Wednesday 28 August 2019

*മഴ, പ്രളയം, ദുരിതം* *പ്രളയപ്പിറ്റേന്ന്* - 4

*മഴ, പ്രളയം, ദുരിതം*
*പ്രളയപ്പിറ്റേന്ന്*
*പട്ല ഇന്ന് (ഞായർ)*
*ആരോഗ്യ പ്രവർത്തനങ്ങൾ*
*ശുചീകരണങ്ങൾ*
*മുൻകരുതലുകൾ*
*മററക്കാതെ വായിക്കുക*
..............................

*അസ്ലം മാവില*
..............................

ആദ്യം വായിക്കേണ്ടത് പ്രളയത്തിന് രാപ്പകൽ രക്ഷാപ്രവർത്തനം നടത്തിയവരോട്. ഹെൽത്ത് സെന്ററിൽ ഡെങ്കിപ്പനിക്കുള്ള ടാബ്ലറ്റ് ഉണ്ട്. ഒന്നരമാസത്തെ ഒരു കോഴ്സ്. ആഴ്ചയിൽ ഒന്നു വീതം കഴിക്കുക. ആകെ 6 എണ്ണം.

ഇനി പൊതുവെ പ്രളയബാധിതരോട് :  മഞ്ഞപ്പിത്തത്തിന് സാധ്യതയുണ്ട്. സൂക്ഷിക്കുക. ഭക്ഷണം, പരിസരം എല്ലാം ഗൗരവത്തിലെടുക്കണം. ചൂടാക്കിത്തണുപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക. ഉണക്കമീൻ അടക്കം സീഫുഡ് ഐറ്റംസ് കുറച്ച് നാളേക്ക് ഒഴിവാക്കുക. ഇറച്ചി നന്നായി വേവിച്ച് മാത്രം കഴിക്കുക, അത്യാവശ്യമെങ്കിൽ മാത്രം. ഇലക്കറികളാണ് ആരോഗ്യ വകുപ് ഈ സന്ദർഭങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നത്.

പനിച്ചാൽ, ഛർദ്ദിച്ചാൽ ഉടനെ സർക്കാർ ആസ്പത്രിയിൽ എത്തുക. (നമുക്ക് മായിപ്പാടി ആസ്പത്രിയാണ് ഏറ്റവും അടുത്തുള്ളത്. നമ്മുടെ നാട്ടിലെ അത്യാവശ്യ അസുഖ മഴക്കാല അസുഖങ്ങൾക്ക് അവിടെ മരുന്നുണ്ട്, ആസ്പത്രിക്കും ഇരിപ്പിടത്തിനും വലിയ ഡെക്കറേഷനുണ്ടാകില്ല). ഏറ്റവും പ്രധാനം, സ്വയം ചികിത്സ നടത്തരുത് എന്നാണ്. സംഗതി കയ്യീന്ന് വിടും. പിന്നെ കൈ വിരൽ കടിക്കേണ്ടി വരും.

ഈ വട്ടവും  കിണറുകൾ ഒന്നു കൂടി ക്ലോറിനേഷൻ ചെയ്യേണ്ടി വരും. ആൾമറ കെട്ടാത്ത കിണറുകൾ കര കവിഞ്ഞൊഴുകിയിരിക്കും, മോട്ടറിന്റെ പൈപ്പിടാൻ കിണറിന്റെ ചുറ്റുമതിലിന് താഴെ ഉണ്ടാക്കിയ ദ്വാരങ്ങൾ വഴി മലിന ജലം കേറിയിരിക്കും. അത് കൊണ്ട് അത്തരം കിണറിൽ നിന്ന് മോട്ടറിച്ച് ടാപ്പ് തുറന്ന് പച്ചയ്ക്ക് പച്ചവെള്ളം കുടിക്കാൻ നിൽക്കരുത്. അവിടെ  ക്ലോറിനേഷൻ വളരെ  നിർബന്ധം.

ആരോഗ്യ ആഷാ പ്രവർത്തകരോടു ഒരു കാര്യം. പ്രളയബാധിത പ്രദേശങ്ങൾ മുഴുവൻ ക്ലോറിനേഷൻ നടന്നുവെന്ന് ഉറപ്പു വരുത്തണം.  ഒരു ദിവസം കൊണ്ട് തീർന്നില്ലെങ്കിൽ അടുത്ത ദിവസവും തുടരണം. നാട്ടിലെ സാമൂഹ്യ പ്രവർത്തകർ കൂടി ഇവർക്ക് സപ്പോർട്ട് നൽകി മുഴുവൻ പ്രളയ ബാധിത പ്രദേശങ്ങളിലും   ക്ലോറിനേഷൻ (ആവശ്യമെങ്കിൽ )  ചെയ്യണം. പനിയും ഛർദ്ദിയും വയറ്റിളക്കമൊക്കെ ഒന്നിന് പിന്നാലെ ഒന്നായി തുടങ്ങിയാൽ പിന്നെ മൊത്തം പിടുത്തം വിടും.

എല്ലാവരും സഹകരിച്ചാൽ എല്ലാവർക്കും നന്ന്. ആസ്പത്രിക്ക് പോകുന്നതിലും നല്ലത് അതിന് സാഹചര്യമുണ്ടാക്കാതിരിക്കലാണ്. ഒരാളല്ലല്ലോ മുടങ്ങുക, അത് വഴി ഒരുപാട് പേരാണ്.

ഇക്കഴിഞ്ഞ പ്രളയത്തിൽ നമുക്കാർക്കും വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടില്ല. ഇനിയും  ഉണ്ടാകാതിരിക്കട്ടെ എന്നാഗ്രഹിക്കാം.

*അടുത്തത്:* സേവനം, അതിന്റെ പ്രധാന്യം, പലരുമതിനെ ചെറുതായി കാണുന്നത് . (തുടരും) 

*തയ്യാറാക്കിയത് cp Flood Alert ന് വേണ്ടി*

No comments:

Post a Comment