Monday 19 August 2019

ഈ 2021 എന്ന മാജിക് വർഷം* *നേരത്തെ ഓർമ്മപ്പെടുത്തട്ടെ* /. അസ്ലം മാവിലെ


*ഈ 2021 എന്ന മാജിക് വർഷം*
*നേരത്തെ ഓർമ്മപ്പെടുത്തട്ടെ*

...........................
അസ്ലം മാവിലെ
...........................

വെറുതെ ഇരിക്കുകയല്ലേ ? കുഞ്ഞുവർത്തമാനവും കുറച്ചു  കണക്കും കാര്യവും നിങ്ങളോട് പറയട്ടെ.

നാളെ (വെള്ളി) സ്കൂളിലേക്ക് കലക്ടർ വരുന്നു, ഡി ഡി ഇ വരുന്നു, ഡി ഇ ഒ വരുന്നു. അവരുടെ ശ്രദ്ധയിലും ഇക്കാര്യം  പതിയണം.

ഇന്ന് മകൻ വഴി വീട്ടിലെത്തിയ നോട്ടിസിൽ നമ്മുടെ സ്കൂൾ സ്ഥാപന വർഷം എഴുതിയിട്ടുണ്ട്, അതിങ്ങനെ, Estd: 1951. ആ അധ്യയന വർഷം ഇങ്ങനെയായിരുന്നിരിക്കാം,  1950- 1951 അല്ലെങ്കിൽ 1951- 1952. എന്തായാലും രണ്ടിലും 1951 ഉണ്ട്.  ഉണ്ടല്ലോ. ശരി.

ഈ അധ്യയന വർഷം 2019- 2020 , അടുത്ത വർഷം 2020- 2021. നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം 2021 അങ്ങനെയങ്ങ് നുള്ളിപ്പെറുക്കിക്കളയാനാകില്ല. എന്തേ കാരണം ? മറ്റൊന്നുമല്ല, ഔദ്യോഗികമായി നമ്മുടെ പാഠശാലയ്ക്ക് 70 വയസ്സായി.
70 എത്തിയാൽ ആ വാർഷികാഘോഷത്തിനൊരു പേരുണ്ട്.  വെണ്മ നിറഞ്ഞ വെള്ളാരം കല്ലിന്റെ പേര് - പ്ലാറ്റിനം ജൂബിലി.

ഇതിന് മുമ്പ് കടന്ന് പോയ മറ്റു ജൂബിലികൾ ആഘോഷിക്കാൻ നമുക്കായോ എന്നതൊന്നും ഇവിടെ പ്രസക്തമല്ല. പ്ലാറ്റിനമാഘോഷിക്കാൻ നമുക്കെങ്ങനെയൊക്കെ സാധിക്കുമെന്നത് മാത്രമാണ് വിഷയം.

നാളെ നമ്മുടെ വിദ്യാലയത്തിലേക്ക് അനുമോദന ചടങ്ങിന്റെ ഭാഗമായി അതിഥികളായി എത്തുന്നവരിൽ എം .പി .യും എം.എൽ. എ യും ജില്ലാ പഞ്ചായത്ത് പ്രസിഡൻറും ജില്ലാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തധികാരികളാരും തന്നെ ഇല്ലെങ്കിലും വളരെ പ്രധാനപ്പെട്ട മറ്റു അധികാരികൾ എത്തുന്നുണ്ട്. അവരുടെ ശ്രദ്ധയിൽ ഈ വിഷയമെത്തണം, വരമൊഴിയല്ലെങ്കിൽ, വാമൊഴിയായെങ്കിലും.

എഴുപതിന്റെ നിറവ് ചെറുതല്ല. വെള്ള ഡയമെണ്ട് നിറം പോലും 70 ന്റെ ആഘോഷത്തിന് മാത്രമായി പരമ്പരാഗതമായി മാറ്റി വെച്ചിട്ടുണ്ട്. Google പരതിയാൽ അതിന്റെ പൊൽസും പോരിശയും ബ്രൌസ് ചെയ്തെടുക്കാൻ പറ്റും.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം പ്ലാറ്റിനം ജൂബിലി പൊലിവിന്റെയും പൊലിമയുടെയും ഭാഗം മാത്രമല്ല; വലിയ ദൗത്യനിർവഹണം പൂർത്തിയാക്കിയതിന്റെ അനുഭവവും തലയെടുപ്പും കൂടിയാണ്.

എഴുപതിന് പറയാനേറെയുണ്ടാകും, പഴയ ഓർമ്മകൾ മാറാലകളിൽ പറ്റിപ്പിടിച്ചിരിക്കണം, ആലോചനയിലേർപ്പെട്ടവർ മുതൽ ഒന്നു മുതൽ ഒന്നൂറായിരവും തീരാത്ത പുറങ്ങളിൽ എഴുതാച്ചരിത്രങ്ങൾ. പൊയ്പ്പോകാത്തധ്വാനങ്ങൾ, മണൽത്തരിക്കഥകൾ, മഞ്ഞുകാത്തനുഭവങ്ങൾ എല്ലാം എല്ലാം പുതുതലമുറക്ക് പറഞ്ഞ് കൊടുക്കാനും പകുത്ത് നിൽകാനും ഈ പ്ലാറ്റിനജ്ജുബിലിക്കാകണം.

ഒറ്റമുറിക്ലാസിൽനിന്നും  പടിയിറങ്ങിയിന്നത്തെ ഒട്ടും കുറയാത്ത പ്രതാപകാലത്തേക്കുളള ഒട്ടനവധി  വഴിദൂരത്തിനിടക്ക് കടന്ന് പോയ ഇരുപ്പത്തഞ്ചരായിരം ദിനരാത്രങ്ങൾക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമുണ്ടായത് അതിന്റെ പിന്നിൽ  അഹോരാത്രം പ്രവർത്തിച്ച ഒരു കൂട്ടം വിദ്യാഭ്യാസപ്രവർത്തകരായിരുന്നെന്നത് ഒളിമങ്ങാത്ത തെളിഞ്ഞ ഓർമ്മകളായി അവശേഷിക്കാൻ ഈ പ്ലാറ്റിന ജൂബിലിക്കാകണം. അങ്ങനെയങ്ങനെയൊരുപാടൊരുപാട് കാര്യങ്ങൾ.

ഒരു വർഷം നീളട്ടെ ആഘോഷം. അണമുറിയാത്ത പെരുത്താഘോഷങ്ങളും നിറഞ്ഞ പരിപാടികളും ഈ ഗ്രാമത്തിലെങ്ങുമുണ്ടാകട്ടെ.  അതിനാലോചനകൾ വളരെ ഝടുതിയിൽ തുടങ്ങട്ടെ. പുതിയ തലമുറയ്ക്ക് ഉൾക്കൊള്ളാനാകും വിധം വൈവിധ്യങ്ങൾ ഈ ആഘോഷങ്ങൾക്കെമ്പാടും ഉണ്ടാകട്ടെ. പഴയ തലമുറക്കാസ്വദിക്കാനും അയവിറക്കുവാനും അതിലെവിടെയും ഇടവുമുണ്ടാകട്ടെ.

ഓർക്കുക. പ്ലാറ്റിനം ജൂബിലി ഒരു വട്ടം മാത്രം ഇവിടെ കടന്നു പോകും. ഒരു പതാക ഉയർത്തലും സ്കൂൾ അസംബ്ലിയിൽ ഒരു പതിഞ്ഞ ഓർമ്മപ്പെടുത്തലും LP UP HS HSS തലത്തിൽ പ്രബന്ധരചനാ മത്സരത്തിലിമൊതുക്കി കൊല്ലാവസാനം ഒരു സ്റ്റേജ് കെട്ടി സമാപനം നടത്താൻ ആർക്കും സാധിക്കും. അതിന് വലിയ ഭാവനയും തയ്യാറെടുപ്പും വേണ്ട. അത് പക്ഷെ ഇപ്പറഞ്ഞ പ്ലാറ്റിനം ജൂബിലിയാകില്ല. മറിച്ച് നിറം കെട്ട ഒരു പ്ലാറ്റായ ജൂബിലിയാകുമായിരിക്കും. അത് മാത്രം ഇവിടെ ആകരുത്.

യാതൊരു പരിചയ സമ്പത്തുമില്ലാതെ  റവന്യൂ മന്ത്രിയുടേതടക്കം സർവ്വരുടേയും പ്രശംസ പിടിച്ചു പറ്റിയ ഒരു നാട്ടുത്സവം നടത്താൻ നമുക്കായിട്ടുണ്ടെങ്കിൽ, പരിചയ സമ്പത്തും അനുഭവസമ്പത്തുമുള്ള അറുപതോളം വരുന്ന അധ്യാപകർക്കും,  പിന്നെ ജനകീയ PTA യ്ക്കും നമ്മുടെ സ്കൂളിന്റെ പ്ലാറ്റിന ജൂബിലിയാഘോഷം ഒരു മാമാങ്കമാക്കി മാറ്റിയെടുക്കാൻ വലിയ പ്രയാസമുണ്ടാകില്ല. അതിനൊന്ന് മനസ്സു വെക്കണം. അതാണല്ലോ വിജയപരാജയങ്ങളിലെ മുഖ്യ ഫാക്ടർ തന്നെ. 

ഒരു പ്ലാറ്റിന ജൂബിലി ആഘോഷത്തിന്റെ സർവ്വ തയാറെടുപ്പിനും സംഘാടനത്തിനും എല്ലാവിധത്തിലുള്ള സൗകര്യവും സാഹചര്യവും ഈ പള്ളിക്കൂടത്തിൻ പരിസരത്തിനുണ്ട്. അതൊന്നുദ്ദീപിച്ചെടുക്കുവാൻ സ്കൂൾ നേതൃത്വത്തിനാകുമോ എന്ന് ഞാൻ ചോദിക്കുന്നില്ല. ആകും  എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. സർവ്വ ഭാവുകങ്ങളും.

No comments:

Post a Comment