Monday 19 August 2019

ഞങ്ങളുടെ പ്രിയപ്പെട്ട മജിദ്നിങ്ങളുടെ സഖാവ് മജീദ്/. അസ്ലം മാവില

*ഞങ്ങളുടെ പ്രിയപ്പെട്ട മജിദ്*
*നിങ്ങളുടെ സഖാവ് മജീദ്*

......................
അസ്ലം മാവില
......................

ഏതാനും ആഴ്ചകളായി വാട്സാപിൽ  ഞാൻ പാസ്സിവസ്ഥയിലാണ്. അത് കൊണ്ട് തന്നെ മലയാളമെഴുത്ത് സംവിധാനം മൊബൈലിൽ നിന്ന് ഡിആക്ടിവേറ്റും ചെയ്തു. ഇത് മകന്റെ മൊബൈലിൽ നിന്നെഴുതുന്നതാണ്.എഴുതാതിരിക്കാനാവില്ല എന്നത് തന്നെ കാരണം.

ഇന്നലെ, അഞ്ചാം നോമ്പ് തുറക്കുന്നതിന് അരമണിക്കൂർ മുമ്പ് എസ്. അബൂബക്കർ നാട്ടിന്ന് വിളിച്ചിരുന്നു. വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ  നായനാർ ഹോസ്പിറ്റലിലാണ് മജിദെന്നും, അത്ര നല്ല അവസ്ഥയിലല്ല ഇപ്പോഴവന്റെ സ്ഥിതിയെന്നും, നോമ്പ് തുറന്നപാട് അങ്ങോട്ട് പോകണമെന്നും പറഞ്ഞു അബൂബക്കർ ഫോൺ വെച്ചു. അപ്പോൾ സമയം 6:30. ഇവിടെ ബാംഗ്ലൂരിൽ ഇഫ്താർ സമയം 6: 38 നാണ്, നോമ്പു തുറന്ന് കൊണ്ടിരിക്കെ 6:48 ന് പെങ്ങളുടെ ഫോൺ കോൾ - നമ്മുടെ മജിദ് പൊയ്പ്പോയ് ! എസ്. അബൂബക്കറിന്റെ ഇരുപത് മിനിറ്റ് മുമ്പുള്ള ആ അപ്ഡേഷനില്ലായിരുന്നെങ്കിൽ, തീർച്ചയായും അതെന്നെ സംബന്ധിച്ചിടത്തോളം ഷോക്കിംഗ് വാർത്തയാകുമായിരുന്നു - റികവർ ചെയ്യാൻ കുറെ സമയവും എടുത്തേനേ !

പഴയ ഓർമ്മ. മുന്നിൽ പുല്ല്മേഞ്ഞ ഒരുപാട് വീടുകൾ. ഞങ്ങളുടെ, എസ്. അബൂബക്കറിന്റെ, ബി. ബഷിറിന്റെ , മജീദിന്റെ .. ഞങ്ങളുടെ കുച്ചിപ്പർത്തെ താഴ്ത്തിക്കെട്ടിയ ചായ്പ്പിൽ എന്നും പാത്തയ്ഞ്ഞ വന്നിരിക്കും, കൂടെ ആ കുസൃതി പയ്യനും ഉണ്ടാകും.  വൈകുന്നേരങ്ങളിൽ വെയിൽ നേർത്ത് നേർത്തില്ലാതാകുന്നത് വരെ എട്ട് - പത്ത് മങ്കമാരുടെ പയ്യാരം പറച്ചിലായിരിക്കും അവിടെ. മധൂർ ഉത്സവപറമ്പിൽ നിന്നും വാങ്ങി, ഉപയോഗിച്ച് തേയ്മാനം വന്ന് ഓട്ടവീണ ഒരു വെളുത്ത ബട്ടെയിൽ നിറച്ച വെറ്റിലയും തണ്ണിയിലിട്ട് പതമാക്കിയെടുത്ത അടക്കാപ്പൂളും പിന്നെ പുകയിലയും പിച്ചളക്കരണ്ടിയിലെ ചുണ്ണാമ്പും തിരും വരെ അവർ അവിടെ തിമർത്ത് വാഗ്വാദത്തിലായിരിക്കും. പാത്തയ്ഞ്ഞ ഇതിലൊന്നും ഇടപെടാതെ ഒരു മൂലയിൽ കണ്ടും കേട്ടും തിരിച്ചു വീട്ടിൽ പോകും,   കൂടെ  മിന്നിയിൽ തൂങ്ങി മജിദും. അവന് മനസ്സ് വെച്ചാൽ ഞങ്ങളുടെ കൂടെ കളിക്കും.

എനിക്ക് 13 വയസ്സ് കഴിഞ്ഞ് കാണും. ഞങ്ങളുടെ വീട് പണി തുടങ്ങി, കണ്ണാടി ഔക്കുച്ചാന്റെ മുറ്റത്ത് ഇറക്കിയ ചെങ്കല്ലുകളുമായി ഞങ്ങളുടെ പുതുക്കിപ്പണിയുന്ന മുറ്റത്തേക്ക് മറ്റു രണ്ട് മുതിർന്നവരുടെ കൂടെ ഒരു പയ്യനും, എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഞങ്ങൾക്ക്  താമസിക്കുവാൻ താത്കാലികമായി കെട്ടിയുണ്ടാക്കിയ ഓലപ്പുരക്കകത്തേക്കോടി ഞാൻ ഉമ്മയോട് കാര്യം പറഞ്ഞു. ഉമ്മ പുറത്തേക്ക് ധൃതിയിൽ നടന്നു മജീദിനോട് പറയുന്നത് എനിക്കുറക്കെ കേൾക്കാം - "ആബ മോനേ, നിന്ക്ക് കല്ല് പൊന്തിക്കാന് കയ്യേല, ചെറിയ ക്ടാക്കൊ കല്ല് പൊറ്ക്കലില്ല."
അവൻ അതൊന്നും കേൾക്കുന്നേയില്ല.  ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ എന്റുപ്പ വന്നപ്പോൾ, ഉപ്പയും അവനെ കുറെ നിർബന്ധിച്ചു - ചെറിയ കുട്ടികൾ ഈ ഭാരമേറിയ പണിയൊന്നും ചെയ്യാൻ പാടില്ലെന്നും നിർബന്ധമെങ്കിൽ ലൈറ്റായ വേറെന്തെങ്കിലും പണി ചെയ്തോ എന്നൊക്കെ.  അവൻ പിൻമാറിയതേ ഇല്ല.

അന്ന് മുതൽ മജീദ് എന്റെ ഉമ്മയ്ക്ക് ഒരത്ഭുതമാണ്, ചെറിയ പണി വരെ ചെയ്യാൻ ഏൽപിച്ചാൽ തരത്തിൽ സ്കൂട്ടാകുന്ന എന്റെ മുന്നിൽ  മജിദിന്റെ ഹാർഡ്‌വർക്കും കമ്മിറ്റ്മെന്റും വെച്ചാണ് ഉമ്മ എന്നെ വരച്ച വരയിൽ നിർത്തിയിരുന്നത്. അവനത് ചെയ്യാമെങ്കിൽ എനിക്കെന്ത് കൊണ്ട് അപ്പർത്തെക്കോലിപ്പർത്തെ വെച്ചു കൂട ?

സ്കൂളിൽ പോകുന്നത് മുതൽ മജിദ് കുസൃതിയാണ്. എന്റെ രണ്ടാമത്തെ പെങ്ങൾ, അസ്മയുടെ ക്ലാസ്മെറ്റ്. സ്കൂളിൽ നിന്ന് വരുന്ന  അവന്റെ കുഞ്ഞുകുസൃതികൾ പറഞ്ഞ് ഞങ്ങൾ ചിരിക്കും. മജിദിന് അതൊരു വിഷയമേ അല്ല.

തിരഞ്ഞെടുപ്പ് കാലങ്ങൾ. 1980. വാർത്ത കേൾക്കാൻ ഞാൻ മജീദിന്റെ വീട്ടിൽ പോകും. രാമണ്ണ റൈയാണ് അന്ന് ജയിച്ചത്. മൂന്നാം ക്ലാസ്സുകാരനായ മജിദിന്റെ സന്തോഷം ഓർമ്മയിലുണ്ട്. 1984 അന്നും റേഡിയോ കേൾക്കാൻ മജിദിന്റെ വീട്ടിലെത്തി. അന്ന് മമ്മസ്ച്ച സമാധാനിപ്പിക്കുന്നത് മജിദിനെ, രാമണ്ണറൈയുടെ പരാജയം ആ ഏഴാം ക്ലാസ്സുകാരന് ഉൾക്കൊള്ളാനാകുന്നില്ലത്രെ. 1991 വീണ്ടും ലോകസഭാ തിരഞ്ഞെടുപ്പ് - അന്ന് ഞാൻ എന്റെ വീട്ടിലാണ് തിരഞ്ഞെടുപ്പ് ഫലം കാത്കൂർപ്പിച്ച്‌ കേൾക്കുന്നത്. രാത്രി സമയം ഒമ്പതര- പത്തൊക്കെ  കഴിഞ്ഞ് കാണണം. എങ്ങും കോൺഗ്രസ് തരംഗം  ! കാസർകോട് റിസൾട്ട് എന്തായിറാ ? ഉപ്പ എന്നോട് ചോദിച്ചു. രാമണ്ണ റൈ ജയിച്ചെന്ന് ഞാൻ ഉറക്കെ പറഞ്ഞു. ഉപ്പ കിടക്കപ്പായയിൽ നിന്ന് എഴുന്നേറ്റ് കമന്റ് : ആ മജിദ് ചെക്കന് ഇപ്പം സന്തോഷമായിട്ടുണ്ടാകും. പറഞ്ഞ് ഉപ്പ വായിന്ന് നാക്കെടുത്തില്ല - മജിദ് ഓടി വിട്ടിലെത്തി, അക്കച്ചാ, റാമണ്ണ റൈ ജയിച്ചു ! കേന്ദ്രം ആർക്ക് കിട്ടിയാലെന്ത് ? കിട്ടിയില്ലെങ്കിലെന്ത് !  അവൻ അതും പറഞ്ഞു ഉമ്മാനോട് വിശേഷങ്ങൾ പറഞ്ഞ് ഇറങ്ങി നടന്നു.

എത്രയെത്ര കുട്ടിക്കാല ഓർമ്മകൾ ! നിറം പിടിച്ചതും നിറക്കൂട്ടുള്ളതും. ആർക്കും പിടുത്തം കൊടുക്കാത്ത ഒരു ജീവിതം. ആ കുട്ടിക്കാലോർമ്മയിലേക്ക് പിന്നൊരിക്കൽ പോകാം.

മജിദ് ചെറുപ്പത്തിൽ തന്നെ പ്രവാസിയായി. കുറെ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി സജീവമായി. രാഷ്ട്രീയം കേട്ടും വായിച്ചും അവൻ ഏറെ പഠിച്ചു. നന്നായി സംവദിക്കാനുമറിയാം. CPM കാൻഡിഡേറ്റ് അംഗം, സ്ഥിരാംഗം, ബ്രാഞ്ച് സിക്രട്ടറി, ലോക്കൽ കമ്മറ്റി അംഗം അങ്ങനെ ഒരു വശത്ത്.   സ്പോർട്സ് ക്ലബ്ബിൽ സജീവമാകുന്നതിന് മുമ്പ് സ്വന്തമായി കളിയും മറ്റും സംഘാടനം നടത്തി അതിൽ ഒരു പരിശിലനം. സംഘം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ തുടക്കം മുതൽ മജിദുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സ്കൂൾ പിടിഎയിലും ഒരു കാലത്ത് അവൻ സജിവമായിരുന്നു. GHSS ന്റെ PTA പ്രസിഡന്റ് പദവിയും കുറഞ്ഞ കാലം അലങ്കരിച്ചിട്ടുണ്ട്.

എന്റെ ഉമ്മയ്ക്ക് ഏറ്റവും സ്നേഹമുള്ള പയ്യനായിരുന്നു മജീദ്. ആരോട് തട്ടിന് മുട്ട് പറഞ്ഞാലും എന്റുമ്മാനെ അവൻ ഏറെ ബഹുമാനാദരവോടെയാണ് കണ്ടിരുന്നത്. ഉമ്മാനെ അവൻ  ക്ഷമിച്ചിരുന്നു കേൾക്കുമായിരുന്നു. എല്ലാം കേട്ടു ചിരിച്ചു മൂളി അവൻ സ്ഥലം കാലിയാക്കും.

അഞ്ചാറ് വർഷം മുമ്പ്.  ഒരു അസ്വാഭാവിക മരണം നാട്ടിൽ നടന്നു. അതിന്റെ പേപ്പർ വർക്കുകളും നടപടി ക്രമങ്ങളും പൂർത്തിയാക്കാൻ എന്നെയാണ് ബന്ധപ്പെട്ടവർ ഏൽപ്പിച്ചത്. എന്നെ സഹായിക്കാൻ ഒന്നു രണ്ട് പേരെ ഞാൻ വിളിച്ചു. അവർ ചെറിയ അലംഭാവം കാണിക്കുന്നത് പോലെ സംസാരത്തിൽ നിന്ന് മണത്തു.  മജിദിനോട് വിഷയം പറഞ്ഞു - അതിന്റെ തുടക്കം മുതൽ അവസാനം വരെ എന്റെ പഴയ അയൽക്കാരനായി അവസാനം വരെ എന്റെ കൂടെ ഉണ്ടായിരുന്നു.

ഇയിടെയായി മജീദ് ഒന്നിലും സജിവമല്ല. രാഷ്ടിയത്തിലോ സാമൂഹ്യപ്രവർത്തനങ്ങളിലോ കായിക സംഘാടനത്തിലോ ഒന്നും എവിടെയും ഞാൻ മജിദിനെ കണ്ടില്ല. പൊലിമയിൽ പോലും അവന്റെ സാനിധ്യമുണ്ടായില്ല. എല്ലാത്തിൽ നിന്നും പതുക്കെപ്പതുക്കെ ഒരൊഴിഞ്ഞു മാറ്റം പോലെ.  പക്ഷെ, അതുകൊണ്ടൊന്നും മജീദ് ഞങ്ങൾക്ക് ഞങ്ങളുടെ മജിദല്ലാതാകുന്നില്ലല്ലോ.

ഈ കുറിപ്പ് നിർത്താം. മരണം സുനിശ്ചിതമാണ്. രോഗം, അപകടങ്ങൾ ചില കാരണങ്ങളാണ്. അമ്പത് വയസ്സ് പോലും പൂർത്തിയാകാത്ത മജിദിനെ രോഗങ്ങൾ ശല്യപ്പെടുത്തിയിരുന്നു എന്നുമറിയാം. എന്തോ, അവന്റെ വേർപാട് ഉൾക്കൊള്ളാനാകാത്ത മാനസികാവസ്ഥയാണ് നൽകുന്നത്.  എസ്. അബൂബക്കർ ഇന്നലെ വൈകിട്ട് വിളിച്ചപ്പോഴും, മൂത്ത പെങ്ങളുടെ തൊട്ടടുത്ത വിളിയിൽ അവന്റെ മരണ ദൂതായിരിക്കുമെന്ന് സത്യം, സ്വപ്നേപി വിചാരിച്ചിരുന്നുമില്ല.

പ്രിയപ്പെട്ട മജിദ്, നിന്റെ ഓർമ്മകൾ അയൽക്കാരായ ഞങ്ങളുടെ മനസ്സുകളിൽ എന്നുമെന്നുമുണ്ടാകും. ആ ഓർമ്മകൾ മക്കളിലൂടെ പറഞ്ഞ് കേൾക്കാനും വായിക്കാനും കൂടിയാണ് ഈ കുറിമാനം.

നാഥാ, മജീദിന്റെ പാപങ്ങൾ പൊറുക്കണേ, അവന്റെ ഉമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കും ഈ വേർപാട് താങ്ങാനുള്ള ക്ഷമ നീ പ്രദാനം ചെയ്യണേ, മജീദിന് പാപമോചനം നൽകേണമേ, ആമിൻ യാ റബ്ബ്. 

ഉപ്പാ, മയ്യത്ത് നിസ്ക്കരിക്ക്ന്ന് ല്ലേ? ഒന്നുമറിയാത്ത കുഞ്ഞു വായിൽ റിയു മുത്താഴത്തിനിടയിൽ ചോദിച്ചു.  എന്റെ അയൽക്കാരന് വേണ്ടി മറഞ്ഞ മയ്യത്ത് നിസ്ക്കരിക്കാൻ എന്റെ മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു. യെസ്, നാളെയാണ് ഖബറക്കം.   നമുക്ക് റൂമിൽ ഞായറാഴ്ച രാത്രി ഒന്നിച്ച്   മയ്യത്ത് നമസ്ക്കരിക്കാം.⏹️
ZiyaZiyaZiyauddin PerumbalabaSabah MavilaeaAjmal Ajju

No comments:

Post a Comment