Monday 19 August 2019

ഉമ്മയില്ലാത്ത* *ആദ്യ പെരുന്നാൾ* / അസ്ലം മാവിലെ

*ഉമ്മയില്ലാത്ത*
*ആദ്യ പെരുന്നാൾ* / അസ്ലം മാവിലെ

പെരുന്നാളിന്റെ വരവറിയിച്ച് വഴി നീളെ തക്ബീർ വിളിയുമായി കുഞ്ഞുമക്കൾ നടന്നു നീങ്ങുമ്പോഴും
ഉമ്മ അടുക്കളയിൽ തിരക്കിലായിരിക്കും. ആ തിരക്ക് പാതിരാവും കഴിഞ്ഞ് ...

പലഹാരങ്ങൾ നിർബന്ധം.
അതിന്ന വിഭവങ്ങൾ തന്നെയാകണമെന്നതും.
പെരുന്നാളിനും പിറ്റെന്നാളും അതും കഴിഞ്ഞ് ഒരു പാടുനാളും അവ ബാക്കിയാകുമെന്നുറപ്പാകുവോളം  ഉമ്മ സുബഹ് ബാങ്ക് കേൾക്കും വരെ അടുക്കളയിൽ അടുപ്പിൽ കനലായും തീയായും പുകയായും ഉണ്ടാകും.

സുബഹ് നിസ്ക്കരിച്ചു അതേ ഉന്മേഷത്തോടെ ഉമ്മ ഞങ്ങൾക്ക് വിളമ്പി തരും. കണ്ണുകൾ കരുവാളിച്ചത് ഉമ്മ തട്ടം കൊണ്ട് മറച്ചിരിക്കും. ഉറക്കച്ചടവും അതിന്റെ കൂടെ ഒളിച്ചിരിന്നിട്ടുണ്ടാകും.

എത്രയെത്ര പെരുന്നാളുകൾ !
പ്രവാസ കാലത്തും ഫോൺ തലപ്പത്ത് എന്നെ കാത്തിരിക്കുന്ന ഉമ്മ
നാട്ടിലുളളപ്പോൾ പെരുന്നാൾ നിസ്ക്കാരം കഴിഞ്ഞൽപ്പം വൈകിയാൽ വഴിക്കണ്ണുമായ് ഉമ്മറപ്പടിയിൽ നിൽക്കുന്ന ഉമ്മ
ഇന്നിടത്തൊക്കെ പോകണമെന്ന് ആദ്യം വാത്സല്യത്തോടെയും പിന്നെ കാർക്കശ്യത്തോടെയും പറഞ്ഞയക്കുന്ന ഉമ്മ അതിനിടയിലെപ്പോഴോ തിരക്ക് പിടിച്ച് ധരിച്ച ഉമ്മയുടെ വസ്ത്രങ്ങൾ ഒരിക്കലും നേരെ ചൊവ്വയായിരിക്കില്ല.  പിന്നീടതെത്ര ശരിയാക്കിയാലും ശരിയാവുകയുമില്ല.

അങ്ങനെ എത്രയെത്ര പെരുന്നാളുകൾ. ഉമ്മസ്പർശം മാത്രം നിറഞ്ഞ പെരും പെരുന്നാളുകൾ....  ഓർമ്മകൾ കനപ്പിച്ച്,
ഉമ്മയില്ലാത്ത എന്റെ, ഞങ്ങളുടെ, 
ആദ്യ പെരുന്നാൾ ഇന്ന് കഴിഞ്ഞു. ▪

No comments:

Post a Comment