഫോളോ അപ്പുണ്ട്. ലക്ഷ്യം പൂർത്തീകരിക്കാൻ തിരിഞ്ഞു നോക്കാത്ത നടത്തമുണ്ട്.

ഉഷ ടീച്ചർ പട്ല സ്കൂളിൽ എത്തുന്നതോടെയാണ് ഇത്രയും നന്നായി നമ്മുടെ സ്കൂൾ വർത്തമാനങ്ങൾ  മിക്ക മാധ്യമങ്ങളിലും ചെറുതല്ലാത്ത കോളങ്ങളിൽ മഷി പുരളുന്നത്. യു എ ഇ കാലത്ത് ഒരു ചാപ്റ്ററിന്റെ മീഡിയ വിംഗിന്റെ ഭാഗമായ എനിക്ക് ഇതിന്റെ പണിപ്പെട്ടുപണിയെ കുറിച്ച് വളരെ നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ടീച്ചറുടെ ആ കഠിന ശ്രമത്തെയും അവർക്ക് പിന്നിലണിനിരന്നിട്ടുള്ള മീഡിയ &  പബ്ലിസിറ്റി ടീമിനെയും മനസ്സ് തൊട്ട് അഭിനന്ദിക്കുന്നു.

നമ്മുടെ ഗ്രാമത്തിനും ഇത് പോലെ ഒരു പബ്ലിസിറ്റി വിംഗ് വേണം. ഒരുപാട് സാമൂഹു സാംസ്കാരിക പ്രവർത്തനങ്ങൾ ഇവിടെ  നടക്കുന്നുണ്ട്. പക്ഷെ, അവയൊന്നും വലുതായി ഒന്നിലും വരുന്നില്ല, കാണുന്നുമില്ല. ചിലതൊന്നും  വലുതായി റിക്കോർഡ് ചെയ്യപ്പെട്ടിട്ടില്ല, അവയുടെ Archieves ഉം കയ്യിലില്ല. ആകെ നാല് ഫോട്ടോകൾ വാട്സാപ്പിൽ കറങ്ങി  നടക്കുക വല്ല കല്യാണത്തിന്റെയോ പാലുകാച്ചലിന്റേയോ മറ്റോ ആയിരിക്കും, അതന്ന് വൈകുന്നേരത്തോടെ പൂവിട്ടു ഒതുങ്ങും.

പേര് വേണ്ട, പ്രശസ്തി ആഗ്രഹിക്കുന്നില്ല എന്നൊക്കെ പറയാം. വേണമെങ്കിൽ അത് മൂളിയും തരാം. പക്ഷെ, ഒരു പ്രോഗ്രാം വിജയിക്കുവാൻ പബ്ലിസിറ്റി വളരെ വളരെ ആവശ്യമാണ്. ഒപ്പം,
വരും തലമുറകൾക്ക്  കാണിച്ചു കൊടുക്കാനും അവർക്കത് ആമാട പോലെ സൂക്ഷിച്ചു വെക്കാനും നമ്മുടെ നല്ല വർത്തമാനങ്ങളുടെ വാർത്താ കട്ടിംഗുകളും നല്ല പ്രവർത്തനങ്ങളുടെ ഛായാചിത്രങ്ങളും വേണം. അത് മാധ്യമങ്ങളിൽ വന്നതും നമ്മുടെ കൊച്ചുതുരുത്തിലെ നന്മകൾ മാലോകർ വായിച്ചതും നമ്മുടെ വരും തലമുറ അറിയണം, അറിയിക്കണം. അതൊരു പൊതു സമൂഹ മര്യാദ കൂടിയാണ്.

പബ്ലിസിറ്റി ഒരു പ്രചോദനമാണ്. തീർച്ചയായുമത് മുന്നോട്ടുള്ള പ്രയാണത്തിനൊരൂർജ്ജം. സന്ദേശം ഝടുതിയിലെത്താനും  ലക്ഷ്യം അതിവേഗം പൂർത്തികരിക്കാനും പബ്ലിസിറ്റിക്ക് വലിയ പങ്കുണ്ട്.

ചില പ്രോഗ്രാമുകൾ കണ്ടില്ലേ ? പൊട്ടിപ്പാളിസായെന്ന് കരുതിയതൊക്കെ പബ്ലിസിറ്റി ഒന്നു കൊണ്ട് മാത്രം എട്ടുനിലയിലെത്തി വിജയക്കൊടി പാറിച്ചത്.  ചിലതൊക്കെ ആരും അറിയാതെ പോയതോ എട്ടുനിലയിൽ പൊട്ടിയതോ ആകട്ടെ ഈ സാധനത്തിന്റെ അഭാവമോ അലംബാവം  മൂലമോ ആയിരിക്കും.

ഇത്തരുണത്തിൽ പൊലിമ ഓർത്തു പോകുന്നു. ഒരു കൂട്ടം ചുറുചുറുക്കുള്ള ചെറുപ്പക്കാരുടെ ജഗപൊഗ  ഓഫ് ലൈൻ + ഓൺലൈൻ പബ്ലിസിറ്റി ടീമായിരുന്നു അന്ന് പൊലിമയെ ഒരു വിധം വിജയപ്പിച്ചെടുത്തത്. പത്രങ്ങളിലും സോഷ്യൽമീഡിയയിലും ഇന്നും പരതിയാൽ എളുപ്പം ലഭ്യവുമാണ്.

സ്കൂൾ പ്ലാറ്റിന ജൂബിലിക്ക് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ അതിനും കൂടി ഈ കുറിപ്പ് പ്രചോദനമാകട്ടെ.

ആശയശോഷണം ഭയന്ന് വിവർത്തനം ചെയ്യാതെ തന്നെ  (പുസ്തക)പബ്ലിസിറ്റിയുമായി ബന്ധപ്പെട്ട ഒരു Quating അങ്ങിനെ തന്നെ കുറിക്കുന്നു. Platform & Publicity :  Building a platform is what you do before a book comes out to make sure that when it hits shelves somebody buys it. Publicity is an active effort to acquire media attention for a book that already exists.

No comments:

Post a Comment