Wednesday 28 August 2019

*എല്ലാ അവധിയും ഒന്നല്ല;* *ഒരു പോലെയുമല്ല* /. അസ്ലം മാവിലെ

*എല്ലാ അവധിയും ഒന്നല്ല;*
*ഒരു പോലെയുമല്ല*

...........................
അസ്ലം മാവിലെ
...........................

അസ്വാഭാവിക അവധി എന്നൊന്നുണ്ട്. കാലവർഷം രൂക്ഷമാകുമ്പോൾ, പകർച്ചവ്യാധി പടരുമ്പോൾ, അന്തരീക്ഷം അത്യുഷ്ണം കൊണ്ട് പൊള്ളുമ്പോൾ, അങ്ങിനെ പല സാഹചര്യങ്ങളിൽ.

ഇന്ന് അവധി ജില്ലാധികാരി പ്രഖ്യാപിച്ചത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. അത് എല്ലാവരും അങ്ങട്ടുമിങ്ങട്ടും ഷെയർ ചെയ്യാനും വലിയ തിരക്കിലായിരുന്നു താനും.

ഇന്നതിരാവിലെ അന്തരിക്ഷം അത്ര കണ്ട് സുഖകരമായിരുന്നില്ലല്ലോ. കാറ്റോട് കാറ്റ്. മരം ആടിയുലഞ്ഞും ജനൽ പാളികൾ നിരന്തരം തുറന്നുമടഞ്ഞും അതിന്റെ ഭയാനകത കാണിച്ചു കൊണ്ടേയിരുന്നു, നേരം പര പരാ വെളുക്കുമ്പോൾ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കവധി വാർത്തയുമെത്തി. 

നമ്മുടെ ഇടയിൽ പലരും കരുതിയിട്ടുള്ളത് ഈ അവധി അടിച്ചുപൊളിച്ചാഘോഷിക്കാനുള്ളതെന്നാണ്. അത്കൊണ്ട് നീർക്കോലിപ്പൊടിപ്പിള്ളേർ മൊത്തം റോഡിലും തോട്ടിലുമാണ് ഇന്ന് രാവിലെ മുതൽ. ശ്രദ്ധിച്ചിരിക്കുമല്ലോ. ഒരു സുരക്ഷാകരുതലും അവർക്കറിയില്ല. രക്ഷിതാക്കൾക്കും അങ്ങിനെ തന്നെ. മൊബൈലുള്ളവർ മാത്രം ചാർജ് തിരും വരെ വീട്ടിൽ കുത്തിയിരുന്നിരിക്കും. പിന്നെ ...

ഒന്നറിയണം, ഇന്നത്തെപ്പോലെയുള്ള അവധി തന്നത് രക്ഷിതാക്കൾ തങ്ങളുടെ മക്കളെ പുറത്തെവിടെയും വിടാതെ വിട്ടിൽ തന്നെ പിടിച്ചു "കെട്ടിയിടാനാണ്." പുറത്ത് വിടരുത് എന്നാണാ അവധി കൊണ്ട് സാരം.

എപ്പോഴും ഒരു അപകടം പറ്റാം. ഒരു മരം കടപുഴകാം,  ഒരു തേങ്ങ, തെങ്ങോല അപ്രതീക്ഷിതമായി ദേഹത്തു വീഴാം.  ശക്തമായ കാറ്റിൽ വാഹനങ്ങൾ നിയന്ത്രണം വിടാം. എന്തും... നമ്മുടെ പിള്ളരോ?  8 മണിക്ക് തന്നെ സൈക്കിളെടുത്ത് റോഡിലും. ഒരു കാണ്മാനില്ല വാർത്ത ഇന്ന് കേട്ടില്ലേ ? എത്ര പേരുടെ മനസ്സ് നൊന്തു ? (ദൈവം സഹായിച്ചു കിട്ടി എന്നറിയാനും സാധിച്ചു). ഒരു ദുരന്ത വാർത്തക്ക് വലിയ സമയം വേണ്ട. ഇങ്ങനെ പിള്ളേരെ കെട്ടഴിച്ചു വിടുന്നെങ്കിൽ രജാ കി ക്യാ സറൂറത്ത് ഹേ, ഭായി ബഹനോം ?.

സോ, എല്ലാ അവധിയും ഒന്നല്ല; ഒരു പോലെയല്ല എന്ന് ഇനി എങ്കിലും അതറിയുക. ദുരന്തം ഉണ്ടാകാതിരിക്കാനാണ് അവധി നൽകുന്നത്, അതിന്റെ ശക്തി കൂട്ടാനല്ല. കണ്ടറിഞ്ഞാൽ നന്ന്, കൊണ്ടറിയുന്നതിലും.

No comments:

Post a Comment