Monday 19 August 2019

സമ്പൂർണ്ണ A+ നേടിയവരും* *പട്ല സ്കൂളും* *പട്ലയിൽ നിന്നുള്ള* *വിജയികളും ; പിന്നെ* *പട്ല പേരു വിവാദവും* /. അസ്ലം മാവിലെ

*സമ്പൂർണ്ണ A+ നേടിയവരും*
*പട്ല സ്കൂളും*
*പട്ലയിൽ നിന്നുള്ള*
*വിജയികളും ; പിന്നെ* 
*പട്ല പേരു വിവാദവും*
..........................
അസ്ലം മാവിലെ 
..........................

ക്ഷമിക്കണം. അൽപം മാറി നിൽക്കുമ്പോൾ, ഇതല്ല, ഒന്നും തന്നെ  Update നടക്കാറില്ല. അങ്ങോട്ട് ശ്രദ്ധ തന്നെ ചിലപ്പോൾ  പോയെന്നും വരില്ല.

ഉള്ളത് പറയാമല്ലോ, ഇക്കുറി റിസൾട്ട് വന്ന SSLC ഉം Plus 2 വും  എന്റെ ശ്രദ്ധയുടെ ഭാഗമേ ആയിരുന്നില്ല. അത്കൊണ്ട് തന്നെ നമ്മുടെ സ്കൂളിൽ നിന്ന് എത്ര പേർ ജയിച്ചു, എത്രയാണ് വിജയശതമാനം, അതിൽ A+ കാരുണ്ടോ, ഉണ്ടേൽ അവരെത്ര ഇതൊന്നും യഥാസമയം അറിയാനുമിടയായില്ല. ഗൗരവമായി അന്വേഷിക്കാനും പോയില്ല.

സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒരു ബാനർ പ്രത്യക്ഷപ്പെട്ടത് ഇന്ന് രാവിലെ  ബക്കർ മാഷ് എന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ്  ഈ മാസാദ്യം റിസൾട്ട് വന്ന SSLC യും Plus 2 വും എന്റെ ഖ്യാലിലെത്തുന്നത്. വൈകിയെങ്കിലും പട്ല സ്കൂളിൽ നിന്നും പട്ലക്ക് പുറത്തുള്ള സ്കൂളുകളിൽ നിന്നും പഠിച്ച് SSLC, Plus 2 പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ മുഴുവൻ  കുട്ടികളെയും മനസ്സ് നിറഞ്ഞ് ഞാനാശംസിക്കുന്നു; അവരെ അഭിവാദ്യം ചെയ്യുന്നു.

100% വിജയമെന്നത് ഒരു വാർത്തയല്ലെന്ന് തോന്നുമെങ്കിലും, SSLC യിൽ സ്ഥിരം 100 % വിജയം ലഭിച്ചു കൊണ്ടിരിക്കുന്ന സ്കൂളിൽ നിന്ന്  ഏതെങ്കിലുമൊരുവർഷം അര ശതമാനം കുറയുന്നത്  വാർത്ത തന്നെയാണ്. അത്കൊണ്ട് 100 നിലനിർത്തുക( maintain ചെയ്യുക) എന്നത് പിടിപ്പത് പണി തന്നെയാണ്, പ്രത്യേകിച്ച് അധ്യാപകർക്കും സ്കൂൾ മാനേജ്മെൻറിനും.

(ഇടക്ക് ഒരു സംശയം: ഇക്കുറി പട്ല സ്കൂളിൽ നിന്ന് ഒരു കുട്ടിക്ക് ഏതോ ഒരു പേപ്പർ മിസ്സായെന്ന്  ഞാൻ വെറുതെ കേട്ടതാണോ ?  അതല്ല,  റിവാല്യേഷനിൽ ആ കുട്ടി മാർക്ക് തിരിച്ചു പിടിച്ചതാണോ ?)

SSLC യിൽ ഇക്കുറി പട്ല സ്കൂളിൽ നിന്ന് നാല് കുട്ടികളാണ് Full A+ നേടിയത്. ഇതൊരു ചെറിയ വിഷയമല്ല. ആ കുട്ടികൾ നന്നായി കഠിനാധ്വാനം ചെയ്തിരിക്കണം. ചെറിയ ക്ലാസ് തൊട്ടേ അവർ പ്രയത്ന നിരതരായിരിക്കണം.  അവർക്ക് എല്ലാ വിഷയങ്ങളും എളുപ്പവും ഇഷ്ട ഇനങ്ങളും ആകണമെന്നില്ല, പക്ഷെ, എന്നിട്ട് കൂടി അവ ഓരോന്നിലും മികച്ച വിജയം നേടിയെടുക്കാൻ അവർക്കായി എന്നത് ഞാൻ നടേ സൂചിപ്പിച്ച കഠിന ശ്രമങ്ങളെ സാധൂകരിക്കുന്നു.  കുട്ടികളെ അതിനായി പാകപ്പെടുത്തി എടുത്ത അധ്യാപകരും ഇത്തരുണത്തിൽ പ്രശംസ അർഹിക്കുന്നു. ബ്രില്ല്യന്റായ  കുട്ടികൾക്ക്  ആ രീതിയിൽ പഠിക്കുവാൻ ഭൗതിക സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കുകയും മതിയായ പിന്തുണ നൽകുകയും ചെയ്ത മാതാപിതാക്കളെയും അഭിനന്ദനം അറിയിക്കുന്നു.

പട്ല സ്കൂളിൽ നിന്ന് ഇക്കുറി SSLCയിൽ മുഴു A+ നേടിയ കുട്ടികൾ ഇവരാണ്. (അവരുടെ ഫോട്ടോയും കൂടെയുണ്ട് ).
ഷെഫിൻ മുഹമ്മദ്
ശിബ് ല PB
ആയിഷത്ത് ഷംല
ഫാതിമ അമൽ ഫർഹത്
ഒരിക്കൽ കൂടി അനുമോദനങ്ങൾ !

വേനലവധി കഴിഞ്ഞു ജൂൺ മൂന്നിന്  സ്കൂൾ തുറക്കുമ്പോൾ പുതിയ പത്താം ക്ലാസ്സുകാർക്ക് മിടു മിടുക്കരായ ഈ കുട്ടികൾ തീർച്ചയായും വലിയ പ്രചോദനമാകണം. അവർ നാലുപേർ ഇരുന്ന് പഠിച്ച ബഞ്ചുകളിലാണ് നിങ്ങളിനി ഇരിക്കാൻ പോകുന്നത്. അവർക്ക് പഠിപ്പിച്ച അധ്യാപകർ തന്നെയാണ് നിങ്ങളെയും മറ്റന്നാൾ പഠിപ്പിക്കാൻ ക്ലാസ്സിലെത്തുന്നത്. Full A+ നാലല്ല, നാല്പത് പേർക്ക് ലഭിക്കട്ടെ.

പി. കു :
PATLA എന്ന് ഇംഗ്ലിഷിൽ എഴുതുന്ന നമ്മുടെ ഗ്രാമത്തിന്റെ മലയാളത്തിലുള്ള പേര്, നിങ്ങൾ,  സ്കൂൾ അധികൃതർ,  'പലേ പലേ'  കോലത്തിലാണ് ഇയ്യിടെയായി എഴുതിത്തമാശിക്കുന്നത്. സ്കൂൾ കോംപൗണ്ടിന് ചുറ്റും ഒന്നു വലയം വെച്ചാൽ തൂങ്ങിയും തൂങ്ങാതെയും മതിലൊട്ടിയും കിടക്കുന്ന ബോർഡുകളിലും ശിലാഫലകങ്ങളിലും ഈ പറഞ്ഞ 'പലേ പലേ' ഭാവങ്ങളിൽ പട്ലയെ നമുക്ക് അതിദയനീയമായി  കാണാം. മുമ്പൊരു വട്ടം ഞാൻ ഒരു എഴുത്തിൽ ഇത് സൂചിപ്പിച്ചിരുന്നു. മലയാളമങ്ങനെ. ഇനി ഇംഗ്ലീഷോ ?  PATLA  എന്ന് എഴുതേണ്ടിടത്ത്   PADLA എന്നെഴുതിയാണ് ഇപ്പഴും സർക്കാർ വിജ്ഞാപനങ്ങൾ നമ്മുടെ സ്കൂളിന്റെ പേരിൽ അതിലും ദയനീയമായി വരുന്നത്.  സ്കൂളിൽ നിന്ന്  ഈ അടുത്ത കാലത്ത് ഏതോ ഒരു വിദ്വാൻ മനഃപൂർവ്വം എഴുതി അയച്ചതാകണം ഈ പുതിയ ഇംഗ്ലീഷ് സ്ഥലനാമം. 

ഭാരതം എന്നത് ബാരതം, ഫാരതം, പാരതം എന്നാരെങ്കിലും താനിങ്ങനെയാണ് ഉച്ചരിക്കുന്നതെന്ന മുടന്തൻ ന്യായം പറഞ്ഞു  മതിലിൽ എഴുതിപ്പിടിപ്പിക്കുമോ ? ഇല്ലല്ലോ.  എങ്കിൽ പട്ലയുടെ കാര്യത്തിലും അങ്ങിനെ തന്നെ. ഇനി 'പട്ല'  എഴുതുന്നില്ലെങ്കിൽ 'ഫട്ട്ല' എന്നെഴുതിയാലും ഫഷ്ട്. പക്ഷെ, ബോർഡിലും  മതിലിലും ബുക്കിലും നോട്ടിലും  കവാടത്തിലും ശിലാഫലകത്തിലും എല്ലായിടത്തും ഒന്ന് തന്നെ ഫോളോ ചെയ്യണം. അധികൃതർ ശ്രദ്ധിച്ചിരുന്നെങ്കിൽ !  ▪

No comments:

Post a Comment