Monday 19 August 2019

ചിന്നം പിന്നം മഴയത്തും* *"സംഘ"ശക്തി* *ഓർമിപ്പിക്കുന്നത്* / അസ്ലം മാവിലെ

*ചിന്നം പിന്നം മഴയത്തും*
*"സംഘ"ശക്തി*
*ഓർമിപ്പിക്കുന്നത്*
..........................
അസ്ലം മാവിലെ
..........................

കാലവർഷം ഇന്ന് മുതൽ പട്ലയിൽ ആരംഭിച്ചു.  ചിലയിടത്ത് നേരത്തെ അത് തുടങ്ങി, അതിന്റെ സൂചന എന്ന പോലെ തണുത്ത കാറ്റ് ഇന്നലെ രാത്രി മുതലേ നമ്മുടെ ചുറ്റുവട്ടങ്ങളിൽ പാറിക്കളിക്കുന്നുണ്ടായിരുന്നു. അങ്ങിനെ കാത്തുകാത്തിരുന്ന മൺസൂൺ കുറച്ചു നേരം തെറ്റിയാണെങ്കിലുമിങ്ങെത്തിക്കഴിഞ്ഞു.

ഈ മഴനേരത്തും മഴ നനഞ്ഞ് കുറച്ചു പേർ നമ്മുടെ വഴിയോരങ്ങളിലുണ്ട്. അവർക്ക് വരമ്പിൽ കയറാൻ ഇനിയും ഒരുപാട് മഴ വന്നേ മതിയാകൂ. ഭൂമിയിൽ ആ മഴയൊലിച്ചിറങ്ങി തായ് വേരും നോക്കി പോകണം. അത് വഴി വറ്റി വരണ്ട ഉറവവഴിത്താരകൾ സജലങ്ങളാകണം. എങ്കിലേ വറ്റിയ കിണറുകൾ മുക്കാൽ ഭാഗവും  ജലസമൃദ്ധമാകൂ.

പറയട്ടെ, ഒരരക്കുടം മുക്കാൻ പാകത്തിൽ നമ്മുടെ ഗ്രാമത്തിലെ കിണറുകൾക്കായെങ്കിലെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ആ കുറച്ച് പേരാണ്, സംഘം ക്ലബ് പ്രവർത്തകർ.

പേരുപോലെ ഒത്തൊരുമ എന്നത് മേനിയും മേലാപ്പുമായുള്ള ആ കൂട്ടായ്മയിലെ വളണ്ടിയർമാർ കഴിഞ്ഞ നാൽപതോളം ദിവസങ്ങളായി നാടിന്റെ മുക്കുമൂലകളിലാണ്. വൈകുന്നേരങ്ങളിലെ കളി മറന്ന് കാര്യത്തിലാണവർ. ഒന്നിക്കുന്നതും ഒരുമിക്കുന്നതും ഒത്തുകൂടുന്നതും അടുത്ത വിട്ടുകാരന്റെയും അകലെയുള്ളവന്റെയും ജലദാഹം തീർക്കാൻ.

കത്തിപ്പൊരിയുന്ന വെയിലിലും നോമ്പുനോറ്റ വെറും വയറ്റിലും അവർ ചുണ്ടുണങ്ങി, വെയിൽ കാഞ്ഞ്, വിയർപ്പു പുതപ്പാക്കി, കുടിവെള്ളം വേണ്ടവരുടെ കോളറ്റംഡ് ചെയ്തു  മുറ്റത്തെ ഒഴിഞ്ഞ കുടങ്ങളിൽ നിറച്ചു കൊടുത്തു. കുടിക്കാൻ, കുളിക്കാൻ, കഴുകാൻ, അലക്കാൻ... എല്ലാത്തിനും.

ഈ സേവനത്തിന്റെ തണലറിയണമെങ്കിൽ ഒരു നേരമെങ്കിലും നിങ്ങൾക്ക് ഒരു ഗ്ലാസ് വെള്ളത്തിന്റെ അത്യാവശ്യം അറിയണം. ഗ്രേറ്റ് ! സംഘം സൗഹൃദങ്ങളേ, സല്യൂട്ടിനർഹർ നിങ്ങളാണ്, നിങ്ങൾ മാത്രമാണ്.

ഒരു ദേശത്തെ കൂട്ടായ്മ ജീവിക്കുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്. ഒരു നാടിന്റെ യുവശക്തി അനുഗ്രഹീതമാകുന്നത് ഇതൊക്കെ കൊണ്ടു തന്നെയാണ്.

എന്ത് ചെയ്യുകയായിരുന്നു ബ്രൊസ്, ഇക്കഴിഞ്ഞ നാൽപത് നാളെന്ന ചോദ്യത്തിന് സംഘം കൂട്ടായ്മക്ക് പറയാൻ നല്ലുത്തരമുണ്ട്. ആ നല്ലുത്തരങ്ങൾ പറയാൻ അടുത്ത വേനലിൽ ബാക്കിയുള്ളവർക്കാകണം.

സേവനം, ഒരു ബാറ്റൺ കൈമാറ്റമാണ്. അതേറ്റ് ഏറ്റുവാങ്ങാൻ അവസരം കിട്ടാത്തവർ ഇപ്പഴേ മനസ്സ് പാകപ്പെടുത്തുക.

ഇന്നത്തെ മഴ ചിന്നം പിന്നം പെയ്തത് ഈ നാട്ടിലെ എനിക്കും നിങ്ങൾക്കും മിണ്ടാപ്രാണികൾക്കും  ദാഹജലമൊഴിച്ചു തന്ന സംഘം കൂട്ടായ്മയ്ക്ക്,
അതിന്ന് ധനം കൊണ്ടും മനം കൊണ്ടും തടി കൊണ്ടും തലോടൽ കൊണ്ടും ഐക്യപ്പെട്ട സുമനസ്സുകൾക്ക് അനുഗ്രാഹാശിസ്സുകൾ അർപ്പിച്ചു കൊണ്ടാണ്. നനവുള്ള അന്തരീക്ഷത്തിൽ ഇത്ര പതുക്കെപ്പതുക്കെ ഇപ്പഴും മഴ പെയ്യുന്നത് കാണുമ്പോൾ എനിക്കങ്ങിനെയാണ് തോന്നുന്നത്.

നന്മകൾ !

No comments:

Post a Comment