Monday 19 August 2019

*മഴപ്പൊലിമയിലെ* *പൊലിമയും നാമും* / അസ്ലം മാവിലെ

*മഴപ്പൊലിമയിലെ*
*പൊലിമയും നാമും*
...........................

അസ്ലം മാവിലെ
...........................

മഴപ്പൊലിമ കേരളത്തിൽ 2017 മുതലുണ്ട്. ഒന്ന് തൃശൂർ ജില്ലാ കേന്ദ്രമായി മഴപ്പൊലിമ. മറ്റൊന്ന് കാസർകോട് കേന്ദ്രമായും.  രണ്ടിന്റെയും ഉദ്ദേശം രണ്ടായിത്തന്നെയുണ്ട്. തൃശൂർ കലക്ടറുടെ നേതൃത്വത്തിൽ തുടങ്ങിയ മഴപ്പൊലിമ കിണർ റിചാർജിങ്ങിനാണെങ്കിൽ, കാസർകോട് കുടുംബശ്രീയുടെ മഴപ്പൊലിമ തരിശുനില റികൽട്ടിവേഷനാണ്. 

ആദ്യത്തെ പ്രൊജക്ട് ഇങ്ങനെ. പുരപ്പുറത്ത് വീഴുന്ന വെള്ളം വെറുതെ ഒലിച്ചു പോവുകയാണല്ലോ. അന്നത്തെ തൃശൂർ കലക്ടർ ഒരു പദ്ധതി തുടങ്ങി. ഈ പുരപ്പുറത്തെ വെള്ളം തൊട്ടടുത്ത കിണറിനടുത്ത് ഒരു ടാങ്ക് സ്ഥാപിച്ച്, അതിൽ നിറക്കും. പിന്നീടത് മണലും മറ്റും ഉപയോഗിച്ചു അരിപ്പ പ്രക്രിയ നടത്തി അതേ കിണറിലേക്ക് തിരിച്ചു വിടും.

കേട്ടാൽ നൊസ്സെന്ന് തോന്നും. ഈ ചെറിയ ആശയം കൊണ്ട് 25000 കിണറുകളാണ് വെള്ളം നിറച്ചത്. ഉപ്പുജല ഏരിയയിൽ ഇതു മൂലമവിടങ്ങളിലെ കിണറിലെ ഉപ്പുരസം വളരെ കുറഞ്ഞുവത്രെ. ചില സ്കുളുകളിലും ഈ പദ്ധതി നടപ്പാക്കി വേനൽ വറ്റൽ നിർത്താനും സാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. നമുക്കും പരിക്ഷിക്കാവുന്നതാണ്.

ഇനി കുടുംബശ്രീ മഴപ്പൊലിമ. 2017ൽ കാസർകോട്ടുള്ള കുടുംബശ്രീ ഒരു കണക്കെടുത്തു. 1010 ഹെക്ടർ ഭൂമി തരിശായി കിടക്കുന്നു. അതൊന്നു പുഷ്പിണിയാക്കുക എന്ന ലക്ഷ്യത്തിൽ കുടുംബശ്രി - CDS വിംഗ് തുടക്കമിട്ടതാണീ പദ്ധതി. (കുടുംബശ്രിയിൽ 3 Layers ഉള്ളത് അറിയാമല്ലോ. NHG , ADS & CDS - Neighbourhood Grp, Area Dev Society, Community Dev Society).

തരിശ് പടം കണ്ടെത്തി അത് ഉപയോഗയുക്തമാക്കുക എന്നതാണ് ലക്ഷ്യം. ജൂലൈ 1 മുതൽ ജൂലൈ 31 വരെ  മഴപ്പൊലിമയാണ് പഞ്ചായത്ത് തോറും. ആ മാസം കാർഷികാഘോഷമാണ് കാസർകോട്ടുകാർക്ക്. നെൽക്കൃഷി, പച്ചക്കറി , വാഴ ഇവിടെ കൃഷി ചെയ്യും. മഴപ്പൊലിമ ദിവസം വിളംബര ദിനമാണ്. അന്ന് വിവിധ രസകരമായ കളിയും തമാശയും അരങ്ങേറും. എല്ലാം ചേറ്റിലാണ്. കാൽപ്പന്ത് കളി മുതൽ സകല ഐറ്റംസും അവിടെ ഉണ്ട്.

മധൂർ പഞ്ചായത്തിന്റെ ഇപ്രാവശ്യത്തെ  മഴപ്പൊലിമ ചേനക്കോടാണ്. പറ്റാവുന്നവർ ആ ആഘോഷത്തിന്റെ ഭാഗമാvuka. കുടുംബശ്രീയുടെ വലിയ സംരംഭമാണിത്. ഓർക്കുക - ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ മുന്നേറ്റമാണത്രെ നമ്മുടെ കേരളത്തിലെ കുടുംബശ്രീ.

പൊലിമ എന്നത് ഇപ്പോൾ പട്ലയുടെ രക്തത്തിൽ അലിഞ്ഞ ഒന്നായി മാറിയിരിക്കുന്നു. അത്കൊണ്ടാണ് പൊലിമ എവിടെ എഴുതിക്കണ്ടാലും നമ്മുടെ മനസ്സ് ഒന്ന് ആർദ്രമാകുന്നത്. ബനംകരീന്നത്, ഓർമ്മയിൽ വെറുതെ ക്ഷണിക്കാത്ത വിരുന്നുകാരനായി വരുന്നത്. നമ്മുടെ നിഷ്ക്കളങ്ക മനസ്സിനെ അത്രമാത്രം പൊലിമ സ്വാധീനിച്ചിട്ടുണ്ട് എന്നർഥം.

മഴപ്പൊലിമ കുടുംബശ്രീക്കാർ തീർക്കട്ടെ, നമുക്ക്, പട്ലക്കാർക്ക്,  എല്ലാ മുക്കൊല്ലം തീരുമ്പോഴും ആഘോഷിച്ച് സന്തോഷിക്കാനുള്ളതാണ് നമ്മുടെ പിരിശപ്പെരുന്നാൾ,  പൊലിമ.

അസ്ലം മാവിലെ

No comments:

Post a Comment