Thursday 9 March 2017

നാരായണൻ മാസ്റ്ററും അബ്ദുൽ വഹാബ് മാസ്റ്ററും പട്‌ല സ്‌കൂളിന്റെ അന്തസ്സും അഭിമാനവുമാകുമ്പോൾ / അസ്‌ലം മാവില

നാരായണൻ മാസ്റ്ററും
അബ്ദുൽ വഹാബ് മാസ്റ്ററും
പട്‌ല സ്‌കൂളിന്റെ അന്തസ്സും
അഭിമാനവുമാകുമ്പോൾ

അസ്‌ലം മാവില

ഈ സന്തോഷങ്ങൾ നമ്മുടെകൂടി സന്തോഷമാണ്. ഇതറിയാതെ പോകുന്നതും ഇവരെ അറിയാതെ പോകുന്നതും ശരിയല്ലല്ലോ. നാട്ടിലെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ വിഷയങ്ങളും വാർത്തകളും വളരെ ഉത്സാഹത്തോടു കൂടി നോക്കിക്കാണുന്ന  ഒരു  വ്യക്തിയെന്ന നിലയിൽ ഈ രണ്ടു അധ്യാപകരെ നമ്മുടെ നാട്ടുകാർക്ക്  മുഴുവൻ പരിചയപ്പെടുത്തുക എന്നത്  എന്റെ  ബാധ്യതയുമാണ്.

ഇ. വി. നാരായണൻ മാസ്റ്റർ

ആദ്യം നമുക്ക് നാരായണൻ മാഷെ പരിചയപ്പെടാം. മായിപ്പാടി നാരായണൻ മാഷ് , പെരിയ നാരായണൻ മാഷ്  എന്നിവർക്ക് ശേഷം  നമ്മുടെ സ്‌കൂളിലെത്തിയ മൂന്നാമത്തെ നാരായണൻ മാഷ്. (മായിപ്പാടി നാരായണൻ മാഷെക്കുറിച്ചു കഴിഞ്ഞ അധ്യാപക ദിനത്തിൽ കെവാർത്തയ്ക്ക് വേണ്ടി ഞാൻ ഒരു  കോളമെഴുതിയിരുന്നു. അതിന്റെ ലിങ്ക് www.RTpen.blogspot.com ൽ ലഭ്യമാണ്). മംഗലാപുരം യൂണിവേഴ്സിറ്റി നിന്നു  എം എഡ് (Master of Education) പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ നമ്മുടെ സ്‌കൂളിനും നാടിനും അഭിമാനമായത് നാരായണൻ മാസ്റ്റർ തന്നെ.

നീലേശ്വരം പള്ളിക്കര സ്വദേശി. സാധാരണ കർഷക കുടുംബത്തിൽ ജനനം. പള്ളിക്കരയിലെ സെന്റ് ആന്ന്സ് എ.യു.പി. സ്‌കൂളിലും നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം. ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കുന്നത് പ്രൈവറ്റായി പഠനം നടത്തി.  കാസർകോട് ഡയറ്റിൽ നിന്നും ടിടിസി കഴിഞ്ഞു പുറത്തിറങ്ങിയ അദ്ദേഹം 1996 മുതൽ അധ്യാപന രംഗത്തുണ്ട്. മലപ്പുറത്താണ് ആദ്യ അധ്യാപനം. തൊട്ടടുത്ത വർഷം തന്നെ കാസർകോട്ടേക്ക് വന്നു. 2004 മുതൽ അദ്ദേഹം നമ്മുടെ കൂടെയുണ്ട്. പട്‌ലയിൽ, പട്‌ല സ്‌കൂളിൽ. നമ്മുടെ മക്കളുടെ കൂടെ, അവരുടെ പാഠ്യ-പാഠ്യേതരവിഷയങ്ങളിൽ, അല്ല എല്ലായിടത്തും.

സേവനരംഗത്തും അക്കാദമിക് രംഗങ്ങളിലും നാരായണൻ മാസ്റ്റർ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. നിരവധി കൂട്ടായ്മകളിൽ അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട്.   തളിപ്പറമ്പ് കെ.ഇ. സാഹിബ് മെമ്മോറിയൽ  കോളേജിൽ നിന്നാണ് ബിഎഡ് എടുക്കുന്നത്.  അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതക്കുള്ള  യു .ജി.സി യുടെ നെറ്റ് (ഇൻ എഡ്യൂക്കേഷൻ ) പരീക്ഷ പാസ്സായി. സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ അടക്കം നിരവധി സർട്ടിഫിക്കറ്റുകൾ സ്വന്തം.

ഡിപിഇപി, എസ് .എസ് .എ  പ്രൊജക്റ്റുകളിൽ പ്രവർത്തിക്കുകയും അധ്യാപക പരിശീലനത്തിൽ സ്റ്റേറ്റ് റിസോർസ് പേഴ്സൺ. അത് സംബന്ധമായ   നിരവധി പുസ്തകങ്ങളുടെ അണിയറയിലും നാരായണൻ മാഷിന്റെ വിരൽസ്പർശമുണ്ട്.   കാസർകോട് ജില്ലാ പോലീസിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ സംരംഭമായ പൊൻപുലരിയുടെ ഡിസ്ട്രിക്റ്റ് കോർകമ്മറ്റി അംഗം, റിസോർസ് പേഴ്സൺ, ഹോസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം....... സ്‌കൂൾ കാമ്പസിന് പുറത്തുള്ള  നാരായണൻ മാഷ് ഇതെല്ലാമാണ്, ഇതിലപ്പുറമാണ്.

ഭാര്യ ദീപ ടീച്ചർ കാഞ്ഞങ്ങാട് ബെള്ളിക്കോത്ത് ഹൈസ്‌കൂളിൽ അദ്ധ്യാപിക. മക്കൾ രഞ്ജനും (ആറാം ക്‌ളാസ്സ്), നിവേദിതയും (നാലാം ക്‌ളാസ്സ്). പട്‌ല സ്‌കൂളിൽ അധ്യാപന രംഗത്ത് പന്ത്രണ്ട് വർഷവും കഴിഞ്ഞ നാരായണൻ മാഷിന് ഇന്ന്  പട്‌ലയുടെ ഓരോ ഗതിവിഗതികളും കാണാപാഠം. അദ്ദേഹത്തിന്  പട്‌ലയും പട്‌ലക്ക് അദ്ദേഹവും എല്ലാമെല്ലാമാണ്.  പട്‌ല ഹൈട്ടെക്ക് സ്‌കൂൾ ഡ്രാഫ്റ്റ് പ്രൊജക്ട് തയ്യാറാക്കാൻ അണിയറയിൽ  ചുക്കാൻ പിടിക്കുന്നതും നാരായണൻ മാസ്റ്ററല്ലാതെ  മറ്റാരുമല്ല.

ഡോ . സി. അബ്ദുൽ വഹാബ്

നമ്മുടെ സ്‌കൂളിലും ഒരു പിഎച്ച്ഡിക്കാരൻ എത്തി.  അല്ല നമ്മുടെ സ്‌കൂളിലേക്ക് ഒരു പി എച് ഡി എത്തി. ഇത് പട്‌ല സ്‌കൂളിലെ ഫാക്കൽറ്റിയുടെ മഹിമ. അറിവിന്റെ ലോകത്തിലേക്കു ഒരാളുടെ  മൗലികസംഭാവനക്കുള്ള ബഹുമതിപത്രസമർപ്പണമാണ്  - പിഎച്ചഡി.    ആ അക്കാഡമീഷ്യനെ   നമുക്ക് പരിചയപ്പെടാം.

വഹാബ് മാഷെ കുറിച്ച് : ജനനം മലപ്പുറം ജില്ലയിൽ മമ്പാട്, പന്തലിങ്ങലിൽ. . ചെറുപ്പത്തിൽ തന്നെ അനാഥൻ. നാട്ടിൽ തന്നെയുള്ള, തിരൂരങ്ങാടി  ഓർഫനേജ് സ്‌കൂളിൽ   പത്ത് വരെ പഠനം.  ഫറോഖിലെ റഉലത്തുൽ ഉലൂമിലാണ് പ്രിലിമിനറി)ക്ക് ചേർന്നത്.  ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്  പ്രശസ്തമായ ഫാറൂഖ് ആർട്സ് & സയൻസ് കോളേജിൽ നിന്നും. അറബിക്കിൽ എം.ഫിലും എടുത്തു. സിറിയൻ നാടകത്തിലെ വികാസപരിണാമത്തെകുറിച്ചായിരുന്നു വഹാബ് മാസ്റ്റർ എം.ഫിലിൽ പേപ്പർ തയ്യാറാക്കിയത്.

ഇതിനിടയിൽ വിവിധ സ്വകാര്യ കോളേജുകളിൽ അധ്യാപനം. 2012 ൽ  പിഎസ്‌സി എഴുതി, കാസർകോട്ട് ഗവണ്മെന്റ് സെർവിസിൽ അധ്യാപകനായി. അട്ക്കത്ത്ബയൽ ഗവ. യുപി സ്‌കൂളിൽ ആദ്യ അപ്പോയിന്റ്മെന്റ്. 3 മാസം കഴിഞ്ഞപ്പോൾ  ഉന്നത പഠനത്തിനായി അവധിയിൽ  ( LWA ) ഡൽഹിലേക്ക്. (രസകരമായ ഒന്ന് കൂടി കൂട്ടത്തിൽ ചോദിക്കട്ടെ, അട്ക്കത്ത്ബയൽ യു.പി. സ്‌കൂളിൽ പഠിപ്പിക്കാൻ വരുന്നവർക്കൊക്കെ  ഡോക്ട്റേറ്റ് മണക്കുന്നുണ്ടോ ? എന്റെ സുഹൃത്ത് സാബിർ നവാസ് അവിടെ അധ്യാപകനായിരുന്നു. ഉടനെ മദീനത്തുൽ ഉലൂം അറബിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ കയറുന്നു, ഹൈദരാബാദിലുള്ള ഇ എഫ് എൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി എടുക്കുന്നു. )

 ഒരു അക്കാഡമീഷ്യന്റെ  അവസാന ടാർജറ്റാണല്ലോ   - ഡോക്ടറേറ്റ്. കവിതകളോട് അടുപ്പവും അനുരാഗവും പുലർത്തിയിരുന്ന  ദില്ലി ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഡോക്ടർ ഹബീബുള്ള ഖാന്റെ നിർദ്ദേശപ്രകാരം അബ്ദുൽ വഹാബ് തന്റെ  ഗവേഷണത്തിന് തെരഞ്ഞെടുത്തത്  ഇമാറാത്തി കവികളും ഡോ ശിഹാബ് ഗാനേത്തിന്റെ കവിതകളും എന്നതായിരുന്നു.

(ഒരു പിൻകുറി കൂടി: മെക്കാനിക്കൽഎഞ്ചിനീയറിങ്ങിലും ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിലും ഡബിൾ ബിരുദവും  വാട്ടർ റിസോഴ്സ് എഞ്ചിനീയറിങ്ങിൽ മാസ്റ്റർ ഡിഗ്രിയും ഇക്കണോമിക്‌സിൽ പിഎച്ച്ഡിയും സാഹിത്യത്തിൽ  ഡോക്ടറേറ്റുമുള്ള കിടിലനാണ് അറബ് കവി ഡോ ശിഹാബ് എം. ഗാനെമെന്നത് കൂട്ടത്തിൽ സൂചിപ്പിക്കട്ടെ.  നല്ലൊരു വിവർത്തകൻ. 60ൽ അധികം പുസ്തകങ്ങളുടെ രചയിതാവ്. ടാഗോർ പ്രൈസ് ലഭിക്കുന്ന ആദ്യത്തെ അറബ് എഴുത്തുകാരൻ.  www.shihabghanem.blogspot.com - ഈ ബ്ലോഗിൽ ശിഹാബ് ഗാനേതിന്റെ  രചനകൾ പരിചയപ്പെടാം.  മലയാളത്തിലടക്കം അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിക്കാൻ ലഭിക്കും.  )

അഞ്ചു വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലം അങ്ങിനെ വഹാബ് മാസ്റ്റർ കണ്ടു.  A few months back he has been AWARDED DOCTORATE of PHILOSOPHY !   ഡോ . സി. അബ്ദുൽ വഹാബ് സാറിനൊപ്പം പട്‌ലയും അങ്ങിനെ സന്തോഷത്തിലാണ്.  2014 മുതൽ അദ്ദേഹം നമ്മുടെ സ്‌കൂളിൽ അധ്യാപകനാണ്.

ഒന്നാലോചിച്ചേ.....ഇവരടക്കമുള്ള അധ്യാപകരുടെ ശിക്ഷണത്തിൽ വളരുന്ന നമ്മുടെ കുട്ടികൾ എത്ര ധന്യർ ! ആ മക്കളുടെ എല്ലാമായ ഈ രണ്ട്  ഗുരുനാഥന്മാരെ  നമുക്ക് ഈ സന്ദർഭത്തിൽ  മനസ്സിൽ തട്ടി അഭിനന്ദിക്കാം.


1 comment: