Sunday 11 August 2019

സബാഷ്! മക്കളെ സബാഷ്! പട്‌ല നിങ്ങളെ ഓര്‍ത്തഭിമാനിക്കുന്നു / Aslam Mavilae


സബാഷ്! മക്കളെ സബാഷ്! പട്‌ല നിങ്ങളെ ഓര്‍ത്തഭിമാനിക്കുന്നു
 Aslam Mavilae
24/03/2019

കാസർകോട് ജില്ല പത്ത് പ്രഗത്ഭ ടീമുകൾ. അവയ്ക്ക് ജേഴ്സി അണിയാൻ സംസ്ഥാന -  ദേശിയ ഫുട്ബോൾ മത്സരങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചവരടക്കം തഴക്കവും പഴക്കവും ചെന്ന കളിക്കാർ. മിക്ക ടീമിലും പത്രങ്ങളിൽ കളിക്കളത്തിൽ വിലസിയാടിയ മുഖങ്ങൾ.

ആ ടീമുകളുടെ ഇടയിലേക്കാണ് പട്ലയുടെ ചുണക്കുട്ടികൾ രണ്ടും കൽപ്പിച്ചിറങ്ങുന്നത്, ഇറങ്ങിയത്. ഭാഗ്യപരീക്ഷണമല്ല ലക്ഷ്യം. പിന്നെയോ ?  മറ്റുള്ളവർ മനക്കോട്ട കെട്ടിയ പെരുംസ്വപ്നങ്ങൾ എത്തിപ്പിടിച്ചെടുത്തടർത്തി മാറ്റി, സ്വപ്നതുല്യമാം രാവിൽ, കളിയാസ്വദിക്കാൻ മൈതാനം നിറഞ്ഞെത്തിയ മുഴുവൻ ഫുട്ബോൾ പ്രേമികളുടെയും അന്തരാളങ്ങളിൽ രാജകുമാരന്മാരാൻ ! 

വാഹ് ! പിന്നെ കണ്ടത് കളത്തിൽ നിറയെ പട്ലപ്പെരുമ. പട്ലപ്പൊലിമ. പൂൾ A യിൽ 4 കളി കിട്ടി. രണ്ടിൽ വിജയം. രണ്ടിനെ സമനിലയിൽ തളച്ചു കെട്ടി. അത്രമതിയായിരുന്നു യുനൈറ്റഡ് പട്ലക്ക്, കൃത്യം, കിറുത്യം ഹോം വർക്ക് ചെയ്ത് വന്ന ഒരു കൂട്ടം പിള്ളേർ. പൂൾ A യിൽ United Patla ഒന്നാമത്. രണ്ടാമനോ പിന്നെയും പിന്നിൽ.

അയ്യൂർ FC യാണ് നമ്മോട് ആദ്യം മുഖാമുഖം നിന്നത്. ആകാശത്ത് ആരവങ്ങൾ നിറഞ്ഞു പൊന്തി. ഒരു വേള കളി പ്രതികൂലമാകുമോന്ന് തോന്നിച്ച സന്ദർഭങ്ങൾ. ക്യാപ്റ്റൻ മുക്താറിന്റെ കാലിലാണ് പന്ത്. സർഫുവിന് പാസ് ചെയ്തതേ അയ്യൂർക്കാർ കണ്ടൂള്ളൂ. പിന്നെ കുലുങ്ങിയത് അയൂർ ഗോൾ വല.

അവിടന്ന് തുടങ്ങിയതാണ് യുനൈറ്റഡ് പട്ലയുടെ ഗോൾ മഴ. രണ്ടാം എതിരാളി വളപ്പിൽ ബുൾസിനെ മുക്കു കയറിട്ടത് 2 - 1 ന്. സഫുവിന്റെയും നൗഫലിന്റെയും ബൂട്ടിൽ നിന്നാണ് ഈ കളിയിലെ രണ്ടു മനോഹര ഗോളുകൾ പിറന്നത്.  തുടർന്ന് ടിഫ , സിറ്റിസൺ ടീമുകളോട് കളത്തിൽ നിറഞ്ഞു കളിക്കാനിറങ്ങിയപ്പോൾ സമനില ഗോളുകളിൽ പട്ലയുടെ കെണി തേഞ്ഞ പയ്യന്മാർ  കളി ഒതുക്കിയത്, വരാനിരിക്കുന്ന സെമി, ഫൈനൽ മത്സരങ്ങൾ കാലേകൂട്ടി കണ്ട് തന്നെയായിരുന്നു,  അവിടെക്കളിക്കാം, ഇവിടെ അത്ര ഊർജം കളയേണ്ടതില്ല.

സെമിയായിരുന്നു United പട്ലക്ക് ഫൈനൽ. ഗ്രൌണ്ടിൽ എതിരാളികളായ ത്രിക്കരിപ്പൂർ ടീമംഗങ്ങൾ അണിനിരന്നപ്പോൾ കമന്ററേറ്റർ ഷൈജു വിളിച്ചു പറഞ്ഞു - ഇത് ഗോകുൽ ടീമംഗം, ഇത് മുഹമ്മദൻസ്, ഐ എഫ് സി യിൽ ഇയാളുണ്ട്, എന്നിങ്ങനെ.   എതിരാളി ആരാകിലെന്ത് ജയിച്ചു വന്ന് അടുപ്പിൽ തീ തിളപ്പിക്കാമെന്ന് പ്രതിജ്ഞ എടുത്ത്  ഇറങ്ങി വന്ന പട്ലയുടെ ചുളക്കുട്ടികൾക്ക് എന്ത് തൃക്കരിപ്പൂർ FC, അവർ മുമ്പെവിടെ കളിച്ചാലെന്ത് ?
രണ്ട് വട്ടമാണ് നാമവരുടെ ഗോൾ വല കുലുക്കിയത്, എതിരില്ലാത്ത 2 ഗോളുകൾ. സംഘാടകരുടെ Fb ലൈവ് പേജിൽ ആ സമയം ഓൺ ലൈൻ കളി കാണാനിരുന്നിരുന്നത് 5000 + e- പ്രേക്ഷകർ !

ഇനി ഫൈനൽ ! തൃക്കരിപ്പൂരിനെ  United Patla തളച്ചു എന്ന് കേട്ടപ്പോൾ തന്നെ ഒറവങ്കരക്ക് ഒരു മാതിരി ആയിരിക്കണം. പക്ഷെ, കാണികൾ അന്നേരം മുഴുവൻ പട്ലക്കനുകൂലമായിക്കഴിഞ്ഞിരുന്നു. എവിടെയും ആരവങ്ങൾ ! ആദ്യ പകുതിയിൽ ഒന്നുമാകുന്നില്ല. ഒറവങ്കരക്കാകെ കൺഫ്യൂഷൻ. അൽപമവർക്കാശ്വാസവുമുണ്ട്.

പക്ഷെ, രണ്ടാം പകുതി പട്ലയുടെ സിംഹക്കുട്ടികൾ മൈതാനം മുഴുവൻ കയ്യിലെടുത്തു. ഒന്നേയ് , ഗോൾ ! അതി മനോഹരമായത്. സരഫുവിന്റെ ഉന്നം തെറ്റാത്ത ബുള്ളറ്റ്'.  വീണ്ടും ഗോൾ വലയം ചലിച്ചു, റേഞ്ചേർസ് ഒറവങ്കരയുടെ ഗോൾ വല തന്നെ. കാഴ്ചക്കാരനായി അവിടെ ഗോളി നടുവിന് കൈ വെച്ചു നിൽക്കുന്നു.  സെക്കന്റ് വൺ ഗോൾ. ഇത് സഫ്വാന്റെ വക.  എല്ലാ ടീമിലും ചെറിയ ദുർബല നിമിഷങ്ങളുണ്ടാകുമല്ലോ, ആ ഗ്യാപ്പിൽ ഒറവങ്കരക്കും ഒരു ഗോൾ നേടാനായി.

ഇന്ത്യൻ സമയം ആറോടടുത്തു ഗ്രൗണ്ടിൽ നീണ്ട വിസിൽ മുഴങ്ങി. ദുബായിലെ ആ രാവ് ഒരിന്ത്യൻ ഗ്രാമത്തെ നെഞ്ചോടു ചേർക്കുകയായിരുന്നു. യെസ്,  ക്ലബ് ബേരിക്കൻസ് & ഫിലി കഫെ ഫുട്ബോൾ ലീഗ് രണ്ടാം സീസണലെ  യു.എ. ഇ - കാസർകോട് ജില്ലാ ചാമ്പ്യൻ പട്ടം  നമ്മുടെ യുനൈറ്റഡ് പട്ല നെഞ്ചോട് അടുപ്പിക്കുകയായിരുന്നു.

രാവിലെ ഇങ്ങ് പട്ലയുടെ എല്ലാ വീടുകളിലും മൊബൈൽ നിറയെ  ഒരാഘോഷത്തിന്റെ, ഉത്സവത്തിന്റെ പ്രതീതി ജനിപ്പിക്കുമാറ് വിജയഭേരി മുഴങ്ങിയ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു, Yes We Got it, We are Now Champions.

സബാഷ് മക്കളെ സബാഷ് ! കടലിനക്കരെ നിന്നും കാറ്റിനോടൊപ്പം ഈ ത്രസിപ്പിക്കും വിജയം കൊണ്ട് വന്നതിന് ! 
.............................
NB : രണ്ട് മാസത്തിലൊരിക്കൽ ഫുട്ബോൾ വാങ്ങി കളിച്ചു പൊട്ടിച്ച് ഒരു കൂസലുമില്ലാതെ അടുത്തത് ചോദിച്ച് ശല്യം ചെയ്യുന്ന എന്റെ കുസൃതിപ്പയ്യൻ റൈഹാനും അവന്റെ വികൃതിക്കൂട്ടുകാർക്കും ഈ ആസ്വാദനം സമർപ്പിക്കുന്നു. ▪

No comments:

Post a Comment