Monday 19 August 2019

ഔക്കുച്ച മൺമറഞ്ഞു;* *നാട്ടുതുരുത്തുകൾ* *ഒന്നൊഴിയാതെ* *നമ്മെ വിട്ടകലുന്നു./ അസ്ലം മാവിലെ

*ഔക്കുച്ച മൺമറഞ്ഞു;*  *നാട്ടുതുരുത്തുകൾ* *ഒന്നൊഴിയാതെ*
*നമ്മെ വിട്ടകലുന്നു.*
............................
അസ്ലം മാവിലെ
............................

ഔക്കുച്ചാനെ ഞാൻ കാണുന്നത് ഇങ്ങിനെതന്നെയാണ്. ഒരു വ്യത്യാസം ഇയിടെയൽപം നര ബാധിച്ചു എന്ന് മാത്രം !

എന്റെ വീട്ടിന്ന് കിഴക്കോട്ട് നേരെ ഒറ്റവരമ്പിൽ നടന്നാൽ സീതിച്ചാന്റെ വീടിന്റെ തെക്കേ ഭാഗത്തുള്ള മതിൽ ഇടത് വശമായി കിട്ടും. അവിടെ വളവിലാണ് പോക്കച്ചാന്റദ്രാൻച്ചാന്റെ ഓടു മേഞ്ഞ വീട്. ഞങ്ങൾ, കുട്ടികൾ, പള്ളിയിലേക്കും മദ്രസയിലേക്കും പിന്നെ പാൽവാങ്ങാനും മീൻ വാങ്ങാനുമെല്ലാം കൂടി ദിവസം എട്ടും പത്തും വട്ടം പോയ് വരുന്ന വഴി. ആ വളവിലെത്തിയാൽ അദ്രാൻച്ചാന്റെ കൊട്ടിലിൽ നിന്ന്  സംസാരവും ചിരിയും ബഹളവും ഉറക്കെ കേൾക്കാം,  അകത്ത് വെറ്റില ചായ്ക്കുന്ന തിരക്കിനിടയിലാണ്  ബഹളം കേൾക്കുക. ആ ബഹളങ്ങൾക്കിടയിൽ കനം കുറഞ്ഞ നേർപ്പിച്ച ഒച്ചയിൽ ഔക്കുച്ച ഉണ്ടായിരിക്കും.

വളരെ ഒതുങ്ങിയ മനുഷ്യൻ. ഇപ്പഴല്ല, അന്നേ അദ്ദേഹത്തിന്റെ ശരീരം മെലിഞ്ഞാണ്. കാണുമ്പോഴൊക്കെ ചുണ്ടിൽ കനലുമായി ഒരു കുറ്റിബീഡിയുണ്ടാകും. തലയിൽ നാട്ടുമ്പുറത്തുകാരന്റെ ഒരു ടവ്വലും. ഭൂമി വേദനിക്കാത്ത താളത്തിലുള്ള നടത്തം.

എന്റെ ഓർമ്മ ശരിയെങ്കിൽ പഴയ സാക്ഷരതാ ക്ലാസ്സിൽ ഔക്കുച്ച ഉണ്ട്. ടി.എച്ച്. അബ്ദുറഹിമാന്റെ കടയുടെ ചായ്പ്പിൽ, സൂപ്പിച്ചാന്റെയൊക്കെ ക്കൂടെ വിദ്യാർഥിയായി. ഞാനന്ന് കംപ്ലിറ്റ്  ലിറ്ററസി പ്രൊഗ്രാമിന്റെ മാസ്റ്റർ ട്രൈനിയായിരുന്നു. ടി.എച്ച്. മുഹമ്മദാണെന്ന് തോന്നുന്നു ആ ലേറ്റ് ഈവനിംഗ് ക്ലാസ്സിലെ അധ്യാപകൻ.

ഔക്കുച്ച അയാൾക്ക് മാച്ചായവരോട് മാത്രം കൂടെ ഇരുന്ന് ഇടതടവില്ലാതെ സംസാരിക്കും. അവർ പറയുന്ന തമാശകളിലും തോണ്ടലുകളിലും ഔക്കുച്ച അവരോടൊപ്പം കൂടും. അല്ലാത്തപ്പോൾ ബാക്കിയുള്ളവരെ നന്നായി കേൾക്കും.

ലക്ഷം വിടിനപ്പുറമായി ഔക്കൻച്ചാന്റെ കട. കരീമുച്ചാന്റെ കട. ടി.എച്ചിന്റെ കട. പിന്നെ കൊല്യയിൽ. ഞാനധികവും ഔകുച്ചാനെ കാണാറുള്ള ഇടങ്ങളാണിവ. ഇരുത്തം  കാലിന്മേൽ കാൽ കേറ്റി തന്നെ. സംസാരിക്കുമ്പോഴും ചുണ്ടിൽ ബീഡി അതിന്റെ പണിയിലേർപ്പെട്ടിട്ടുണ്ടാകും.

നാട്ടിമ്പുറത്ത്കാരന്റെതാണ് ഔക്കുച്ചാന്റെ സംസാരവിഷയം. കൃഷി, വിള, അതിന്റെ വിശേഷങ്ങൾ,  മഴ, വെയിൽ, കല്യാണം, കാനോത്ത്, രോഗം, ആധി ഇതൊക്കെ തന്നെയാണ് ഔക്കുച്ചാക്ക് ആ കൂടിയിരുത്തങ്ങളിലേറെയും പറയാനുള്ളതും, കേൾക്കാൻ ചെവികൊടുക്കാറുള്ളതും. വൈകുന്നേരങ്ങൾ നമ്മുടെ ഗ്രാമത്തെ മനോഹരമാക്കിയിരുന്നത് ചായമക്കാനികളിലെ ഇവരുടെ നിറസാന്നിധ്യം തന്നെയായിരുന്നു.

നാടന്മാരായ മനുഷ്യരുടെ വേർപാടുകൾ വലിയ ഗൃഹാതുരത്വമാണ് ഉണ്ടാക്കുന്നത്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത വാമൊഴിവർത്തമാനങ്ങൾ. പ്രകൃതിയോടും പച്ചപ്പിനോടും മാത്രം ഒട്ടിനിൽക്കുന്ന പതിയെപ്പറച്ചിലുകൾ. ഒരു ഗ്രാമത്തിന്റെ തീർത്തും നിഷ്ക്കളങ്കമായ മുഖങ്ങൾ. അകവും പുറവും കണ്ണാടിക്കൂടിൽ തീർത്ത വെയിൽജിവിതങ്ങൾ. ഗ്രാമീണതയുടെ വശ്യമായ പുഞ്ചിരികൾ,  പിണക്കങ്ങൾ, അതിന്റെയിരട്ടി വേഗതയിൽ ഇണക്കങ്ങൾ... ഇതൊക്കെ തന്നെയാണ് ഔക്കുച്ചാനെ കുറിച്ചോർക്കുമ്പോൾ എന്റെ മുമ്പിൽ എടുപ്പോടെ വന്നു നിൽക്കുന്ന വാങ്മയചിത്രങ്ങൾ.

"ഔകുച്ച പൊയ്പ്പോയ്" എം.എ. മജിദ് ഒരു വാട്സാപ് ഗ്രൂപ്പിലിട്ട വോയ്സ് നോട്ടിനൊപ്പം ഒരു ഫോട്ടോയും ഫോർവേർഡ് ചെയ്ത് മകനെന്നോട് ചോദിച്ചു - ഉപ്പാ, Do you know him ? 

ഇന്നാലില്ലാഹ് ... ഈ റമദാനിലെ മൂന്നാം വേർപാട് വാർത്ത.

എനിക്കയച്ച ആ  ഫോട്ടോയും പൊലിമ FB പേജിലുള്ള ഫോട്ടോയും ഒന്ന് തന്നെയാണോ എന്നറിയാൻ ഞാൻ പൊലിമ പുറങ്ങൾ അൽപസമയമെടുത്ത് തന്നെ സ്ക്രോൾ ചെയ്തു . അതെ, ഔക്കുച്ച ഒന്നാം പൊലിമ ദിനത്തിൽ ഒന്നാം ബെഞ്ചിൽ ഒന്നാമതായെത്തിയപ്പോൾ എടുത്ത ഫോട്ടോ. ആ സന്തോഷദിനത്തിൽ ആ നാട്ടുമ്പുറത്തുകാരൻ ഏറെ നേരം അവിടെ ചെലവഴിച്ചാണ് സദസ്സ് വിട്ടത്. അന്നവിടെ നിറഞ്ഞ ചിരിയിൽ മനസ്സു വരച്ചത് സി.എച്ചോ മറ്റോ  മൊബൈലിൽ പകർത്തിയതാണാ ഫോട്ടോ.

ദു:ഖ വർത്തമാനം തന്നെയാണ്. നാട്ടുവർത്തമാനങ്ങളുടെ കെട്ടഴിക്കാൻ ഔക്കുച്ച ഇന്നില്ല. പടച്ചവനിലേക്ക് ഈ പുണ്യദിനങ്ങളിൽ വളരെ ധൃതിയിലദ്ദേഹം  പറന്നകന്നു കഴിഞ്ഞ്.... ഇന്നാലില്ലാഹ്...

അല്ലാഹു ആ നല്ല മനുഷ്യന് പൊറുത്ത് നൽകട്ടെ, സ്വർഗ്ഗിയ ആരാമത്തിൽ സദ് ജനങ്ങളോടൊപ്പം അദ്ദേഹത്തെയും  പ്രവേശിപ്പിക്കുമാറാകട്ടെ. ആമിൻ. ▪

No comments:

Post a Comment