Wednesday 28 August 2019

ചന്നിക്കൂടൽ* *മുഹമ്മദ് കുഞ്ഞി സാഹിബ്* *ആൾക്കൂട്ടത്തിലെ* *വേറിട്ട സേവന പ്രവർത്തകൻ* / അസ്ലം മാവിലെ

*ചന്നിക്കൂടൽ*
*മുഹമ്മദ് കുഞ്ഞി സാഹിബ്*
*ആൾക്കൂട്ടത്തിലെ*
*വേറിട്ട സേവന പ്രവർത്തകൻ*
............................

അസ്ലം മാവിലെ
............................

എന്റെ ഉപ്പയുമായി നല്ല ബന്ധങ്ങൾ സൂക്ഷിച്ചിരുന്നവരെ കുറിച്ച് പറയാനും എഴുതാനും എനിക്കെപ്പോഴും നൂറ് നാക്കാണ്. ഇന്ന് മരണപ്പെട്ടുപോയ ചെന്നിക്കൂടൽ മുഹമ്മദ് കുഞ്ഞി സാഹിബ് അവരിൽ ഒരാളാണ്.

മമ്മദുൻച്ചാനെ അറിയാത്തവരാരുമുണ്ടാകില്ല പട്ലയിൽ. അത്ര സുപരിചിതനാണദ്ദേഹം. കോൺഗ്രസ്സ് പ്രവർത്തകൻ എന്നതിലുപരി ഒരു നല്ല സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം.

സേവനരംഗത്ത് ഓരോരുത്തർക്കും ഓരോ വഴിയാണ്. എല്ലാവരുടെയും പ്രവർത്തനങ്ങൾ ഒരേ പോലെ ആകണമെന്ന് നാം വാശി പിടിക്കുന്നത് അബദ്ധമാണ്. അത് കൊണ്ട് തന്നെ ചെന്നിക്കൂടൽ മമ്മദുൻച്ചാന്റെ സേവനരംഗത്തെ വഴി ഒന്നും വേറെത്തന്നെയാണ്.

നാം ഒരു പക്ഷെ, വളരെ നിസ്സാരമെന്ന് കരുതിന്നിടത്താണ് അദ്ദേഹമിടപ്പെട്ടിരുന്നത്. ഒന്നുകിൽ വില്ലേജ് ആഫീസിൽ അത്യാവശ്യം ചെയ്ത് തീർക്കേണ്ട വിഷയമാകാം,  അല്ലെങ്കിൽ പഞ്ചായത്താപ്പിസിൽ. എന്തെങ്കിലും ഒരു സർടിഫിക്കറ്റ്, നികുതി സംബന്ധമായത്, സ്ഥലമളപ്പുമായി ബന്ധപ്പെട്ടത്, മറ്റെന്തിലും ഒഴിവാക്കാൻ പറ്റാത്ത രേഖകൾ മിസ്സായത്, LC കോളനിയിലെ  കുടിൽ ജ്യോതി , അല്ലെങ്കിൽ തെരുവു വിളക്ക് ... അങ്ങിനെ എന്തെങ്കിലും ഒരു വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടാൽ, ആരെങ്കിലും ശ്രദ്ധയിൽ പെടുത്തിയാൽ മമ്മദുൻച്ച അതിനൊരു പരിഹാരം കാണുന്നത് വരെ ബന്ധപ്പെട്ട ഓഫീസിന് മുന്നിൽ കുടയും പിടിച്ചിരിപ്പുണ്ടാകും. അകത്ത് നിന്ന് പുറത്ത് പോകുന്ന ഏത് ഉദ്യോഗസ്ഥനെ കണ്ടാലും മമ്മദുൻച്ച പിന്നാലെക്കൂടിക്കൂടി  കാര്യം കാണുന്നത് വരെ അവരെ "ശല്യം" ചെയ്തു കൊണ്ടേയിരിക്കും.

എനിക്ക് തോന്നുന്നത്, മധൂർ വില്ലേജ്, പഞ്ചായത്ത്, കൃഷിഭവൻ, ബ്ലോക്ക് ഓഫീസുകളിൽ ഏറ്റവും പരിചിതരായ പട്ലയിലെ ചുരുക്കം ചില മുഖങ്ങളിൽ ഒരാൾ ചെന്നിക്കൂടൽ മമ്മദുൻച്ച ആയിരിക്കും. കാരണം, ഞാൻ നടേ പറഞ്ഞത് തന്നെ. മുമ്പൊക്കെ കൃഷിഭവനിൽ വല്ല വിത്തോ തയ്യോ വളമോ വന്നാൽ ആദ്യം അറിയുക ഇദ്ദേഹമായിരിക്കും, അതിന്റെ കാരണവും അവിടങ്ങളിലെ നിത്യസന്ദർശനം തന്നെ. ബസ്സിറങ്ങി സ്വന്തം വീടെത്തുവോളം കണ്ടവരോടൊക്കെ അദ്ദേഹം ഈ മെസ്സേജ് കൈ മാറിക്കൊണ്ടേയിരിക്കും.

ഞാൻ മനസ്സിലാക്കുന്നത് പട്ലയിലെ അംഗനവാടിയുടെ ഇന്നത്തെ നല്ല നിലയിലുള്ള ചുറ്റുപാടിന് ഒരു കാരണക്കാരൻ ചെന്നിക്കൂടൽ മമ്മദുൻച്ച എന്നാണ്. പൊടി മക്കളുടെ ക്ഷേമം മാത്രം ഉദ്ദേശിച്ചു അംഗനവാടിക്ക് വേണ്ടി നടത്തിയ  അദ്ദേഹത്തിന്റെ  ഇടപെടലുകൾ എന്നും സ്മരിക്കപ്പെടുക തന്നെ ചെയ്യും.

1999 ന് മുമ്പ് കാലം കൂടി ഓർക്കട്ടെ. ബസ്സിറങ്ങുമ്പോഴും കയറുമ്പോഴും  മധൂർ എൽ പി സ്കൂളിന് മുന്നിലായി പട്ല റോഡിന് ഓരത്ത് ഉണ്ടായിരുന്ന എന്റുപ്പാന്റെ കടയിൽ ഒന്ന് കയറി അദ്ദേഹം ഉപ്പാനോട് മിണ്ടാത്ത ദിവസങ്ങളുണ്ടാകില്ല. എന്തെങ്കിലും വിശേഷങ്ങൾ അവർക്ക് കൈ മാറാനുണ്ടാകും. എപ്പം കണ്ടാലും ഉപ്പാന്റെ നല്ല ഓർമ്മകൾ അദ്ദേഹം  എന്നോട് പങ്കുവെക്കുമായിരുന്നു. കുഞ്ഞിപ്പള്ളിയിൽ നോമ്പു തുടങ്ങുന്നതിന് ഒന്നൊന്നര മാസം മുമ്പ് മമ്മദുൻച്ചാനെ കണ്ട് മിണ്ടിയതൊക്കെ ഇന്നലെ നടന്നത് പോലെ.

പൊലിമ ദിനങ്ങളിൽ പൂമുത്ത് നടന്ന "വായ്പ്പാട്ട് പൊലിമ" സദസ്സിൽ അദ്ദേഹം ദീർഘ നേരം,  ആ ആസ്വാദനസ്സദസ്സ് തീരുവോളം പഴയകാല ഓർമ്മപ്പാട്ടുകൾ താളമിട്ട് ആസ്വദിച്ചതൊക്കെ മനസ്സിൽ കടന്നു വരുന്നു. വളരെ നല്ല വാക്കുകളിലാണ് അദ്ദേഹം അതിനെ കുറിച്ച് ഇടക്കിടക്ക് ഞങ്ങളോട്  സംസാരിച്ചിരുന്നത്.

മരണം ആരുടെയും വിളിപ്പാടകലെയാണല്ലോ. ഇന്ന് ഉച്ചയോടെ അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു. അദ്ദേഹത്തിന്റെ വേർപാട് വാർത്തയറിഞ്ഞ് മണിക്കൂറുകൾ കഴിയുന്നതിന്  മുമ്പാണ് മമ്മദുൻച്ചാന്റെ പ്രിയപ്പെട്ട ഉമ്മയും മരണപ്പെടുന്നത്. ഇരുവർക്കും അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ എന്ന് പ്രാർഥിക്കുന്നു. ഇരുവരുടെയും വേർപാടിൽ ദു:ഖ സാന്ദ്രരായി കഴിയുന്ന കുടുംബാംഗങ്ങൾക്ക് പടച്ചവൻ ക്ഷമയും സഹനവും നൽകുമാറാകട്ടെ. നമ്മിൽ നിന്നു വിട്ടുപിരിഞ്ഞ നമ്മുടെ മാതാപിതാക്കൾക്കും അല്ലാഹു മഗ്ഫിറത്തും മർഹമത്തും  നൽകി സ്വർഗം കൊണ്ടനുഗ്രഹിക്കുമാറാട്ടെ, ആമിൻ. 25-7-19

No comments:

Post a Comment