Wednesday 28 August 2019

*ത്യാഗോജ്ജ്വലമായ* *ഓർമ്മ പുതുക്കൽ* /A M P


*ത്യാഗോജ്ജ്വലമായ*
*ഓർമ്മ പുതുക്കൽ*
............................
http://www.kasargodvartha.com/2019/08/about-eid-al-adha.html?m=1
അസ്ലം മാവിലെ 
.............................

ത്യാഗോജ്ജലമായ ഓർമ്മ പുതുക്കലാണ് ബലിപെരുന്നാൾ. ചൂടിനും തണുപ്പത്തും വസന്തത്തിലും വസന്തമൊഴിഞ്ഞ നേരത്തും പെരുന്നാളെത്തും. അങ്ങിനെയാണ് ഹിജ്റ മാസങ്ങളുടെ വരവു പോക്കുകൾ.

ഈദ് നാമാഘോഷിക്കുക. ഈദാഘോഷങ്ങൾക്ക് പരിധി കൂടുക, കുറയുക എന്നൊന്നില്ല. അതൊരു പ്രകീർത്തന ദിവസമാണ്.  അന്നേ ദിവസമാണ് പതിവിലും കൂടുതൽ പ്രാർഥനകൾ, പ്രകീർത്തനങ്ങൾ ഉരുവിടുന്നത്. അന്നാണ് രോഗികളെ സന്ദർശിക്കാൻ നാം തിടുക്കം കൂട്ടുന്നത്. ബന്ധുവീട്ടിൽ പോകുന്നത്, അയൽപ്പക്കങ്ങൾ സന്ദർശിക്കുന്നത്.

മറ്റു ദിവസങ്ങളിൽ നിന്ന് ഒരു വ്യത്യാസമുണ്ട്, ഈദ് നാളിൽ പുതുവസ്ത്രം ധരിക്കുന്നു. പുതുമണം പുരട്ടുന്നു. അതാര് വേണ്ടന്ന് പറഞ്ഞാലും ഒഴിവാക്കരുത്.

ഈദിന്റെ പേരിൽ  എവിടെ എങ്കിലും കാണുന്ന കോലാഹലങ്ങൾ ? അത് പ്രളയമായാലും വരൾച്ചയായാലും പാടില്ലാത്തതല്ലേ ? അതാരും ഈദാഘോഷത്തിന്റെ കൂടെ വരവു വെക്കാറുമില്ല. അതൊക്കെ എക്സാട്രാ ഫിറ്റിംഗ്സാണ്.  പക്ഷെ, അവ കൂടി പെരുന്നാളിന്റെ ഭാഗമെന്ന് തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് ആർഭാടം ഇക്കുറി വേണ്ടെന്ന് പലരും പറയുന്നതെന്ന് തോന്നുന്നു.

എല്ലാ ഈദ് നാളിലും ഈദ് മുസല്ലകളിലും പള്ളികളിലും ഖത്വീബുമാർ  പാവങ്ങൾക്കും പ്രയാസപ്പെടുന്നവർക്കും പ്രതിസന്ധിയിൽ അകപ്പെട്ടവർക്കും വേണ്ടിയാണ് അധിക നേരം  പ്രാർഥിക്കുന്നത്.  നാം ആമീൻ പറയുന്നതും.  ഈ ഈദ് നാളിലും പ്രളയം കൊണ്ട് പ്രയാസപ്പെടുന്നവർക്ക് വേണ്ടി, ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് വേണ്ടി, വീടും കുടിയും കൃഷിയും കച്ചവടസ്ഥാപനങ്ങളും പോയ്പ്പോയവർക്കു വേണ്ടിയും ആസ്പത്രിയിൽ കഴിയുന്നവർക്ക് വേണ്ടിയും മനമുരുകി പ്രാർഥിക്കാം. 

ഇബ്രാഹീമീ ഓർമ്മകൾ ദീപ്തമാക്കുന്ന  ബലിപെരുന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം എല്ലാവരും പെരുന്നാളാഘോഷിക്കുക. ഒപ്പം, നാമൊരുക്കൂട്ടിയ സമ്പാദ്യത്തിൽ നിന്നൽപം പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി മാറ്റി വെക്കുക.  അടുത്തെവിടെയെങ്കിലും ദുരിത ബാധിതർ ഉണ്ടെങ്കിൽ അവരെ  ഈദ് നാളിലും ശേഷം ദിവസങ്ങളിലും സന്ദർശിക്കാനും സഹായിക്കാനും മനസ്സ് പാകപ്പെടുത്തുക. അവർക്ക് വസ്ത്രങ്ങൾ നൽകുക, ഭക്ഷണമെത്തിക്കുക.. ശുചീകരണ പ്രക്രിയയിൽ ഭാഗമാകുക.  അതാകും ഈ പെരുന്നാളിനെ  ഒരുപക്ഷെ കൂടുതൽ വർണ്ണശബളമാക്കുക എന്ന് ഞാൻ കരുതുന്നു.   

തഖബ്ബലല്ലാഹു മിന്നാ വ മിൻകും. എല്ലവർക്കും ഹൃദ്യമായ ഈദാശംസകൾ !

No comments:

Post a Comment