Sunday 11 August 2019

ചൂട് കനക്കുന്നു ശ്രദ്ധിക്കണം / AMP


*ചൂട് കനക്കുന്നു*
*ശ്രദ്ധിക്കണം*
*വറ്റാത്ത കിണറുകൾ*
*വറ്റിത്തുടങ്ങി*
*അസുഖങ്ങൾ*
*മറ്റൊരു ഭാഗത്തും*
.........................
അസ്ലം മാവില
.........................
പട്ലയിൽ മിനിഞ്ഞാന്ന് രാത്രി ഒരു സുഹൃത്തിന്റെ വീട്ടിൽ ചെന്നു. അയാളുടെ മുറ്റത്തെ  കിണർ കഴിഞ്ഞ കൊല്ലം വരെ വറ്റിയിരുന്നില്ല പോലെ. ഇക്കുറി ഈ മാർച്ച് തീർന്നതോടെ ഒരു കുടം മുങ്ങാൻ പാകത്തിന് പോലും കിണറിൽ വെള്ളമില്ല. . ഇനി എന്ത് എന്ന പ്രയാസത്തിലാണാ കുടുംബം.
ഇത് ഒരു ഉദാഹരണം. ഇന്ന് കുഞ്ഞിപ്പള്ളിയിൽ നിന്നറിങ്ങിയപ്പോൾ സംസാരം രാഷ്ട്രിയം വിട്ട് വരൾച്ചയിലേക്കെത്തി. എവിടെ നോക്കിയാലും  ഇപ്രാവശ്യത്തെ അതികഠിന ചൂടുകാലം തന്നെയാണ്  സംസാരം.
ഇന്ന് ഏപ്രിൽ ഒന്ന്. കാലവർഷം ചതിച്ചില്ലെങ്കിൽ  മഴക്കാലം വരാൻ 65 ദിവസത്തിലധികം നാം കാത്തിരിക്കണം. ഓരോ ദിവസം പോകുന്തോറും ചൂടിന്റെ കാഠിന്യം കൂടിക്കൂടി വരുന്നു.  ചുരുക്കം ചില വീടുകളൊഴികെ എല്ലായിടത്തും അകത്ത് സെഗെയും ഹഗ്ഗിയുമാണ്.
പട്ലയിൽ നിന്ന് സൺസ്ട്രോക്കിന്റെയോ ഹീറ്റ് എക്സോഷന്റെയോ കേസ് ഇത് വരെ  റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും എല്ലാ ഉമ്മമാരും മക്കളെ കുറച്ചു ശ്രദ്ധിക്കുന്നത് നല്ലതാണ്. രാവിലെ 11 മുതൽ 3 മണിവരെ  നടും വെയിലത്തും നട്ടുച്ചയ്ക്കും മക്കളെ കളിക്കാൻ വിടരുത്. അന്തരീക്ഷത്തിലെ അമിത ചൂടുകാരണം നിർജ്ജലീകരണം എളുപ്പം നടക്കും. ശരീരത്തിലെ വെള്ളം പെട്ടെന്ന് തപിച്ചില്ലാതാകും. നാം തന്നെ അറിയില്ല ക്ഷീണിച്ചു ഒരു ഭാഗം മറിഞ്ഞു വീഴുന്നത്. പുറം തോലിന് സൂര്യതാപമേറ്റ് പൊള്ളൽ വീണത് തന്നെ അന്നേരം അറിഞ്ഞു കൊള്ളണമെന്നുമില്ല. വളരെ അപകടകരമായ ഘട്ടങ്ങളാണിതൊക്കെ. ഇന്ന് കുമ്പള സ്കൂൾവാർഷികാഘോഷ പരിപാടി കാണാൻ പോവുകയായിരുന്ന രണ്ട് മക്കൾ - ശൈലേഷ്, ആരതി -  നായികാപ്പിൽ വെച്ച് സൂര്യാഘാതമേറ്റ് ആസ്പത്രിയിലെന്ന വാർത്ത ഇന്നത്തെ ഓൺലൈൻ പത്രങ്ങളിൽ വന്നത്  വായിച്ചിരിക്കുമല്ലോ.
ചില സ്ഥലങ്ങളിൽ ഉഷ്ണകാല രോഗങ്ങളുണ്ട്. ചിക്കൻപോക്സ് തുടങ്ങി പകർച്ച വ്യാധികൾ വേറെയും. പൊടിപടലങ്ങൾ മൂലം അലർജി അസുഖങ്ങൾ പുതുതായി വർദ്ധിച്ചു കൊണ്ടിരിക്കുകയുമാണ്.
ശീതളപാനീയങ്ങളും ശീതികരിച്ച ഭക്ഷണവിഭവങ്ങളും ഉപയോഗിക്കുമ്പോഴും എല്ലാവർക്കും ഒരു ശ്രദ്ധ നല്ലതാണ്. ഇവയുടെ ഉപയോഗം മൂലംലം ഫുഡ് പൊയ്സന് വഴിവെച്ച കേസുകളും അങ്ങിങ്ങായി കേൾക്കാൻ തുടങ്ങിയിട്ടുണ്ട്.
വെള്ളത്തിന്റെ ദൗർലഭ്യം സൂചിപ്പിച്ച് തുടങ്ങിയതാണല്ലോ ഈ കുറിപ്പ്. ഇങ്ങനെ പോയാൽ നല്ല ജലക്ഷാമം പട്ലയിൽ ഉണ്ടാകാൻ സാധ്യത ഏറെയാണ്. അവനവന് പറ്റാവുന്ന രൂപത്തിൽ വെള്ളം സൂക്ഷിച്ചും മിതമായും ഉപയോഗിക്കുക.
ഒരു കിണർ വറ്റിയാൽ അയൽക്കാർ സഹകരിക്കുക. ഒപ്പം നല്ല അയൽ ബന്ധങ്ങൾ നിലനിർത്തുക. ഒന്നും കുടിവെള്ളം പങ്കിടുന്നതിന് വിഷയമാകരുത്.
രണ്ട് മൂന്ന് വർഷമായി CP യുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം വളരെ ഭംഗിയായാണ് നടന്നു വരുന്നത്. ഇപ്രാവശ്യം കുറച്ചു നേരത്തെ തന്നെ ഇതിനിറങ്ങാൻ നിലവിലെ സാഹചര്യം നിർബന്ധിതമാക്കുമെന്നാണ് തോന്നുന്നത്. 
അതിനും ധനസഹായത്തോടൊപ്പം "തടി"കൊണ്ടുള്ള സപ്പോർട്ടും പൊതുജനങ്ങളിൽ നിന്നാവശ്യമാണ്. എങ്കിലേ അതൊരു ജനകീയ സംരംഭമാകൂ. മുൻ വർഷങ്ങളിൽ ചെയ്തത് പോലെ തന്നെ ഓപറേഷൻ ടീമും മാനേജ്‌മെന്റ് ടീമും ഒന്നിച്ച് പ്രവർത്തിച്ചാൽ വളരെ ഭംഗിയായി കൂടെപ്പിറപ്പുകൾക്ക് ദാഹജലമെത്തിക്കാൻ നമുക്ക് സാധിക്കും.
അതിന് മുമ്പ് ഒരിടമഴവന്നിരുന്നെങ്കിൽ എന്ന പ്രാർഥനയിലാണ് നിങ്ങളെല്ലാവരെയും പോലെ ഞാനും. കാരുണ്യവാന്റെ ആ
കരുണ കടാക്ഷത്തിനായി നമുക്ക് മനമുരുകി പ്രാർഥനാനിരതരാകാം. 

No comments:

Post a Comment