Sunday 11 August 2019

RMS അബൂബക്കർ പട്ലക്കാരുടെ സ്വകാര്യ അഹങ്കാരം / അസ്‌ലം മാവിലെ

*RMS അബൂബക്കർ*
*പട്ലക്കാരുടെ*
*സ്വകാര്യ അഹങ്കാരം*
............................
അസ്‌ലം മാവിലെ
............................
15 /03/19
നമ്മുടെ, നിങ്ങളുടെ കുടുംബത്തിലെ, ബന്ധത്തിലെ, അയൽപക്കത്തെ,  ഒരാൾക്ക് രോഗമൽപം കൂടി. ഫാമിലി ഡോക്ടർ പറഞ്ഞു - രോഗിയെ മംഗളൂറു എത്തിച്ചു വിദഗ്ദ്ധ വൈദ്യ സേവനം ഉടൻ  ലഭിക്കുമെങ്കിൽ വലിയ സങ്കീർണ്ണതകൾ ഒഴിവാക്കാം, രക്ഷപ്പെടാൻ സാധ്യതയുണ്ട്.  അത് കേൾക്കേണ്ട താമസം  ഒരാൾ തിരക്ക് പിടിച്ച് പുറത്തിറങ്ങി ഫോൺ ചെയ്യാൻ ശ്രമിച്ചുവെങ്കിൽ മറുതലയ്ക്കു ഫോൺ റസീവർ പിടിച്ചിട്ടുള്ളയാൾ മിക്കവാറും ഒരേ ഒരാളായിരിക്കും, ഔക്കൻച്ച, മംഗലാരം ഔക്കൻച്ച. അദ്ദേഹത്തിനേ   ആ അസമയത്ത് പോലും, തനിക്ക് വരുന്ന ഫോൺ കോൾ അറ്റൻഡ് ചെയ്യാൻ സാധിക്കൂ.

ഒരനുഭവം  പറയട്ടെ,  ഇക്കഴിഞ്ഞ ശവ്വാലിന്റെ മുമ്പിലത്തെ ശവ്വാൽ മാസം 9,  എന്റെ ഉമ്മയ്ക്ക് ദീനമൽപം കൂടി വന്നു. ഞാൻ  മങ്ങലാരം ഔക്കൻച്ചാനെ മാലിക്ക് ദീനാർ ആസ്പത്രിയിൽ നിന്ന് വിളിച്ചു. അപ്പോൾ സമയം രാത്രി പതിനൊന്നര കഴിഞ്ഞിരിക്കണം. വിദഗ്ദ്ധ വൈദ്യ പരിശോധനക്ക് ഉമ്മയെയും  കൊണ്ട് അങ്ങോട്ട് വരുന്ന കാര്യം ഞാൻ  അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം രോഗവിവരങ്ങൾ അറിഞ്ഞു, ഡോക്ടറുടെ വിവരങ്ങൾ പങ്കുവെച്ചു.  എനിക്ക് മറ്റൊരു കോൾ വരുന്നത് കൊണ്ട്  ഞാനെന്റെ ഫോൺ കട്ട് പെട്ടെന്ന് ചെയ്തു.
ഉടനെ  എന്റെ മൊബൈലിൽ കണ്ട മിസ്കാളിലേക്ക് തിരിച്ചു വിളിച്ചു.  മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന  ശാപിച്ചയായിരുന്നു അത്.  അപ്പോഴദ്ദേഹത്തെ ശ്രമിക്കുമ്പോൾ  ശാപിച്ചാൻറ മൊബൈൽ ബിസി ടോണിലും.  കുറച്ചു കഴിഞ്ഞു ശാപിച്ച തിരിച്ചിങ്ങോട്ട് വിളിച്ചു - അസ്ലം,  മങ്ങലാരം ഔക്കൻച്ചയായിരുന്നു ലൈനിൽ ,  അതാണ് എന്റെ ഫോൺ ബിസിയായത് !

ശരിക്കും ഔക്കൻച്ചാന്റെ ഫോൺ കൂടുതലും ഇതിനൊക്കെ തന്നെയാണ് തിരക്കിലാകുന്നത്. മറ്റൊരാളുടെ ആരോഗ്യവിഷയത്തിൽ അദ്ദേഹം ഏറെ ശ്രദ്ധാലുവാണ്. മറ്റുള്ളവരുടെ വയ്യായ്ക അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തുന്നു.

അതൊക്കെ കൊണ്ട് തന്നെയാണ് ഔക്കൻച്ചാനെ എല്ലാവരും ആതുരശുശ്രൂഷാ സംബന്ധമായ സേവനത്തിന്റെ അങ്ങേയറ്റമെന്ന്  പറയുന്നതും. വ്യക്തിപരമായ എന്ത് തിരക്കും മാറ്റി വെച്ച് അദ്ദേഹം ആസ്പത്രിക്കിടക്കക്കരിെകെ എത്തിയിരിക്കും, ഒപ്പം നിഴൽ പോലെ സഹധർമ്മിണിയുമുണ്ടാകും.

കുടുംബ വേര് പട്ലയിൽ. പട്ലത്ത് മുക്രി ഔക്കർച്ചാന്റെ പേരക്കുട്ടി. പിതാവ് മർഹൂം അബ്ദുല്ല. ഒരുകാലത്ത് പട്ലയിലെ ഏറ്റവും സുന്ദരമായി ബാങ്ക് വിളിച്ചിരുന്ന മുഅദ്ദിനായിരുന്നു ഞാൻ ഉപ്പപ്പ എന്ന് വിളിച്ചിരുന്ന അബ്ദുല്ല സാഹിബ്. പഴയ തലമുറയ്ക്കും ആ തലമുറയിലേക്ക് കടക്കാൻ കാത്തിരിക്കുന്ന എന്റെ തലമുറയ്ക്കും അദ്ദേഹത്തിന്റെ ബാങ്കൊലി ഇന്നും കാതുകളിൽ നിന്നു മാഞ്ഞ് പോകാൻ സാധ്യതയില്ല.

അഞ്ചാം വയസ്സിൽ ഓർമ്മയുടെ പടരുകൾക്ക് കനം വെക്കുന്നതിന് മുമ്പ്  ഔക്കൻച്ചാന്റെ പ്രിയപ്പെട്ട  ഉമ്മ മരിച്ചു,  അതോടെ  ബാല്യകാലം മുതൽ നുകരേണ്ടിയിരുന്ന മാതൃവാത്സല്യം അദ്ദേഹത്തിനന്യമായി. പ്രാഥമിക വിദ്യാഭ്യാസം പട്ല സ്കൂളിലായിരുന്നു, കന്നഡ മിഡിയയിൽ.

14-ാം വയസ്സു മുതൽ അദ്ദേഹം പ്രവാസിയാണ്, 1959ൽ അന്നം തേടി അദ്ദേഹം  മംഗലാപുരത്തിന്റെ മണ്ണിലെത്തി.  അന്ന് മുതൽ ഔക്കൻച്ച  ആ മഹാനഗരത്തിൽ പട്ലക്കാർക്കും കാസർകോട്ടുകാർക്കും തികഞ്ഞ ഒരു  ആതിഥേയനാണ്.

ഭാര്യ ഖൈറുന്നിസ. മക്കൾ ഹമീദലി, മുഹമ്മദലി, റസിയ, റിയാസ, റിഹാന. എല്ലാവരും വിദ്യാസമ്പന്നർ. മക്കളും  പത്ത് പേരമക്കളുമായി ആ കുടുംബം സന്തോഷത്തിൽ കഴിയുന്നു.

മൂത്ത മകൾ  റസിയയുടെ പേരിൽ തുടങ്ങുന്നതാണ് RMS, Razia Motor Services.  ബസ്സുകൾ പിന്നീട് വാങ്ങിയത്. അതിന് മുമ്പ് Field Master എന്ന പേരിൽ 5 ലോറികളുണ്ടായിരുന്നു അദ്ദേഹത്തിന്. അത് നിർത്തി ട്രാൻസ്പോർട്ട് ബസ്സിലേക്ക് തിരിഞ്ഞു - അങ്ങിനെ 6 ബസ്സുകൾ നിരത്തിലിറക്കി. ഇപ്പോൾ ബസ് മുഴുവൻ ഒഴിവാക്കി വീണ്ടും ലോറി ഉടമയായി. RMS എന്ന പേരിലാണ് 3 ലോറികൾ സെർവീസ് നടത്തുന്നത്‌. 

2007 പകുതി  വരെ  എല്ലാ ആഴ്ചയും ഔക്കൻച്ച കാസർകോട്ടെത്തുമായിരുന്നു. ബേളയിലെ  ഒമ്പതേക്കറോളം വരുന്ന തന്റെ ഫാമിലേക്ക്. പിന്നീടത് വിറ്റൊഴിവാക്കി.

പരിശുദ്ധ ഹജ്ജ് കർമ്മം  ഭാര്യാ സമേതം  നിർവ്വഹിച്ചത് 2006 ൽ. 

മംഗളുറു  കേന്ദ്രമാക്കി സാമൂഹിക സേവനരംഗങ്ങളിൽ സജീവമാണ് ഔക്കൻച്ച. ലയൺസ് ക്ലബ് അടക്കം വിവിധ കൂട്ടായ്മകളിൽ ഇയ്യിടെ വരെ അദ്ദേഹം പ്രവർത്തന നിരതനായിരുന്നു. മുമ്പത്തെപ്പോലെ അത്ര സജീവമല്ലെങ്കിലും ഇപ്പഴും ഔക്കൻച്ച സേവന പാതയിൽ തന്നെയാണ്.

എന്റെ ഉമ്മ മരണപ്പെട്ട ദിവസം അദ്ദേഹം ദേഹാസ്വാസ്ഥ്യം കാരണം ബെഡ് റെസ്റ്റിലായിരുന്നു, ഇക്കഴിഞ്ഞ ആഴ്ച ഔക്കൻച്ച ഞങ്ങളുടെ വീട്ടിലെത്തി. അന്ന് ഉമ്മയുടെ ഓർമ്മകൾ പങ്കിട്ടദ്ദേഹം ഞങ്ങളുടെ കുടുംബത്തോടൊപ്പമൽപ്പം ചെലവഴിച്ചു. 

76 ന്റെ നിറവിലാണ് ഔക്കൻച്ച.   പ്രസന്നവാനാണദ്ദേഹം.  മുഖത്തെ ചിരിക്ക് പൂർണ്ണ ചന്ദ്രന്റെ ശോഭ. എങ്കിലും അദ്ദേഹം  പറയുകയാണ് - "മിന്നെത്തത്രെ സോഷ്യൽ ഫീൽഡിൽ ആക്ടീവാവാൻ ആന്നില്ല, മോനെ". ഞാൻ പറഞ്ഞു - "നിങ്ങളുടെ സാന്നിധ്യം തന്നെയാണ് ആക്ടീവ്നെസ്സ്".

കൻക്കനാടിയിൽ ബസ്സിറങ്ങി അൽപ്പം മുന്നോട്ട് നടന്ന് Down ബന്തുർ എത്താം , അവിടെ നിന്ന് 3rd ക്രോസ് റോഡ് ചെന്ന് മുട്ടുന്നത് അൽ ഫലാഹ് വില്ലയിൽ. അവിടെയാണ് ഔക്കൻച്ച സകുടുംബം താമസം.

പട്ലക്കാരുടെ ആത്മാഹങ്കാരമായി മങ്ങലാരം ഔക്കൻച്ച ഉണ്ട്. ഇനിയുമൊരുപാട് വർഷങ്ങൾ അദ്ദേഹം നമ്മുടെ ഇടയിൽ സൗഖ്യത്തോട് കൂടി ജിവിക്കാനിടവരട്ടെ, ആമിൻ. 

No comments:

Post a Comment