Sunday 11 August 2019

ഒരു നൂറ്റാണ്ടിന്റെ ഓർമ്മകൾ ബാക്കിയാക്കി മമ്മൂച്ച പോയ് മറഞ്ഞു.../ അസ്ലം മാവില

*ഒരു നൂറ്റാണ്ടിന്റെ ഓർമ്മകൾ*
*ബാക്കിയാക്കി മമ്മൂച്ച*
*പോയ് മറഞ്ഞു....*
.......................
അസ്ലം മാവില ഒരു നൂറ്റാണ്ടിന്റെ ഓർമ്മകൾ*
*ബാക്കിയാക്കി മമ്മൂച്ച*
*പോയ് മറഞ്ഞു....*
.......................
അസ്ലം മാവില
.......................

ഈ റമദാനിലെ രണ്ടാമത്തെ വേർപാട് വാർത്ത കൂടി പട്ലയിൽ നിന്ന് വന്നുകഴിഞ്ഞു.  അനീച്ചാന്റെ മമ്മുച്ച അല്ലാഹുവിന്റെ സന്നിധിയിലേക്ക് മടങ്ങി. ഇന്നാലില്ലാഹ് ..

പട്ലയിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ. പഴയ, അല്ല ഏറ്റവും പഴയ തലമുറയിലെ അവസാനത്തെ കണ്ണി. കുടുംബ പരമ്പര നോക്കിയാലും ഒരു പക്ഷെ, പട്ലയിലെ വളരെ പഴയ വേരിൽ ചെന്നു നിൽക്കുമായിരിക്കും.

2017. നാട്ടുത്സവത്തിന്റെ ഭാഗമായി "പൊലിമ " പ്രഖ്യാപനം നടത്താൻ നാട്ടുകാരണവരായ മമ്മൂച്ചാനെ ക്ഷണിക്കാൻ തീരുമാനമുണ്ടായി. മകൻ ഹനീഫിനെ അതറിയിച്ചു. പക്ഷെ, മമ്മൂച്ചാന്റെ ശാരീരികമായ വയ്യായ്ക മൂലം ആ ചടങ്ങ് ദൗർഭാഗ്യവശാൽ നടന്നില്ല.

2018 ജനുവരി ആദ്യം.  അദ്ദേഹത്തിന്റെ വീട്ടിൽ ഞങ്ങളുണ്ട്,   നാടിന്റെ ആദരവ് കൈമാറലിന്റെ ഭാഗമായാണവിടെ എത്തിയത്. അദ്ദേഹത്തിന്റെ കണ്ണിൽ ഞങ്ങൾ ചെറുപ്പക്കാരാണ്. ആ വീട്ടിൽ കയറിയ ഓരോരുത്തരും അങ്ങോട്ട് പറഞ്ഞ് പരിചയപ്പെടുന്നതിന് പകരം, ഇങ്ങോട്ട് മമ്മൂച്ച പറഞ്ഞു കൊണ്ടേയിരുന്നു - ഇന്ന ആളെ മോനല്ലേ, ഇന്ന ആളെ മോനല്ലേ എന്ന്.   ശാരീരിക അസ്വസ്ഥക്കിടയിൽ പോലും സംസാരം മുഴുവൻ പണ്ടുമുതലേ ഞങ്ങൾ കേൾക്കുന്ന മമ്മൂച്ചാന്റെത് തന്നെ.

തഖവ പള്ളിക്ക് ചോടെ കരീമുച്ചാന്റെ കട. അവിടെയാണ് മമ്മുച്ചാന്റെ സ്ഥിരം ഇരുത്തം. പഴയകാലങ്ങളുടെ വലിയ ഭാണ്ഡക്കെട്ടോർമ്മയുമായി അദ്ദേഹം റോഡിന്നഭിമുഖമായ കട്ടിലിൽ ഓലക്കിളിവാതിലിൽ കൂടി പുറത്തേക്ക്  കണ്ണ് പായിച്ചിരിക്കും. വലത് കാൽ ഇടതുകാലിലേക്ക് മടക്കി വെച്ച് കൈവിരലുകൾ രണ്ടും കാൽമുട്ടിനും ലോക്ക് ചെയ്ത് ഇങ്ങിനെ പഴങ്കഥകൾ പറഞ്ഞു പറഞ്ഞു പോകും.

തനി നാടൻ മലയാളം. പട്ലക്ക് മാത്രം അവകാശപ്പെട്ട പദസമ്പത്ത്. ചില വാക്കുകൾ മറ്റൊരു സ്ഥലത്ത് പിന്നൊരർഥമാകാം - ഈ മണ്ണിന്റെ മണമുള്ള വാക്കുകൾ നമുക്ക് മാത്രമുള്ളതായിരുന്നു.

പുതിയ തലമുറകളോട് മുഖം നോക്കി ഇരിക്കാൻ മമ്മുച്ച ഒരിക്കലും വൈമുഖ്യം കാണിച്ചിരുന്നില്ല. സംസാരത്തിൽ മുഴുവൻ പരുപരക്കൻ യാഥാർഥ്യങ്ങൾ. ഒന്നിലും കോംപ്രമൈസില്ല. നിങ്ങളെ തലോടി സംസാരിച്ചു ക്ഷണിക നേരത്തേക്ക് കണ്ണിലുണ്ണിയാകാൻ  പഴയതലമുറയിലെ ആ മനുഷ്യന് താൽപര്യമേ ഉണ്ടായിരുന്നില്ല. സൗകര്യമുണ്ടെങ്കിൽ കേട്ടാൽ മതി, ഉള്ളതങ്ങട്ട് പറയും. പെദ്മ്പിന് ഉരുളക്കുപ്പേരിയായി പ്രതീക്ഷിച്ചോളണം.

നാട്ടിലുണ്ടെങ്കിൽ വെള്ളിയാഴ്ചകളാണ് എനിക്ക് മമ്മൂച്ചാനെ മുഖത്തോട് മുഖം കിട്ടുന്ന ദിവസം. ജുമുഅ:ക്കായി സലഫി പള്ളിയിലേക്ക് ഞാൻ അങ്ങോട്ട്. മമ്മൂച്ച വലിയ ജുമുഅ: പള്ളിയിലേക്ക് ഇങ്ങോട്ടും. അധികവും തൂവെള്ള കുപ്പായം, പഴമക്കാരുടെ വെള്ളത്തലേക്കെട്ട്. സഹചാരിയായി ഒരു കുട. ആ കുടക്ക് ഒരിക്കലും വിശ്രമമുണ്ടാകില്ല. പോലീസ് മാർച്ച് പാസ്റ്റിലെ തോക്കിന്റെ റോളാണതിന്. വളരെ അപൂർവ്വ നേരങ്ങളിലേ ആ കുട ഊന്ന് വടിയായി ഞാൻ കണ്ടിട്ടുള്ളൂ.

മുന്നിലെത്തിയാൽ ഒരു ചിരി. സലാം കേട്ടാൽ മടക്കും. നടത്തത്തിന് സ്പീഡൊന്നും കുറക്കില്ല. ഒരു മിനിറ്റ് കഴിഞ്ഞാൽ പതിവുപോലെ ഒരു കൗതുകത്തിന് ഞാൻ തിരിഞ്ഞ് നോക്കും. ഞാൻ എത്ര നടന്നോ അതിന്റെ ഇരട്ടിയിലധികം ചുവട് നടന്നദ്ദേഹം കൺമറയത്തായിട്ടുണ്ടാകും. ഈ ഒരു കൗതുകം തന്നെയാണ് എന്റെ തിരിഞ്ഞു നോട്ടത്തിനും കാരണം.  ഇയാളെങ്ങിനെ ഇത്ര വേഗതയിൽ നടക്കുന്നതെന്ന ആലോചനയായിരിക്കും പള്ളിയിലെത്തുവോളം എനിക്ക്.

എന്റെ വീടിന്റെ മുൻ വശത്തെ റോഡിൽ കൂടിയും വല്ലപ്പോഴും മമ്മൂച്ച അതേ വേഗതയിൽ നടക്കുന്നത് കാണാം. സീതാംഗോളിയും കടന്ന് മകളുടെ വീട്ടിലേക്ക് പോയി വരുന്നതാണത്. കിതക്കാതെ, നടത്തം തുടങ്ങുമ്പോഴുള്ള അതേ ഊർജജസ്വലത വീടണയും വരെ ! ആ നടത്തം കണ്ട് കിതക്കുന്നത് ഒരു പക്ഷെ, നമ്മളായിരിക്കും.

കരീമുച്ചാന്റെ കടയിലെ ഒരു ഇരുത്തത്തിൽ നിന്ന്.
മമ്മൂച്ചാന്റെ പ്രായം തന്നെയാണ് അന്നും സംസാരവിഷയം. എന്നോടൊരാൾ പറഞ്ഞു - അസ്ലം നീ ചോദിക്ക്, ഞങ്ങളോട് തട്ടിന് മുട്ടാണ് പറയുന്നത്.  ദിവസവും ഇത് തന്നെ ചോദിച്ച് നല്ല കുറിക്കുത്തരം കിട്ടിയ ക്ഷീണത്തിലാണു ബാക്കിയുള്ളവരെന്ന് ആ പരിസരം കണ്ടാലറിയാം. മമ്മൂച്ചാക്ക് എന്നെ പരിചയപ്പെടുത്താൻ ഒരാൾ ധൃതി കാണിച്ചു. "നീ എന്നിൻറോ ഓന്റെ കുർത്തം ചെല്ലിത്തെര്ന്നെ, ഒരി പോയ്ത്തെത്തിന്റെ ബിസ്യോല്ലപ്പാ.  ഔക്കർഞ്ഞിന്റെ മോനല്ലേ നീ ?  മുക്രി അദ്ലാന്റ അനിയന്റെ മോന്. മുക്രി അദ്ലാഉം ഞാനും പേറ് ചെല്ലിറ്റെന്നെ എപ്പഉം അപ്രയിപ്രം ബ്ളിക്കല് "

ഇത് കേട്ടതോടെ കൂടി നിന്നവരോട് ഞാൻ പറഞ്ഞു, "മമ്മൂച്ചാനോട് വയസ്സ് ചോദിക്കേണ്ട ആവശ്യമില്ല. അയാളെ വയസ്സിന്റെ ഏകദേശ രൂപം കിട്ടി. ഇനി ചോദിച്ച് ഞാനയാളെ ശല്യം ചെയ്യാനുമില്ല."

നാലഞ്ച് വർഷം മുമ്പാണെന്ന് തോന്നുന്നു മേൽ പറഞ്ഞ സംഭവം.
നിങ്ങളുടെ അറിവിലേക്ക് ആ കണക്ക് ഇങ്ങനെ. എന്റെ ഉപ്പ മരിക്കുന്നത്  1999 ൽ. അന്നുപ്പാക്ക് പ്രായം 73. ഉപ്പ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ 93 വയസ്. എന്റെ ഉപ്പപ്പ (തായൽ പള്ളി ഖതീബ് മമ്മിഞ്ഞി മുസ്ല്യാർ) മരിക്കുമ്പോൾ വലിയ മൂത്താക്ക് 13ഉം എന്റുപ്പാക്ക് 7 ഉം വയസ്സെന്ന് ഉപ്പ പറഞ്ഞതോർമ്മയുണ്ട്.  അപ്പോൾ 93 + 6 = 99 വയസ്സാകണം മൂത്ത ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ.  എങ്കിൽ സമപ്രായക്കാരനായ മമ്മൂച്ചാക്ക് 99 അല്ലെങ്കിൽ 100 വയസ്സ്. ഹിജ്റ വർഷക്കണക്കെങ്കിൽ 3 വയസ്സ് പിന്നെയും കൂടും).

പഴയ തലമുറ ഓർക്കുന്നുണ്ടാകും. ചുരുക്കം ചിലതൊഴിച്ച്, പട്ല മുഴുവൻ പുല്ല് മേഞ്ഞ വീടുകളായിരുന്നന്ന്. മാന്യത്തെ മൊട്ടക്കുന്നുകളിൽ നിന്നും സ്വർണ്ണ നിറമുള്ള മുളി കൊണ്ട് വരുന്നത് തലച്ചുമടായും കാളവണ്ടിയിലുമായിരുന്നു. മഴക്ക് തൊട്ട് മുമ്പുള്ള മാസങ്ങളിൽ മമ്മൂച്ച വലിയ തിരക്കിലായിരിക്കും - പട്ലയിലെ മിക്ക വീടുകളുടെയും Roofing work മമ്മൂച്ചയായിരിക്കും ചെയ്യുക. മമ്മൂച്ച ഉപയോഗിച്ചിരുന്ന ഒറ്റത്തണ്ട് മുളയേണി എന്റെ ഓർമ്മയുടെ പിന്നാമ്പുറത്ത് ഇപ്പോഴും ചാരിവെച്ചിട്ടുണ്ട്. മമ്മൂച്ച പണി കഴിഞ്ഞ് പോയാൽ ആ ഏണിയിൽ കയറി ബാലൻസ് കിട്ടാതെ വീണ പാടുകൾ ഇന്നുമെന്റെ  കയ്കാലുകളിൽ അവിടെയിവിടെയൊക്കെയുണ്ട്.

1970 കളുടെ പകുതി കഴിഞ്ഞിരിക്കണം.  ഞങ്ങളുടെ വീടിന് മുളിമേഞ്ഞ് ഒറ്റത്തണ്ടേണിയിൽ നിന്ന് മമ്മൂച്ച താഴേക്കിറങ്ങുന്നത് കണ്ടപ്പോൾ ഉമ്മറത്ത് കാല് നീട്ടി ഇരിക്കുകയായിരുന്ന ഉമ്മമ്മ (ഉപ്പാന്റുമ്മ ) ശബ്ദമൽപം നീട്ടി പരിഭവം പറഞ്ഞു - "അദെന്തേ മമ്മൂ, നിന്ക്ക് ഖിയാല് ബ്ട്ടോന്നെ,  നീ ഇന്നും മർന്നെയാ, ചക്കെ കൊണ്ട് ബെരാന്നെല്ലീറ്റ്..."

"ഓർമ്മ ഇല്ലാഞ്ഞിറ്റല്ലഞ്ഞാ, നാളെക്കൂടിക്കയ്ഞ്ഞോട്ട്, കൊറ്ച്ചൊങ്കൂടി പൌക്കട്ടത് .. പച്ചെക്കൊണ്ടന്നിറ്റെന്താക്കാന്.. പച്ചപച്ചെന്നെ ത് -ന്നാന് കയ്യൊങ്ക് കൊണ്ടന്ന്റാ ഞാന് " മമ്മുച്ച ഏണി ചാരി വെക്കുന്നതിനിടയിൽ ഉമ്മമാനെ കൗണ്ടർ ചെയ്ത് കാര്യം ബോധ്യപ്പെടുത്തും.

വർഷങ്ങളോളം വരിക്ക, തുളുവൻ ചക്കയുടെ രുചി ഞങ്ങളറിഞ്ഞിരുന്നത് കുന്നിറങ്ങി  വന്നിരുന്ന പ്രിയപ്പെട്ട മമ്മുച്ചാന്റെ തലച്ചുമടായിരുന്നു. രണ്ട് കമുക് പാളകൾ തുന്നിച്ചേർത്ത് അതിൽ രണ്ട് ചക്കകൾ തലങ്ങും വിലങ്ങുമിട്ട് കൊട്ട്പ്പർത്തെ തിണ്ണയിൽ വിശ്രമിക്കുന്നത് ഓർമ്മകളിൽ വിളഞ്ഞിൽ പോലെ ഇപ്പഴും പറ്റിപ്പിടിച്ചിട്ടുണ്ട്.

സ്നേഹവും വാത്സല്യവും കരുതലുകളും കാർക്കശ്യങ്ങളും  പരസ്പര ബന്ധങ്ങളും കൊണ്ട് കൊടുക്കലുകളുമെല്ലാം ഒരു ഗ്രാമത്തിന്റെ മുഖച്ഛായയായി കടന്നു പോയ ഒരു കാലഘട്ടത്തിന്റെ അവസാനകണ്ണിയാണ് ശരിക്കും ഇന്ന് ഈ നാടിന്റെ ശിഖരത്തിൽ ഞെട്ടറ്റ് വീണത്. പറയട്ടെ,  ആ നാട്ടുമ്പുറത്ത്കാരന്റെ നിഷ്ക്കളങ്കതയുടെ നൂറിലൊരംശമെങ്കിലും നമുക്ക് സൂക്ഷിക്കാനായാൽ, ഒരുപക്ഷെ, അതാകും വലിയ നന്മയും മമ്മുച്ചാക്ക് വേണ്ടി നമുക്ക് ചെയ്യാനുള്ള മരണാനന്തര സൽകർമ്മവും.

റമദാനിന്റെ നല്ല മണിക്കൂറിൽ പടച്ചവന്റെ സന്നിധിയിലേക്ക് പാറിപ്പറന്നെത്തിയ ആ വന്ദ്യവയോധികന് കാരുണ്യവാനായ അല്ലാഹു സ്വർഗ്ഗം നൽകി സന്തോഷിപ്പിക്കുമാറാകട്ടെ എന്ന് ഞാൻ മനമുരുകി പ്രാർഥിക്കുന്നു.

No comments:

Post a Comment