Sunday 11 August 2019

ദുർവ്യയം, പുഴ കയ്യേറൽ,, ജലമലിനികരണം / AMP

ദുർവ്യയം :
ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതിനെ വ്യയം എന്ന് പറയാമെങ്കിൽ, അത് കഴിഞ്ഞുള്ള ഉപയോഗമാണ് ദുർവ്യയം, അത് പണമായാലും ഭക്ഷണമായാലും വസ്ത്രമായാലും വെള്ളമായാലും ശരി.

വെള്ളം അനാവശ്യമായി ഉപയോഗിക്കുന്നത് എല്ലാവർക്കും ഒരു ദുശ്ശീലമായി മാറിയിട്ടുണ്ട്. ആവശ്യത്തിലധികം ജലം നമുക്കുണ്ടെങ്കിൽ പോലും അമിതമായി ഉപയോഗിക്കരുത്. വേനൽക്കാലത്ത്  പ്രത്യേകിച്ചും.

പൊതു ആവശ്യങ്ങൾക്ക് വേണ്ടി സ്ഥാപിച്ച ടാപ്പുകൾ, വുളു ചെയ്യാനായി തയ്യാറാക്കിയ സ്ഥലങ്ങൾ, പൊതുകിണറുകൾ, കക്കുസുകൾ - ഇവിടങ്ങളിലൊക്കെ വെള്ളം ഉപയോഗിക്കുന്ന കാര്യത്തിൽ ഒരിക്കലും ദുർവ്യയം പാടില്ല.

ഒഴുകുന്ന വെള്ളത്തിൽ വരെ ഉപയോഗ വിഷയത്തിൽ ഇസ്ലാം കർശനമായും നിബന്ധനകൾ പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.  മറ്റൊരാളുടെ അവകാശമാണ് ജല ദുർവ്യയത്തിൽ നാം ചെയ്യുന്നതെന്ന ഓർമ്മ വേണം.

പുഴ കയ്യേറൽ:
നൂറ് വർഷം മുമ്പുള്ള കേരളത്തിലെ മാത്രം പുഴകളുടെ ചരിത്രം പഠിച്ചാൽ ഞെട്ടിപ്പിക്കുന്ന വിവരമാണ് നമുക്ക് ലഭിക്കുക. അവനവന്റെ ആവശ്യത്തിന് പുഴ കയ്യേറി അവിടങ്ങളിൽ മരങ്ങളും മറ്റും നട്ടുപിടിപ്പിച്ച് പുഴകളുടെ രൂപം തന്നെ മാറ്റി മറിച്ചതായി കാണാം.

സമാനമായ രീതിയിൽ അല്ലെങ്കിലും ഇന്ന് മറ്റൊരു തരത്തിലാണ് പുഴകയ്യേറുന്നത്. അശാസ്ത്രീയമായ രീതിയിൽ പൂഴി വാരൽ ഒരു ഭാഗത്തും മാലിന്യ നിക്ഷേപങ്ങൾ മറ്റൊരു ഭാഗത്തും തകൃതിയായി നടക്കുന്നു. അതിന്റെ ഫലമോ ? പുഴ ഒന്നിനും പറ്റാത്ത രൂപത്തിൽ ഉപയോഗശൂന്യമാകുന്നു.

കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ നദികളുള്ള കാസർകോട് നിലവിലുള്ള പുഴകളുടെ അവസ്ഥ വളരെ ശോചനീയമാണ്. 

ജലമലിനികരണം :
ഇന്ത്യയിലെ ഒട്ടു മിക്ക നദികളും പുഴകളും തടാകങ്ങളും മലിനികരണ ഭീഷണി നേരിടുകയാണ്. വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ മുതൽ അറവ് ശാലകളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുള്ള വേണ്ടാതീനങ്ങൾ വരെ കൊണ്ട് തട്ടുന്നത് ഇവിടങ്ങളിലാണ്. ഉപയോഗിക്കാത്ത കിണറുകൾ, കുളങ്ങൾ മുതലായവ പലർക്കും വേയ്സ്റ്റ് കൊണ്ടിടാനുള്ള സ്ഥലങ്ങളാണ്.

ഇത് വഴി മാരകമായ രോഗങ്ങൾ പടരാനും ജലത്തെ ആശ്രയിച്ചു ജിവിക്കുന്ന ജിവജാലകങ്ങൾക്ക് വലിയ ഭീഷണിയും നേരിടുന്നു. ഫലത്തിൽ ശുദ്ധജല ലഭ്യത തന്നെ ഇല്ലാതാകുന്നു. മാത്രവുമല്ല, മാറാരോഗങ്ങൾക്ക് ഇത് കാരണവുമാകുന്നു.

പരിഹാരം :
ഏറ്റവും പ്രധാനം ജലത്തിന്റെ പ്രധാന്യം ഓരോരുത്തരും മനസ്സിലാക്കുക എന്നതാണ്. എല്ലാവർക്കും ജലസാക്ഷരത ആവശ്യമാണ്. വെള്ളത്തിന്റെ പ്രധാന്യത്തെക്കുറിച്ച് സ്വയം മനസ്സിലാക്കുകയും അതിന്റെ പ്രാധാന്യം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും വേണം.

മദ്രസകൾ, മസ്ജിദുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഇത് സംബന്ധിച്ച ഉത്ബോധനങ്ങൾ നിരന്തരം ആവശ്യമാണ്. പ്രത്യേകിച്ച് ദുരുപയോഗത്തെ സംബന്ധിച്ചും ദുർവ്യയത്തെ കുറിച്ചും.

നമ്മുടെ ചുറ്റുഭാഗത്തുള്ള പുഴ, കിണർ, കുളം, തോടുകൾ നാം തന്നെ സംരക്ഷിക്കുവാൻ മുന്നിട്ടിറങ്ങണം. അവ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ തടയുകയും വേണം.

ചെറിയ സംഘങ്ങൾ രൂപീകരിച്ച് ജലത്തിന്റെയും പ്രകൃതിസമ്പത്തിന്റെയും പ്രധാന്യത്തെ കുറിച്ച് വിവിധ സാധ്യതകൾ ഉപയോഗിച്ച് ബോധവത്ക്കരണങ്ങൾ നടത്തുക

No comments:

Post a Comment