Wednesday 28 August 2019

*പട്ലസ്കൂളിന്* *നാല് ഡിവിഷൻ കൂടി* *ച്ചാൽ, മൂന്ന് നാല് അധ്യാപകർ* *കൂടുതലായി വരും* / അസ്ലം മാവിലെ

*പട്ലസ്കൂളിന്*
*നാല് ഡിവിഷൻ കൂടി*
*ച്ചാൽ, മൂന്ന് നാല് അധ്യാപകർ*
*കൂടുതലായി വരും*
.............................

അസ്ലം മാവിലെ
.............................

മുമ്പൊരുകാലം, ആകെ ഒരു ഡിവിഷൻ. ഓരോ ക്ലാസ്സിലും  40 ഉം അധികവും  കുട്ടികൾ കാണും. ക്ലാസ്സുകളിലധികവും പിള്ളേരുടെ കലാപരിപാടികളായിരിക്കും നടക്കുക. ഒരു ഭാഗത്ത് കടലകച്ചോടം, പുളുങ്കുരു ചില്ലറ വ്യാപാരം, ഗഡ്ഡി ഇടപാട്, പുസ്തത്താള് പറിച്ച് മറിച്ച് വിൽക്കൽ, ജനൽ ചാട്ടം, പല്ലിക്കുത്ത്, പഞ്ചഗുസ്തി. അന്ന് പിള്ളേരെയും കുറ്റം പറയാൻ പറ്റില്ല. പല ക്ലാസ്സുകളിലും ആവശ്യത്തിന് അധ്യാപകരുണ്ടാകില്ല.  ഇതിനൊക്കെ സാക്ഷിയായി ഒരു ഹെഡ്മാഷ് നിലാവെട്ടത്തെ കുക്കുടം പോലെ ഒരു ചൂരൽ പിടിച്ചു വരാന്തയിൽ ഉലാത്തുന്നുണ്ടാകും.

അന്ന് ചില അധ്യാപകരുടെ  വരുന്ന വരവ് കണ്ടാൽ ഏപ്രിൽ, മെയ് മാസത്തിലാണ് സുപ്രധാന ക്ലാസ്സുകളെന്ന് തോന്നി പോകും. കാരണമെന്തെന്നോ ?  ജനുവരിയിൽ ഒന്നു രണ്ടെണ്ണം താഴെയുള്ള സ്റ്റെപ് കയറി വരും. വന്ന തെക്കൻ മാഷന്മാർക്കും മാഷ്ടത്തികൾക്കും നമ്മുടെ പിള്ളരുടെ തൂയിന്റെ ഒട്ടക്ക് ഉണ്ടോച്ചറ് നൂത്തിയതും ദബ്ബണ്ണം കാൽക്ക് കേറീറ്റ് കീഞ്ഞിറ്റ് പാഞ്ഞെതും കേട്ട് കഥയറിയാതെ ചിരിക്കാനേ നേരവുമുണ്ടാകൂ.  പിന്നെ പൊതുവെ വടക്കരോട് ഒരു പുഞ്ഞവും.  കുറച്ചാഴ്ച കഴിഞ്ഞാൽ ലോങ്ങ് ബെല്ലടിച്ച് സ്കൂൾ മൊത്തം വേനൽകാല അവധിയിൽ കയറും.

ഇപ്പഴോ ? ആകെ മാറിയില്ലേ ? കാലചക്രത്തിന്റെ പ്രയാണത്തിൽ മാറ്റങ്ങൾ വേണ്ടി വന്നു. അതോടെ പട്ല സ്കൂളിൽ മാഷന്മാരുടെ ആധിക്യം തന്നെ ഉണ്ടായി. ചുറ്റുമ്പ്രദേശത്തെ അധ്യാപകർ  സ്കൂളിൽ ജോയിൻ ചെയ്യാൻ തുടങ്ങിയതും വലിയ മുതൽ കൂട്ടുമായി.

എത്രയാന്നറിയോ ഇപ്പം ഓരോ ക്ലാസ്സിലും ഡിവിഷൻസ് ? ഇന്നലെ കേട്ടത് UP വിഭാഗത്തെ ഓരോ ക്ലാസ്സും 4 ഡിവിഷനാക്കുകയാണ് എന്നാണ്. മുമ്പ് മൂന്നായിരുന്നു. ഇപ്പഴ് നിലവിലുള്ള  31 ഡിവിഷൻ 35 ആയി മാറും. ഇനി അവരെ പഠിപ്പിക്കാൻ മൂന്നാല് അധ്യാപകരും  Extra വരും.

പ്രധാനാധ്യാപകന്റെയും PTA യുടെയും അശ്രാന്ത പരിശ്രമഫലമാണിതൊക്കെ. ഈ അഡീഷണൽ ഡിവിഷനോടെ തിങ്ങി ഞെരുങ്ങിപ്പഠിക്കുന്ന ക്ലാസ്സുകൾ ഇനി up യിൽ ഉണ്ടാകില്ല. 1:30 എന്ന സർക്കാർ നോംസ് പ്രകാരമുള്ള അധ്യാപക : വിദ്യാർഥി  അനുപാതം  അക്ഷരം പ്രതി ആവുകയാണ് നമ്മുടെ സ്കൂളിലെ UP സെക്ഷനിലും. ഇതോടെ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കാൻ അധ്യാപകർക്കുമാകും.

എനിക്ക് പറയാനുള്ളത് മറ്റു ലെയറുകളിൽ ഈ അനുപാതം പാലിക്കപ്പെടുന്നില്ലെങ്കിൽ അതും കൂടി സ്കൂൾ നേതൃത്വം ശ്രദ്ധിക്കുമല്ലോ.

നമ്മുടെ സ്കൂളിൽ ഇക്കൊല്ലം മുതൽ ചിത്രരചനയ്ക്ക് മാത്രം ഒരു അധ്യാപകന്റെ നിയമനം വന്നു കഴിഞ്ഞു. ഈ സ്കൂൾ ചരിത്രത്തിൽ ആദ്യമായിട്ടാണിത്. അതിന്റെ ഒരു നല്ല മാറ്റവും ഇനി പിള്ളരിൽ  കാണുമെന്ന് കരുതാം. വണ്ടിന്റെ ചിത്രം കോറാൻ ഒരു ജീവനുള്ള വണ്ടുമായി ക്ലാസ്സിലെത്തി അതിനെ വെള്ളപ്പേപ്പറിൽ നിർത്തി വരക്കാൻ അനുഭവിച്ച പെടാപ്പാട് ഇത്തരുണത്തിൽ ഓർത്തു പോകുന്നു. മില്ലിപ്പേഡും സെന്റിപ്പേഡും ( ചേർട്ടയും ബാൽത്തേളും) ഒരു മെയ്തിൻ മാഷിന്റെയോ മറ്റോ കാരുണ്യത്തിൽ വരച്ചൊപ്പിച്ചതാണ് ഞങ്ങളുടെയൊക്കെ സ്കൂൾ കാലങ്ങളിലെ വലിയ വൈകല്യം ബാധിക്കാതെ വരച്ചു തീർത്ത പെൻസിൽ ഡ്രോയിംഗുകൾ എന്ന് കൂട്ടത്തിൽ പറയട്ടെ. ഒരു കൊല്ല പരീക്ഷയ്ക്ക്  ഒരു വിദ്വാൻ വരച്ചത് ചെവി വരച്ചത് തൊട്ടപ്പുറത്തിരിക്കുന്നവന്റെ ചെവിക്ക് മൊത്തം മഷി പുരട്ടി അവന്റെയും ഇവന്റെയും  ഉത്തരക്കടലാസിൽ ചെരിഞ്ഞ് തലവെച്ചായിരുന്നു ! ആഹ്,  അത് വിട്ടേക്ക്.

വർക്ക് എക്സ്പീരിയൻസ്, ഫിസിക്കൽ ട്രൈനിംഗ്‌, കൗൺസിലിംഗ് ഇവയ്ക്ക് വേറെ വേറെ തന്നെ അധ്യാപകർ നമ്മുടെ സ്കൂളിൽ നിലവിലുണ്ട്. ഇനി ഒരു മ്യൂസിക് ടീച്ചർ കൂടി എത്തിയാൽ സ്കൂൾ ഒന്നു കൂടി കളർഫുള്ളാകും.

അവസാന വാചകം: ഇത്തരം എഴുത്തുകൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഒരു ഭാഗം തന്നെ എന്ന് ഞാൻ കരുതുന്നു.  കാര്യങ്ങൾ വേണ്ട നേരത്ത് പൊതു മനസ്സിനെ അപ്ഡേറ്റു ചെയ്യുക എന്നത് പ്രസ്തുത വിഷയത്തിലുള്ള സാക്ഷരതാ ഉദ്യമം തന്നെയാണ്.

No comments:

Post a Comment