Sunday 11 August 2019

വനം, ജലം, കാലാവസ്ഥ /. അസ്ലം മാവിലെ


വനം
*ജലം*
*കാലാവസ്ഥ*
........................
അസ്ലം മാവിലെ
........................
തലക്കെട്ടിലെ മൂന്നും പരസ്പര പൂരകങ്ങൾ ! വനമുണ്ടെങ്കിൽ ജലമുണ്ട്, ഇവ രണ്ടുമുണ്ടെങ്കിൽ നല്ല കാലാവസ്ഥയുമുണ്ട്. 
ഇപ്പോൾ ചില കോടതി വിധികൾ ശ്രദ്ധിച്ചിട്ടുണ്ടോ ? പാപപരിഹാര ക്രിയയായി കോടതി വിധിക്കുന്നത് തൈ നടാൻ. പത്ത് തൈ നട്ട് പരിപാലിക്കാൻ.
പലർക്കും മരം, വനം എന്നൊക്കെ കേൾക്കുമ്പോൾ പ്രൈമറി സ്കൂളിൽ 200 വാക്കിൽ ഉത്തരമെഴുതാനുള്ള വിഷയം മാത്രമാണ്. പ്രായോഗികമായി ആരും ചിന്തിക്കാറേ ഇല്ല. അങ്ങോട്ട് പോയാൽ മരവാദിയാകുമോയെന്ന ആശങ്കയും കോംപ്ലക്സും !
ഇപ്പോൾ മരക്കവികൾ പോലും എടുത്ത് പോയിരിക്കുന്നു. ഭൂമിയുടെ സംതുലിതാവസ്ഥയെ കുറിച്ച് പറയാൻ കവികൾക്ക് വരെ ഒരറപ്പ് പോലെ. ഭൂമി ചുട്ടുപൊള്ളുന്നത് പറയാൻ ഇവിടാരുമില്ലാത്തത് പോലെ.
ജലനിരപ്പ് കുറഞ്ഞു കുറഞ്ഞു വരുന്നു. ബാംഗ്ലൂരിലൊക്കെ ഒരു ടാങ്കർ വെള്ളം കരിഞ്ചന്തയിൽ കിട്ടാൻ 3000 ന്റെ നോട്ടുകൾ കൊടുക്കണം. എന്നാലും വൈകിയേ എത്തൂ. ലോകത്ത് ജലക്ഷാമം നേരിടുന്ന മെട്രോ പട്ടണങ്ങളിലൊന്നായി ഇന്ത്യയിൽ ബംഗ്ലൂരിനെയാണാദ്യമെണ്ണുന്നത്.
ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ ഈ അടുത്ത കാലത്ത് ഓസോൺ കുടയെ കുറിച്ചു ? ലോക നേതാക്കൾ മുമ്പാക്കെ ഇതിന്റെ പേരിൽ പ്രഹസനമായെങ്കിലും ഒന്നിച്ചിരിക്കുമായിരുന്നു. ഇപ്പോഴതുമില്ല. ആധുനികതയുടെ പിന്നാലെയാണെല്ലാരും ? അശാസ്ത്രീയ വികസന കാഴ്ചപ്പാടാണെല്ലാർക്കും.
ലോകം ഇന്നും (വ്യാഴം), നാളെയും മറ്റന്നാളും യഥാക്രമം ലോക വനം ജല കാലാവസ്ഥ ദിനമാചരിക്കുമ്പോൾ നെഞ്ചിൽ തട്ടി നമുക്കെന്ത് പ്രതിജ്ഞ എടുക്കാനുണ്ട് ? പുതുക്കാനുണ്ട് ? ഓർക്കാനുണ്ട് ?  കുറച്ച് ക്വിസ്സ് കോംപറ്റീഷൻ നടക്കുമായിരിക്കും, കൂടെ മിഠായി വിതരണവും.
ഐക്യരാഷ്ട്രസഭാധികാരി ഈ മൂന്ന് ദിനങ്ങളിലൊരാഹ്വാനം നടത്തും. സ്ഥലമുണ്ടെങ്കിൽ ഒരു മൂലയിൽ വറ്റിയ പാടവും എല്ലിൻതോലായ ഒരു വന്യ ജീവിയും കരിമ്പടമിട്ട അന്തരീക്ഷവും പടമിട്ട് പത്രങ്ങളും ഈ ദിനങ്ങളോർത്തെന്ന് "പറഞ്ഞ്" വെക്കുകയും ചെയ്യും. അല്ലാതെ, വേറെന്തെങ്കിലും ഒരു നീക്കം ? മുന്നേറ്റം ?
നിബിഡ വനമുളള ഇന്ത്യയിൽ മാത്രം പത്ത് കോടി ജനങ്ങൾ ജലക്ഷാമം നേരിടുന്നു, അതിൽ 6 കോടി ജനങ്ങളുടെ അവസ്ഥ അതി ഭയങ്കരം !  ലോകത്ത് ജലക്ഷാമം നേരിടുന്നവരിൽ 25% വരും ഈ പത്ത് കോടി. 2050 ൽ ലോകത്ത് ഈ ഹതഭാഗ്യരുടെ എണ്ണം 50 കോടിയായി ഉയരും.  2040-തോട് കൂടി ലോകത്ത് അതിരൂക്ഷ ജലക്ഷാമം നേരിടുന്ന  33 രാഷട്രങ്ങളിലും ഇന്ത്യയുണ്ടെന്നോർക്കുക. ലോകാടിസ്ഥാനത്തിൽ ഭൂഗർഭ ജലത്തിന്റെ 24 % വും ഇന്ത്യ ഉപയോഗിച്ചിട്ടും ഇതാണ് ചിത്രം.
വനനശീകരണവും ഇന്ന് ഭീതിതമാണ്. ഓരോ വർഷവും ലോകത്ത് 13 ദശലക്ഷം ഹെക്ടർ ഭൂമി വനനശീകരണത്തിന് വിധേയമാകുന്നു എന്നാണ് കണക്ക്. അതാകട്ടെ ഭൂമിയുടെ കാലാവസ്ഥ തന്നെ അട്ടിമറിക്കപ്പെടാൻ കാരണമാകുന്നു. അന്തരീക്ഷത്തിൽ കാർബൺഡയോക്സൈഡ് വർദ്ധിക്കുന്നു, ഓക്സിജന്റെ അളവ് ആനുപാതികമായി കുറയുകയും ചെയ്യുന്നു. ഇങ്ങനെ പോയാൽ കുപ്പിവെള്ളം പോലെ തന്നെ "കുപ്പി" ഓക്സിജനും വരും കാലങ്ങളിൽ തട്ടുകടകളിൽ തൂങ്ങും.
ആഗോളതലത്തിൽ തന്നെ അനിയന്ത്രിതമായി താപനം വർദ്ധിക്കുന്നു. എത്രയോ ജീവജാലങ്ങൾ ഭൂമിയിൽ നിന്ന് പൊയ്പ്പോയതും മനുഷ്യ പ്രേരിതമായ ഇത്തരം വന കയ്യേറ്റം കൊണ്ട് തന്നെയാണല്ലോ. 
അടുപ്പിച്ച് വന്ന ഈ മൂന്ന്  ലോകദിനങ്ങളും ഇതൊക്കെ തന്നെയായും നമ്മെ ഓർമ്മപ്പെടുത്തുന്നതും  നമ്മോട് പരാതി  പറയുന്നതും.  

No comments:

Post a Comment