Monday 19 August 2019

*എച്ച്. എ. മാസ്റ്ററും* *നാഥനിലേക്ക് മടങ്ങി !* / അസ്ലം മാവിലെ


*എച്ച്. എ. മാസ്റ്ററും*
*നാഥനിലേക്ക് മടങ്ങി !*
..........................
അസ്ലം മാവിലെ
..........................
1985 - 90 കാലം. വെള്ളിയാഴ്ചകളിൽ മോർണിംഗ് ഷിഫ്റ്റ് ക്ലാസ്സ് കഴിഞ്ഞാൽ തിരിഞ്ഞും മറിഞ്ഞും നോക്കാതെ ഞാനും കൗസറും ഹമിദലിയും ബസ്സ് പിടിക്കാനൊരു നടന്നോട്ടമുണ്ട്. എത്രയും പെട്ടെന്ന് ആദ്യം കിട്ടുന്ന ബസിൽ കയറണം,  കോർട്ടിൻറടുത്ത് ഇറങ്ങണം. കണ്ണാടിപ്പള്ളിയിൽ എത്തണം. ഹകീം മൗലവിയുടെ ഖുതുബ കേൾക്കണം.
വുളു എടുത്ത് പള്ളിയുടെ ഒന്നാം നിലയിലേക്ക് കോണി കയറുന്നതിനിടയിൽ ഞങ്ങളുടെ ഇംഗ്ലീഷ് - മലയാളം - അറബി അധ്യാപകരായ പ്രൊഫ. ബി.എഫ്. അബ്ദുറഹ്മാൻ, പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, പ്രൊഫ. അബ്ദു എന്നിവരും അവിടെ താമസംവിനാ എത്തിയിരിക്കും.
ജുമുഅ നമസ്ക്കാരം  കഴിഞ്ഞ ഉടനെ വളരെ പെട്ടെന്ന് ഞാൻ കണ്ണാടിപ്പള്ളിയുടെ പുറത്തെ ഗേറ്റിന്നടുത്തെത്തും. അപ്പഴേക്കും അവിടെ ഒരുപാട് അധ്യപകരെത്തിയിരിക്കും. അവരെ പരിചയപ്പെടലും പരിചയപ്പുതുക്കലുമാണ് എന്റെ ആ തിരക്ക് പിടിച്ച എത്തിപ്പെടലിന്റെ ഉദ്ദേശം.  അക്കൂട്ടത്തിൽ വല്ലപ്പോഴും കാണുന്ന മുഖമായിരുന്നു എച്ച്. എ. മാഷിന്റേത്. അന്ന് മുതലുള്ള പരിചയമാണ് എനിക്ക് മാഷിനോട്.
കണ്ണാടിപ്പള്ളിയുമായുളള ബന്ധം അദ്ദേഹം ജീവിതാവസാനം വരെ നിലനിർത്തി.  തന്റെ  അവസാന ജുമുഅ നമസ്ക്കാരത്തിനും, ഇന്നലെ, എച്ച്. എ. മാഷ് കണ്ണാടി പള്ളിയിലായിരുന്നു എത്തിയത് !
"എന്തടോ" തന്റെ വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്ന രീതിയിൽ എന്നോട്.  ഏതാനും മാസം മുമ്പ് ടൗണിൽ വെച്ച് അദ്ദേഹത്തെ കാണുമ്പോഴും ആ അഭിസംബോധനാ രീതിക്ക് ഒരു മാറ്റവുമില്ല, 'എന്തടോ അസ്ലമേ' എന്ന് തന്നെ. തുടർന്ന് കാടുകയറിപ്പോകാതെ ആവശ്യത്തിന് മാത്രമുള്ള സംസാരം.
രണ്ട് വർഷം മുമ്പ് ഞാനദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. കൂടെ പിതൃസഹോദരപുത്രൻ റഷീദുമുണ്ട്. പിതൃകുടുംബവേരന്വേഷിച്ചുള്ള ഒരു യാത്രയുടെ ഭാഗമായാണ് അന്നവിടെ ഞങ്ങളെത്തിയത്. പ്രാദേശിക ചരിത്രങ്ങളെ കുറിച്ച് നല്ല നിശ്ചയമുള്ള ഒരാളെന്ന നിലയിലാണ് ഞങ്ങളന്നദ്ദേഹത്തെ സമീപിച്ചത്.  കൂട്ടത്തിൽ,  ആഴ്ചകൾക്ക് മുമ്പ് ഉത്തരദേശത്തിൽ അദ്ദേഹമെഴുതിയ ഒരു ചരിത്രകുറിപ്പ് പട്‌ലയുടെ പ്രാദേശിക പശ്ചാത്തലവുമായി നല്ല സാമ്യമുണ്ടായിരുന്നത് കൊണ്ട് അതും കൂടി കൗതുകത്തിനപ്പുറമുള്ള ജിജ്ഞാസയോടെ അന്വേഷിക്കണമെന്നുണ്ടായിരുന്നു.  അരമന, ബാക്കിത്യമാറ്, മൊഗറു തുടങ്ങിയ പദങ്ങൾ മാഷിന്റെ വിട്ള ചരിത്രവുമായി ബന്ധപ്പെട്ട അന്നത്തെ ലേഖനത്തിലുണ്ടായിരുന്നു.  അന്നാണ് മാഷ് എന്നോട് ഒരുപാട് നേരം അവിടെ ഇരുന്ന് സംസാരിച്ചത്.
ചരിത്രവായനയിലും അതിന്റെ വീണ്ടെടുപ്പിലും നല്ല താത്പര്യം കാണിച്ചിരുന്ന വ്യക്തിയായിരുന്നു എച്ച്. എ. മാസ്റ്റർ. എഴുതിയ മൂന്ന് പുസ്തകങ്ങളും പ്രദേശിക ചരിത്രങ്ങളുമായി ബന്ധപ്പെട്ടതായിരുന്നല്ലോ. ചരിത്ര രചനകളിൽ അദ്ദേഹം സൂക്ഷമതയും നിഷ്പക്ഷതയും അതിലുപരി അവധാനതയും കാണിച്ചിരുന്നു.
കണ്ട് മുട്ടാത്ത വേദികളില്ല. ഇസ്ലാഹി പ്രസ്ഥാനിക വേദികൾ മുതൽ കലാസാംസ്കാരിക കൂട്ടായ്മകളിലടക്കം മിക്കയിടങ്ങളിലും എച്ച്. എ. മാഷിന്റെ സാന്നിധ്യമുണ്ടായിരുന്നു. സമ്പൂർണ്ണ സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം തുടങ്ങിയ ബഹുജന പങ്കാളിത്ത സംരംഭങ്ങളിൽ മാഷ് പുത്തിഗെ പഞ്ചായത്തിന്റെ എല്ലാമെല്ലാമായിരുന്നു. അവയുമായി ബന്ധപ്പെട്ട കുടിയാലോചനാ യോഗങ്ങളിലും ഫോളോ അപ്പ് ഇരുത്തങ്ങളിൽ എച്ച്.എ. മാസ്റ്റർ കാണിച്ചിരുന്ന താത്പര്യവും ഔത്സുക്യവും ഒന്ന് വേറെ തന്നെയായിരുന്നു.
ചിട്ടയുള്ള ജീവിതം. നിലപാടുകളിലെ കാർക്കശ്യം. ഇടപെടലുകളിലെ അതിമാന്യത. ചെയ്തു തീർക്കുന്നതിലെ ആത്മാർഥത -  മാഷിൽ നിന്നു പഠിക്കാൻ ഒരുപാടൊരുപാട്.
...............................
ഈ കുറിപ്പ് നിർത്തുന്നു. ഒരു വിശ്വാസി ഏറ്റവും അധികം കാംക്ഷിക്കുന്ന സന്ദർഭത്തിലാണ് മരണദ്ദേഹത്തെ സമീപിച്ചത്. ലോകം മുഴുവൻ ദീർഘനിദ്രയിലാണ്ട വേളയിൽ, അർദ്ധരാവിന്റെ അവസാന യാമത്തിൽ, കിടക്കപ്പായയിൽ നിന്നെണീറ്റ്, പരിശുദ്ധഅംഗസ്നാനവും ചെയ്തു, തപ്തഹൃദയവുമായി തന്റെ സൃഷ്ടാവിന്റെ മുന്നിൽ സാഷ്ടാഗം വീണു കണ്ണീരു വാർക്കെ, അവന്റെ സന്നിധിയിലേക്ക് ഝടുതിയിൽ എത്തിപ്പെടുക !  തഹജ്ജുദ് നമസ്ക്കാരത്തിന്റെ പരിശുദ്ധസുജൂദിൽ പാരത്രികലോകത്തിന്റെ കവാടമൊന്നണയുക ! അങ്ങിനെയൊരു പര്യവസാനം ഇച്ഛിക്കാത്ത വിശ്വാസി ആരുമുണ്ടാകില്ലല്ലോ. സുബ്ഹാനല്ലാഹ് !  ആദരണീയനായ എച്ച്. എ. മാസ്റ്ററുടെ മരണവേള തന്റെ വിയർപ്പു പൊടിഞ്ഞ  നെറ്റിത്തടം പാതിരാസുജൂദിലിരിക്കെ ! !  
യാ, റബ്ബ്, ആ പവിത്രമനസ്സിന്നുടമയെ നീ ആദരവോടെ സ്വീകരിക്കണേ, നിന്റെ ജന്നാത്തുൽ ഫിർദൗസിൽ സച്ചരിതരുടെ കൂട്ടത്തിൽ അദ്ദേഹത്തെയും ഞങ്ങളുടെ മാതാപിതാക്കളെയും നീ ഉൾപ്പെടുത്തണേ, അദ്ദേഹത്തിന്റെ പാപങ്ങളൊട്ടുക്കും നീ കഴുകിക്കളയേണമേ, വേർപാടിൽ വേദനിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് നീ ക്ഷമയും സഹനവും  നൽകീടേണമേ, ആമീൻ , ആമീൻ.

No comments:

Post a Comment