Wednesday 28 August 2019

*ഹജ്ജ് കർമ്മങ്ങൾ* *തുടങ്ങാറായി* *അല്ലാഹുവിന്റെ* *അതിഥികൾ* *പരിശുദ്ധ മണ്ണിൽ* *അവർക്ക് വേണ്ടി* *ഇവിടെ നിന്ന് നമുക്കും* *പ്രാർഥനാ നിരതരാകാം* .:/ അസ്ലം മാവിലെ

*ഹജ്ജ് കർമ്മങ്ങൾ*
*തുടങ്ങാറായി*
*അല്ലാഹുവിന്റെ*
*അതിഥികൾ*
*പരിശുദ്ധ മണ്ണിൽ*
*അവർക്ക് വേണ്ടി*
*ഇവിടെ നിന്ന് നമുക്കും*
*പ്രാർഥനാ നിരതരാകാം*
................................

അസ്ലം മാവിലെ
..............................

പരിശുദ്ധഹജ്ജ് മാസത്തിൽ നാം. ലക്ഷക്കണക്കിന് വിശ്വാസികൾ അല്ലാഹുവിന്റെ അതിഥികളായി മക്കയിലെത്തിക്കഴിഞ്ഞു. ലബ്ബൈക്കല്ലാഹ് ചൊല്ലാൻ,  തക്ബീറുകൾ മുഴങ്ങാൻ, ഇഹ്റാമിൽ പ്രവേശിക്കാൻ,  പരിശുദ്ധ ഹജ്ജിൽ കടക്കാൻ ഇനി കുറച്ചു മണിക്കൂറുകൾ മാത്രമെന്നേ പറയാവൂ.

നമുക്ക് ഇന്ന് (ചൊവ്വ) ദുൽഹജ്ജ്  4 എങ്കിൽ, അവിടത്തുകാർക്ക് 5 ആണ്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കം കുറിക്കും. അന്ന് മുതലങ്ങോട്ടുള്ള ആറുദിവസങ്ങളിൽ വെള്ളപുതച്ച ആ തിർഥാടകർ ഈ മഹദ് ആരാധനാ കർമ്മങ്ങളിൽ  എല്ലാ ഭൗതികേച്ഛകളും മറന്ന്, പടച്ചവനിൽ സ്വയം സമർപ്പിതരാകും.

ശരിക്കും ഇബ്രാഹീമി ദിനങ്ങൾ. ഒറ്റയാനെ ഒരു സമൂഹമെന്ന് പടച്ചവൻ വിശേഷിപ്പിച്ച നമ്മുടെ പിതാമഹൻ ഇബ്രാഹിം പ്രവാചകന്റെ, അവിടുത്തെ പുത്രൻ ഇസ്മയിൽ പ്രവാചകന്റെ, മഹതി ഹാജിറ (റ) യുടെ ഒളി മങ്ങാത്ത ഓർമ്മകൾ. ത്യാഗത്തിന്റെ, സഹനത്തിന്റെ , സമർപ്പണത്തിന്റെ,  ഇച്ഛാശക്തിയുടെ,  സർവ്വോപരി കളകമില്ലാത്ത ആദർശപ്രതിബദ്ധതയുടെ... എല്ലാം എല്ലാമാണാ ദിനങ്ങൾ എല്ലവരെയും ഓർമ്മപ്പെടുത്തുന്നത്.

2 മില്യണിലധികം വിശ്വാസികളെയാണ് ആതിഥേയരാജ്യവും ഇരു ഹറമുകളുടെ സേവകരും ഇതിനകം വരവേറ്റത്. പതിനാറര ലക്ഷത്തിലധികം തിർഥാടകർ മാത്രം സഊദിക്ക് പുറത്ത് നിന്നുണ്ട്. പിന്നെയുള്ളത് സഊദിക്കകത്തുള്ളവരും. മൂന്നര ലക്ഷം വോളണ്ടിയർമാർ ഇവരെ  സേവിക്കാൻ മാത്രമുണ്ട്. കരയിലും കടലിലുമായാണ് കുടുതലും പേർ ഹജ്ജ് കർമ്മത്തിനെത്തിയത്. 1545 വിമാനങ്ങളിലാണത്രെ ഇക്കഴിഞ്ഞ കൊല്ലം വായു മാർഗ്ഗം ഹജ്ജിനെത്തിയതെങ്കിൽ ഈ വർഷം അതിലും കൂടാനാണ് സാധ്യത.

അതിനിടയിൽ നിമയലംഘകരായി ഹജ്ജ് കർമത്തിനിറങ്ങിപ്പുറപ്പെട്ടവർ വലിയ സുരക്ഷാ പ്രശ്നമായി ഇതിനകം മാറിയിട്ടുണ്ട് പോൽ. മൂന്നേക്കാൽ ലക്ഷത്തിനടുത്ത് പേരെ   സുരക്ഷാസേനക്കാരുടെ ശ്രദ്ധയിൽ പെട്ട് അവരെ തിരിച്ചയച്ചിട്ടുണ്ടത്രെ. ഇവർക്ക് സഹായം ചെയ്ത 160 വ്യാജഓഫീസുകൾ കണ്ട് കെട്ടുകയും ചെയ്തു. ഒരു ലക്ഷത്തി നാൽപതിനായിരത്തിലധികം വാഹനങ്ങൾ കസ്റ്റഡിയിലുമാണ്. 

ഓരോന്നിനും ഓരോ സിസ്റ്റമുണ്ട്, പ്രത്യേകം പ്രത്യേകം സംവിധാനങ്ങളുണ്ട്. പരിശുദ്ധ ഹജ്ജ്കർമ്മമെന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായും ചെയ്യേണ്ട ഒന്ന് തന്നെയാണ്. പക്ഷെ, 20+ ലക്ഷം വരുന്നവരുടെ  സുഗമമായ ഹജ്ജ് കർമ്മമെന്നത് നമുക്ക് കേൾക്കാൻ സുഖമുള്ളതെങ്കിലും അതിന് ആതിഥ്യമരുളുന്നവർക്ക് വലിയ ഉത്തരവാദിത്വം തന്നെയാണ്. അങ്ങിനെയുള്ള ഘട്ടങ്ങളിൽ ഇത്തരം നിയമലംഘന തീർഥാടകർ ഉണ്ടാക്കുന്ന ആധിക്യം വലിയ തലവേദന തന്നെയായിരിക്കും, പ്രത്യേകിച്ച് സുരക്ഷയുടെ കാര്യത്തിൽ.

എല്ലാം സമാധാനപരമായി നടക്കുവാൻ നമുക്ക് പ്രാർഥിക്കാം. അകമഴിഞ്ഞ് മനമുരുകിത്തന്നെ.  *പട്ലയിൽ നിന്ന് എന്റെ അറിവിൽ മാത്രം 5 കുടുംബങ്ങളുണ്ട് ഇക്കൊല്ലത്തെ പരിശുദ്ധ ഹജ്ജിന്. ഷാഹിദും അദ്ദേഹത്തിന്റെ ഉമ്മയും, മജൽ യഹ്യയും അദ്ദേഹത്തിന്റെ ഉമ്മയും, എന്റെ ജേഷ്ഠ സുഹൃത്ത് മമ്മുക്കുച്ചഉം ഭാര്യയും, എന്റെ അയൽക്കാരായ എസ്. എ. അബ്ദുല്ല സാഹിബും ഭാര്യയും, കപ്പൽ അബൂബക്കറും ഭാര്യയും. ഇവരെക്കൂടാതെ വേറെയും പട്ലക്കാരുണ്ടാകാം.* ഇവരടക്കം ആ മണലരണ്യത്തിൽ എത്തിയ  എല്ലാവർക്കും പരിശുദ്ധഹജ്ജ് കർമ്മങ്ങൾ യഥാവിധം നിർവ്വഹിക്കുവാൻ  അല്ലാഹു തുണക്കുമാറാകട്ടെ, അവരിൽ നിന്നും ആ മഹദ് കർമ്മം നാഥൻ സ്വീകരിക്കുമാറാകട്ടെ. ആമീൻ

നിറഞ്ഞമനസ്സോടെ അല്ലാഹുവിന്റെ അതിഥികൾക്ക് അഭിവാദ്യമർപ്പിക്കാം.

No comments:

Post a Comment