Monday 19 August 2019

പട്ല സ്കൂളിന്* *ഒഎസ് എ ഉണ്ടായേ തീരൂ* / അസ്ലം മാവിലെ


*പട്ല സ്കൂളിന്*
*ഒഎസ് എ ഉണ്ടായേ തീരൂ* 
............................

അസ്ലം മാവിലെ
............................

1950 മുതൽ ഇക്കാണുന്ന പട്ല സ്കൂൾ മുറ്റത്ത് നാമുണ്ട്. ഒരാറു വയസ്സിൽ ഒന്നാം ബാച്ചിൽ  ഒന്നാം ക്ലാസ്സിൽ ചേർത്തിട്ടുണ്ടെങ്കിൽ ഇപ്പം 75 വയസ്സുള്ളവരാകണം (സാങ്കേതികമായി) ഈ സ്കൂളിലെ  ഒന്നാമത്തെ പൂർവ്വവിദ്യാർഥികൾ.  ഇനി അഥവാ ആ ബാച്ചിലെ സീനിയർ വിദ്യാർഥി നാലാം ക്ലാസ്സുകാരനെങ്കിൽ ഇന്ന് 80 + വയസ്സുള്ളവരാകും ആദ്യത്തെ ഓൾഡ് സ്റ്റുഡൻസ്.  നിലവിൽ ഏറ്റവും അവസാന ബാച്ചിലെ  പൂർവ്വ വിദ്യാർഥികളാണെങ്കിൽ 2018-19 ൽ പത്തും പന്ത്രണ്ടും കഴിഞ്ഞവരുമായിരിക്കും.

ഒന്നു കാൽക്കുലേറ്റർ എടുത്ത് കണക്കു കൂട്ടുക. എത്രപ്പോരം പൂർവ്വ വിദ്യാർഥികൾ നമ്മുടെ സ്കൂളിന് കാണും ? എന്റെ കണക്ക് പിഴക്കില്ലെങ്കിൽ 4000 നും 4200 നും ഇടക്ക് പൂർവ്വ വിദ്യാർഥികൾ ഈ സ്കൂളിനുണ്ട്, ച്ചാൽ, അത്രേം പേർ പകുതിക്കോ പഠനം മുഴുവൻ  പൂർത്തിയാക്കിയോ ഈ സ്കൂൾ വിട്ടിറങ്ങിയിട്ടുണ്ട്.  (എന്റെ കണക്ക് ശരിയല്ലെങ്കിൽ ആശാന്മാർ കൂട്ടിത്തരട്ടെ. നമുക്കും തടസ്സവാദങ്ങൾ പറഞ്ഞ് ഒരു നല്ല ആരോഗ്യ ചർച്ചയിലേർപ്പെടുകയുമാകാം )

എങ്ങിനെയായാലും 3000നടുത്തുപേർ ഇപ്പഴും ആണും പെണ്ണുമായി നമ്മുടെ ചുറ്റുവട്ടത്ത്  പൂർവ്വവിദ്യാർഥികളായി ജിവിക്കുന്നു എന്ന് എന്റെ മനസ്സു പറയുന്നു. എല്ലവർക്കും ഈ സന്ദർഭത്തിൽ ആയുരാരോഗ്യം നേരുന്നു.

ശരി, ഇവർക്ക് ഇന്ന് ഒരു കൂട്ടായ്മ ഉണ്ടോ ? ച്ചാൽ, ഒഎസ്എ ? ഉണ്ടോ ? ഇല്ല. എന്തേ ? അതിനുത്തരമില്ല. ഉണ്ടായിരുന്നോ ? നേരത്തെ ഉണ്ടായിരുന്നു.

ഓർമ്മകൾ പിന്നിലേക്ക്. 1982 അല്ലെങ്കിൽ 83. പട്ല സ്കൂൾ ഒഎസ് എ നിലവിൽ വരുന്നത് അന്നായിരുന്നു. ഞങ്ങളന്ന് എട്ടിലോ ഒമ്പതിലോ പഠിക്കുകയാണ്. "റ" മോഡൽ സ്കൂൾ കെട്ടിടത്തിലാണ് അവർ സംഘമായി വന്നു ഒത്തുകൂടിയത്. ആ യോഗം കാണാൻ കൗതുകത്തിന്റെ പേരിൽ ഞങ്ങളൊക്കെ വലിഞ്ഞു കയറി ക്ലാസ്സിനകത്ത് പോയിരുന്നത് ഓർക്കുന്നു.

ഒ എസ്എ പുതിയ ദിശാബോധം നൽകി അന്നു മുതൽ  പ്രവർത്തിക്കാൻ തുടങ്ങി. പി ടി എ ക്കതൊരു തുണയായി മാറുകയും ചെയ്തു. സ്കൂൾ മുറ്റവും വിട്ട് ഒ എസ് എ നേതൃത്വം പൊതു പരിസരങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.  എത്തി എത്തി നാട്ടിൽ റോഡും തോടും സാമൂഹിക പ്രവർത്തനങ്ങളും കളിയും കാര്യവും ആകെമൊത്തം ഒ എസ് എ യുടെ നേതൃത്വത്തിലെന്ന നിലവന്നു.

പിന്നെന്തായി ? നാടൻ പെണ്ണുങ്ങൾ തമാശ പറയാറുള്ളത് പോലെ, ആരോ ഈനെ കണ്ണൊള്ളിച്ചിറ്റേന്തോന്ന് ! അല്ലാതെ പിന്നെന്ത് പറയാനാ ?

ഒരു ദിശാ സന്ധിയിലെവിടെയോ ആ സംഘബലം അങ്ങട്ട് ഫ്ലാറ്റായി.  അതിന്റെ കെട്ടടങ്ങലിലേക്കും കാര്യ കാരണങ്ങളിലേക്കൊന്നും ഈ കുറിപ്പ് നീളില്ല; നീട്ടുന്നില്ല.  ഇവിടെ അതെന്റെ വിഷയവുമല്ല.

जो समय गया, गया.
ठीक वही समय लौट कर
पुनः कभी नहीं आता.
आ ही नहीं सकता എന്നൊക്കെ ഹിന്ദിക്കാരവന്മാര്  പറയുമെങ്കിലും നമുക്കിത് ഒന്ന്  എങ്ങിനെയെങ്കിലും തിരിച്ചു ട്രാക്കിൽ കൊണ്ടുവരേണ്ടതുണ്ട്. അതിന്
ഇവിടുള്ളവർക്ക് തീർച്ചയായും ഒന്നേന്നും പറഞ്ഞു തുടങ്ങാൻ സാധിക്കണം. സാധിക്കും. ഇത്രമാത്രം പെരുമയോടും പൊലിമയോടും തല ഉയർത്തി നിൽക്കുന്ന സ്കൂളിന് ഒരോയെസ്സെ (OSA) ഇല്ലെന്ന് പറഞ്ഞാൽ, ഛെ ഛെ ഛെ എന്തോരം രസക്കേടാ ?

ഇതിന് വലിയ പണിയൊന്നുമില്ല, നല്ല കമിറ്റഡായ ഒരൊത്ത ടീം വേണം. എന്തിനും ഒരുങ്ങിപ്പുറപെട്ട വിംഗ്‌. സ്കൂളിന് അങ്ങോട്ട് സഹായ സഹകരണങ്ങൾ ചെയ്യുന്ന ഒരു കൂട്ടം. ബാക്കി എന്തൊക്കെയെന്ന് നിങ്ങൾക്ക് പിന്നാലെ ഐഡിയ വന്നോളും.

പഴയ ഒരു എമണ്ടൻ  ഒ എസ് എ ഭരണഘടന മുൻ ഭാരവാഹികളുടെ തട്ടിൻപുറത്ത് കാണും. അതിൽ ഇല്ലാത്ത ഒരു ക്ലോസും ഇല്ല. എന്തിന് നമ്മുടെ സ്കൂളിൽ പഠിക്കാൻ സാഹചര്യമൊക്കാത്ത മറ്റു സ്കൂളുകളിൽ പോയി പഠിച്ച നാട്ടിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും വരെ പ്രവർത്തിക്കാൻ പാകത്തിലുള്ള Space ഉം Flexibility  ഉം ആ ഭരണഘടനക്കകത്തുണ്ടായിരുന്നു. ആ ഉപവകുപ്പ് (ഓർമ്മ ശരിയെങ്കിൽ എക്സ് ഒഫിഷ്യോ അംഗത്വം ) ഇന്നത്തെ കാലത്താണ് കൂടുതൽ പ്രസക്തമാവുക.

മാത്രമല്ല, ഒഎസ്എ 88 ലോ 89 ലോ രെജിസ്റ്റർ ചെയ്തതുമാണ്. ഇൻഫർമേഷൻ സെൻററിൽ നിന്ന് മതിയായ നിർദ്ദേശം കിട്ടും, പഴയ നമ്പറിൽ തന്നെ രജിസ്ട്രേഷൻ പുതുക്കാൻ.

ഫ്ലാറ്റിനം ജൂബിലിക്ക് ഒഎസ് എ ഒരു അവിഭാജ്യഘടകമാണ്. ഇവിടെയല്ല എവിടെയും. അവരാണ് ശരിക്കും കുട്ടീം കുടുക്കയമായി ഈ പള്ളിക്കൂടമുറ്റത്തണയേണ്ടത്. അല്ല, ഒഎസ്എ യുടെ കയ്യിലാണല്ലോ പ്ലാറ്റിനം ജൂബിലിയുടെ  ജയാപജയങ്ങൾ തന്നെ ഇരിക്കുന്നത്.

സംഘബോധം കരുപിടിക്കട്ടെ, മാറി നിൽക്കാതെ എല്ലവർക്കും ഇതിൽ ഭാഗമാകുക.  ന്താ, ഒന്നിറങ്ങയല്ലേ ?  (19-07-19) ▪


No comments:

Post a Comment