Wednesday 28 August 2019

*ഐക്യപ്പെടേണ്ടിടത്ത്* *ഐക്യപ്പെട്ടേ തീരൂ* *വാണിയമ്പലം മഹൽ* *ശ്രദ്ധാകേന്ദ്രമാകുന്നതങ്ങിനെയാണ്* / അസ്ലം മാവിലെ


*ഐക്യപ്പെടേണ്ടിടത്ത്*
*ഐക്യപ്പെട്ടേ തീരൂ*
*വാണിയമ്പലം മഹൽ*
*ശ്രദ്ധാകേന്ദ്രമാകുന്നതങ്ങിനെയാണ്*

******************
അസ്ലം മാവിലെ 
............................
http://www.kvartha.com/2019/08/be-united-on-religious-matter.html?m=1

യോജിക്കേണ്ടിടത്ത് യോജിക്കണം. ഒന്നിച്ചിരിക്കേണ്ടിടത്ത് ഒന്നിച്ചിരിക്കുക തന്നെ വേണം. ഒന്നായി പ്രവർത്തിക്കേണ്ട അവസരം വന്നാൽ കൈ മെയ് മറന്ന് വർത്തിക്കണം. അതിനായി  മുൻകൈ എടുക്കണം. അത് പറയാൻ, പറഞ്ഞ് ഫലിപ്പിക്കാൻ 'അരപ്പസെ' മടി കാണിക്കുകയുമരുത്.

മുമ്പൊക്കെ മാസപ്പിറവി വിഷയത്തിൽ എന്തോരം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഒരേ മഹല്ലിൽ, ഒരേ ജില്ലയിൽ, ഒരേ സംസ്ഥാനത്ത് വ്യത്യസ്ത ദിവസങ്ങളിൽ നോമ്പും പെരുന്നാളും വന്നിരുന്ന കാലം. വന്ന് വന്ന് അത് ഒരേ വീട്ടിൽ വ്യത്യസ്ത ദിനങ്ങളിൽ റമളാൻ തുടങ്ങുകയും ഈദ് ആഘോഷിക്കുകയും ചെയ്യുന്ന പരിതാപകര അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തി.   കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അന്നങ്ങനെ. ഇന്നോ ? എത്ര കൊല്ലങ്ങളായി മലയാളിക്ക് കേരളക്കരയിൽ നോമ്പും ഒരേ നാൾ വരുന്നു. പെരുന്നാളും ഒരേ ദിവസം തന്നെ. ആർക്കും ഒരു പ്രശ്നമില്ല.  അന്നത്തെ പോലെ തന്നെ സൂര്യനും ചന്ദ്രനും അതിന്റെ സമയത്ത് തന്നെയാണ് ഇപ്പഴും ഉദിക്കുന്നതും അസ്തമിക്കുന്നതും. ഇങ്ങനെ റമളാൻ തുടങ്ങിയത് കൊണ്ടോ ഐക്യപ്പെരുന്നാൾ ആഘോഷിച്ചത്  കൊണ്ടോ ഒരാകാശവും ഇത്വരെ ഇടിഞ്ഞു വീണില്ല.  ഒരു അനിഷ്ടസംഭവവും എവിടെയും നടന്നതായി കേട്ടുമില്ല. വിമർശിക്കാൻ ഓങ്ങിയവരൊക്കെ, കാര്യങ്ങൾ മനസ്സിലാക്ക് പിന്നോട്ട് പോയി. അവർക്കിതിന്റെ ആവശ്യകത ബോധ്യമായി.

ഇപ്പോഴും മുസ്ലിംകളിലെ എല്ലാ വിഭാഗങ്ങളും കേരളമെമ്പാടും പ്രസംഗങ്ങൾ നടത്തുന്നു, ആദർശ വിശദികരണങ്ങൾ നടത്തുന്നു.  ഖണ്ഡന മണ്ഡനങ്ങൾ വേണ്ടിടത്തും വേണ്ടാത്തിടത്തും ചെയ്യുന്നു. എല്ലാ കൂട്ടരും അവരവരുടെ വഴിയിൽ  പ്രവർത്തനങ്ങൾ അഭംഗുരം തുടരുകയും ചെയ്യുന്നു. 

ഐക്യപ്പെരുന്നാളിന്റെ സത്ത ഉൾക്കൊണ്ട് കൊണ്ട് ഇതാ ഒരു വർത്തമാനം വാണിയമ്പലത്തു നിന്നും അന്തരീക്ഷത്തിൽ സുഗന്ധം പരത്തുകയാണിപ്പോർ. കാര്യമിതാണ്. ബലിപെരുന്നാളിലെ,  ഉദുഹിയ്യത്ത് (ബലി കർമ്മം)  എല്ലാവരും ഒന്നിച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. സുന്നി വിഭാഗം നേതൃത്വം നൽകുന്ന   വാണിയമ്പലം വലിയ ജുമുഅത്ത് പള്ളി ഭാരവാഹികളാണ് ഈ സംയുക്ത ബലികർമ്മമെന്ന ആശയം പൊതുമനസ്സിന്റെ മുന്നിലേക്ക് വെച്ചത്. മഹല്ലിലെ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി മസ്ജിദ് കമ്മറ്റികൾ  വിഷയം ഗൗരവത്തിൽ ചർച്ച ചെയ്ത് ഈ ആശത്തോട് യോജിക്കുകയും ഈ സദ്കർമ്മത്തിന് ഒന്നിക്കാമെന്നറിയിച്ചതോടെ ഈ വർഷത്തെ ബലികർമ്മം വാണിയമ്പലത്തുകാർക്ക്  ഒരുമയുടെ കൂടിയാകുന്നു.

ശരിക്കും പറഞ്ഞാൽ, നന്മയിലേക്കുള്ള വാതായനങ്ങൾ ഇങ്ങനെയൊക്കെയാണ്  തുറക്കുന്നത്. ആദർശത്തിലും, നിലപാടുകളിലുമുള്ള വീക്ഷണ വ്യത്യാസങ്ങളും പാഠഭേദങ്ങളും ഇത്തരം ഐക്യപ്പെടലുകൾക്ക് ഒരു വിലങ്ങു തടിയേ അല്ല എന്നതാണ് വലിയ പാഠം. മഹല്ലു സംവിധാനങ്ങളിൽ വലിയതോതിൽ  വിവിധങ്ങളായ വിഷയങ്ങളിൽ ഐക്യമുണ്ടാകേണ്ടതിന്റെയും അവയ്ക്ക് വേണ്ടി നിലയുറപ്പിക്കുന്നവരുടെ എണ്ണമേറെയുണ്ടാകേണ്ടതിന്റെയും ആവശ്യകതയിലേക്ക് കൂടിയാണ് ഈ ഒരൊറ്റ സംഭവം വെളിച്ചമേകുന്നത്.

കേരളത്തിലെ പല മഹല്ലുകളിലും ഫിതർ സക്കാത്ത് ശേഖരണവും വിതരണവും വർഷങ്ങളായി ഇതേ പോലെ ഒന്നിച്ചു നടക്കുന്നതും ഇതോടൊപ്പം കൂട്ടി വായിക്കുക. അത്കൊണ്ട് ഗുണമല്ലാതെ അവിടങ്ങളിൽ ദോഷമുണ്ടായിട്ടില്ല. ഒരു മഹല്ലിലെ പാവപ്പെട്ടവരുടെ സാമ്പത്തികപോരായ്മ തിരിച്ചുള്ള കണക്കെടുക്കാനും അതിനനുസരിച്ച് അളന്ന് തിട്ടപ്പെടുത്തി ഫിത്റ് സക്കാത്ത് അർഹർക്ക് വേണ്ട അനുപാതത്തിൽ  എത്തിക്കുവാനും ഇതുകൊണ്ടായിട്ടുണ്ട്. അധികം വരുന്ന ധാന്യങ്ങൾ മറ്റു മഹല്ലുകളിലേക്ക് കാലവിളംബം കൂടാതെ എത്തിക്കാനുമിതുകൊണ്ടാകും. 

വാണിയമ്പലം മാതൃക മറ്റു മഹല്ലുകൾ പിൻപറ്റണം. ഒപ്പം നിർബന്ധസക്കാത്ത് ശേഖരിച്ച്  അവ അർഹരിൽ എത്തിക്കുന്ന കാര്യത്തിലും എല്ലാ മഹല്ലുകളും ഉത്സാഹിക്കുകയും വേണം. എല്ലാ വിഭാഗങ്ങളിലെയും പരിചിത പ്രജ്ഞരായ കർമ്മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായങ്ങൾ കൂടി ഉണ്ടായാൽ മലയാളക്കരയിൽ ഈ ഒരൊറ്റ സംയുക്ത സംഘടിത സക്കാത്ത് സംവിധാനം കൊണ്ട് മാത്രം  മുസ്ലിംകൾക്കിടയിൽ വലിയ മാറ്റങ്ങൾ വരുത്തുവാൻ സാധിക്കും.

സാമുദായിക സ്നേഹികളുടെയും പൊതുനന്മ ആഗ്രഹിക്കുന്ന മനുഷ്യസ്നേഹികളുടെയും ഒപ്പം പണ്ഡിത ശ്രേഷ്ടരുടെയും സജീവ ശ്രദ്ധ നടേ പറഞ്ഞ വിഷയങ്ങളിൽ ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ, എന്റെ മാത്രമല്ല എല്ലവരുടെയും. കാലമാഗ്രഹിക്കുന്നതുമത് തന്നെ. പുതിയ സന്തോഷവാർത്തകൾക്കായി നമുക്ക് കാതോർക്കാം. പ്രാർഥിക്കാം.

No comments:

Post a Comment