Monday 19 August 2019

മുർഷിദ സുൽത്താന* *ഉയരങ്ങൾ താണ്ടുന്നത്* *അതു കണ്ട്* *പട്ല സന്തോഷിക്കുന്നത്* / അസ്ലം മാവിലെ


*മുർഷിദ സുൽത്താന*
*ഉയരങ്ങൾ താണ്ടുന്നത്*
*അതു കണ്ട്*
*പട്ല സന്തോഷിക്കുന്നത്*
...........................

അസ്ലം മാവിലെ
............................

ഇനി ഇങ്ങനെയൊക്കെയാണ് വാർത്തകൾ വാർത്തകളാകുക. മുമ്പൊക്കെ പത്ത് കടന്നാൽ വാർത്ത.  അതിൽ ഫസ്റ്റടിച്ചാൽ വാർത്ത. (ഇന്നലെ പട്ലസ്കൂളിൽ പത്ത് ജയിച്ചവരെ അനുമോദിച്ച് അനുമോദിച്ച് അതിഥികൾ ക്ഷീണിച്ചവശരാകുന്ന മട്ടിലെത്തിയിരുന്നു കാര്യങ്ങൾ. അത്രയും പിള്ളേരാണ് ഇക്കഴിഞ്ഞ SSLC യിൽ ജയിച്ചു കളഞ്ഞത്. സമ്മാനം വാങ്ങാൻ എത്തിയത് ) 

പത്ത് വിട്ട്, പ്രിഗ്രിഗ്രി പാസായാൽ വാർത്തയായി. പിന്നെപ്പിന്നെ  എഞ്ചി - മെഡി എൻട്രൻസ് കയറിയാൽ വാർത്ത.  ഡിഗ്രി കിട്ടുമ്പോൾ വാർത്ത.
അതും കഴിഞ്ഞ്  PG ക്ക് പഠിക്കുന്നതും പഠിച്ചിറങ്ങുന്നതും വാർത്തയായി.

ദേ, ഇപ്പോൾ പട്ലയിൽ വാർത്തയാകുന്നത് എങ്ങിനെയെന്നോ ?  റാങ്ക് കിട്ടുമ്പോഴും PGക്കപ്പുറം ഗവേഷണത്തിന് ഫെല്ലോഷിപ്പും കിട്ടുമ്പോഴുമൊക്കെയാണ്. ആ ഒരു അപ്പർ ലെയറിലേക്ക് പട്ലയിലെ വിദ്യാദ്യാസ ഗ്രാഫ് പതിയെപ്പതിയെ ഉയർന്നു കഴിഞ്ഞു. 

കൃത്യം ഒരു വർഷം മുമ്പ് ഒരു റാങ്ക് വാർത്തയും അത് കഴിഞ്ഞ് മാസങ്ങൾക്കകം NET വിജയ വാർത്തയുമായി പട്ലയുടെ വിദ്യാഭ്യാസ ഭൂമികയെ പ്രശാന്ത സുന്ദരമാക്കിയ മുർഷിദ തന്നെയാണ് ഇന്നത്തെ എന്റെ കോളത്തിലെ സുൽത്താന അഥവാ രാജകുമാരി ( ശരിക്കും മുർഷിദയുടെ മുഴുവൻ പേരും അങ്ങിനെ തന്നെയാണ് കെട്ടോ,  മുർഷിദ സുൽത്താന )

ഈ മിടുക്കിക്കുട്ടിക്ക്  സാമ്പത്തികശാസ്ത്രത്തിൽ ഗവേഷണ പഠനത്തിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ JRF, Junior Research Fellowship, ലഭിച്ചിച്ചിരിക്കുന്നു എന്നതാണ് ഇന്നത്തെ നല്ല വർത്തമാനം.  ഡിസ്റ്റിംഗ്ഷനോടു കൂടിയാണ് മുർഷിദ ഗവേഷണ പഠനത്തിനിപ്പോൾ അർഹയായിരിക്കുന്നത്.

ഈ അധ്യയനവർഷം കഴിയുന്നതോട് കൂടി മുർഷിദ MA പൂർത്തിയാക്കും. കാസർകോട് ഗവ കോളേജിലാണ് പഠിത്തം. MA  പൂർത്തിയായാൽ ഇക്കണോമിക്സിൽ  റിസർച്ച് സെൻറുള്ള കാസർകോട് ഗവ. കോളേജിൽ തന്നെ പഠനം തുടരും.   വകുപ്പ് മേധാവിയും റിസർച്ച് ഗൈഡുമായ പ്രൊഫ. ഡോ. ഹരിക്കുറുപ്പിന്റെ കീഴിൽ കേന്ദ്ര ഗവൺമെന്റിന്റെ ഫെല്ലോഷിപ്പോടെ മുർഷിദ പിഎച്ച്ഡി ചെയ്യുമെന്നാണ്.
പ്രതീക്ഷിക്കുന്നത്. 

അതോടെ പി.എച്ച്.ഡി ചെയ്യുന്ന പട്ലയിലെ രണ്ടാമത്തെ  വ്യക്തിയായി മാറും മുർഷിദ. ( കേന്ദ്ര സർവ്വകലാശാലയുടെ കീഴിൽ എം.എച്ച്. ജാസിർ രണ്ട് വർഷമായി റിസർച്ച് വിദ്യാർഥിയാണ്. ) നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ തന്നെയാണ് കാതുകളിൽ നിന്നും കാതുകളിലേക്കെത്തിക്കാനുള്ള വർത്തമാനങ്ങൾ.

അതിവിദൂരമല്ലാത്ത ഭാവിയിൽ  ഒരു ഐ എ എസ്സുമായി  മുർഷിദ പട്ലയുടെ പടിവാതിലിലെത്തിയാൽ തന്നെ  അതൊരു അത്ഭുതമാകില്ലെന്ന് ഞാൻ പറയും. കാരണം   ഉയരങ്ങളിലേക്കെത്തുവാനുള്ള അതി കഠിന പ്രയത്നത്തിലും പ്രയാണത്തിലുമാണ് ഇപ്പോൾ മുർഷിദ. 

അധ്യയനമാണ് ഇപ്പോഴും മുർഷിദയ്ക്ക്  ഇഷ്ട ഹോബി. അത്കൊണ്ട് തന്നെ കൂടെപ്പഠിക്കുന്ന കൂട്ടുകാർക്കു മുർഷിദ സതീർഥ്യ മാത്രമല്ല, പ്രിയപ്പെട്ട അധ്യാപിക കൂടിയാണ്.

ഭാവിയിൽ എന്ത്? അളന്നു മുറിച്ച സംസാരത്തിൽ എവിടെയും ഈ ചോദ്യത്തിന്  മുർഷിദ  തന്റെ മനസ്സു തുറന്നിട്ടില്ല. പക്ഷെ, ആ മനസ്സിൽ കൊണ്ട് നടക്കുന്ന വലിയ  ലക്ഷ്യപ്രാപ്തിക്കായി നമുക്കെല്ലവർക്കും ആശംസിക്കാം. മുർഷിദ നമുക്ക് നല്ല വാർത്തകൾ തന്നെയാണ് ഇത് വരെ തന്നിട്ടുള്ളത്. ഇനിയും അങ്ങിനെ തന്നെയാകാനേ വഴിയുമുള്ളൂ.

നന്മകൾ ! മുർഷിദയ്ക്ക്, അവളുടെ പാരന്റ്സിന്, അധ്യാപകർക്ക്, പ്രോത്സാഹനവുമായി എപ്പഴും കൂടെയുള്ള ക്ലാസ്മേറ്റ്സിന്. ▪

No comments:

Post a Comment