Sunday 11 August 2019

പ്രതീക്ഷ / അസ്ലം മാവിലെ

പ്രതീക്ഷ
.........................
അസ്ലം മാവിലെ
.........................

തെല്ലകലെ അൽപ നേരത്തേക്ക് മാറി നിന്ന് വീണ്ടും പതിന്മടങ്ങ് ശക്തിയിൽ പരിശ്രമിക്കാനുള്ള ആത്മവിശ്വാസം നൽകുന്ന ആത്മബലമാണ് പ്രതീക്ഷ. 

പ്രതീക്ഷ ഉണർവാണ്. പുലരിയാണ്. പുതുനാമ്പാണ്. പൂമണമാണ്.

മരപ്പൊത്തിൽ കാക്കയെയും കഴുകനെയും  പാമ്പിനെയും പാഞ്ചനെയും കണ്ണ് വെട്ടിച്ച് അടയിരിക്കുന്ന കുഞ്ഞുകുരുവിയിലെ കണ്ണുകളിലും പ്രതീക്ഷയുണ്ട്. ഇരതേടി പോയപ്പോൾ നഷ്ടപ്പെട്ട കന്നിമുട്ടകളധികവും അപഹരിക്കപ്പെട്ടതറിഞ്ഞിട്ടും.

ചിറകിനടിയിൽ കുന്നോളം വന്ന കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞാദ്യനാളിൽ കൂടെയുണ്ടായിട്ടും നാലുനാളിൽ നാല്പതും പോയൊന്നവശേഷിച്ചതിന് ചെറുമണി കൊക്കിലിട്ട് കൂടെ നടത്തിക്കുന്ന തള്ളക്കോഴിയിലും ബാക്കിയാകുന്നത്  പ്രതീക്ഷയാണ് - ഒന്നെങ്കിലും തന്റെ കുലം നിലനിർത്താനതിജീവിച്ച് ബാക്കിയാകുമെന്ന്.

ICU വിൽ അവസാനത്തെ കണ്ണുകളിൽ ജീവനവശേഷിക്കുമ്പോൾ ഭിഷ്വഗ്വരൻ തോളുതട്ടി നമ്മോട് പറഞ്ഞില്ലേ - be patient, there is a ray of hope, അക്ഷമനാകുന്നതെന്തിന് ? പ്രതീക്ഷയുടെ കിരണമിനിയും ബാക്കിയുണ്ടല്ലോയെന്ന്.

തോൽക്കുമെന്നുറപ്പുള്ള സ്ഥാനാർഥിക്കും ജയിക്കില്ലെന്ന തിരിച്ചറിവുളള തൊഴിലാർഥിക്കും പ്രതീക്ഷയാണ് കൈ മുതൽ. അവസാന ബസ്സ് വരെ അവർ വെറുതെയെങ്കിലും കാത്തിരിക്കും.

കടം കൊണ്ട് വഴിമുട്ടിയാളോട് അപരൻ ചോദിച്ചു - ഒരു വഴിയുമില്ലല്ലോ, വീണ്ടും കടം വാങ്ങി കൂട്ടുകയാണോ ? രസികൻ മറുപടി വന്നു : പ്രതീക്ഷയുണ്ട്, ഇന്നലെയും ഞാനൊരു ലോട്ടറി ടിക്കറ്റ് കടം പറഞ്ഞെടുത്തിട്ടുണ്ട് !

ഇരുട്ടറയിൽ ഇരുപത്തിനാല് വർഷം കഴിഞ്ഞ മണ്ടേല സന്ദർശകനോട് പറഞ്ഞത്രെ - ഈ ലോകമിങ്ങിനെയൊന്നുമല്ല, പുറത്തിറങ്ങി വേണമെനിക്കൊന്ന് ശരിയാക്കാൻ.

ഇന്നലെ കാട്ടാന വീട് ചവിട്ടി പ്പൊളിച്ച്  മൂന്നാല് മണിക്കൂർ കൺമുമ്പിൽ, മുൾമുനയിൽ നിർത്തിയപ്പോൾ   സെൽവറാണിയും മോനും  തട്ടിൻപുറത്ത് ചുരുണ്ട് കൂടി,  ബാക്കി മുഴുവൻ ജീവച്ഛവമാക്കി,  കണ്ണുകൾ മാത്രം കരിന്തിരി കത്തിച്ചിരുന്നതിന് പിന്നിലും പ്രതീക്ഷതന്നെയാണ് പ്രതീക്ഷ.

ഒരു രാവും സ്ഥായിയല്ല,  രാവിലെ വരിക തന്നെ ചെയ്യും. ഒരു നൈരാശ്യവും അതിജയിക്കില്ല,  പ്രതീക്ഷ നില നിൽക്കുക തന്നെ ചെയ്യും.

ജീവിതത്തിൽ അത്താണികളുണ്ട് - അതിൽ ഉമ്മ ഒന്നാമത്. അവർ തടവും തലോടും തന്നിലേക്കടുപ്പിക്കും. തകർന്ന മനസ്സിന്നതോടെ വിടുതിയാകും. അവർ പൊയ്പ്പോകുമ്പോൾ പ്രതീക്ഷയുടെ ഹിമാലയം തന്നെ ഇല്ലാതാകുന്നു. വീണ്ടും നമ്മിൽ പ്രതീക്ഷ നാമ്പിടുന്നത് നമ്മുടെ മക്കൾക്കത് നൽകാൻ ഇനി നാമല്ലാതെ മറ്റാരെന്നാലോചന പ്രതീക്ഷാപൂർവ്വം തിരിവെട്ടമുണ്ടാക്കുമ്പോഴാണ്.

പ്രതീക്ഷ ദൈവികമത്രെ. ദൈവസ്പർശമത്രെ !

No comments:

Post a Comment