Sunday 11 August 2019

അടിയന്തിര സാഹചര്യങ്ങളിൽ മനുഷ്യത്വസമീപനമാണാവശ്യം ആരുടെ ഭാഗത്തു നിന്നായാലും /. അസ്ലം മാവിലെ


*അടിയന്തിര സാഹചര്യങ്ങളിൽ*
*മനുഷ്യത്വസമീപനമാണാവശ്യം*
*ആരുടെ ഭാഗത്തു നിന്നായാലും*
.........................
അസ്ലം മാവിലെ
.........................

ഏതാനും ആഴ്ചകൾ മുമ്പ് കാസർകോട് ഒരു സ്കൂളിൽ മോഡൽ പരീക്ഷ നടന്നു കൊണ്ടിരിക്കെ  കോപ്പിയടിക്കാൻ ശ്രമിക്കവേ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകൻ ഒരു വിദ്യാർഥിയെ കയ്യോടെ പിടിച്ചു. വിദ്യാർഥി തിരിച്ചു ചെയ്തതാകട്ടെ  ഏറ്റവും വലിയ ക്രൂരതയും, കുറ്റം ഏറ്റു പറഞ്ഞു മാപ്പ് ചോദിക്കുന്നതിന് പകരം ആജാനുബാഹുവായ ആ അധ്യാപകനെ പ്രതിരോധിക്കാനോ പ്രഹരത്തിൽ നിന്ന് രക്ഷപ്പെടാനോ സാവകാശം നൽകാത്ത വിധം ആ വിദ്യാർഥി, മറ്റു വിദ്യാർഥികളെ കാഴ്ചക്കാരാക്കി ക്രൂരമായി മർദ്ദിച്ചു കളഞ്ഞു. വലിയ വിവാദമായ സംഭവമായിരുന്നു അത്. പിന്നാലെ എത്തിയ പിതാവ് വാക്ശരങ്ങൾ കൊണ്ട് നിർദ്ദോശിയായ അധ്യാപകനെ അവഹേളിക്കുവാനും ശ്രമിച്ചു. അന്ന് കേരളത്തിന്റെ മുക്കുമൂലകളിൽ നിന്നും വിദ്യാർഥിക്കും രക്ഷകർത്താവിനുമെതിരെ വലിയ തോതിലായിരുന്നു പ്രതിഷേധമുണ്ടായത്. 

ഇന്നലത്തെ വാർത്ത മറ്റൊന്ന്. അതാകട്ടെ  പരീക്ഷാ ഹാളിൽ നിന്ന് തന്നെയും. പക്ഷെ, വില്ലൻ ഇവിടെ  ഒരധ്യാപികയാണ്.

സ്ഥലം കടയ്ക്കൽ ഗവ. സ്കൂൾ.
ചൊവ്വാഴ്ച എസ്.എസ്.എൽ.സി. പരീക്ഷയ്ക്കിടെ  ഒരു കുട്ടിക്ക് കലശലായ വയറു വേദന അനുഭവപ്പെട്ടു. ഡ്യൂട്ടിയിലുള്ള ഗുരുനാഥയോട് അവൻ കാര്യം പറഞ്ഞു - മലമൂത്ര വിസർജനം നടത്തണം, ശൗചാലയത്തിൽ പോകാൻ അനുമതി വേണം.

എന്നാൽ പരീക്ഷ സമയം ഇത് അനുവദനീയമല്ല എന്നും പരീക്ഷ കഴിഞ്ഞു പോയിക്കൊള്ളൂ എന്നും  അധ്യാപിക മറുപടി നൽകി. അതു സ്വാഭാവിക നടപടി. നിരവധി തവണ വിദ്യാർത്ഥി ഇക്കാര്യം ആവർത്തിച്ചെങ്കിലും കുട്ടിയുടെ ആ വിഷമഘട്ടം  മനസ്സിലാക്കാനോ പ്രസ്തുത വിഷയം ഉടനെ  പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനോ  ഉള്ള സാമാന്യബുദ്ധിയോ തിരിച്ചറിവോ ദീനാനുകമ്പയോ  ആ അധ്യാപികക്കുണ്ടായില്ല എന്നതാണ് പ്രശ്നത്തിന്റെ മർമ്മം.

തുടർന്ന് പരീക്ഷയെഴുതാൻ പറ്റാത്തവിധം അവശനായ ആ ഭാഗ്യംകെട്ട വിദ്യാർത്ഥി   വേറൊരു നിവൃത്തിയുമില്ലാതെ പരീക്ഷാഹാളിൽ തന്നെ മലമൂത്രവിസർജനം നടത്തി എന്നാണ് പത്രവാർത്ത! അവനറിയാമായിരുന്നോ എന്തോ,  താനിത് ചെയ്താൽ  സഹപാഠികൾക്കും നാട്ടുകാർക്കും മുന്നിൽ  തുടർന്നുള്ള കാലം മുഴുവൻ  പരിഹാസ കഥാപാത്രമാകുമെന്ന്. തന്റെ കുടുംബത്തിനത് മൂലം പേര് ദോശമുണ്ടാകുമെന്ന്. തന്റെ അഭിമാനമാകെ  നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന്. പക്ഷെ, പരീക്ഷാ ഹാളിൽ  അസുഖവും അസ്വസ്ഥതയുമുണ്ടാവുക എന്നത് അവന്റെ തെറ്റായിരുന്നില്ലല്ലോ.

ബുദ്ധിയും വിവരവും ആവോളമുള്ള വർഷങ്ങളോളം ആയിരക്കണക്കിന് മക്കളുടെ കൂടെ  ഇടപെട്ടും അവരെ പഠിപ്പിച്ചും  പരിചയമുള്ള ഒരധ്യാപികക്കെന്ത്കൊണ്ട് ഇത്തരം (അപൂർവ്വ ) ഘട്ടങ്ങളിലും അവശ്യ ഘട്ടങ്ങളിലും  തന്റെ പ്രയോഗിക ബുദ്ധി  വർക്കൗട്ടാകുന്നില്ല ? മാനുഷിക പരിഗണന നൽകാൻ മനസ്സ് വരുന്നില്ല ?

ഒരു ചോദ്യമുയരുന്നുണ്ട്. കുട്ടി അന്നെഴുതിയ പരീക്ഷയുടെ കാര്യം വിടുക. ഒരധ്യാപികയുടെ മനുഷ്യത്വ രഹിത നിലപാടുമൂലം പരീക്ഷാഹാളിൽ കടുത്ത മാനസികസംഘർഷമനുഭവിച്ച ആ കുട്ടിക്ക് തുടർപരീക്ഷകൾ 
നേരെ ചൊവ്വെ എഴുതാൻ സാധിച്ചിരിക്കുമെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ ?

ഇതൊരു ഒറ്റപ്പെട്ട സംഭവമാകാം. പക്ഷെ, അത് കൊണ്ട് വിഷയത്തിന്റെ ഗൗരവം കുറയുന്നില്ലല്ലോ. അധ്യാപികക്കെതിരെ  മാതൃകാപരമായ അച്ചടക്ക നടപടിയോ നിയമനടപടിയോ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകുമായിരിക്കാം.  അതിലുപരി,  ഇത്തരം ഘട്ടങ്ങളിൽ മനുഷ്യത്വപരമായ സമീപനങ്ങൾ കൈ കൊള്ളുവാനുള്ള ട്രൈനിങ്ങും മാർഗ്ഗനിർദ്ദേശങ്ങളും വിദ്യാഭ്യാസ വകുപ്പിൽ നിന്നാണ് അടിയന്തിരമായുമുണ്ടാകേണ്ടത്. അടിയന്തിര സാഹചര്യങ്ങളിൽ അതിനനുസരിച്ച് ഇടപെടാനുള്ള ബുദ്ധിപരമായ വികാസത്തിനുപകരിക്കുന്ന ഓറിയന്റേഷൻ ക്ലാസ്സുകളാണാദ്യം നമുക്ക് വേണ്ടത്, ബാക്കിയൊക്കെ പിന്നെ.

എല്ലാവർക്കും പരീക്ഷാ ഹാളിൽ വെച്ച് "പ്രകൃതിയുടെ വിളി" വന്നാൽ ഞങ്ങളെന്ത് ചെയ്യുമെന്ന അപ്രസക്ത മറുപടി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകില്ലെന്നെങ്കിലും ഞാൻ പ്രതീക്ഷിക്കട്ടെ.

NB: Tufts University യിലെ അധ്യാപകൻ Mark Sheldon തന്റെ ശിഷ്യന് അയച്ച ഒരു ഇമെയിൽ മറുപടി യിൽ നിന്ന് : Your health Must always Come first. Always prioritize that. If there is an  emergency do not email from a gurney, have the operation and we will figure it out later. 
Other students have been sick before,  including on exam days. In a course  with hundreds of students, someone is sick 100% of time, and there is always someone Missing on Exam. We understand this.  I want to help Such Students, because IIIness is very Common .

അങ്ങിനെയൊരധ്യാപകൻ, അല്ല ഒരുപാടൊരുപാട്. എന്നാൽ  ഇവിടെയൊരധ്യാപികയോ ?   ഒരു വിദ്യാർഥി കൺമുമ്പിൽ എല്ലാ അസ്വസ്ഥതയുമവശതയും കാണിച്ചും താണുകേണപേക്ഷിച്ചും ടീച്ചറുടെ ഹൃദയമരഡിഗ്രി അലിയുന്നുപോലുമില്ല ▪

No comments:

Post a Comment