Sunday 11 August 2019

സിദ്ദിഖ് നമ്മുടെ മെയ്മാസ ഓർമ്മയിൽ വീണ്ടും /AMP

*സിദ്ദിഖ് നമ്മുടെ*
*മെയ്മാസ ഓർമ്മയിൽ*
*വീണ്ടും വീണ്ടും*
*ഓർമ്മപ്പെടുത്തലായ്*
*കടന്നു വരുമ്പോൾ...*
..........................
അസ്ലം മാവിലെ
..........................

ദുബായ് കാലത്ത് ഇറാനിമാർക്കറ്റിലേക്കാണ് ഞാനും പൈക്കത്തെ കുഞ്ഞാമുച്ചാഉം പർചൈസിംഗിന് വരാറുള്ളത്. പഴയ ഗോൾഡ് സൂക്കിന്റെ ഏറ്റവും അവസാനം തീർന്നാൽ മുറിച്ച് കടക്കാൻ ഒരു റോഡ്. ഒന്ന്,  ഇടത്തോട്ട് കോർണിഷെ ലക്ഷ്യം വെച്ച്, രണ്ടാം അബ്രയിൽ സന്ധിക്കും. മറ്റൊന്നു ഷിൻഡഗ ടണൽ നോക്കി മേലോട്ട് റോഡ് വച്ച് പിടിക്കും. നേരെ പോകുന്ന  റോഡാണ് ഇറാനിമാർക്കറ്റിലേക്ക്.

പഴയ കാലത്തെ മാർക്കറ്റിനെ ഓർമിപ്പിക്കുന്ന വിളക്കുകാലുകളും മരപ്പണിയുമൊക്കെയായിട്ടാണ് ഇറാനി മാർക്കറ്റ് ചമയിച്ചിട്ടുള്ളത്. ഞാൻ പറഞ്ഞ റോഡ് എത്തുന്നത് ഇതിലേക്കൂടി അൽ റാസിലേക്കാണ്.

അകത്തെ ഈ കുഞ്ഞു വഴിയിൽ ഒറ്റ വണ്ടി ഒരു വശത്തേ പോകൂ. അത്രക്കും ഇടുങ്ങിയത്. ഞങ്ങൾ, ഒരു ചക്രം റോഡിലും മറ്റൊരു ചക്രം ഫുട്ട് പാത്തിലും വെച്ച് ഡബിൾ ഇഷാറയിൽ വണ്ടി നിർത്തുന്ന ഒരു സ്ഥലമുണ്ട്. ഞങ്ങൾ രണ്ടു പേർക്കും പരിചയമുള്ള കാസർകോട്ടുകാരന്റെ കടയുടെ മുന്നിൽ. നെല്ലിക്കുന്ന് സിദ്ദിഖായിരുന്നു ആ കാസർകോട്ടുകാരൻ.  കുഞ്ഞാമുച്ചാക്ക് സിദ്ദീഖുമായുള്ള  ബന്ധം KMCC പ്രവർത്തകർ എന്ന നിലയിലാണെങ്കിൽ, എനിക്ക് സിദ്ദിഖ് എന്റെ ഭാര്യയുടെ പിതൃസഹോദരന്റെ അളിയൻ എന്ന നിലയിലാണ്. എനിക്കതൊരു സൗഹൃദത്തുടക്കത്തിനുള്ള നിമിത്തം മാത്രം! അതിലുമപ്പുറമുള്ള സ്നേഹബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. 

എന്നും കാണും. എന്നും  സുഖാന്വേഷണങ്ങളുണ്ടാകും. ഒരു സലാം പറച്ചിലിൽ മാത്രമവൻ നിർത്തില്ല. വീട്ടിലുള്ള ഓരോരുത്തരെ കുറിച്ചും അവൻ ക്ഷേമമന്വേഷിക്കും. ഒരു ദിവസമല്ല, എല്ലാന്നാളും. ഒരു പുതിയ വർത്തമാനം പറയുന്ന താൽപര്യത്തോടെയാണവനത് എന്നോട് ആരായുക.  പൊതുവിഷയങ്ങൾ എന്നെക്കാളും കൂടുതൽ കുഞ്ഞാമുച്ചയാണ് സിദ്ദിഖിനോട്  സംസാരിക്കുക. അവർക്കാണെങ്കിൽ ഒരുപാട് KMCC നന്മകൾ പറയാനുമുണ്ടാകും.

തിരിച്ചു വണ്ടിയിൽ പോകുമ്പോൾ എന്നെക്കാളും പ്രായത്തിൽ 20 വയസ് കൂടുതലുളള കുഞ്ഞാമുച്ച ഒരു ദിവസം എന്നോട് ചോദിച്ചു  - അസ്ലം, കുറെ ദിവസമായി ചോദിക്കണമെന്നുണ്ട്, സിദ്ദിഖെന്താ എന്നെ വിട്ട്  നിന്നോടാദ്യം കുശലം പറയുന്നത് ?
ഞാൻ പറഞ്ഞു: അത് ശരി, അത് നിങ്ങളറിയില്ല.  ഞങ്ങൾ  ബന്ധുക്കളും സുഹൃത്തുക്കളുമാണ്. 

അതിന് മുമ്പ് ,  ഞാൻ ദിവസവും സിദ്ദിഖിനെ കാണുക ഗോൾഡ് സൂഖിന്റെ ഒത്ത നടുവിൽ വെച്ചാണ്. അന്നെനിക്ക് ഒരു ജ്വല്ലറി കം ട്രേഡിംഗ് കമ്പനിയിലായിരുന്നു ജോലി.  സെയിൽസ് & മാർക്കറ്റിംഗിനിറങ്ങി തൊട്ടടുത്ത ജ്വല്ലറിയിലെ ഗുജറാത്തിയുടെ "കൊങ്ങക്ക് പിടിച്ച്" എന്റെ അന്നത്തെ ടാർജറ്റ് മീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി, ഞാൻ സ്കെച്ചിട്ട ഷോപ്പിൽ അൽപ്പം തിരക്കൊഴിയാൻ വേണ്ടി ,  സാംപിൾ ഐറ്റസും കുറെ ഓഞ്ഞ കാറ്റലോഗും നിറച്ച് ഒരു ട്രോളിയും കയ്യിൽ ഒരു കറുത്ത ബാഗുമായി ഞാനവിടെ ഒരു മരച്ചാരുകസേരയിൽ ഊഴം നോക്കി  ഇരിക്കുന്നുണ്ടാകും. സിദ്ദീഖ് വൈകിട്ട് 7 മണിക്ക് കടയടച്ചു തിരിച്ചു റൂമിലേക്കുള്ള നടത്തത്തിനിടയിൽ നാട്ടിൽ പോകുന്ന കോലത്തിൽ പെട്ടിയും ബാഗുമായിരിക്കുന്ന  എന്റെ നേരെ  അവന്റെ കണ്ണുടക്കും. പിന്നെ അവൻ എന്റെ അടുത്ത് കുറച്ചിട ഇരുന്ന് സംസാരിക്കും. അപ്പഴും സിദ്ദീഖിന് നേരത്തെപ്പറഞ്ഞ ആ നീണ്ട കുശലാന്വേഷണം നിർബന്ധം. അതിൽ കുറഞ്ഞ ഒന്നില്ല.

നല്ല ഒരു  ഇടവേളക്ക് ശേഷം 1996 അവസാനമാണ്  എന്റെ രണ്ടാം ഗൾഫ് ജീവിതം തുടങ്ങുന്നത്. അന്ന് മുതൽ സിദ്ദിഖ് എന്റെ സൗഹൃദക്കൂട്ടിൽ ഒന്നാം നിരയിലുണ്ട്.  അവനെകണ്ടാലും ഒരു വട്ടം സംസാരം കേട്ടാലും  വീണ്ടും നമുക്ക് കൂടെക്കൂടാൻ തോന്നും.  സംസാരത്തിൽ സിദ്ദീഖ് എപ്പഴും  നല്ല മിതത്വം കാണിക്കും.

2009 തുടക്കത്തിൽ എന്റെ ജീവിതമേച്ചിപ്പുറം ഗോൾഡ് സൂഖ് പരിസരത്ത് നിന്ന് അൽഖൂസ് ഇൻഡസ്ട്രീയൽ ഭാഗത്തേക്കായി. അന്ന് ഞാൻ ദുബായിലെ പ്രശസ്തമായ അൽമനാർ സെന്ററിന്റെ മലയാള മീഡിയ വിഭാഗത്തിലുമുണ്ടായിരുന്നു. എന്റെ കമ്പനിയിലെ ജോലി കഴിഞ്ഞ് ബാക്കി കുറച്ച് സമയം ഞാൻ അവിടെയാണ് ചെലവഴിക്കുക. ആ ഒരു കാലം ദുബായിലെ  മിക്ക മലയാള മാധ്യമപ്രവർത്തകരുമായും നല്ല ഒരു ബന്ധം വെച്ചു പുലർത്തിയിരുന്നു.

ഒരു ദിവസം ബന്ധുവിന്റെ (സതാറാപ്പ ) കോൾ : ഭാര്യാപിതാവ് മരിച്ചു; അളിയൻ സിദ്ദിഖ് നാട്ടിലേക്ക് അതിരാവിലെ തിരിക്കും. രാത്രി സിദ്ദിഖിനെ വിളിച്ചു; ഒന്നും മിണ്ടാനായില്ല; ഇടമുറിഞ്ഞ വാക്കുകളിൽ ആ ഫോൺ കോൾ നിർത്തേണ്ടി വന്നു.

പിറ്റേന്നാൾ രാവിലെ ഞാൻ കമ്പനിയിലേക്ക്. 7:30 ആകുമ്പോഴേക്കും എന്റെ പരിചയക്കാരായ അബൂബക്കറിന്റെയും (മനോരമ), എൽവിസ് ചുമ്മാറിന്റെയും (ജയ്ഹിന്ദ് ) മറ്റും നിരന്തര ഫോൺ കോൾ. രാവിലെ  മംഗലാപുരത്തേക്കുള്ള എയർ ഇന്ത്യാവിമാനപകടം നടന്നിരിക്കുന്നു, കാസർകോട്ടുള്ളവരും  ആ യാത്രയിലുണ്ട്. വിശദമായി അറിഞ്ഞ് ഞാൻ അവരുടെ ചെറിയ വിവരം അവർക്കാദ്യം നൽകണം. എന്റെ മനസ്സ് മന്ത്രിച്ചു, അരുതാത്തതൊന്നും കേൾക്കരുതേ...  തൊട്ടുടനെ ആ ദു:ഖ വാർത്തയും വന്നു - സിദ്ദീഖും ആ യാത്രയിലായിരുന്നെന്ന്. എന്റെ ക്യാബിന് തൊട്ടുമുമ്പിൽ നിന്നും മുൽഖിക്കിക്കാരൻ സാലെ സാഹിബ് പറഞ്ഞു , അദ്ദേഹത്തിന്റെ ബന്ധുവും അപകടത്തിൽ പെട്ടെന്ന്. എന്റെ അനിയന്റെ സതീർഥ്യനും നാട്ടുകാരനുമായ സമിറും ...., പിന്നെ ഖലിൽ ബ്രാഹിം ... മരണവാർത്തകൾ വന്നു കൊണ്ടേയിരുന്നു.

ശരിക്കും മനസ്സു തളർന്ന നേരം. സിദ്ദിഖ് കണ്ണിൽ നിന്നും മായുന്നേയില്ല. അവന്റെ സ്നേഹത്തിൽ ചാലിച്ച കുശലാന്വേഷണങ്ങളും നാട്ടുവർത്തമാനങ്ങളും പിന്നെയും പിന്നെയും മിന്നിമറിഞ്ഞു കൊണ്ടേയിരുന്നു. വളരെ നേരത്തെ, ആരോടും പരിഭവമില്ലാതെ, ആരെയും വാക്കു കൊണ്ട് പോലും നോവിക്കാതെ  സിദ്ദീഖ് നാഥനിലേക്ക് യാത്രയായി ...

മറക്കാൻ ശ്രമിക്കുന്ന ഓരോ മെയ് 22 ഉം, ആരുടെയെങ്കിലും ഓർമക്കനവായും നീറ്റലായും FB പേജുകളിൽ അക്ഷരങ്ങളുടക്കുമ്പോൾ,  ഒമ്പത് വർഷം മുമ്പ് നടന്ന ആ ദുരന്തവും,  ആ ദുരന്തവാർത്തയുമായി  പത്രപ്രവർത്തകൻ അബൂബക്കറിന്റെ അതിരാവിലെ ഫോൺ കോളും, പിന്നെയത് എന്റെ വലംച്ചെവിയിൽ കാർമേഘക്കോളുണ്ടാക്കിയതും ഇപ്പഴും.....

ഈ ഓർമ്മക്കാലത്തും , നമുക്കിതേ ചെയ്യാനാകൂ, പ്രാർഥന. സിദ്ദിഖിന്റെ പരലോക വിജയിത്തിന്നു വേണ്ടി നമുക്കീ പുണ്യറമദാനിലും അകമഴിഞ്ഞ് പ്രാർഥിക്കാം, ആ ദുരന്തത്തിൽ മരണമടഞ്ഞവരുടെ മുഴുവൻ കുടുംബങ്ങളോടൊപ്പം നമ്മുടെ ഹൃദയങ്ങളും  ചേർത്ത് വെക്കാം. 

No comments:

Post a Comment